അധ്യായം 20 📖 പുത്തനമ്പലം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’
ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍

 

1908 ഫെബ്രുവരി 13നു ശ്രീ നാരായണ ഗുരുദേവൻ തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽ ശിവപ്രതിഷ്ഠ നടത്തി. ഈ ക്ഷേത്രം കിഴക്കൻ പ്രദേശത്തുകാർക്കു പുത്തനമ്പലമാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള മഞ്ഞോടിയിലെ തിരുവങ്ങാട് ശ്രീരാമ ക്ഷേത്രമാണു തലശ്ശേരിയിലെ പ്രശസ്‌തമായ അമ്പലം. അതുകൊണ്ടാണു ശ്രീ ജഗന്നാഥ ക്ഷേത്രം പുത്തനമ്പലം എന്നറിയപ്പെട്ടത്. ഗുരുദേവൻ ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കപ്പെട്ട ഖ്യാതികൂടി ശ്രീ ജഗന്നാഥ ക്ഷേത്രത്തിനുണ്ട്. പ്രതിമ ഉണ്ടാക്കുന്നതിനു ഫോട്ടോ എടുക്കാൻ ഗുരു ഇരുന്നുകൊടുത്തിരുന്നു. ഇറ്റലിയിൽനിന്ന് ഇന്ത്യയിലേക്കു കൊണ്ടുവരുമ്പോൾ കൊളംബോയിൽ വെച്ചാണു ഗുരു സ്വന്തം പ്രതിമ കണ്ടത്. 1927ലാണു ഗുരുവിൻ്റെ പ്രതിമ തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്ര സമുച്ചയത്തിൽ സ്ഥാപിച്ചത്.

1978ലാണു ഞാൻ ആദ്യമായി തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രോത്സവത്തിനു പോയത്. എട്ടിൽ പഠിക്കുമ്പോൾ ബന്ധുക്കളോടൊപ്പമായിരുന്നു ഈ യാത്ര. പിന്നീട് പ്രീഡിഗ്രി കാലഘട്ടം വരെ വർഷത്തിൽ ഒരു ദിവസവും തലശ്ശേരിയിൽ ഡിഗ്രിക്കു ചേർന്നശേഷം എല്ലാ ദിവസവും സഹപാഠികൾക്കൊപ്പം ശ്രീ ജഗന്നാഥ ക്ഷേത്രോത്സവത്തിനു പോയിരുന്നു. എട്ടു ദിവസത്തെ ഉത്സവത്തിന്റെ ഏഴാം നാളാണു കേക്കരുത്സവം. പാനൂരിൻ്റെ കിഴക്കൻ മേഖലയിലുള്ളവർ കുടുംബസമേതം ഈ ദിവസം പുത്തനമ്പലത്തിൽ എത്തിയിരുന്നു. കേക്കരുത്സവനാൾ ശ്രീ ജഗന്നാഥ ക്ഷേത്രം ജനസമുദ്രമായിരിക്കും.

ആകാശത്തൊട്ടിൽ, മൃഗശാല, സർക്കസ് കൂടാരം, മാജിക്ക്, റിക്കാർഡ് ഡാൻസ്, മരണക്കിണർ എന്നിവയാണു കിഴക്കരെ ആകർഷിച്ചിരുന്ന ഉത്സവക്കാഴ്‌ചകൾ. താൽക്കാലിക സ്റ്റുഡിയോയിലെ സിനിമാ താരങ്ങളുടെ കട്ടൗട്ടറുകളും പൂന്തോട്ടവും സ്കൂട്ടറുമൊക്കെ സാധാരണക്കാരെ കൊതിപ്പിച്ചിരുന്നു. സ്കൂട്ടറിൽ ഇരുന്നും സിനിമാ താരങ്ങളുടെ കട്ടൗട്ടറിനൊപ്പം നിന്നും ഫോട്ടോയെടുക്കാൻ ആളുകളുടെ തിരക്കായിരിക്കും. അപ്പോൾത്തന്നെ കോപ്പി ലഭിക്കുമെന്നത് ആളുകളെ ഫോട്ടോയെടുക്കാൻ പ്രേരിപ്പിച്ചതു. സാധാരണക്കാരെ സംബന്ധിച്ച് ഇതൊക്കെ അപൂർവ അവസരമാണ്. പാമ്പ് വേലായുധൻ്റെ സർപ്പയജ്ഞവും ഏറെ ആകർഷിച്ചിരുന്നു. നിരവധി പാമ്പുകൾക്കൊപ്പം കൂട്ടിലാണ് അദ്ദേഹം ദിവസങ്ങളോളം കഴിച്ചുകൂട്ടുക.

കേക്കറുത്സവത്തിനു വർണമനോഹരവും ദൈർഘ്യവുമേറിയ വെടിക്കെട്ട് ഉണ്ടാകും. അപൂർവമായി മാത്രം കാണാൻ കഴിഞ്ഞിരുന്ന വെടിക്കെട്ടിനു ശേഷമേ കിഴക്കർ മടങ്ങുകയുള്ളൂ. ഹലുവ, കത്തി, പാത്രങ്ങൾ തുടങ്ങിയ സാധനങ്ങളൊക്കെ പായയിൽ വരിഞ്ഞുമുറുക്കി തലച്ചുമടായാണു മടക്കയാത്ര. വാഹന സൗകര്യങ്ങൾ ഏറിയതോടെയാണു കിഴക്കരുടെ പുത്തനമ്പലത്തിലേക്കുള്ള കാൽനടയാത്ര അവസാനിച്ചത്. ഹൽവാ സ്റ്റാളുകളിൽ കയറി സാമ്പിൾ വാങ്ങി രുചിച്ചുനോക്കി വില പേശുന്നതു യുവാക്കളുടെ ഹരമാണ്. കച്ചവടക്കാരോടു കൂടുതൽ വേണമെന്ന നാട്യത്തിൽ വില പേശി പല നിറത്തിലും തരത്തിലുമുള്ള ഹൽവ സാമ്പിളായി വാങ്ങി അമ്പലത്തിലുള്ള വീട്ടുകാരെ കാണിച്ചിട്ടു വരാം എന്നുപറഞ്ഞു ഞങ്ങൾ മുങ്ങും.

