‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’
ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍
![]()
എസ്എസ്എൽസി പരീക്ഷ കഴിഞ്ഞതിന്റെ സന്തോഷത്തിനിടയിലും വിലപ്പെട്ട എന്തൊക്കെയോ നഷ്‌ടപ്പെട്ടു എന്ന തോന്നൽ ഇടയ്ക്കിടെ അലട്ടിയിരുന്നു. സ്‌കൂളിനെയും കൂട്ടുകാരെയും കുറിച്ചുള്ള ആലോചനകൾ നിറഞ്ഞതായിരുന്നു അവധിക്കാലത്തെ ഓരോ ദിവസവും. അച്ഛനെ വീണ്ടും ഡോക്‌ടറെ കാണിക്കാൻ കൂത്തുപറമ്പ് ആശുപത്രിയിൽ പോയ ദിവസമാണ് എസ് എസ്എൽസി ഫലം വന്നത്. പത്രത്തിൽ റിസൽറ്റ് നോക്കി നേഴ് സാണു പാസായ വിവരം പറഞ്ഞത്. ഭാസ്‌കരേട്ടൻ നിർബന്ധത്തിനു വഴങ്ങി തലശ്ശേരി ബ്രണ്ണൻ കോളേജ്, കണ്ണൂർ എസ്.എൻ., കൂത്തുപറമ്പ് നിർമലഗിരി, മട്ടന്നൂർ പഴശ്ശിരാജ, മടപ്പള്ളി കോളേജ്, മാഹി കോളേജ് എന്നിവിടങ്ങളിലെല്ലാം അപേക്ഷ നൽകിയെങ്കിലും എവിടെയും അഡ്മിഷൻ കിട്ടിയില്ല. ഇതിനിടയിൽ ഞാൻ ബാംഗ്ലൂരിലേക്കു പോകാൻ ശ്രമിച്ചിരുന്നു. എന്നാൽ ബാലാപ്പൻ സമ്മതിച്ചില്ല. അദ്ദേഹത്തിൻറെ നിർബന്ധ പ്രകാരമാണ് അച്ഛൻ എന്നെ പാനൂർ വന്ദനാ കോളേജിൽ പ്രീഡിഗ്രിക്കു ചേർത്തത്.
എ യതീന്ദ്രൻ മാസ്റ്റർ, സഹോദരിയും പ്രിൻസിപ്പാലുമായ പ്രേമവല്ലി ടീച്ചർ, വള്ള്യായിലെ ജയരാജൻ മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിലാണു വന്ദനാ കോളേജ് സ്ഥാപിതമായത്. കലാ സാംസ്കാരിക രംഗത്തു നിറ സാന്നിധ്യമായ യതീന്ദ്രൻ മാസ്റ്റരുടെ കോളേജ് എന്ന ഖ്യാതി വന്ദനയ്ക്കു മുതൽക്കൂട്ടായി. മിമിക്രി, കഥാപ്രസംഗം, അഭിനയം, പ്രഭാഷണം, നാടകസംവിധാനം എന്നീ മേഖലകളിൽ കഴിവു തെളിയിച്ച അതുല്യ പ്രതിഭയാണ് യതീന്ദ്രൻ മാസ്റ്റർ. പാട്യം ഹൈസ്‌കൂളിൽനിന്ന് എസ്എസ്എൽസിക്ക് ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർഥിയായിരുന്നു വന്ദനയിലെ ജയരാജൻ മാസ്റ്റർ. എൻസിആർ മാസ്റ്റരുടെ മകൻ അജയൻ മാസ്റ്റരാണ് ചരിത്രം പഠിപ്പിച്ചത്. രാവിലെ 8 മുതൽ 11 മണിവരെ മാത്രമായിരുന്നു പ്രീഡിഗ്രി ക്ലാസുകൾ.
പെൺകുട്ടികൾ നിറഞ്ഞ പ്രീഡിഗ്രി പഠനം ജീവിതത്തിലെ സുന്ദരമായ കാലമായിരുന്നു. പ്രീഡിഗ്രി റജിസ്ട്രേഷനുവേണ്ടി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലും ഹാൾ ടിക്കറ്റിനായി തലശ്ശേരി ബ്രണ്ണൻ കോളേജിലും പോയത് എല്ലാവരും ഒരുമിച്ചാണ്. തിരിച്ചുവരുമ്പോൾ നേരം വൈകിയതിനാൽ ആൺകുട്ടികളാണ് അതതു ഭാഗത്തെ പെൺകുട്ടികളെ വീട്ടിലെത്തിച്ചത്. ധാരാളം സുഹൃത്തുക്കളെയും ഒരുപാടു മധുരിക്കുന്ന ഓർമകളും സമ്മാനിച്ച വന്ദനാ കോളേജിലെ രണ്ടു വർഷം ജീവിതത്തിലെ സുവർണ കാലമായിരുന്നു. സ്നേഹബന്ധങ്ങളുടെ ചൂടും ചൂരും അറിഞ്ഞത് ഈ കാലഘട്ടത്തിലാണ്. വിജയരാഘവൻ, പവിത്രൻ, രവീന്ദ്രൻ, ബാല കൃഷ്ണൻ, ഗോപി, രവി പോലീസ്, ചന്ദ്രൻ, അരിപ്പുൽ പ്രകാശ് ബാബു, ഇന്ദിര, ഓമന, രജനി, വിലാസിനി, സുഹാസിനി, സുജ, ബീന തുടങ്ങി അൻപതോളം ആത്മബന്ധങ്ങൾ. ഇതിൽ പലരുമായുള്ള ബന്ധം സുദൃഢമാണ്.
