‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’
ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍
![]()
1974 സെപ്റ്റംബർ 24നായിരുന്നു പിആർ കുറുപ്പിൻ്റെ ഷഷ്ടിപൂർത്തിയാഘോഷം. പുലർച്ചയ്ക്കു കണി കാണിക്കാനായി അദ്ദേഹത്തിന്റെ വീട്ടിലേക്കു കുന്നോത്തുപറമ്പിൽ നിന്നു താലപ്പൊലിയുണ്ടായിരുന്നു. അച്ഛനോടോപ്പം ഞാനും പോയിരുന്നു. വൈകിട്ടു പാനൂരിൽ നടന്ന ആഘോഷത്തിൽ പങ്കെടുക്കാൻ ചെണ്ടമേളവും നാടൻ പാട്ടും മുദ്രാവാക്യം വിളികളുമായി ഘോഷയാത്രയായാണ് ആളുകൾ എത്തിയത്. മലയൻ ആണ്ടി കെട്ടിയ തെയ്യവേഷം കുന്നോത്തുപറമ്പിൽനിന്നുള്ള ഘോഷയാത്രയ്ക്ക് മികവേകിയിരുന്നു.
അന്നാണു ഞാൻ ജീവിതത്തിൽ പുകവലിക്കില്ലെന്നു തീരുമാനിച്ചത്. കെപിസിസി പ്രസിഡണ്ട് എ കെ ആന്റണി അടക്കമുള്ള പ്രമുഖർ ഇരുന്ന സ്റ്റേജിൽനിന്നു കുന്നോത്തുപറമ്പിലെ അശോകൻ മാസ്റ്റർ പുകവലിച്ച് ഊതിയത് എന്നെ അലോസരപ്പെടുത്തി. ഇതാണ് ഒരിക്കലും പുകവലിക്കില്ലെന്ന തീരുമാനമെടുക്കാൻ എന്നെ പ്രേരിപ്പിച്ചത്. ഇവിടെ വെച്ചാണ് ഞാൻ എ കെ ആന്റണിയെ ആദ്യമായി കണ്ടത്. സിനിമാനടൻ അടൂർ ഭാസിയും ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു.
പാനൂർ ഹൈസ്‌കൂളിലെ ചിത്രകലാ അധ്യാപകനായിരുന്ന അശോകൻ മാസ്റ്റർ പ്രമുഖ കോൺഗ്രസ് നേതാവായിരുന്നു. ഏറെ പ്രവർത്തന പാരമ്പര്യമുള്ള അദ്ദേഹം പാർട്ടിയിൽ വഹിച്ച വലിയ സ്ഥാനം ജില്ലാ വൈസ് പ്രസിഡണ്ട് പദവിയാണ്. അശോകൻ മാസ്റ്റർ 1995ൽ കുറച്ചുകാലം കണ്ണൂർ ഡിസിസിയുടെ താൽക്കാലിക പ്രസിഡണ്ടുമായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ദേവൂട്ടി ടീച്ചർ എൽപി സ്‌കൂളിൽ എന്നെ പഠിപ്പിച്ചിട്ടുണ്ട്. ഇവരുടെ മകൾ ഗീതയെ കല്യാണം കഴിച്ചത് കോയ്യോട്ടുമ്മൽ ദിവാകരൻ മാസ്റ്റരാണ്. 2008 സെപ്റ്റംബർ 10നാണ് അശോകൻ മാസ്റ്റർ നിര്യാതനായത്. അദ്ദേഹത്തിന്റെ ഒന്നാം ചരമവാർഷികത്തിൽ ചെറുപ്പറമ്പിൽ സംഘടിപ്പിച്ച യോഗത്തിൽ ഞാൻ പങ്കെടുത്തിരുന്നു.
കൊളവല്ലൂർ ഹൈസ്‌കൂളിലെ വിദ്യാർഥികൾ മുദ്രാവാക്യം മുഴക്കി ഞങ്ങളുടെ സ്‌കൂൾ അടപ്പിക്കാൻ വന്നതാണു ഞാൻ കണ്ട ആദ്യ സമരം. 1975ൽ ഞാൻ അഞ്ചിലായിരുന്നപ്പോഴായിരുന്നു ഇത്. പുല്ലാപ്പള്ളി നാരായണൻ്റെ നേതൃത്വത്തിലാണു പഠിപ്പുമുടക്കിയ സമരക്കാർ ഞങ്ങളുടെ സ്‌കൂളിലെത്തിയത്. കൊളവല്ലൂർ യുപി അടപ്പിച്ച ശേഷമാണ് ഇവർ സെൻട്രൽ പുത്തൂർ എൽപിയിൽ വന്നത്. ജനസംഘം പ്രവർത്തകനായിരുന്ന പുല്ലാപ്പള്ളി നാരായണൻ നല്ലൊരു കലാകാരനാണ്. അക്ഷരശ്ലോകം, കവിതാ രചന, കോൽക്കളി എന്നിവയിൽ അദ്ദേഹം സജീവമാണ്. കേരള ത്തിലെ ആദ്യത്തെ വനിതാ കോൽക്കളി സംഘത്തിന്റെ പരിശീലകരിൽ ഒരാളാണു നാരായണൻ. കെകെആർ മാസ്റ്ററുടെ മകൻ കോമളനും വനിതാ കോൽക്കളി സംഘമുണ്ട്. സ്കൂൾ മാനേജർ മാധവി ടീച്ചറുടെ മകൻ രവി ട്രെയിനിംഗ് കഴിഞ്ഞ് അധ്യാപകനായി ചേർന്നതും തണ്ട്യൻ മുകുന്ദൻ പത്താം ക്ലാസ് പാസായതും ഞാൻ അഞ്ചിൽ പഠിക്കുമ്പോഴാണ്.