തലശ്ശേരി ശ്രീ ജഗന്നാഥക്ഷേത്രത്തിൽ കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിൽ എന്ന പോലെ അഹിന്ദുക്കൾക്കു പ്രവേശനമില്ല. വിദ്വേഷമുള്ളവരോടു പക തീർക്കാൻ ഈ വിലക്ക് ഉത്സവവേളയിൽ പലരും മുതലെടുക്കാറുണ്ട്. ആൾക്കൂട്ടത്തിനിടയിൽനിന്ന് അന്യമതക്കാരുടെ പേരുവിളിച്ചാണു ദേഷ്യമുള്ളവരെ കുടുക്കുക. ഇതു കേൾക്കുമ്പോൾ പറഞ്ഞുറപ്പിച്ച ആളുകൾ ഇയാൾക്കെതിരെ തിരിയും. മാറ് പിടിച്ചും തള്ളിമാറ്റിയും ഇയാളെ അപമാനിക്കും. ആൾക്കൂട്ടത്തിനിടയിൽ സത്യാവസ്ഥ വെളിപ്പെടുത്താൻ കഴിയാതെ ഒഴിഞ്ഞുമാറുകയേ ഇത്തരക്കാർക്കു നിർവാഹമുണ്ടായിരുന്നു.

രാഷ്ട്രീയ വൈരികളായ പ്രാദേശിക പ്രവർത്തകർ എതിരാളികളോടു പകരം വീട്ടുന്നത് അമ്പലങ്ങളെയും ഉത്സവങ്ങളെയും മറയാക്കിയാണ്. ഇതോടെ തലശ്ശേരി മേഖലയിലെ പല ക്ഷേത്ര സന്നിധികളും സംഘട്ടന വേദികളായി മാറി. ഉത്സവം നടക്കുന്ന പ്രദേശത്തെ പാർട്ടി പ്രവർത്തകർക്കു മറ്റു പ്രദേശത്തെ പാർട്ടിക്കാർ എതിരാളികളെ ചൂണ്ടിക്കാണിച്ചാണു സംഘട്ടനങ്ങൾക്കു പശ്ചാത്തലമൊരുക്കുന്നത്. ഒരു പരിചയവുമില്ലാത്തവർ ഒരു കാരണവുമില്ലാതെ ഉപദ്രവിക്കുമ്പോൾ മർദനമേൽക്കുന്നവർ എന്തിനെന്നറിയാതെ പകച്ചുപോവും. പിന്നീടാണു സംഭവത്തിൻ്റെ നിജസ്ഥിതി മനസ്സിലാവുക. ഇതിൻ്റെ പ്രതികാരം മറ്റു സ്ഥലങ്ങളിൽ ആവർത്തിക്കും.

1912ലാണു തലശ്ശേരി ശ്രീ ജഗന്നാഥക്ഷേത്രത്തിൽ ഇളനീർ വെയ്പ്പ് ആരംഭിച്ചത്. വടക്കേ മലബാറിലെ വിവിധ ഭാഗങ്ങളിലുള്ള നൂറുകണക്കിനു തീയ്യൻമാർ ഭക്തിപൂർവം വ്രതം നോറ്റാണ് ഇളനീർ കാവുമായി കൊട്ടിയൂരിലേക്കു പോയിരുന്നത്. കൊട്ടിയൂർ അമ്പലത്തിന്റെ അഞ്ചു കിലോമീറ്റർ ദൂരത്തു മാത്രമേ ഇവർക്ക് ഇളനീർ സമർപ്പിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. അവിടെ നിന്നു സവർണ വിഭാഗത്തിൽ പെട്ടവർ പ്രസ്‌തുത ഇളനീർകാവുകൾ അഭിഷേകത്തിനായി കൊട്ടിയൂരമ്പലത്തിലേക്കു കൊണ്ടുപോകും. മാത്രമല്ല ആചാരത്തിൻ്റെ ഭാഗം എന്ന പേരിൽ ഇളനീർ കാവുമായി പോകുമ്പോൾ തെറിപ്പാട്ടുകൾ പാടണമെന്ന വിചിത്രമായ രീതികളും തീയ്യരെക്കൊണ്ടു ചെയ്യിച്ചിരുന്നു. വ്രത മെടുത്തു ഭക്തിനിഷ്‌ഠയോടെ ഓംകാരം മുഴക്കേണ്ടുന്നതിനു പകരം തെറിപ്പാട്ടുകൾ പാടിക്കുന്ന വിവരം സമുദായ നേതാക്കൾ ശ്രീ നാരായണ ഗുരുദേവനെ നേരിട്ടറിയിച്ചു. ഇതിനു ശേഷമാണു ഗുരുദേവൻ ശ്രീ ജഗന്നാഥക്ഷേത്രത്തിൽ ഇളനീർ വെയ്പ് നടത്താനായി പത്രത്തിലൂടെയും മറ്റും വിളംബരം ചെയ്‌തത്.