വന്ദനയിലുള്ളപ്പോഴും കനകമലയാത്ര മുടക്കിയിരുന്നില്ല. വർക്കല ഗുരുകുലത്തിൻ്റെ അധീനതയിലാണ് ഈ സ്ഥലം. ശ്രീ നാരായണ ഗുരുദേവൻ്റെ പിൻഗാമിയായ നടരാജ ഗുരുവിന്റെ ശിഷ്യൻ ഗുരു നിത്യചൈതന്യയതി ഏറെ ഇഷ്‌ടപ്പെട്ടിരുന്ന ഇടമാണ് കനകമല. 140 ലധികം പുസ്‌തകങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗുരു നിത്യചൈതന്യയതി ചില ദിവസങ്ങളിൽ കനകമലയിൽ സന്ദർശകരുമായി സ്നേഹസംവാദം നടത്താറുണ്ട്. ഒരിക്കൽ അദ്ദേഹം എല്ലാവരോടും ചോദ്യങ്ങൾ ചോദിക്കാൻ ആവശ്യപ്പെട്ടു. സന്ന്യാസിമാർ അദ്ധ്വാനിക്കാതെ മറ്റുള്ളവരെ ആശ്രയിച്ചു കഴിയുന്നതു ശരിയാണോ? എന്നായിരുന്നു ഞാൻ ചോദിച്ചത്.
പശുക്കളെപ്പറ്റിയും ചാണകത്തെപ്പറ്റിയും സവിസ്‌തരം പ്രതിപാദിച്ചാണ് അദ്ദേഹം പുഞ്ചിരിയോടെ എൻ്റെ ചോദ്യത്തിനു ഉത്തരം നൽകിയത്. ചാണകം തൊടാൻ അറപ്പു കാണിക്കുന്നവർ അതു കത്തിച്ചുണ്ടാക്കുന്ന വെണ്ണീർ ഭസ്‌മമായി നെറ്റിയിൽ പൂശും. അഗ്നിക്ക് എന്തും ശുദ്ധീകരിക്കാനുള്ള കഴിവുണ്ടെന്നും അതു പോലെ സമൂഹത്തിലെ തിന്മകളെ നശിപ്പിച്ചു നന്മകൾ പ്രദാനം ചെയ്യുകയാണു സന്ന്യാസിമാരുടെ കടമയെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ചിലർ മനുഷ്യനന്മയ്ക്കു വേണ്ടി ഈശ്വരചിന്തയിൽ മുഴുകുമ്പോൾ മറ്റു ചിലർ ഭൗതിക പുരോഗതിക്കുവേണ്ടി പ്രവർത്തിക്കുന്നു. ഉദാഹരണമായി അദ്ദേഹം എടുത്തുപറഞ്ഞത് അരിസ്റ്റോട്ടിൽ ഗലീലിയോ എന്നിവരെയാണ്. പറഞ്ഞതൊന്നും എനിക്കു മനസ്സിലായില്ല. അദ്ദേഹത്തോടു ചോദ്യം ചോദിച്ചതിനു തിരിച്ചു വരുമ്പോൾ കൂട്ടുകാർ എന്നെ കളിയാക്കി.
എന്നാൽ അന്നു വൈകിട്ടു പാനൂർ ഗുരു സന്നിധിയിൽ ഗുരു നിത്യചൈതന്യ യതി നടത്തിയ പ്രഭാഷണത്തിൽ ഈ ചോദ്യത്തെയും ചോദ്യകർത്താവായ എന്നെയും പരാമർശിച്ചു. എന്റെ പേരെടുത്തു പറഞ്ഞു പുതുതലമുറ ലോകകാര്യങ്ങൾ ഗൗരവത്തോടെ വീക്ഷിക്കുന്നുണ്ട് എന്നതിൻ്റെ തെളിവാണ് ആ വിദ്യാർഥിയുടെ ശ്രദ്ധേയമായ ചോദ്യമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഈ കാര്യം പിറ്റേദിവസം വന്ദന കോളേജിൽ ചർച്ചാവിഷയമായി. കളിയാക്കിയവർ പലരും എൻ്റെ പക്ഷത്തായി. 1999 മെയ് 14ന് 74-ാം വയസ്സിൽ തമിഴ്‌നാട്ടിലെ ഊട്ടിയിൽ വെച്ചാണു ഗുരു നിത്യ ചൈതന്യയതി സമാധിയായത്.
ഒന്നാം വർഷ പ്രീഡിഗ്രി അവസാനവേളയിലാണു വന്ദനയിലെ അധ്യാപകർ തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായത്. ഇതിന്റെ പേരിൽ വന്ദനയിൽ നിന്നു ചില അധ്യാപകർ തെറ്റിപ്പിരിഞ്ഞു. ഇംഗ്ലീഷ് അധ്യാപകൻ തലശ്ശേരിയിലെ അജയൻ മാസ്റ്റരുടെ നേതൃത്വത്തിൽ ശ്രീ നാരായണ എന്ന പേരിൽ പുതിയൊരു കോളേജ് ആരംഭിച്ചു. പാനൂർ മേഖലയിൽ രാഷ്ട്രീയ ഭിന്നത ശക്തമായിരുന്ന കാലഘട്ടമായിരുന്നു ഇത്.