കൊളവല്ലൂർ യുപിയിലെ പ്രധാനാധ്യാപകൻ്റെ യാത്രയയപ്പിനാണു ഞാൻ ആദ്യമായി നൃത്തവും നാടകവും കണ്ടത്. പൂർവ്വ വിദ്യാർഥിയായ കെ ചന്ദ്രൻ മാഷായിരുന്നു നാടകത്തിലെ നായകൻ. ഹാസ്യ കഥാപാത്രത്തെ അവതരിപ്പിച്ചതു കോയോട്ടുമ്മൽ ഗോവിന്ദനാണ്. സിപിഎം പ്രവർത്തകനായിരുന്ന അദ്ദേഹം പിന്നീട് ഗൾഫിലായിരുന്നു. കുറേക്കാലത്തെ പ്രവാസജീവിതത്തിനു ശേഷം നാട്ടിലെത്തിയ ഗോവിന്ദൻ രാഷ്ട്രീയത്തിൽ സജീവമായി. 2014 ജനുവരി 13ന് അദ്ദേഹം നിര്യാതനായി.
ഗോവിന്ദന്റെ മൂത്തമകൻ ബാബു ഫോട്ടോഗ്രാഫറാണ്. വ്യത്യസ്‌തവും പ്രസക്തവുമായ വലിയൊരു ഫോട്ടോ ശേഖരത്തിന്റെ ഉടമയായ ബാബു കോയ്യോട് നിരവധി ഫോട്ടോ പ്രദർശനങ്ങൾ നടത്തി. ചിത്രകലാ അധ്യാപകനായ രണ്ടാമത്തെ മകൻ പവിത്രൻ കോയ്യോട് നല്ലൊരു ഹാർമ്മോണിസ്റ്റു കൂടിയാണ്. ഇവരുടെ അനിയൻ സുധി പാനൂർ നാടക, സിനിമാനടനാണ്. വിവിധ പ്രൊഫഷണൽ, അമച്വർ നാടക സമിതികളിൽ പ്രവർത്തിച്ച സുധി നാടകപരിശീലകൻ കൂടിയാണ്. പ്രവാസ ജീവിതത്തോടു വിടപറഞ്ഞു നാടക വേദിയിൽ സജീവമായ സുധി കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവാണ്.
വൈകിട്ടു 3.20 മുതൽ 3.30 വരെയുള്ള ഇടവേള കഴിഞ്ഞാൽ കൈവേലിക്കൽ പള്ളിയിലെ മൈക്കിൽ കൂടി കേൾക്കുന്ന ബാങ്കുവിളിയും കാതോർത്തായിരിക്കും ഞങ്ങളുടെ ഇരുത്തം. അപ്പോഴേക്കും മീൻകാരൻ്റെ കുക്കിവിളിയും കേൾക്കും. ഇവ കേട്ടാൽ പുസ്‌തകക്കെട്ടിനു റബ്ബർ കുടുക്കി തയ്യാറാകും. ഉടനെ നാലുമണിയുടെ ബെല്ലടിക്കും. മരുന്നൻ ചാത്തുവും വെലോളങ്ങര ഗോയിന്ദനുമായിരുന്നു ആനപ്പാലം പ്രദേശത്തെ മീൻ വിൽപ്പനക്കാർ. തലശ്ശേരിയിൽനിന്നു കൈവേലിക്കൽ വരെ ബസിലെത്തിക്കുന്ന മീൻ തലച്ചുമടായി ആനപ്പാലം ഭാഗത്ത് എത്തുമ്പോഴേക്കും നാലുമണിയാകും. അയല, മത്തി, മുള്ളൻ, ചരു, കൊഞ്ചൻ എന്നിവയാണ് ഇവർ കൊണ്ടുവന്നിരുന്നത്. വീട്ടിൽ എല്ലാ ദിവസവും മീൻ വാങ്ങിക്കും. മുറിച്ചു കഷണങ്ങളാക്കി ഉപ്പ് ഇട്ടാണു മീൻ കഴുകി വൃത്തിയാക്കുക.