1912 ജൂൺ 7നു ഗുരുദേവൻ്റെ തൃക്കൈകളാൽ ശ്രീ ജഗന്നാഥ വിഗ്രഹത്തിൽ ഇളനീർ അഭിഷേകം നടന്നു. തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രത്തിലും കൊട്ടിയൂർ ശ്രീപെരുമാൾ ക്ഷേത്രത്തിലും ഒരേ ദിവസമാണ് ഇളനീർ വെയ്പ്പ്. തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽ ഇളനീർവെയ്പ്പ് തുടങ്ങിയതിനു ശേഷമാണ് കൊട്ടിയൂരിൽ നേരിട്ട് ഇളനീർക്കാവ് സമർപ്പിക്കാനുള്ള സ്വാതന്ത്ര്യം തീയ്യന്മാർക്കു ലഭിച്ചത്. പാനൂർ മേഖലയിലുള്ളവരാണു ജഗന്നാഥ ക്ഷേത്രത്തിലേക്കു കൂടുതലായും ഇളനീർകാവുകൾ സമർപ്പിച്ചത്. കൈവേലിക്കൽ ശ്രീ നാരായണ മഠത്തിൽനിന്നു വർഷങ്ങളോളം തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രത്തിലേക്കു ഭക്തർ ഇളനീർ കാവുമായി പോയിരുന്നു.

1978 സെപ്റ്റംബർ 14നാണു കൂളിച്ചാൽ ശ്രീ നാരായണ മഠം ഉദ്ഘാടനം ചെയ്‌തത്‌. കൈവേലിക്കൽ ശ്രീ നാരായണ മഠത്തിലെ വിശ്വാമിത്ര റാംറാം സ്വാമിയായിരുന്നു ഉദ്ഘാടകൻ. അദ്ദേഹവും പരിസരത്തെ കുട്ടികളും ഭജന പാടിക്കൊണ്ടു നടന്നാണു കുളിച്ചാലിൽ വന്നത്. വൈകിട്ടു കലാപരിപാടികളും കെകെആർ മാസ്റ്റർ സംവിധാനം ചെയ്ത നാടകവും ഉണ്ടായിരുന്നു. ഇതിനു ശേഷം കെകെആർ മാസ്റ്റർ വണ്ണാരപ്പുറത്തു ശ്രീ നാരായണ മഠം സ്ഥാപിക്കാൻ ശ്രമിച്ചിരുന്നു. പ്രബലമായ രാഷ്ട്രീയ കക്ഷിയുടെ ഇടപെടലോടെയാണു പാതി കെട്ടിയ കെട്ടിടം നാമാവശേഷമായത്. ഇതേപോലെ നിടുന്താണിയത്തിനടുത്തും ഉദ്ദേശിച്ച ശ്രീ നാരായണ മഠം നിലവിൽ വന്നില്ല. കുളിച്ചാൽ ശ്രീ നാരായണ മഠവും പ്രവർത്തനമില്ലാതെ അനാഥമായിക്കിടക്കുന്നു.

ശ്രീ നാരായണ ഗുരുദേവനെക്കുറിച്ച് അത്ഭുതകരമായ ഒരുപാടു സംഭവങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ട്. ഒരിക്കൽ ശ്രീ ജഗന്നാഥ ക്ഷേത്രത്തിലെത്തിയ ഗുരുദേവരും ശിഷ്യരും തിരിച്ചു പോകേണ്ട ട്രെയിനിൻ്റെ കാര്യം തിരക്കിനിടയിൽ ശ്രദ്ധിച്ചില്ല. ട്രെയിൻ തലശ്ശേരിയിൽനിന്നു പുറപ്പെടുന്ന സമയത്തെക്കുറിച്ച് ആരോ ഗുരുദേവനെ അറിയിച്ചു. ഉടനെ സ്വാമി ക്ഷേത്രത്തിന്റെ എതിർവശത്തുള്ള റെയിൽവേ ട്രാക്കിലേക്കു നടന്നു. കൂടെമറ്റുള്ളവരും. അവർ എത്തുമ്പോഴേക്കും ട്രെയിൻ വരുന്നുണ്ടായിരുന്നു. സ്റ്റേഷൻ ഇല്ലാതിരുന്ന അവിടെ ഒരു കാരണവുമില്ലാതെ ട്രെയിൻ നിന്നു. ഗുരുവും ശിഷ്യന്മാരും കയറിയ ശേഷമാണു ട്രെയിൻ പുറപ്പെട്ടത്.

ശ്രീ ജഗന്നാഥ ക്ഷേത്രത്തിലെ ആദ്യകാല സാരഥികളായ ആഢ്യന്മാരെ ഗുരുദേവൻ അടിയറവ് പറയിപ്പിച്ച മറ്റൊരു സംഭവവും കേട്ടിട്ടുണ്ട്. ക്ഷേത്രം സ്ഥാപിക്കാൻ മുന്നിട്ടിറങ്ങിയ തിയ്യന്മാരിലെ ചില പ്രമാണിമാർ അമ്പലം താന്താങ്ങളുടെ മാത്രം ആണെന്ന നിലപാടുകാരായിരുന്നു. പ്രതിഷ്‌ഠ കഴിഞ്ഞ ശേഷം തലശ്ശേരിയുടെ കിഴക്കൻ പ്രദേശത്തുള്ളവരെയും ചില പ്രത്യേക ജോലി ചെയ്യുന്നവരെയും ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാതെ അകറ്റി നിർത്തി.