പ്രീഡിഗ്രി രണ്ടാം വർഷം ക്ലാസ് ആരംഭിച്ച ദിവസം വന്ദനാ കോളേജിലെ വിദ്യാർഥികളെ നിലനിർത്തുന്നതിനു വേണ്ടി യതീന്ദ്രൻ മാസ്റ്റർക്കും ജയരാജൻ മാസ്റ്റർക്കും ബേബി മാസ്റ്റർക്കും ഒപ്പം ഞങ്ങളും സജീവമായി രംഗത്തിറങ്ങി. വന്ദനയിലെ വിദ്യാർഥികളെ കോളേജ് മാറാൻ പരസ്യമായി നിർബന്ധിച്ച ശ്രീ നാരായണയിലെ അധ്യാപകരുമായി പാനൂർ നാൽക്കവലയിൽ വെച്ച് വാക്കേറ്റവും നടന്നു. ശ്രീ നാരായണയ്ക്കു വേണ്ടി സിപിഎം പരസ്യമായി രംഗ ത്തിറങ്ങിയപ്പോൾ വന്ദനയ്ക്കു സഹായം ചെയ്യാൻ ആർഎസ്എസും സജീവമായി ഇതോടെ പാനൂരിലെ കോളേജുകൾക്കു രാഷ്ട്രീയ നിറം കൈവന്നു. തുടർന്നു കോൺഗ്രസ് നേതാവായ വി സുരേന്ദ്രൻ മാസ്റ്റരുടെ നേതൃത്വത്തിലുള്ള മഹാരാജാ കോളേജ് കോൺഗ്രസ് കോളേജുമായി. ചരിത്രത്തിൻ്റെ ആവർത്തനമായിരുന്നു 1996ൽ പാനൂരിലെ ഔവർ കോളേജിൻ്റെ പിറവി. ശ്രീ നാരായണ കോളേജ് പ്രിൻസിപ്പലായിരുന്ന അജയൻ മാസ്റ്റരുമായി തെറ്റിപ്പിരിഞ്ഞ അധ്യാപകരാണ് ഔവർ കോളേജ് തുടങ്ങിയത്.
പാരലൽ കോളേജ് വിദ്യാർഥികൾക്ക് ഉണ്ടായിരുന്ന യാത്രാ ചാർജിളവു നിർത്തലാക്കാൻ ബസ് ഓണേഴ്‌സ് അസോസിയേഷൻ തീരുമാനമെടുത്തത് ഈ അവസരത്തിലാണ്. കണ്ണൂർ ജില്ലാ ബസ് ഓണേഴ്‌സ് അസോസിയേഷൻ്റെ അന്നത്തെ സെക്രട്ടറി ഗംഗാധരൻ ബസുടമയായിരുന്നില്ല. ജില്ലയിലെ ബസുടമകളുടെ പ്രീതി സമ്പാദിക്കാൻ വേണ്ടി ഗംഗാധരൻ മുന്നോട്ടു വെച്ച ഈ നിർദ്ദേശം കേരളത്തിലെ ബസ് ഓണേഴ്‌സ് അസോസിയേഷൻ സ്വാഗതം ചെയ്തു.
ലക്ഷക്കണക്കിനു പാരലൽ കോളേജ് വിദ്യാർഥികളെ ബാധിക്കുന്ന ഗൗരവമേറിയ പ്രശ്‌നമായിരുന്നു അത്. പാരലൽ കോളജ് വിദ്യാർഥികൾക്ക് ഏകീകൃത സംഘടന ഇല്ലായിരുന്നു. എങ്കിലും മുഴുവൻ പാരലൽ വിദ്യാർഥികളും സംസ്ഥാന വ്യാപകമായി സമരത്തിനിറങ്ങി. പാനൂരിലും സംയുക്ത സമരസമിതി രൂപീകരിച്ചു. വന്ദനാ കോളേജിനെ പ്രതിനിധാനം ചെയ്ത ഞാനായിരുന്നു സമരസമിതി കൺവീനർ. ശ്രീ നാരായണയിലെ പൊന്നത്ത് ഗോപിയും മഹാരാജയിലെ കൂളിയിൽ രാജുവുമായിരുന്നു മറ്റു കൺവീനർമാർ. വിദ്യാർഥി സംഘടനകൾ തമ്മിൽ അഭിപ്രായഭിന്നത രൂക്ഷമായിരുന്നെങ്കിലും ചാർജിളവ് നിഷേധിച്ച നടപടിക്കെതിരെയുള്ള പോരാട്ടത്തിൽ ഞങ്ങളെല്ലാം ഒറ്റക്കെട്ടായി.