മിലിട്ടറി കുഞ്ഞിക്കണ്ണനാണു മീത്തലെ കുന്നോത്തുപറമ്പിൽ മീൻകച്ചവടം ചെയ്‌തത്. സ്രാവ്, തെരണ്ടി എന്നിവയാണു പതിവായി വിറ്റിരുന്നത്. മിലിട്ടറിയിൽനിന്നു വിരമിച്ച ശേഷമാണ് അദ്ദേഹം മീൻകച്ചവടം തുടങ്ങിയത്. അദ്ദേഹത്തിൻ്റെ മകൻ ചന്ദ്രനും മിലിട്ടറിയിലായിരുന്നു. ഇവരുടെ വീട്ടുകാരെ മിലിട്ടറി പേർ ചേർത്താണ് വിളിച്ചിരുന്നത്. കുന്നത്താൻ നാണുവായിരുന്നു മറ്റൊരു മിലിട്ടറിക്കാരൻ. അദ്ദേഹം കൊണ്ടുവരുന്ന സിസേഴ്സ് സിഗരറ്റിനു ഒരു പ്രത്യേക മണമായിരുന്നു. താഴെ കുന്നോത്തുപറമ്പിൽ മീൻ വിറ്റിരുന്നതു ലോദർ മുസയാണ്. ആറടി പൊക്കമുള്ള ആജാനുബാഹുവായിരുന്നു മൂസ.
കുന്നോത്തുപറമ്പിലെ കാളിശ്ശേരി ചാത്തുവും കുട്ടരുമാ യിരുന്നു പ്രദേശത്തെ പുഴമീൻ പിടിത്തക്കാർ. ചേർമീൻ, കണ്ണിക്കു റിയൻ, കടുങ്ങാലി, പൊട്ടൻ കൈച്ചൽ, വാള, മുഴു, നുള്ളിക്കോട്ടി, പൂച്ചപ്പരൽ എന്നിവയാണ് പ്രധാന പുഴമീൻ. കുണ്ടത്തിലെ നമ്പ്യാർ ചാത്തുവും സ്ഥിരം പുഴമീൻ പിടിത്തക്കാരനായിരുന്നു. ഉടുമ്പ്, കീരി, മുള്ളൻപന്നി, പക്ഷികൾ എന്നിവയെ കെണിവെച്ചു പിടിച്ചിരുന്ന ഇയാൾക്കു പക്കിച്ചി ചാത്തുവെന്നും വിളിപ്പേരുണ്ട്.
സ്കൂളിൽ മുട്ടായികളുടെ വർണക്കവറുകൾ കൊണ്ടുവന്നു മറ്റുള്ളവരെ കൊതിപ്പിക്കുന്നത് അന്നത്തെ ഒരു ശീലമാണ്. പലപല നിറത്തിൽ പളപളാ മിന്നുന്ന മുട്ടായി കവറുകൾ മണത്തും കണ്ണിനു നേരെ പിടിച്ച് ആകാശം നോക്കിയുമാണ് മറ്റുള്ളവർ ആശ തീർക്കുക. നാരങ്ങാമുട്ടായി, പാരീസ് മുട്ടായി, ഓൽച്ചമുട്ടായി, കടല മുട്ടായി എന്നിവയായിരുന്നു പ്രധാന മുട്ടായികൾ. കടിച്ചു തിന്നാൻ ബുദ്ധിമുട്ടുള്ളതാണ് ഓൽച്ചമുട്ടായി. വെല്ലം ചേർത്തുണ്ടാക്കുന്ന കറുപ്പുനിറമുള്ള ഓൽച്ചമുട്ടായി പല്ലിൽ ഒട്ടിപ്പിടിക്കും. നെല്ലിക്ക, പുളി എന്നിവ കൊണ്ടുവന്നു മറ്റുള്ളവരെ നൊണപ്പിക്കും. ഇതു കണ്ടാൽ എല്ലാവരുടെയും വായിൽ വെള്ളം കിനിയും.
അയലത്തെ നപ്പട്ടി നാണുവിൻ്റെ പെങ്ങൾ നാണിയുടെ റജിസ്റ്റർ കല്യാണത്തിനാണു ഞാൻ ആദ്യമായി പഞ്ചായത്ത് ഓഫീസിൽ പോയത്. താഴെ കുന്നോത്തുപറമ്പിൽ കൊളവല്ലൂർ എൽപിയോട് തൊട്ടുള്ള കെട്ടിടത്തിലായിരുന്നു പഞ്ചായത്ത് ഓഫീസ്. പിന്നീടു പുത്തൂർ റോഡിൽ ചിറ്റാരിത്തോടിൻ്റെ ഓരത്തു സ്വന്തം കെട്ടിടത്തിലേക്കു മാറി. നപ്പട്ടി നാണുവിൻ്റെ കല്യാണത്തിനാണ് ആദ്യമായി മംഗലപ്പാട്ട് കേട്ടത്. കെകെആർ മാസ്റ്ററും സംഘവും തോളോട് തോൾ ചേർന്നാണു പാട്ടു പാടിയത്. പെൺവീ ട്ടിൽനിന്നു ചെക്കനും പെണ്ണും ഇറങ്ങുമ്പോഴാണു പാട്ടു തുടങ്ങുക. വരന്റെ വീട്ടിലെത്തിയാൽ പാട്ടുകാർക്കു വെറ്റിലക്കെട്ടു നൽകണം. അതിനുശേഷമേ സംഘം പാട്ടു നിർത്തുകയുള്ളൂ. നടന്നു പോകുന്ന മംഗലക്കാർക്കൊപ്പം വാദ്യമേളവും പാട്ടും പതിവാണ്.