ഈ സംഭവം അനുഭവസ്ഥർ സങ്കടത്തോടെ ഗുരുദേവനെ അറിയിച്ചു. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ, മാറ്റി നിർത്തപ്പെട്ടവർക്ക് ഒരു വർഷം കഴിഞ്ഞുമതി പ്രവേശനം എന്നു ധാരണയായി. ഉത്തരവാദപ്പെട്ടവരുടെ അഭിപ്രായം ഗുരുദേവൻ ചിരിച്ചുകൊണ്ട് അംഗീകരിച്ചു. ആ ദിവസം രാത്രി ഗംഭീര മഴ പെയ്തു. അകറ്റി നിർത്തിയിട്ടും പിറ്റേ ദിവസവും ക്ഷേത്ര ദർശനത്തിനും ഗുരുദേവനെ കാണാനുമായി എത്തിയ എല്ലാവരെയും ഗുരുദേവൻ ക്ഷേത്ര ത്തിൽ പ്രവേശിപ്പിച്ചു. ‘വർഷം’, മഴ ഇന്നലെ കഴിഞ്ഞു. ഇനി എല്ലാവർക്കും ക്ഷേത്രത്തിൽ പ്രവേശിക്കാമെന്ന ഗുരുദേവരുടെ വാക്കുകൾക്കു മുന്നിൽ ക്ഷേത്ര ഭാരവാഹികൾക്ക് ഉത്തരംമുട്ടി. ഇത്തരത്തിലുള്ള ഒത്തിരി സംഭവങ്ങൾ ഗുരുദേവനെക്കുറിച്ചു പറഞ്ഞു കേട്ടിട്ടുണ്ട്. ചെറുപ്പം മുതലേ എൻ്റെ ആരാധനാമൂർത്തിയാണ് ശ്രീ നാരായണ ഗുരുദേവൻ.

1988ൽ തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രോത്സവത്തിനിടയിൽ നടന്ന ട്രെയിൻ അപകടം അതിദാരുണമായിരുന്നു. വെടിക്കെട്ടു കാണുമ്പോൾ ട്രെയിൻ തട്ടി 29 പേരാണു കൊല്ലപ്പെട്ടത്. നിരവധിയാളുകൾക്കു ഗുരുതരമായി പരുക്കേറ്റു. വെടിക്കെട്ടിന്റെ മാസ്മ‌രികതയിൽ ലയിച്ചിരുന്നവർ ട്രെയിൻ വരുന്ന ശബ്ദം കേൾക്കാത്തതാണ് അപകടത്തിൽ കലാശിച്ചത്. ശബ്ദഘോഷ ങ്ങൾക്കിടയിൽ അപകടത്തിൽപ്പെട്ടവരുടെ ദീനരോദനങ്ങൾ മറ്റുള്ളവരും കേട്ടില്ല. ദീർഘനേരം നീണ്ടുനിന്ന മാലപ്പടക്കത്തിന്റെ ശബ്ദം നിലച്ചപ്പോഴാണ് ആളുകൾ തൊട്ടടുത്തു നടന്ന ദുരന്തം അറിഞ്ഞത്.

കൈയും കാലും വേർപെട്ടു പിടയുന്ന മനുഷ്യർ, ചിന്നിച്ചിതറി കിടക്കുന്ന അവയവങ്ങൾ, പൊട്ടിപ്പിളർന്ന തലകൾ. അപകട സ്ഥലത്തെ കാഴ്‌ചകൾ അതിഭീകരമായിരുന്നു. ആദ്യമൊന്നു സ്‌തംഭിച്ചുപോയ ഞങ്ങൾ പരിക്കേറ്റവരെ വാഹനങ്ങളിൽ കയറ്റാൻ സജീവമായി. പിടയുന്ന മനുഷ്യരെ എടുത്തുയർത്തുമ്പോൾ അറ്റു വീഴുന്ന ശരീരഭാഗങ്ങൾ. രക്തത്തിൻ്റെയും വെടിമരുന്നിന്റെയും രൂക്ഷഗന്ധം. അപകടവിവരം അറിയുന്നതിനു മുമ്പ് തിരിച്ചെത്തിയില്ലെങ്കിൽ വീട്ടുകാർ ബേജാറാകുമെന്ന കാര്യം ഓർത്തു ഞങ്ങൾ താമസിയാതെ മടങ്ങി. രക്തം പുരണ്ട വസ്ത്രങ്ങളോടെ നാട്ടിലെത്തിയ ഞങ്ങളെ കണ്ടപ്പോഴാണു വീട്ടുകാരും നാട്ടുകാരും തലശ്ശേരിയിൽ നടന്ന അപകടത്തെക്കുറിച്ച് അറിഞ്ഞത്. അപ്പോഴേക്കും റോഡിയോവിൽ വാർത്ത വന്നിരുന്നു. പിന്നീടു ദിവസങ്ങളോളം കൈകളിൽ രക്തത്തിൻ്റെ മണമായിരുന്നു.

ഈ ട്രെയിനപകടത്തിൽ കുറ്റേരിയിലെ മൂന്നു പേരും പൊയിലൂരിലെ ഒരാളും കൊല്ലപ്പെട്ടിരുന്നു. കൂറ്റേരിയിൽ മരിച്ചവരിൽ ഒരാൾ മുസ്ലീം യുവാവാണ്. താഴെക്കണ്ടിയിൽ അജയൻ മുടേന്റവിട വിജയൻ, കളവൻ്റവിട ലത്തീഫ് എന്നിവരാണു ട്രെയിനപകടത്തിൽ മരിച്ച കൂറ്റേരിക്കാർ. അജയനും ലത്തീഫും വോളീബോൾ കളിക്കാരാണ്. പതിവ് വോളീബോൾ പരിശീലനത്തിനു ശേഷം അജയൻ്റെ കൂടെ വീട്ടുകാരറിയാതെയാണു ലത്തീഫ് അമ്പലത്തിൽ പോയത്. എൻ്റെ മൂത്തമ്മയുടെ ഭർത്താവിന്റെ സഹോദരൻ ചാലിൽ കുഞ്ഞമ്പുവിൻ്റെ മകൾ ചീരുട്ടിയുടെ ഭർത്താവാണ് അപകടത്തിൽ മരിച്ച വടക്കേ പൊയിലൂർ സ്വദേശി കുഞ്ഞാണ്ണൻ.