സൂചനാസമരങ്ങളും പിക്കറ്റിങ്ങുകളും നടത്തിയിട്ടും യാതൊരു നീതിയും കിട്ടാതെ വന്നപ്പോഴാണു സമരരീതി മാറ്റിയത്. സംസ്ഥാന വ്യാപകമായി നടന്ന ബസ് തടയൽ സമരം പാനൂരിലും ശക്തമായിരുന്നു. കൂത്തുപറമ്പ് റോഡിൽ പാനൂർ ഗുരുസന്നിധിക്കടുത്തും പാനൂർ-തലശ്ശേരി റോഡിൽ ചമ്പാട് അരയാക്കൂലിൽ വെച്ചും പാനൂർ ചൊക്ലി റോഡിൽ പൂക്കോത്ത് വെച്ചും മൂന്നിടങ്ങളിലായാണു ബസ് തടഞ്ഞത്. പൂക്കോത്തെ നേതൃത്വം എനിക്കായിരുന്നു. സമാധാനപരമായി ബസ് തടയുന്നതിനിടയിൽ ജീവനക്കാരൻ വിദ്യാർഥിയെ ജാക്കിലിവർ കൊണ്ടു മർദിച്ചതോടെ പൂക്കോത്തെ സമരം അക്രമാസക്തമായി. വാക്കുതർക്കം രൂക്ഷമായപ്പോൾ ചിലർ ടാങ്കിൻ്റെ മുടിതകർത്തു ഡീസൽ ഊറ്റിയെടുത്തു സീറ്റിലും മറ്റും ഒഴിച്ചു. ഓടിയെത്തിയ നാട്ടുകാർ ഞങ്ങളെ തടഞ്ഞതിനാലാണു വൻവിപത്ത് ഒഴിവായത്. കേരളത്തിൽ പലയിടങ്ങളിലും സമരം രക്തരൂഷിതമായിരുന്നു.
വഴിതടയലുമായി ബന്ധപ്പെട്ടു സംസ്ഥാനത്തൊട്ടാകെ 142 ഓളം വിദ്യാർഥികളാണ് അറസ്റ്റിലായത്. അതിൽ പാനൂരിൽ നിന്നുള്ള 68 പേരിൽ 48 കുട്ടികൾ വന്ദനയിൽ നിന്നായിരുന്നു. രാവിലെ പതിനൊന്നു മണിയോടെ പോലീസ് കസ്റ്റഡിയിലെടുത്ത ഞങ്ങൾക്കു രാത്രിയിൽ വിട്ടയക്കുന്നതുവരെ യാതൊരു ഭക്ഷണവും ലഭിച്ചില്ല. പാനൂർ സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന പഴയ റവയാണു പലരും വൈകിട്ടു വാരിത്തിന്നത്. ജഡ്‌ജിയുടെ തലശ്ശരിയിലെ വീട്ടിൽവെച്ച് ഞങ്ങളെ ജാമ്യത്തിൽ വിട്ടയക്കുമ്പോൾ രാത്രി ഏറെ വൈകിയിരുന്നു.
അറസ്റ്റിലായ പലരുടെയും രക്ഷിതാക്കൾ വേവലാതിയോടെ പാനൂരിൽ അന്വേഷിച്ച് എത്തിയിരുന്നു. വന്ദനയിലെയും ശ്രീനാരായണയിലെയും അധ്യാപകർ ഒരുമിച്ചാണു രക്ഷിതാക്കളെ കാര്യം പറഞ്ഞു സമാധാനിപ്പിച്ചത്. വന്ദന, ശ്രീ നാരായണ കോളേജുകൾ തമ്മിലുള്ള ശീതസമരത്തിന് ഇതോടെ മഞ്ഞുരുകാൻ തുടങ്ങി. സമരവും അറസ്റ്റും കഴിഞ്ഞു പിറ്റേന്നു കോളേജിലെത്തിയ എന്നെ യതീന്ദ്രൻ മാസ്റ്റർ മാലയിട്ടാണു സ്വീകരിച്ചത്. ഇതു വിദ്യാർഥികൾക്കിടയിൽ എനിക്ക് ഒരു ഹീറോ പരിവേഷം നൽകി. പിന്നീടു മറ്റു കോളേജുകളിലും സ്വികരണം ലഭിച്ചതിലൂടെ, പതിയെ ഞാൻ നേതൃപദവിയിലേക്ക് ഉയർന്നു.
കേസുമായി ബന്ധപ്പെട്ടു പിന്നീടു പല പ്രാവശ്യം തലശ്ശേരി കോടതിയിൽ പോകേണ്ടിവന്നു. കേസിൽപ്പെട്ട കുട്ടികളെ കോടതിയിൽ എത്തിക്കേണ്ട ചുമതല എനിക്കായിരുന്നു. 68 പേരെയും ഒന്നിച്ച് കോടതിയിൽ എത്തിക്കുക എന്നതു വലിയപ്രശ്‌നമായിരുന്നു. ഞങ്ങൾക്കു വേണ്ടി കേസ് വാദിച്ചത് വന്ദനയിലെ അധ്യാപകനായിരുന്ന അഡ്വ. മദൻ മോഹനനാണ്. അദ്ദേഹം നല്ലൊരു മോണോ ആക്‌ടറായിരുന്നു. പിന്നീട് ചർച്ചയിലൂടെ പാരലൽ കോളേജ് വിദ്യാർഥികൾക്കുള്ള കൺസഷൻ പുനഃസ്ഥാപിക്കാൻ തീരുമാനമായപ്പോൾ സമരവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനും ധാരണയായി. പാരലൽ കോളേജ് വിദ്യാർഥികളെ രണ്ടാം കിടക്കാരായി കണ്ടിരുന്ന ബസ് ഓണേഴ്സ് അസോസിയേഷനെതിരെ നടത്തിയ ശക്തമായ സമരത്തിൻ്റെ ഫലമാണ് ഈ മേഖലയിലെ വിദ്യാർഥികൾക്കുള്ള യാത്രാ ഇളവുകൾ.