അമ്മമ്മയുടെ ബന്ധുക്കളായ കൈവേലിക്കലെ കുനിയിൽ ഉണ്ണിയുടെയും അനുജൻ കൃഷ്‌ണൻ്റെയും കല്യാണം ഒരേ ദിവസമായിരുന്നു. വിവാഹപ്പാർട്ടിയോടൊപ്പം ആദ്യമായി വാഹനത്തിൽ പോയത് അന്നാണ്. നിർത്തിയിട്ട ബസിൽ കുട്ടികൾ നേരത്തേ തന്നെ സീറ്റുകൾ കയ്യടക്കിയിരുന്നു. വിവാഹപ്പാർട്ടി പുറപ്പെടുമ്പോൾ എല്ലാ കുട്ടികളെയും ബസിൽനിന്ന് ഇറക്കിവിട്ടു. ഞാൻ കല്യാണത്തിന് ഉണ്ണിയുടെ മൊകേരിയിലെ പെൺവീട്ടിലാണു പോയത്. ശൈലജയാണ് ഉണ്ണിയുടെ ഭാര്യ. പിറ്റേദിവസം സൽക്കാരത്തിനു കൃഷ്ണൻ്റെ ഭാര്യ വത്സലയുടെ തലശ്ശേരി എരഞ്ഞോളി യിലെ വീട്ടിലും പോയി.
കുട്ടികളുടെ പേടിസ്വപ്‌നമായിരുന്നു കുന്നോത്തുപറമ്പിലെ പെരാന്തൻ വിജയൻ. കുരുത്തക്കേടു കാട്ടുകയോ കരഞ്ഞു ബഹളം വെയ്ക്കുകയോ ചെയ്യുന്ന കുട്ടികളെ പെരാന്തൻ വിജയനെ വിളിക്കുമെന്നു പറഞ്ഞാണു പേടിപ്പിക്കുക. കൊച്ചു താടിയു മായി കീറിയ അഴുക്കുതുണിയും ഉടുത്തു വേഗത്തിൽ നടക്കുന്ന വിജയനെ ദുരെനിന്നു കാണുമ്പോൾത്തന്നെ കുട്ടികൾ പേടിക്കും. ഇംഗ്ലീഷിൽ നല്ല പരിജ്ഞാനമുണ്ടായിരുന്ന വിജയനു പഠിത്തമേറി പെരാന്ത് വന്നെന്നാണ് ആളുകൾ പറഞ്ഞിരുന്നത്. പരിഹസിക്കുന്നവരെ വിജയൻ ചീത്ത പറഞ്ഞു കല്ലെറിഞ്ഞിരുന്നു. എപ്പോഴും കല്ലും കൊണ്ടായിരിക്കും ഇയാളുടെ നടത്തം.
പെരാന്തൻ വിജയനെ കണ്ട് ഒരിക്കൽ ഞാനും പേടിച്ചോടിയിട്ടുണ്ട്. കടയങ്കോട്ടെ വയലിൽ നിന്നു വീട്ടിലേക്കു മടങ്ങുന്ന വഴി ശബ്ദംകേട്ടു തിരിഞ്ഞു നോക്കിയപ്പോൾ എൻ്റെ പിന്നിൽ പൊട്ടി മുളച്ചപോലെ പെരാന്തൻ വിജയൻ. പേടിയോടെ ഓടിക്കിതച്ചു വീട്ടിലെത്തിയ ഞാൻ കണ്ടത് അയാൾ ഒരു ബസി വളപ്പിലേക്കു വലിച്ചെറിയുന്നതാണ്. പണിക്കാർക്കു കഞ്ഞി കുടിക്കാൻ കൊണ്ടു പോയ ബസിയായിരുന്നു അത്. ഭക്ഷണം കൊടുത്താൽ ബസിയുമെടുത്തു പോകുന്നത് ഇയാളുടെ സ്വഭാവമാണ്. അലച്ചിലിനിടയിൽ അതു വഴിയരികിൽ ഇടുകയാണ് പതിവ്. അന്നുച്ചയ്ക്കു പണിസ്ഥലത്തുവെച്ചു വിജയന് അച്ഛച്ഛൻ കഞ്ഞി നൽകിയിരുന്നു. ബസിയുമായി മുങ്ങിയ വിജയൻ അതു തരാൻ വേണ്ടി പിന്നാലെ വന്നതായിരുന്നു. ഇതോടെ എനിക്കു വിജയനെ പേടിയില്ലാതായി.
നല്ല മഴയുള്ള ദിവസം രാവിലെ താഴെ കുന്നോത്തുപറമ്പിൽ മുറിഞ്ഞുവീണ വൈദ്യുതക്കമ്പിയിൽനിന്നു ഷോക്കേറ്റാണു വിജയൻ മരിച്ചത്. തൊട്ടുപിന്നിൽ നടന്നു വരികയായിരുന്ന വിദ്യാർഥികളുടെ മുന്നിലാണു വിജയൻ പിടഞ്ഞുവീണത്. ഇതുകണ്ടകുട്ടികൾ തിരിഞ്ഞോടി. സമനിലതെറ്റി ആർക്കും വേണ്ടാതിരുന്ന ആ ജീവിതം അഞ്ചു കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ചതിലൂടെ വിലപ്പെട്ട ജന്മമായി. അതായിരിക്കും അയാളുടെ ജന്മോദ്ദേശ്യം.