കോടതിയുടെ വിലക്കുള്ളതിനാൽ ഉത്സവാനുഷ്‌ഠാന ഭാഗമായുള്ള പള്ളിവേട്ട ആ വർഷം നടന്നിരുന്നില്ല. ഇതാണ് അപകട മരണത്തിനു കാരണം എന്നായിരുന്നു വിശ്വാസികൾക്കിടയിലെ സംസാരം. അമ്പലകമ്മിറ്റി പ്രസിഡണ്ട് രത്നാകരനും പങ്കജ് ടാക്കീസ് ഉടമയും തമ്മിലുള്ള കുടുംബവൈരവും കേസുമാണ് കോടതി വിധിക്കാധാരം. ഗജവീരന്മാരും വാദ്യഘോഷങ്ങളുമായി പള്ളിവേട്ടയ്ക്കു പോകുന്നവഴി ഉൾപ്പെട്ട സ്ഥലത്തിന്റെ ഉടമസ്ഥാവകാശ തർക്കമായിരുന്നു കേസിന് ആസ്‌പദം. വർഷങ്ങൾക്കു ശേഷമുള്ള കോടതിവിധി ക്ഷേത്രഭരണ സമിതിക്ക് അനുകൂലമായിരുന്നു. എന്തിൻ്റെ പേരിലായാലും വർഷങ്ങളായി നടന്നുവരുന്ന ആചാരാനുഷ്‌ഠാനങ്ങൾ താൽക്കാലികമായി തടയുന്നതിന് ഒരു ന്യായീകരണവുമില്ല.

വെടിക്കെട്ടു കാണാൻ ആളുകൾ ട്രാക്കിൽ കയറുന്നതു തടയാതിരുന്ന പോലീസ് അധികാരികളുടെയും ജില്ലാ ഭരണകൂടത്തിന്റെയും തികഞ്ഞ അനാസ്ഥയാണ് 29 പേരുടെ ജീവൻ അപഹരിച്ച അപകടത്തിൻ്റെ മുഖ്യകാരണം. പിന്നീടങ്ങോട്ട് ആളുകൾ ട്രാക്കിൽ പ്രവേശിക്കുന്നതു പോലീസ് തടഞ്ഞിരുന്നു. എല്ലാ അപകടങ്ങളിലും എന്നപോലെ അരുതാത്തതു സംഭവിച്ചാൽ മാത്രമേ അധികാരികൾ കണ്ണുതുറക്കൂ എന്നതിൻ്റെ മകുടോദാഹരണമായിരുന്നു ജഗന്നാഥോത്സവ വേളയിൽ പോലീസിൻ്റെ പിന്നീടുള്ള നിയന്ത്രണങ്ങൾ. ഭരണാധികാരികൾ ഇത്തരം സന്ദർഭങ്ങൾ മുൻകൂട്ടിക്കണ്ട് എന്തുകൊണ്ടു വേണ്ടുന്ന നടപടികൾ സ്വീകരിക്കുന്നില്ല എന്നത് എന്നെ പലപ്പോഴും അസ്വസ്ഥനാക്കിയിരുന്നു.

പാനൂരിലും പരിസരങ്ങളിലുമായി നിരവധി ശ്രീ നാരായണ ഗുരു മഠങ്ങളും വായനശാലകളും സജീവമായിരുന്നു. 1980ൽ പാനൂർ ഗുരുസന്നിധി നിലവിൽ വന്നതോടെയാണു പാനൂർ മേഖലയിലെ ശ്രീ നാരായണ വിശ്വാസികൾക്ക് ഒത്തുചേരാനുള്ള വേദി ഉണ്ടായത്. ഗുരുസന്നിധിയുടെ വാർഷികോത്സവം പാനൂരിനെ ജന സാന്ദ്രമാക്കിയിരുന്നു.

ഗുരു നിത്യചൈതന്യയതി മുതലായ പ്രമുഖർ നയിച്ചിരുന്ന പ്രതിമാസ പഠനക്ലാസുകളും മറ്റും ഗുരുസന്നിധിയിൽ നടന്നിരുന്നു. പരിസര പ്രദേശങ്ങളിലെ പൗരപ്രമുഖരെയും പൊതുപ്രവർത്തകരെയും പങ്കെടുപ്പിച്ചു ഗുരുസന്നിധിയുടെ നേതൃത്വത്തിൽ വിവാഹ ധൂർത്തിനെതിരെ ക്രിയാത്മകമായ ചർച്ചകൾ നടന്നു. വിവാഹവും അനുബന്ധ ചടങ്ങുകളും ലളിതമാക്കാനുള്ള പൊതു നിർദേശങ്ങൾ അംഗീകരിക്കപ്പെടുകയും അതതു പ്രദേശത്തുകാർ ഈ തീരുമാനങ്ങൾ നടപ്പിലാക്കുമെന്ന ധാരണയിലെത്തുകയും ചെയ്തു. അനാർഭാട വിവാഹത്തിലൂടെ ധൂർത്ത് ഒഴിവാക്കാൻ എടുത്ത തീരുമാനം പല പ്രദേശങ്ങളിലും നടപ്പിലായി. ജനകീയ കൂട്ടായ്‌മ സംഘടിപ്പിക്കാൻ മുൻകയ്യെടുത്ത ചിലർ ഇതിനു വിരുദ്ധമായി അവരുടെ വീടുകളിലെ കല്യാണം ആഘോഷമാക്കിയത് ഗുരു സന്നിധിയുടെ ശ്രമങ്ങൾ നിഷ്‌ഫലവും നിഷ്പ്രഭവുമാക്കി.