യാത്രാ സൗജന്യം പുനഃസ്ഥാപിച്ചതു കണ്ണൂർ ജില്ലാ പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷനു കനത്ത തിരിച്ചടിയായി. വിദ്യാർഥികൾ ഓരോരുത്തരും അസോസിയേഷൻ ഓഫീസിൽ നേരിട്ടെത്തി പാസ് വാങ്ങണമെന്നായിരുന്നു ഗംഗാധരന്റെ പുതിയ തീട്ടൂരം. വന്ദനയിലെ വിദ്യാർഥികളുടെ പാസും കോളേജ് റജിസ്‌റ്ററുമായി പ്രേമവല്ലി ടീച്ചറും പൊയിലൂരിലെ കുമാരൻ മാസ്റ്ററും ഞാനുമാണ് അസോസിയേഷൻ ഓഫീസിൽ പോയത്. തലശ്ശേരി കണ്ണൂർ റോഡിലെ ബ്രദേഴ്‌സ് ടൂറിസ്റ്റ് ഹോമിലായിരുന്നു പ്രൈവറ്റ് ബസ് അസോസിയേഷൻ ഓഫീസ്. ഓരോ വിദ്യാർഥിയും നേരിട്ടു വന്നാൽ മാത്രമേ പാസ് നൽകൂ എന്ന ഗംഗാധരൻ്റെ കടുംപിടിത്തം എന്റെ ഘെരാവോയിലാണ് അവസാനിച്ചത്.
പ്രതിഷേധത്തിന് ഒടുവിൽ പാസുകൾ ഒപ്പിട്ടു നൽകിയെങ്കിലും എനിക്കെതിരെ അദ്ദേഹം പോലീസിൽ പരാതി നൽകി. ഇതുമായി ബന്ധപ്പെട്ടു വിദ്യാർഥി സംഘടനകളുടെ ജില്ലാ നേതാക്കളും ബസ് ഓണേഴ്‌സ് അസോസിയേഷൻ പ്രതിനിധികളും പോലീസ് ഉദ്യോഗസ്ഥരും വന്ദനാ കോളേജിലെ അധ്യാപകരും തമ്മിൽ പാനൂർ ഐബിയിൽ വെച്ചു ചർച്ച നടന്നു. ഘെരാവോയ്ക്ക് ഇടയാക്കിയ സംഭവത്തെക്കുറിച്ചും വിദ്യാർഥികൾ പാസ് കരസ്ഥമാക്കാൻ നേരിടുന്ന വിഷമത്തെക്കുറിച്ചുമുള്ള ചർച്ചയ്ക്ക് ഒടുവിൽ മുഴുവൻ പാസുകളും അതതു കോളേജ് അധികൃതർ അസോസിയേഷൻ ഓഫീസിൽ എത്തിച്ചാൽ മതിയെന്നു തീരുമാനമായി. അതോടൊപ്പം ഘെരാവോയുമായി ബന്ധപ്പെട്ടു നൽകിയ പരാതി പിൻവലിക്കാനും ധാരണയായി.
പൊതു ആവശ്യങ്ങൾക്കു വേണ്ടി മുന്നിട്ടിറങ്ങുമ്പോൾ പല ഭാഗത്തുനിന്നും സഹായം ലഭിക്കുമെന്ന് ഈ സംഭവത്തിലൂടെ എനിക്കു മനസ്സിലായി. എന്നാൽ അസോസിയേഷന് എതിരായി നടത്തിയ സമരത്തിൻ്റെ ചർച്ചയിൽ പങ്കെടുക്കാൻ അസോസിയേഷൻ ഭാരവാഹികൾക്കൊപ്പം കാറിൽ വന്നിറങ്ങിയ വിദ്യാർഥി സംഘടനകളുടെ ജില്ലാ നേതാക്കളുടെ നടപടി എന്നെ അസ്വസ്ഥനാക്കി. ഗംഗാധരനോടൊപ്പം ചിരിച്ചും കളിച്ചും കാറിൽ കയറിപ്പോയവിദ്യാർഥി നേതാക്കളിലൂടെ രാഷ്ട്രീയത്തിനു മറ്റൊരു മുഖം കൂടിയുണ്ടെന്നും മനസ്സിലാക്കാൻ കഴിഞ്ഞു. പിൽക്കാലത്തു പലപ്പോഴും ഞാൻ ഇത്തരം സന്ദർഭങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ട്.
ബസ് ഓണേഴ്‌സ് അസോസിയേഷൻ ഘെരാവോ ചെയ്ത സംഭവം കണ്ണൂർ ജില്ലയിലെ വിദ്യാർഥികൾക്കിടയിലും രാഷ്ട്രീയക്കാർക്കിടയിലും എന്നെ പരിചിതനാക്കി. കുന്നോത്തുപറമ്പ്-പാനൂർ മേഖലയിൽ ഒതുങ്ങിയിരുന്ന എൻ്റെ പരിചയവും ബന്ധങ്ങളും സുഹൃദ് വലയവും തലശ്ശേരി, കൂത്തുപറമ്പ്, കണ്ണൂർ എന്നിവിടങ്ങളിലേക്കും വളർന്നു. ഇതോടെ ഞാൻ കൂടുതൽ തിരക്കിലായി. ഈ അവസരത്തിലാണു കോൺഗ്രസ് നേതാക്കളായ മമ്പറം ദിവാകരൻ, സജീവ് മാറോളി, വി എ നാരായണൻ, പ്രഭാകരൻ, സുരേന്ദ്രൻ തുടങ്ങിയ നിരവധി ജില്ലാ നേതാക്കന്മാരുമായി പരിചയത്തിലായത്.