ശീതകാലത്തു സ്കൂൾ മടിയന്മാരുടെ എണ്ണം കൂടും. സ്കൂളിൽ പോകാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടാക്കി ഇവർ രാവിലെതന്നെ ബഹളം തുടങ്ങും. രക്ഷിതാക്കൾ നിർബന്ധിച്ചാൽ ഇന്നു കുളിക്കില്ല, നാളെ എന്തായാലും പോകില്ല എന്ന ഉപാധികളോടെയായിരിക്കും ഇവർ സ്‌കൂളിൽ പോകുക. പോകാൻ ഏറ്റവും മടി തിങ്കളാഴ്ചയായിരുന്നു. വെള്ളിയാഴ്‌ച ഏറെ സന്തോഷവും ഉച്ചയ്ക്കുള്ള രണ്ടു മണിക്കുർ ഇടവേളയും പിറ്റെ ദിവസങ്ങൾ ശനി, ഞായർ ലീവ് ആയതിനാലാണിത്.
കുളി മടിയന്മാർ കാലും മുഖവും കഴുകിയും, തലനിറയെ വെളിച്ചെണ്ണ തേച്ചുമാണു സ്‌കൂളിലെത്തുക. ക്ലാസ് പരീക്ഷയും കേട്ടെഴുത്തും പതിവായിരുന്നു. മുഖത്തോടു മുഖം നോക്കി നിർത്തിയാണു ക്ലാസ് പരീക്ഷയും കേട്ടെഴുത്തും നടത്തുക. ആ ദിവസം മാഷന്മാർ പണ്ടാരമടങ്ങിക്കോട്ടേ എന്നായിരിക്കും മടിയന്മാരുടെ പ്രാർഥന. ഭണ്ഡാരത്തിലും മുത്തപ്പനും പൈസ കൊടുക്കുമെന്നാണ് അധ്യാപകരെ സൂക്കേടു പിടിച്ചു കിടത്താൻ കുട്ടിഭക്തരുടെ ഒരിക്കലും നടക്കാത്ത കൈക്കൂലി വഴിപാട്.
കട്ടപിടിച്ച വെളിച്ചെണ്ണ ഈർക്കിൽകൊണ്ടു തോണ്ടിയെടുത്തു കയ്യിലിട്ടു തിരുമ്മിയിരുന്നു. വെളിച്ചെണ്ണ ഉരുകുംവരെ സമീപത്തിരുന്നു വെയിൽകായും. രാവിലെ എഴുന്നേറ്റാൽ ശീതം മാറ്റാൻ തീക്കളത്തിനടുത്തേക്ക് ഓട്ടമായിരിക്കും. പറമ്പത്തെ കാട്ടം കത്തിക്കാനും കൃഷിക്കാവശ്യമായ വെണ്ണീറിനും വേണ്ടി മിക്ക വീടുകളിലും തീക്കളമുണ്ടാകും. ഇതിലിട്ടു കത്തിക്കാനായി തലേ ദിവസം ഉണക്ക പ്ലാവിലയും മാച്ചുംപട്ടയും മറ്റും ഒരുക്കിവെയ്ക്കും. കൊലച്ചിൽ കൊണ്ടാണ് ചണ്ടിയടിക്കുക. ഒന്നും ചെയ്യാതെ മടിഞ്ഞിരിക്കുന്നവരെ ഉദ്ദേശിച്ചു തീക്കളത്തെ മടിയൻകളമെന്നു വിളിച്ചിരുന്നു.
ഒഴിവ് പിരീഡിൽ ചിലർ കടലാസുകൊണ്ടു കുപ്പായം, പേഴ്സ്, തോണി, തൊപ്പി, വിമാനം എന്നിവ ഉണ്ടാക്കും. ഇഷ്ടപ്പെട്ട പെൺകുട്ടിയെ മനസ്സിൽ വിചാരിച്ചാണു വിമാനം ഊതിപ്പറത്തുക. കടലാസ് ക്യാമറയും കളിയുടെ ഭാഗമായിരുന്നു. ആൾരൂപം വരച്ച കടലാസ് തുണ്ട് ക്യാമറയ്ക്കുള്ളിൽ വെച്ചാണു ഫോട്ടോ എടുപ്പ്. ഫോട്ടോയ്ക്ക് പോസ് ചെയ്‌തവർക്കു വരച്ചു സൂക്ഷിച്ച പേപ്പർ തുണ്ട് എടുത്തുനൽകും.
കടലാസ് തോണിയിൽ ഉറുമ്പിനെയും ചെറുപ്രാണികളെയും വെച്ച് നിരത്തിലെ വെള്ളത്തിലും ഓവുചാലുകളിലും മറ്റും ഒഴുക്കി അതിൻ്റെ പിന്നാലെ നടക്കും. ചിലർ ഓടിപ്പോയി ഒരു കാൽകൊണ്ടു വെള്ളത്തിൽ ചവിട്ടിത്തെറിപ്പിച്ച് മറ്റേക്കാൽ കൊണ്ട് ഇട്ടാസടിച്ചു പൊട്ടിച്ചിരുന്നു. പകൽ ചന്ദ്രക്കല കാണുമ്പോൾ അതു നോക്കിയുള്ള കളിയായിരിക്കും. വെയിലത്ത് മഴ പെയ്താൽ കള്ളക്കുറുക്കൻറെ കല്യാണം എന്ന് ആർത്തു വിളിക്കും. ഒപ്പം ആകാശത്തു വിരിയുന്ന മഴവില്ല് നോക്കി നിൽക്കും. പുഴക്കരയിലിരുന്നു വായിൽ വെള്ളം കവുളി സൂര്യനു നേരെ നീട്ടിത്തുപ്പി മഴവിൽവർണം വിരിയിക്കും.