ഭരണസമിതിയിലെ അഭിപ്രായഭിന്നതകളും രാഷ്ട്രീയ ഇട പെടലുകളും പിന്നീടു ഗുരുസന്നിധി ഉത്സവത്തിൻ്റെ ചാരുത നഷ്ടപ്പെടുത്തി. ചിലരുടെ രാഷ്ട്രീയ തന്ത്രമാണു ഗുരുസന്നിധിയുടെ അടുത്തുതന്നെ അയ്യപ്പക്ഷേത്രം നിർമിക്കാൻ കാരണമായത്. ഗുരു സന്നിധിയുടെ വാർഷികദിവസം തന്നെയാണ് അയ്യപ്പ ക്ഷേത്രവും പരിപാടികൾ സംഘടിപ്പിച്ചത്.

വർഷങ്ങളോളം പ്രസിഡണ്ടായിരുന്ന കിളച്ചപറമ്പൻ അച്ചു വിനെതിരെ എതിരാളികൾ ആരോപണങ്ങൾ ഉന്നയിച്ചതോടെ ഗുരു സന്നിധിയുടെ പ്രവർത്തനം മന്ദീഭവിച്ചു. ഇതിനിടയിൽ ഗുരുസന്നിധി ഭരണം പിടിച്ചെടുക്കാനുള്ള ചിലരുടെ ശ്രമം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. മാനദണ്ഡങ്ങൾ ലംഘിച്ച് അനധികൃതമായി നൽകിയ അംഗത്വം ക്യാൻസൽ ചെയ്‌തു കോടതി നിർദേശ പ്രകാരം നടത്തിയ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-ബിജെപി കൂട്ടുകെട്ടാണു വിജയിച്ചത്.

പാനൂർ ഗുരുസന്നിധിയുടെ ആവശ്യാർഥം സ്ഥലം വാങ്ങു ന്നതിനു പ്രസിഡണ്ട് കെ ടി ശ്രീധരൻ ആവശ്യപ്പെട്ടതു പ്രകാരം ഞാൻ സംഭാവന നൽകി സഹകരിച്ചിരുന്നു. അതുകൊണ്ട് എന്റെപേരും ഗുരുസന്നിധിയുടെ മതിലിൽ സ്ഥാനം പിടിച്ചു. പല പ്രാവശ്യം ഞാനിവിടെ പ്രഭാഷണം നടത്തിയിട്ടുണ്ട്. എസ്എൻഡിപി യോഗം പാനൂർ യുണിയൻ്റെ പരിപാടിയിലും നിരവധി തവണ ഞാൻ പങ്കെടുത്തിട്ടുണ്ട്. 2022ൽ ടി കെ തിലകൻ പ്രസിഡണ്ടും ചിത്രൻ കണ്ടോത്ത് ചെയർമാനും കെ പ്രജിൻ ജനറൽ സെക്രട്ടറിയും ടി കെ നാണു ട്രഷററുമായി പാനൂരിൽ “ശ്രീ നാരായണീയ കൂട്ടായ്മ‌’ എന്ന സംഘടന നിലവിൽ വന്നു.

ഗുരുസന്നിധിയുടെ വടക്കുമാറി ഏകദേശം മൂന്നു കിലോ മീറ്റർ അകലെ പത്തായക്കുന്നിലാണ് ആത്മവിദ്യാ സംഘത്തിന്റെ സ്ഥാപകനായ വാഗ്ഭടാനന്ദ ഗുരുദേവൻ്റെ ജന്മസ്ഥലം. വയലേരി തറവാട്ടിൽ കോരൻ ഗുരുക്കളുടെയും ചീരുഅമ്മയുടേയും മൂത്ത മകനായി 1884 എപ്രിൽ 27നു വയലേരി കുഞ്ഞിക്കണ്ണൻ എന്ന വാഗ്ഭടാനന്ദ ഗുരുദേവൻ ജനിച്ചത്. അധ്യാപകൻ, പണ്ഡിതൻ, പ്രഭാഷകൻ, പത്രാധിപർ, സഹകാരി എന്നീ നിലകളിൽ വൈഭവം തെളിയിച്ച അദ്ദേഹം ജാതിവ്യവസ്ഥയ്ക്കും അനാചാരത്തിനും അന്ധവിശ്വാസത്തിനും എതിരെ ശക്തമായി പോരാടി.

തൊഴിലാളികളുടെയും സാധാരണക്കാരുടെയും ഉന്നമന ത്തിനുവേണ്ടി വാഗ്‌ഭടാനന്ദ ഗുരുദേവൻ വടകരയിൽ ‘ഊരാളുങ്കൽ ഐക്യനാണയ സംഘം’, ‘ഐക്യ തൊഴിലാളി സംഘം’ എന്നിവ സ്ഥാപിച്ചു. ഇതാണു പിന്നീട് ‘ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി’, ‘ഊരാളുങ്കൽ സഹകരണ ബാങ്ക്’ എന്നിവയായി ഉയർന്നത്. കീഴ്ജാതിക്കാർക്കുവേണ്ടി കോഴിക്കോട്ട് ‘തത്ത്വപ്രകാശിക’ എന്ന വിദ്യാലയവും തുടങ്ങി ചരിത്രം സൃഷ്‌ടിച്ച മഹാനായ വാഗ്ഭടാനന്ദ ഗുരുദേവൻ 1939 ഓക്ടോബർ 28ന് 55-ാം വയസ്സിൽ ദിവംഗതനായി.