പതിവുപോലെ ഒരു ദിവസം വൈകിട്ടു ചെറുവാഞ്ചേരി ബസിൽ കുന്നോത്തുപറമ്പിലേക്കു പോവുകയായിരുന്ന എന്നെ പുത്തൂർ പോസ്റ്റോഫീസിന് അടുത്തുവെച്ച് പാറാട്ടെ പൊന്നത്ത് ഗോപി നിർബന്ധപൂർവം വിളിച്ചിറക്കി. പുത്തൂരിൽ നിന്നു പുല്ല്യാഞ്ഞിയോട്ട് കാവിൻ്റെ അടുത്തു കൂടിയുള്ള നിരത്തിലൂടെയാണു ഞങ്ങൾ നടന്നത്. കുളിച്ചാലിൽ നിന്ന് ഒന്നും പറയാതെ ഗോപി പാറാട്ടേക്കു തിരിച്ചുപോയി. ഞാൻ വീട്ടിലേക്കും. പിന്നീടാണ് അന്നത്തെ കാര്യങ്ങൾ വ്യക്തമായത്. പാനൂരിലെ കോളേജുകൾ തമ്മിലുള്ള പ്രശ്‌നത്തിൻ്റെ പേരിൽ എന്നെ ഉപദ്രവിക്കാൻ ശ്രമം നടന്നിരുന്നു. അക്രമികളുടെ മുന്നിലകപ്പെടാതെ എന്നെ രക്ഷിച്ചതു ഗോപിയാണ്. പ്രീഡിഗ്രി രണ്ടാം വർഷം ഗോപി വന്ദനയിൽനിന്നു ശ്രീ നാരായണയിലേക്കു മാറിയിരുന്നു. പാറാട്ട് വെച്ച് എന്നെ ഉപദ്രവിക്കാൻ തീരുമാനിച്ച വിവരമറിഞ്ഞാണു ഗോപി വഴിയിൽ കാത്തുനിന്നത്. രക്തബന്ധങ്ങൾക്കു പോലും വില കൽപ്പിക്കാത്ത രാഷ്ട്രീയക്കാർക്കിടയിൽ ഗോപിയെപ്പോലുള്ള വിശാലമനസ്കർ അപൂർവമാണ്. പഠിക്കുമ്പോൾത്തന്നെ നല്ല താടിക്കാരനായിരുന്ന ഗോപി ബാംഗ്ലൂരിൽ വ്യാപാരിയാണ്.
സമരവുമായി ബന്ധപ്പെട്ടു ബസ് തൊഴിലാളികളിൽനിന്നു ഭീഷണി ഉണ്ടായപ്പോൾ പന്ന്യന്നൂർ ചന്ദ്രൻ, കെ വേണു, പന്ന്യന്നൂർ രാഘവൻ എന്നിവരുടെ നേതൃത്വത്തിൽ ആർഎസ്എസുകാരും, മട്ടൻ ചന്ദ്രൻ, പി ഹരീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ സിപിഎം കാരുമാണു ഞങ്ങളെ സഹായിച്ചത്. സമരവുമായി ബന്ധപ്പെട്ട് എഇഒ ഓഫീസിനും റജിസ്ട്രാർ ഓഫീസിനും മുന്നിൽ ഞങ്ങൾ നടത്തിയ പിക്കറ്റിംഗ് ഉദ്ഘാടനം ചെയ്‌തത് പി ഹരീന്ദ്രനാണ്. പഠനത്തിനു ശേഷം കുറച്ചുകാലം ബസ് കണ്ടക്‌ടറായി ജോലി ചെയ്ത പി ഹരീന്ദ്രൻ പിന്നീട് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി.
മികച്ച സംഘാടകനും വാഗ്മിയുമായ ഹരീന്ദ്രൻ സിപിഎം പാനൂർ ഏരിയാ സെക്രട്ടറിയായിരുന്നു. കണ്ണൂർ ജില്ലാ സഹകരണ ബാങ്ക് പ്രസിഡണ്ടായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
പാനൂരിലെ സജീവ ജനസംഘം പ്രവർത്തകനായിരുന്ന മട്ടൻ ചന്ദ്രൻ പിആർ കുറുപ്പിൻ്റെ പീഡനകാലത്താണു പാർട്ടി മാറിയത്. ചന്ദ്രനെ മർദിച്ചതിനെതിരെ ജനസംഘം പ്രതികരിക്കാത്തതിൽ പ്രതിഷേധിച്ചാണ് അദ്ദേഹം പിആറിൻ്റെ മുഖ്യശത്രുവായ സിപിഎമ്മിൽ ചേർന്നത്. കാർ ഡ്രൈവറായിരുന്ന മട്ടൻ ചന്ദ്രൻ പാനൂരിലെ എൻ്റെ ആദ്യകാല പരിചയക്കാരനും സഹോദര തുല്യനായ വഴികാട്ടിയുമാണ്. അദ്ദേഹം കല്ലിക്കണ്ടിയിൽ തുടങ്ങാനിരുന്ന സിനിമാ തിയേറ്റർ ഭരണസ്വാധീനം ഉപയോഗിച്ചു ചിലർ തടസ്സപ്പെടുത്തിയിരുന്നു. പ്രാരംഭ ഘട്ടത്തിൽത്തന്നെ നിലച്ചുപോയ ഈ ടാക്കീസ് പ്രവർത്തന സജ്ജമാക്കാൻ 1995ൽ മട്ടൻ ചന്ദ്രനോടൊപ്പം ഞാനും ശ്രമം നടത്തിയിരുന്നെങ്കിലും അതും വിജയം കണ്ടില്ല. 2018 ഫെബ്രുവരി 3നാണു മട്ടൻ ചന്ദ്രൻ മരണപ്പെട്ടത്.
