ബെംഗളൂരു: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ (എസ്.എം.എഫ്) സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബെംഗളൂരുവിൽ സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിന്റെ മുന്നൊരുക്കങ്ങൾക്കായുള്ള സ്വാഗതസംഘ രൂപീകരണ യോഗം ഇന്ന് (ഒക്ടോബർ 6) വൈകിട്ട് ഏഴ് മണിക്ക് ബെംഗളൂരു മത്തിക്കരയിലെ ഹോട്ടൽ സിങ് സിക്സ്റ്റി ഫൈവ് ഇന്റർനാഷണലിൽ നടക്കും.
കേരളത്തിലെ മാതൃകാ മഹല്ല് സംവിധാനത്തെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കർണാടക ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബെംഗളൂരുവിൽ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നത്. 1976ൽ സ്ഥാപിതമായ എസ്.എം.എഫ് അഞ്ച് പതിറ്റാണ്ടായി മഹല്ലുകളെ ശാക്തീകരിക്കുന്നതിനും സാമൂഹിക, മത, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനും ശ്രദ്ധേയമായ സേവനം നിർവഹിച്ചുവരുന്നതായി ഭാരവാഹികൾ അറിയിച്ചു.
സ്വാഗതസംഘ രൂപീകരണ യോഗത്തിൽ ബെംഗളൂരുവിലെയും പരിസര പ്രദേശങ്ങളിലെയും സമസ്തയുടെയും എസ്.എം.എഫിന്റെയും പോഷക സംഘടനകളുടെയും ഭാരവാഹികളും മഹല്ല്–മദ്റസ കമ്മിറ്റി ഭാരവാഹികളും പ്രതിനിധികളും പങ്കെടുക്കണമെന്ന് സംസ്ഥാന ട്രഷറർ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, സ്റ്റേറ്റ് പ്രസിഡന്റ് ഇൻചാർജ് ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, സംസ്ഥാന ജനറൽ സെക്രട്ടറി യു. മുഹമ്മദ് ഷാഫി ഹാജി, സ്റ്റേറ്റ് വർക്കിംഗ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ, സംസ്ഥാന സെക്രട്ടറി സി.ടി. അബ്ദുൽ ഖാദർ ഹാജി
ബെംഗളൂരു ജില്ലാ എസ് എം എഫ് അഡ്ഹോക്ക് കമ്മിറ്റി ചെയർമാൻ എംകെ നൗഷാദ്
കൺവീനർ നാസർ വികെ എന്നിവർ അറിയിച്ചു.
SUMMARY: SMF National Seminar in Bengaluru; Reception Committee Formation Meeting Today
