ശ്രീ നാരായണ പ്രസ്ഥാനങ്ങളുടെ സജീവ സാന്നിധ്യമായിരുന്നു പാനൂർ ഹൈസ്‌കൂൾ അധ്യാപകനും എഴുത്തുകാരനുമായിരുന്ന സി എം രാജൻ മാസ്‌റ്റർ. ‘കൂകിപ്പായും തീവണ്ടി’ എന്ന കൃതിക്ക് അദ്ദേഹത്തിനു മികച്ച ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ പരിഷത്തിൻ്റെ അവാർഡ് ലഭിച്ചു. 2016 ഡിസംബർ 27നാണ് അദ്ദേഹം മരിച്ചത്.

‘കേരളത്തിലെ ആഫ്രിക്ക’ എന്ന ഒരൊറ്റ കൃതിയിലുടെ ലോക പ്രശസ്തതിയാർജിച്ച എഴുത്തുകാരനാണ് കെ പാനൂർ. യുനെസ്കോ അവാർഡ് ജേതാവായ അദ്ദേഹത്തിന്റെ ശരിയായ പേര് പുതിയവീട്ടിൽ കുഞ്ഞിരാമൻ എന്നാണ്. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥനായ അദ്ദേഹത്തിനു വയനാട്ടിലായിരുന്നു ജോലി. സർവീസിലിരിക്കെ ആദിവാസികളെക്കുറിച്ചു വിവാദരചന നടത്തിയതിന്റെ പേരിൽ അദ്ദേഹം വകുപ്പുതല നടപടിക്കു വിധേയനായി. 2018 ഫെബ്രുവരി 20ന് 91-ാം വയസ്സിൽ കെ പാനൂർ നിര്യാതനായി.

ദീർഘകാലം കേരള സർവോദയ സംഘത്തിൻ്റെ പ്രസി ഡണ്ടും തികഞ്ഞ ഗാന്ധിയനുമായിരുന്നു കെപിഎ റഹീം മാസ്റ്റർ. വാക്കുകൾകൊണ്ട് അമ്മാനമാടിയിരുന്ന റഹീം മാസ്റ്റർ പ്രസംഗ വേദിയിൽ വെച്ചാണ് ഈ ലോകത്തുനിന്നു യാത്രയായത്. മഹാത്മാ ഗാന്ധി മയ്യഴി സന്ദർശിച്ചതിൻ്റെ വാർഷികാഘോഷ പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ആ ശബ്ദം നിലച്ചത്. പ്രഭാഷണകലയിലെ കുലപതിയായിരുന്ന റഹീം മാസ്റ്റർ 2019 ജനുവരി 13നാണു വിടപറഞ്ഞത്.

പാനൂർ ഹൈസ്‌കൂളിലെ കായിക അധ്യാപകനായിരുന്ന ഒറ്റത്തയ്യുള്ളതിൽ നാണു മാസ്റ്ററാണു പാനൂരിലെ ശിവഗിരി തീർഥാടനത്തിന്റെ അമരക്കാരൻ. ശിവഗിരി ഫണ്ട് നടത്തി പ്രതിമാസ വിഹിതം പിരിച്ചെടുത്തു നൂറുകണക്കിനു സാധാരണക്കാരെ തീർഥാടനത്തിൽ പങ്കാളികളാക്കി അവർക്ക് ഇന്ത്യയുടെ വിവിധ ഭാഗങ്ങൾ കാണാൻ വഴിയൊരുക്കിയതു നാണു മാസ്റ്ററാണ്. 2003 ഡിസംബർ 20നാണു നാണു മാസ്റ്റർ മരണപ്പെട്ടത്.

പാനൂർ മേഖലയിലെ അറിയപ്പെടുന്ന തറവാടാണ് ഒറ്റത്തയ്യുള്ളതിൽ. കൃഷിയിലും കൂലിപ്പണിയിലും കന്നുകാലി പരിപാലനത്തിലും ഒതുങ്ങിയിരുന്ന ഈ പ്രദേശത്തെ തീയ്യ സമൂഹത്തിൽ വൈദ്യരും അധ്യാപകരും മറ്റു ഉന്നത ഉദ്യോഗസ്ഥരും ഉള്ള കുടുംബമായിരുന്നു ഇത്. ഒ ജി എന്നപേരിൽ അറിയപ്പെട്ടിരുന്ന ഒ ഗോവിന്ദൻ മാസ്റ്ററാണ് പാനൂരിൽ സമാന്തര വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ചത്. കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ പിന്നാക്കമായ ഹൈസ്ക്കൂൾ വിദ്യാർഥികൾക്കായി അദ്ദേഹം തുടങ്ങിയ ട്യൂഷൻ സെന്ററാണ് പാനൂരിലെ ആദ്യത്തെ സമാന്തര വിദ്യാഭ്യാസ സ്ഥാപനം. 1982ൽ വന്ദനാ കോളേജിൽ ഒ ജി മാസ്റ്റർ ഇംഗ്ലീഷ് ക്ലാസ് എടുക്കുമ്പോൾ ഞാൻ അവിടെ പ്രീഡിഗ്രി വിദ്യാർഥിയാണ്. 2013 ഓഗസ്റ്റ് 12നു ഒ ജി മാസ്റ്റർ നിര്യാതനായി.