ആകാശത്ത് വിമാനത്തിൻ്റെ ഇരമ്പൽ കേൾക്കുമ്പോൾ മുകളിലേക്കു വിരൽ ചൂണ്ടി ‘അതാതാ..’ എന്നു ബഹളം വെയ്ക്കും. പുക തൂറിക്കൊണ്ടു പോകുന്ന റോക്കറ്റിൻ്റെ ശബ്ദം കേട്ടാലും ആകാശത്താകും നോട്ടം. മുകളിലേക്കു നോക്കി പരിസരം മറന്നുള്ള നടത്തം കുണ്ടിലും കുഴിയിലുമാണ് അവസാനിക്കുക. സ്കൂളിനു മുന്നിലെ റോഡിൽ മുഴുവൻ കറുത്ത പാറയായിരുന്നു. അതു കൊണ്ടു സെൻട്രൽ പുത്തൂർ എൽപിയെ പാറേമ്മൽ സ്കൂൾ എന്നും വിളിച്ചിരുന്നു. ഈ നിരത്തിൽ വീണാൽ കാൽമുട്ടിനും നെറ്റിക്കും മുറിവ് ഉറപ്പാണ്. കാലിൻ്റെ രണ്ടാമത്തെ വിരൽ വെച്ചുകുത്തി പഴുക്കുന്നതു സാധാരണമായിരുന്നു. വിരലിൽ തുണി നനച്ചിട്ടാണു വേദന മാറ്റുക. പടം മറിഞ്ഞു കാൽ വീങ്ങുമ്പോൾ ഉലക്കയിൽ കാലമർത്തി ഉരുട്ടിയും വെന്ത ചോറ് വെച്ചുകെട്ടിയുമാണു വീക്കം മാറ്റിയിരുന്നത്.
കല്ലുവളപ്പിൽ നൂറുകണക്കിനു ആളുകൾ പണിയെടുക്കുന്ന വടക്കേക്കളം, മോഹനഗിരി എന്നീ രണ്ട് എസ്റ്റേറ്റുകളുണ്ട്. ഇവിടെ രാവിലെ പതിനൊന്നു മണിക്ക് ഉച്ചക്കഞ്ഞി പതിവായിരുന്നു. ഒരു ദിവസം എസ്റ്റേറ്റ് സൂപ്രണ്ട് വരുമ്പോൾ കണ്ടത് സുഖനിദ്രയിലാണ്ട തൊഴിലാളി പ്രമാണിമാരെയാണ്. ഇവരെ വിളിച്ചുണർത്തിയപ്പോൾ കഞ്ഞി കുടിച്ച ക്ഷീണംകൊണ്ട് ഉറങ്ങിപ്പോയെന്നായിരുന്നു മറുപടി. കഞ്ഞി ക്ഷീണം ഉണ്ടാക്കുന്നുവെങ്കിൽ ഇനി മുതൽ കഞ്ഞി വേണ്ട എന്നായിരുന്നു സൂപ്രണ്ടിൻ്റെ തീരുമാനം.
എസ്റ്റേറ്റിൽ റബ്ബറിനു മരുന്നടിക്കാൻ വർഷംതോറും ഹെലികോപ്റ്റർ വന്നിരുന്നു. അതിലിരിക്കുന്ന ആളുകളെയും അതിവേഗത്തിൽ കറങ്ങുന്ന പങ്കയും താഴെനിന്നു കാണാൻ കഴിഞ്ഞിരുന്നു. രാവിലെ വരുന്ന ഹെലികോപ്റ്റർ ഉച്ചയോടെ കോഴിക്കോട് ഭാഗത്തേക്കു പോയി വീണ്ടും തിരിച്ചുവരികയാണ് പതിവ്. മരുന്ന് എടുക്കാൻ പോകുന്നതാണെന്നും ഹെലികോപ്റ്ററിലുള്ളവർ ഭക്ഷണം കഴിക്കാൻ കോഴിക്കോട്ടു പോകുന്നതാണെന്നും ആളുകൾ അതിശയം പറയും.
ചിലപ്പോൾ കല്ലുവളപ്പിലെ തിരൂപ്പാറയിലാണു ഹെലികോപ്റ്റർ ഇറങ്ങിയിരുന്നത്. ഈ പാറയ്ക്കു തിരുവപ്പനപ്പാറയെന്നും പേരുണ്ട്. പരിസരത്തെ കോളനികളിലെ കുറിച്യ, പണിയ വിഭാഗത്തിൽ പെട്ടവർ കാടിറങ്ങി നാട്ടിലേക്കു പോകുമ്പോൾ ഈ പാറയിൽ ശ്രീമുത്തപ്പനു പയംകുറ്റി സമർപ്പിച്ചതിനു ശേഷമേ പുറപ്പെടാറുള്ളൂ. കുലദൈവത്തോടു കാട്ടിൽ നിന്നു പുറത്തേക്കു പോകാനുള്ള അനുവാദം വാങ്ങിക്കലാണിത്.