പ്രീഡിഗ്രിക്കു ചേർന്ന ആദ്യ ആഴ്‌ചതന്നെ പിആർ ട്രസ്റ്റിന്റെ കീഴിലുള്ള ലൈബ്രറിയിൽ ഞാൻ അംഗത്വമെടുത്തു. ഇവിടെനിന്നു ധാരാളം പുസ്‌തകങ്ങൾ വായിച്ചിരുന്നു. ‘കള്ളക്കടത്തുകാർ ജീവിതത്തിലേക്ക്’ എന്ന നോവലാണ് ഞാൻ എടുത്ത ആദ്യ പുസ്‌തകം. ഡിക്ടറ്റിവ് നോവലുകളോടായിരുന്നു പ്രിയം. കോട്ടയം പുഷ്‌പനാഥ്, ബാറ്റൻ ബോസ്, ദുർഗാ പ്രസാദ് ഖത്രി തുടങ്ങിയവരായിരുന്നു ഇഷ്‌ടപ്പെട്ട എഴുത്തുകാർ. കെകെആർ മാസ്റ്റരുടെ വാഗ്ധോരണികളിലൂടെ മനസ്സിലാക്കിയ രാമായണവും വോയ്‌സ് ഓഫ് ക്രിസ്‌ത്യൻ്റെ പുസ്‌തകങ്ങളിലൂടെ മനസ്സിലാക്കിയ ബൈബിൾ തത്ത്വങ്ങളും പിആർ ട്രസ്റ്റിൽ നിന്നെടുത്തു പഠിച്ച ഖുർആൻ സൂക്തങ്ങളും എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.
‘മ’ പ്രസിദ്ധീകരണങ്ങൾക്കെതിരെ അന്നു ശക്തമായ പ്രതിഷേധം അലയടിച്ചിരുന്നു. കേരളത്തിലെ യുവജനങ്ങൾക്കിടയിൽ ആത്മഹത്യാ പ്രവണത കൂടുന്നതു പൈങ്കിളി പ്രസിദ്ധീകരണങ്ങൾ വായിക്കുന്നതു കൊണ്ടാണ് എന്നാരോപിച്ചു മനോരമ, മംഗളം, മനോരാജ്യം, കുമാരി, എന്നീ പ്രസിദ്ധീകരണങ്ങൾ ബഹിഷ്കരിക്കുകയും നശിപ്പിക്കുകയും ചെയ്തിരുന്നു. പീടികകളിൽ വിൽക്കാൻ തൂക്കിയിട്ടിരുന്ന പ്രസിദ്ധീകരണങ്ങൾ പ്രതിഷേധക്കാർ പിടിച്ചെടുത്തു കത്തിച്ചു. കുറച്ചുകാലം മുറുമുറുപ്പുകൾ തുടർന്നെങ്കിലും അതിനുശേഷം ‘മ’ പ്രസിദ്ധീകരണങ്ങൾ ചൂടപ്പം പോലെയാണു വിറ്റുപോയത്.
കേരളത്തിൽ വായന മരിച്ചുകൊണ്ടിരിക്കുന്നു എന്നു പറയുമ്പോഴും ഇത്തരം വാരികകളുടെ സർക്കുലേഷൻ കൂടി വന്നത് കണ്ടില്ലെന്നു നടിക്കാൻ പറ്റില്ല. സിനിമയും ടിവിയും സീരിയലുകളും മറ്റു വിനോദോപാധികളും ഏറിയിട്ടും വലിയൊരു സമൂഹം ഇത്തരം വാരികകൾ ഇഷ്‌ടപ്പെടുന്നുണ്ട്. വായന ജീവിതവിജയത്തിന് അത്യാവശ്യമാണ്. ബോബനും മോളിയും പോലുള്ള കാർട്ടൂണും ബാലരമയും വായിക്കാനായിരുന്നു എനിക്കു താൽപര്യം. സിനിമാനടികളുടെ ഫോട്ടോ വന്നിരുന്ന നാനയുടെ മധ്യത്തിലുള്ള പേജ് ബാർബർ ഷോപ്പുകളിൽനിന്നു ഞങ്ങൾ അടിച്ചുമാറ്റിയിരുന്നു. കേരളശബ്ദത്തിൽ ഇക്കിളിപ്പെടുത്തുന്ന കഥകളുണ്ടായിരുന്നു. മറ്റുള്ളവർ കാണാതെയാണ് ഇതു വായിക്കുക.
