കൊച്ചി: കാപ്പ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന തിരുവനന്തപുരം നഗരസഭ കൗൺസിലർ ആർ സുഗതൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഹൈക്കോടതി ഉത്തരവ് പ്രകാരം തൃശൂർ വിയ്യൂർ ജയിലിൽ വച്ച് രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ. തിരുവനന്തപുരം മേയർ വി വി രാജേഷും ചടങ്ങിൽ പങ്കെടുക്കും. സംസ്ഥാനത്ത് ആദ്യമായാണ് ജനപ്രതിനിധി ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നത്. ജൂൺ 9 മുതൽ കാപ്പ ചുമതി നാടുകടത്തപ്പെട്ട ആർ. സുഗതൻ നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലാണ്.
ഹൈക്കോടതി നിർദേശപ്രകാരമാണ് സുഗതന്റെ സത്യപ്രതിജ്ഞയ്ക്ക് സർക്കാർ സൗകര്യം ഒരുക്കാം എന്ന് അറിയിച്ചത്. ജനാധിപത്യത്തെ സംരക്ഷിക്കുകയെന്നത് കോടതിയുടെ കടമയെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നതിനെ കുറിച്ച് എന്താണ് നിലപാടെന്ന് സർക്കാരിനോട് കോടതി ചോദിച്ചിരുന്നു. ഇതേതുടർന്നാണ് കോടതി നിർദേശിച്ചാൽ സൗകര്യം ഒരുക്കാം എന്ന് സർക്കാരും അറിയിച്ചത്. എന്നാൽ കാപ്പ പ്രതിക്ക് ഭരണഘടനാപരമായി ഒരു അവകാശവും ഇല്ലെന്നും സർക്കാർ കോടതിയിൽ പറഞ്ഞു.
നേരത്തെ നടത്തിയ സത്യപ്രതിജ്ഞ നിയമപരമായി നിലനിൽക്കില്ലെന്ന് കണ്ട് കോടതി റദ്ദാക്കിയ 20 കൗൺസിലർമാരുടെ പട്ടികയിൽ സുഗതനും ഉൾപ്പെട്ടിരുന്നു. മറ്റുള്ളവർ കോർപ്പറേഷനിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്തെങ്കിലും കാപ്പ ചുമത്തപ്പെട്ട് ജയിലിലായതിനാൽ സുഗതന് അതിന് സാധിച്ചിരുന്നില്ല.
SUMMARY: BJP Councilor R Sugathan will be sworn in at Viyur Central Jail today.
















