ബെംഗളൂരു: അടിയന്തരഘട്ടങ്ങളില്‍ സഹായമെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ മണ്ഡ്യ രൂപത ആരംഭിച്ച സാമൂഹിക സേവന വിഭാഗം ‘സമരിറ്റന്‍സ് ഓഫ് മണ്ഡ്യ’യുടെ സമരിറ്റന്‍ ആപ്പിന്റെ പ്രവര്‍ത്തനം മൂന്നാംവര്‍ഷത്തിലേക്ക്. 2024ല്‍ ആരംഭിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍ മൂന്നാം വര്‍ഷത്തിലെത്തിയപ്പോള്‍ പതിനായിരത്തിലധികം അംഗങ്ങളും 2000 വൊളന്റിയര്‍മാരും അംഗങ്ങളായിട്ടുണ്ട്. അടിയന്തരഘട്ടങ്ങളില്‍ സമരിറ്റന്‍ ആപ്പില്‍ സഹായം അഭ്യര്‍ഥിച്ചാല്‍ ഏറ്റവും അടുത്തുള്ള വൊളന്റിയര്‍ക്ക് സന്ദേശം ലഭിക്കുകയും അവര്‍ വേണ്ട അടിയന്തര സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്നതാണ് പ്രവര്‍ത്തന രീതി.
മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി ‘സമരിറ്റന്‍ വൈബ്സ്’ എന്ന പേരിലുള്ള വാര്‍ത്താപത്രികയുടെ പ്രകാശനം ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് നിര്‍വഹിച്ചു. ബെംഗളൂരു കല്‍ക്കരെ സെന്റ് ജോസഫ് പള്ളിയില്‍ നടന്ന ചടങ്ങില്‍ മണ്ഡ്യ രൂപത വികാരി ജനറല്‍മാരായ മോണ്‍. ജെയിംസ് കുന്നംപടവില്‍, മോണ്‍.തോമസ് തെന്നാട്ടില്‍ ആഗസ്തി, രൂപത ചാന്‍സലറും സമരിറ്റന്‍സ് ഓഫ് മണ്ഡ്യയുടെ ഡയറക്ടറുമായ ഫാ.ഡോ.ജോമോന്‍ കോലഞ്ചേരി, കോഓര്‍ഡിനേറ്റര്‍ ജിസോ ജോസ് എന്നിവര്‍ പങ്കെടുത്തു.
സേവന സഹായങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഉടന്‍ തന്നെ പ്രത്യേക വെബ്‌സൈറ്റ് ആരംഭിക്കും. ചികിത്സ ലഭ്യമായ ആശുപത്രികളുടെ വിവരങ്ങള്‍, ആന്റിവെനം, കാത് ലാബ് തുടങ്ങിയ പ്രത്യേക സൗകര്യങ്ങള്‍ ഏറ്റവുമടുത്ത് ലഭ്യമാകുന്ന ആശുപത്രികള്‍ തുടങ്ങിയ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാകുമെന്ന് ഫാ.ഡോ.ജോമോന്‍ കോലഞ്ചേരി അറിയിച്ചു.
SUMMARY: Assistance in emergencies; The Samaritans of Mandya are next door
