ആനപ്പാലം നിരത്തിലൂടെ ഇടവിട്ടു മൂരിവണ്ടികൾ പോയിരുന്നു. ടാർപായകൊണ്ടു മറച്ച മൂരിവണ്ടിയുടെ മുന്നിൽ റാന്തൽ വിളക്കു തൂക്കിയിട്ടുണ്ടാവും. വണ്ടിയുടെ മണികിലുക്കം കേട്ടാൽ പിന്നാലെ പോകാൻ ഞങ്ങൾ തയ്യാറാകും. പിന്നിൽ നിന്നു ഞങ്ങളുടെ ഒച്ചകേട്ടു മൂരി വേഗത്തിൽ നടക്കുമ്പോൾ മൂരിവണ്ടിക്കാരൻ തുമ്മാൻ മുറുക്കിയ കറുത്ത പല്ല് കാട്ടി ചിരിക്കും. വിരുതന്മാർ വണ്ടിയുടെ പിന്നിൽ കയറിയാൽ വണ്ടിക്കാരൻ ഒച്ചവെച്ച് ഓടിക്കും.
പശുവിനെയും ആടിനെയും കുന്നിന്മേൽ മേയ്ക്കാൻ കൊണ്ടു പോകുമ്പോൾ വളർത്തുനായ്ക്കളും ഒപ്പമുണ്ടാകും. ചെക്കു, സോമൻ, ഹിറ്റ്ലർ, കൈസർ എന്നൊക്കെയാണു മിക്ക നായ്ക്കളുടെയും പേര്. ഉടുമ്പ്, കീരി, കാട്ടുമുയൽ, മുള്ളൻപന്നി എന്നിവയെ വേട്ടയാടിപ്പിടിക്കാൻ നായ്ക്കളെ പരിശീലിപ്പിച്ചിരുന്നു. എനിക്കു കറുപ്പിൽ വെളുത്ത പുള്ളികളുള്ള ടൈഗർ എന്ന ഒരു നായയുണ്ടായിരുന്നു. സിനിമയിൽ കണ്ട മാതിരി പേപ്പറും ബോളും എടുത്തു കൊണ്ടുവരാൻ ഞാൻ ടൈഗറെ പരിശീലിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ടൈഗറെ പെരാന്തൻനായ കടിച്ചതിനാൽ കൊല്ലേണ്ടി വന്നു. ഓരോ നായ്ക്കും അവരുടെതായ സ്ഥലപരിധിയുണ്ട്. അവിടെ മറ്റു നായ്ക്കൾ വന്നാൽ കുരച്ചും കടിച്ചും അവയെ ഓടിക്കും. നായ്ക്കൾ ഇണചേരുന്നതു നോക്കിനിന്നാൽ ഞങ്ങളെ മുതിർന്നവർ ചീത്ത പറയും.
കാഞ്ഞിരത്തിൻറെ വടി ചെത്തി മിനുക്കി വീടുകളിൽ എറയത്തു സൂക്ഷിക്കും. പെരാന്തൻ നായ്ക്കളെയും കുറുക്കന്മാരെയും അടിച്ചു കൊല്ലാനായിരുന്നു ഇത്. എവിടെയെങ്കിലും പേപ്പട്ടിയെ കണ്ടാൽ ഉടനെ കൂക്കിവിളി ഉയരും. ഇതു കേട്ടാൽ എല്ലാവരും അകത്തു കയറി വാതിലടച്ചിരിക്കും. ധൈര്യമുള്ള ആണുങ്ങൾ വടി യുമായി വീടിനു പുറത്ത് ഒരുങ്ങി നിൽക്കും. പിന്നാലെ ഓടി പേപ്പട്ടിയെ അടിച്ചുകൊല്ലും. ഇരിങ്ങൽ ക്ഷേത്രത്തിലെ വിളക്കിൽ എണ്ണ വറ്റുമ്പോഴാണു നായ്ക്കൾക്കു പെരാന്ത് ഇളകുക എന്നായിരുന്നു വിശ്വാസം. കൊടുങ്ങല്ലൂർ പോകുന്നവരുടെ കയ്യിലാണ് ഇരിങ്ങലിലേക്ക് എണ്ണ കൊടുത്തയക്കുക. പേപ്പട്ടിശല്യം ഏറുമ്പോൾ ഇരിങ്ങലേക്ക് എണ്ണനേർച്ച കൂടും. കോഴിക്കോടു ജില്ലയിലെ പയ്യോളിക്കടുത്ത് അയനിക്കാടാണ് ഇരിങ്ങൽ ദേവീക്ഷേത്രം.