🟥
അടുത്ത അധ്യായം ▶ ഉദ്യാന നഗരിയിലേക്ക്

മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം : 

◼️അധ്യായം 1:  
പുഴമാത്രം മാറിയില്ല
◼️അധ്യായം 2:  ഓര്‍മ്മയില്‍ ജീവിക്കുന്ന അമ്മ
◼️അധ്യായം 3: പുത്തൂരാൻ ചരിതം
◼️അധ്യായം 4: കണ്ണാരം പൊത്തിപ്പൊത്തി
◼️അധ്യായം 5: മൃതിയുടെ തിരനോട്ടം
◼️അധ്യായം 6: കൺനിറയെ ദൈവങ്ങൾ
◼️അധ്യായം 7: ഭിക്ഷാം ദേഹി
◼️അധ്യായം 8: നാട്ടുവഴിയിൽ 
◼️അധ്യായം 9: ്രാമീണ വിശുദ്ധി
◼️അധ്യായം 10:
ശാക്തേയം
◼️അധ്യായം 11: കല്യാണക്കോപ്പ്
◼️അധ്യായം 12: ുളിമുറികല്യാണം
◼️അധ്യായം 13: മാമ്പഴക്കാലം 
◼️അധ്യായം 14: ജലവിനോദങ്ങൾ
◼️അധ്യായം 15:
പൊലോളി 
◼️അധ്യായം 16: വിനോദ യാത്ര 
◼️അധ്യായം 17: സത്യൻ പുത്തൂർ
◼️അധ്യായം 18: അങ്ങാടിപ്പഴമ
◼️അധ്യായം 19: പുത്തനമ്പലം

Hot this week

സെക്രട്ടേറിയറ്റില്‍ മാധ്യമങ്ങള്‍ക്ക് വീണ്ടും നിയന്ത്രണം

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പ്രവേശന നിയന്ത്രണം കടുപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസുള്ള നോര്‍ത്ത്...

എംഎസ്‌സി എല്‍സ കപ്പലപകടം: നാവികര്‍ രാജ്യം വിടുന്നതിനെതിരെ കേന്ദ്രം

കൊച്ചി: എംഎസ്‌സി എല്‍സ 3 കപ്പലപകടവുമായി ബന്ധപ്പെട്ട് നാവികർ രാജ്യം വിടുന്നത്...

കനഗൊലു ഡി.കെയുടെ മുഖ്യഉപദേശകൻ; കാബിനറ്റ് പദവിയും

ബെംഗളൂരു: പ്രമുഖ രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനഗോലുവിനെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ച്...

വയനാട് ചീരാലില്‍ കടുവയുടെ ആക്രമണത്തില്‍ പശുവിന് പരുക്ക്

കൽപ്പറ്റ: വയനാട്ടിലെ ചീരാൽ പുളിഞ്ചാലിൽ കടുവയുടെ ആക്രമണത്തിൽ പശുവിന് ഗുരുതര പരുക്ക്. ചെറുമല...

കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ആശാൻ സ്‌മൃതി 14ന്

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് സാഹിത്യവിഭാഗം സംഘടിപ്പിക്കുന്ന ആശാൻ സ്‌മൃതി...

സെക്രട്ടേറിയറ്റില്‍ മാധ്യമങ്ങള്‍ക്ക് വീണ്ടും നിയന്ത്രണം

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പ്രവേശന നിയന്ത്രണം കടുപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസുള്ള നോര്‍ത്ത്...

എംഎസ്‌സി എല്‍സ കപ്പലപകടം: നാവികര്‍ രാജ്യം വിടുന്നതിനെതിരെ കേന്ദ്രം

കൊച്ചി: എംഎസ്‌സി എല്‍സ 3 കപ്പലപകടവുമായി ബന്ധപ്പെട്ട് നാവികർ രാജ്യം വിടുന്നത്...

കനഗൊലു ഡി.കെയുടെ മുഖ്യഉപദേശകൻ; കാബിനറ്റ് പദവിയും

ബെംഗളൂരു: പ്രമുഖ രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനഗോലുവിനെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ച്...

വയനാട് ചീരാലില്‍ കടുവയുടെ ആക്രമണത്തില്‍ പശുവിന് പരുക്ക്

കൽപ്പറ്റ: വയനാട്ടിലെ ചീരാൽ പുളിഞ്ചാലിൽ കടുവയുടെ ആക്രമണത്തിൽ പശുവിന് ഗുരുതര പരുക്ക്. ചെറുമല...

കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ആശാൻ സ്‌മൃതി 14ന്

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് സാഹിത്യവിഭാഗം സംഘടിപ്പിക്കുന്ന ആശാൻ സ്‌മൃതി...

തൃശൂരില്‍ മിന്നല്‍ ചുഴലി; മരങ്ങൾ കടപുഴകി, വാഹനങ്ങൾ തകർന്നു, വ്യാപക നാശനഷ്ടം

തൃശൂര്‍: തൃശൂരിലെ വിവിധയിടങ്ങളില്‍ ചൊവ്വാഴ്ച വീശിയടിച്ച ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. പലയിടങ്ങളിലും...

സിഎംആര്‍എല്‍-എക്സാലോജിക് കേസ്; ടി. വീണയ്ക്ക് ഇ.ഡി സമൻസ്

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് കേസിൽ ടി. വീണയ്ക്ക് ഇ.ഡി സമൻസ്. വെള്ളിയാഴ്ച കൊച്ചിയലെ...

സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കുറച്ച് കേന്ദ്രം; ഇനി ലഭിക്കുക വര്‍ഷത്തില്‍ നാല് എണ്ണം മാത്രം

ന്യൂഡൽഹി: 14.2 കിലോഗ്രാം തൂക്കമുള്ള ഗാർഹിക സിലിണ്ടറുകൾക്ക് ഒറ്റയടിക്ക് 29 രൂപ...

Related Articles

Popular Categories