പാഠ്യ വിഷയങ്ങൾക്കു പുറമെ വിദ്യാർഥികളുടെ സർഗ്ഗ വാസനകൾ പരിപോഷിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്കും വന്ദന പ്രാമുഖ്യം നൽകി. വന്ദനാ കോളേജിൽ ആദ്യമായി രൂപീകരിച്ച കലാസാംസ്കാരിക വേദിയുടെ പ്രസിഡണ്ട് ഞാനായിരുന്നു. വിദ്യാർഥികൾക്കു തങ്ങളുടെ കഴിവുകൾ പോഷിപ്പിക്കാനും പ്രകടിപ്പിക്കാനുമുള്ള നിരവധി പ്രവർത്തനങ്ങൾ വന്ദനയിൽ സംഘടിപ്പിച്ചിരുന്നു. പ്രതിമാസ സാംസ്‌കാരിക പരിപാടികൾ എനിക്കു പ്രശസ്‌തരുമായി ബന്ധപ്പെടാനുള്ള സുവർണാവസരമായി.
പ്രശസ്ത കവികളായ കുഞ്ഞുണ്ണി മാസ്റ്റർ, കടമ്മനിട്ട രാമ കൃഷ്ണൻ, ബാലസാഹിത്യ അവാർഡ് ജേതാവ് കെ തായാട്ട്, ശ്രീനാരായണ ഗുരുദേവ കൃതികളുടെ പ്രചാരകൻ ചമ്പാടൻ വിജയൻ, ബ്രണ്ണൻ കോളേജിലെ ഡോ. പ്രിയദർശൻ ലാൽ, കെ പി എ റഹീം മാസ്റ്റർ എന്നിവർ വന്ദനയുടെ സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് അകമഴിഞ്ഞ പ്രോത്സാഹനമാണു നൽകിയത്. സഹദേവൻ പുതുതായി തുടങ്ങിയ ഗുരുദേവ പ്രസിൽ നിന്നാണു നോട്ടീസ് അച്ചടിച്ചിരുന്നത്. പ്രൂഫ് നോക്കാൻ പോകുമ്പോൾ അച്ചു നിരത്തുന്നതും കടലാസ് കട്ട് ചെയ്യുന്നതും പ്രിൻ്റ് ചെയ്യുന്നതും കണ്ടിരിക്കും.
ഞങ്ങളുടെ പ്രീഡിഗ്രി രണ്ടാംവർഷം വന്ദന കോളേജിന്റെ വാർഷികം വളരെ വിപുലമായിട്ടാണ് ആഘോഷിച്ചത്. പാനൂർ ഹൈസ്‌കൂൾ ഗ്രൗണ്ടിലായിരുന്നു പരിപാടി. യതീന്ദ്രൻ മാസ്റ്റർ എഴുതി സംവിധാനം ചെയ്ത നാടകത്തിൽ ഞാനായിരുന്നു പ്രധാന നടൻ. മോഹിനിയാട്ടത്തിലും ഭരതനാട്യത്തിലും സംഗീത നാടക അക്കാദമി അവാർഡ് കരസ്ഥമാക്കിയ കെ ടി ഉഷയുടെ നൃത്ത പരിപാടിയും ഉണ്ടായിരുന്നു. ഭരത് മോഹൻലാലിന്റെ ഭാര്യാ സഹോദരൻ സുരേഷ് ബാലാജിയുടെ ഭാര്യയാണു കൂത്തുപറമ്പുകാരിയായ കെ ടി ഉഷ.
🟥
അടുത്ത അധ്യായം ▶ ഒരു പുരത്തറ
മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം :
◼️അധ്യായം 1: പുഴമാത്രം മാറിയില്ല
◼️അധ്യായം 2: ഓര്‍മ്മയില്‍ ജീവിക്കുന്ന അമ്മ
◼️അധ്യായം 3: പുത്തൂരാൻ ചരിതം
◼️അധ്യായം 4: കണ്ണാരം പൊത്തിപ്പൊത്തി
◼️അധ്യായം 5: മൃതിയുടെ തിരനോട്ടം
◼️അധ്യായം 6: കൺനിറയെ ദൈവങ്ങൾ
◼️അധ്യായം 7: ഭിക്ഷാം ദേഹി
◼️അധ്യായം 8: നാട്ടുവഴിയിൽ
◼️അധ്യായം 9: ഗ്രാമീണ വിശുദ്ധി
◼️അധ്യായം 10: ശാക്തേയം
◼️അധ്യായം 11: കല്യാണക്കോപ്പ്
◼️അധ്യായം 12: പുളിമുറികല്യാണം
◼️അധ്യായം 13: മാമ്പഴക്കാലം
◼️അധ്യായം 14: ജലവിനോദങ്ങൾ
◼️അധ്യായം 15: പൊലോളി
◼️അധ്യായം 16: വിനോദ യാത്ര
◼️അധ്യായം 17: സത്യൻ പുത്തൂർ
◼️അധ്യായം 18: അങ്ങാടിപ്പഴമ
◼️അധ്യായം 19:പോലീസ് ഞങ്ങൾക്ക് പുല്ലാണ്
◼️അധ്യായം 20: പുത്തനമ്പലം
◼️അധ്യായം 21: ഉദ്യാന നഗരിയിലേക്ക്
