അക്കാംപൊക്കനെകൊണ്ടു കല്ലെടുപ്പിക്കുന്നതും വാലിൽ വാഴനാരുകെട്ടി പറത്തുന്നതും പക്കിച്ചിക്കുഞ്ഞുങ്ങളെ പിടിച്ചു വളർത്തുന്നതും അന്നത്തെ വിനോദമാണ്. തക്കാളിപ്പെട്ടികൊണ്ടും പഞ്ചാരടിന്നുകൊണ്ടും ഉണ്ടാക്കുന്ന കുട്ടിലാണ് ഇവയെ ഇട്ടിരുന്നത്. തത്തയെ വളർത്തി സംസാരിപ്പിക്കാൻ ശ്രമിച്ച് എനിക്ക് പല പ്രാവശ്യം നിരാശനാകേണ്ടിവന്നിട്ടുണ്ട്. മൈന, പ്രാവ്, തൊപ്പിപക്ഷി, ചവേലാടിച്ചി, അടക്കാപ്പക്ഷി, കാരാടൻ ചാത്തൻ എന്നിവയാണ് വീട്ടുവളപ്പിലും മുറ്റത്തും ചുറ്റിക്കറങ്ങിയിരുന്ന പക്ഷികൾ. എലിപ്പെട്ടി വെച്ച് അണ്ണാക്കൊട്ടനെ പിടിച്ചു വട്ടത്തിലുള്ള കമ്പിക്കൂട്ടിലാണു വളർത്തിയിരുന്നത്. രാത്രികാലങ്ങളിൽ കോലായിൽ മിന്നിപ്പറക്കുന്ന മിന്നാമിന്നിയെ പിടിച്ചു ഗ്ലാസ്സുകൊണ്ടു മൂടിവെയ്ക്കുമായിരുന്നു. അതു പിറ്റേന്നു കാലത്തേക്കു ചത്തുപോകും.
കല്യാണ വീടുകളിലും മറ്റും സദ്യയുള്ള ഇടങ്ങളിൽ കാക്കകളുടെ ബഹളമായിരിക്കും. ഭക്ഷണം കൂടുതൽ കണ്ടാൽ കരഞ്ഞു മറ്റു കാക്കകളെ ആകർഷിക്കും. കാക്ക ചത്താലും കരഞ്ഞു കൊണ്ടു മറ്റു കാക്കകളെ കൂട്ടും. കഴുത്തിനു വെളുപ്പുള്ള കാക്കകളെ തലശ്ശേരികാക്ക എന്നാണു വിളിച്ചിരുന്നത്. കാക്കകൾ കോലായിൽ വരാതിരിക്കാൻ ചത്ത കാക്കയുടെ ചിറക് ഇറയിൽ തൂക്കിയിടും. കാക്കയുടെയും പ്രാവിൻ്റെയും തുവ്വൽ കൊണ്ടാണു ചെവിട് വൃത്തിയാക്കുക. വീടിൻ്റെ മുകളിലെ ഞാലിയിലാണു പ്രവുകൾ കൂടുകെട്ടി മുട്ടയിടുക. പ്രാവിൻ്റെ മുരളിച്ച അലോസരമായി രുന്നു. അതുകൊണ്ടു കൂടു പൊളിച്ചുകളയും. പൊട്ടാസ് പൊട്ടിച്ചും പ്രാവിനെ അകറ്റിയിരുന്നു.
നാലാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു എൻ്റെ ഓർമയിലെ ആദ്യത്തെ സൂര്യഗ്രഹണം. ഇതോടെ ലോകത്തു പല ദോഷ ങ്ങളും സംഭവിക്കുമെന്ന് ആളുകൾ ഭയപ്പെട്ടു. അന്നേ ദിവസം രാവിലെതന്നെ ഭക്ഷണം കഴിക്കണമെന്നു മുന്നറിയിപ്പുണ്ടാ യിരുന്നു. സ്ത്രീകളും കുട്ടികളും രാവിലെതന്നെ വാതിലടച്ച് അകത്തിരുന്നു. ചാണകം കലക്കിയ കിണ്ണത്തിൽ നോക്കിയാണു ഞാൻ അച്ഛച്ഛനോടൊപ്പം സുര്യഗ്രഹണം കണ്ടത്. ആകാശത്തിലെ രാഹു എന്ന പാമ്പ് ചന്ദ്രനെ വിഴുങ്ങുന്നതാണു ചന്ദ്രഗ്രഹണം എന്നായിരുന്നു വിശ്വാസം. ചന്ദ്രഗ്രഹണസമയം ആളുകൾ മുകളിലേക്കു നോക്കി ‘ഗോയിന്നാ…. ഗോയിന്നാ….’ എന്ന് ഉച്ചത്തിൽ ജപിച്ചിരുന്നു.
അടുത്ത ആഴ്ച ▶ ഗ്രാമീണവിശുദ്ധി
മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം :
◼️അധ്യായം ഒന്ന്: പുഴമാത്രം മാറിയില്ല
◼️അധ്യായം രണ്ട്: ഓര്‍മ്മയില്‍ ജീവിക്കുന്ന അമ്മ
◼️അധ്യായം മൂന്ന്: പുത്തൂരാൻ ചരിതം
◼️അധ്യായം നാല്: കണ്ണാരം പൊത്തിപ്പൊത്തി
◼️അധ്യായം അഞ്ച്: മൃതിയുടെ തിരനോട്ടം
◼️അധ്യായം ആറ്: കൺനിറയെ ദൈവങ്ങൾ
◼️അധ്യായം ഏഴ്: ഭിക്ഷാം ദേഹി















