ന്യൂഡല്‍ഹി: പെട്രോളില്‍ 31% എഥനോള്‍ കണ്ടെത്തിയെന്ന കര്‍ണാടകയുടെ വാദം തള്ളി പൊതുമേഖല എണ്ണ കമ്പനികള്‍. ഇന്ത്യന്‍ ഓയിലും ഭാരത് പെട്രോളിയവും ഹിന്ദുസ്ഥാന്‍ പെട്രോളിയവുമാണ് സംയുക്ത പ്രസ്താവന ഇറക്കിയത്. സാമ്പിള്‍ ശേഖരണത്തിലും പരിശോധനയിലും മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാണ് കമ്പനികളുടെ വാദം.
കേന്ദ്ര സർക്കാർ മാനദണ്ഡ പ്രകാരം പെട്രോളിൽ കലർത്താവുന്ന എഥനോളിന്റെ പരമാവധി പരിധി 20 ശതമാനമായിരിക്കെ, വിപണിയിലുള്ള ഇന്ധനത്തിൽ 31.2 ശതമാനം വരെ എഥനോൾ കണ്ടെത്തിയെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ കണ്ടെത്തൽ. എന്നാൽ, തങ്ങളെ അറിയിക്കാതെയും കേന്ദ്ര സർക്കാരിന്റെ നിയമപരമായ പരിശോധനാ മാനദണ്ഡങ്ങൾ പാലിക്കാതെയുമാണ് സംസ്ഥാന സർക്കാർ സാംപിളുകൾ ശേഖരിച്ച് പരിശോധന നടത്തി ഇത്തരത്തിൽ ഒരു നിഗമനത്തിൽ എത്തിയതെന്ന് എണ്ണക്കമ്പനികൾ വ്യക്തമാക്കി. കർണാടക ഉൾപ്പെടെ രാജ്യത്തുടനീളം വിതരണം ചെയ്യുന്ന ഇ20 പെട്രോൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ ഐഎസ് 17021 മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നതാണെന്ന് കമ്പനികൾ ചൂണ്ടിക്കാട്ടി.
ബെംഗളൂരു, കോലാർ, ചിക്കബെല്ലാപ്പുർ, ബെംഗളൂരു റൂറൽ, രാമനഗര, മംഗളൂരു, തുമകൂരു എന്നിവിടങ്ങളിൽനിന്ന് ശേഖരിച്ച പെട്രോൾ സാമ്പിളുകളിൽ 31.2 ശതമാനം വരെ എഥനോൾ കണ്ടെത്തിയതായി കർണാടക ഭക്ഷ്യ, സിവിൽ സപ്ലൈസ്, മന്ത്രി റിസ്വാൻ അർഷാദ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പ്രധാന എണ്ണ വിതരണ കമ്പനികൾക്കെതിരെ നടപടി വേണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. പിന്നാലെയാണ് കർണാടക സർക്കാറിന്റെ കണ്ടെത്തൽ തള്ളി എണ്ണ കമ്പനികൾ രംഗത്തെത്തിയത്.
സംസ്ഥാന സർക്കാർ ഒക്ടോബറിൽ നടത്തിയ സാമ്പിൾ ശേഖരണത്തിലും പരിശോധനാ രീതിയിലും എണ്ണക്കമ്പനികൾ ആശങ്ക രേഖപ്പെടുത്തി. 1955-ലെ എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് പ്രകാരമുള്ള മോട്ടോർ സ്പിരിറ്റ് ആൻഡ് ഹൈ സ്പീഡ് ഡീസൽ കൺട്രോൾ ഓർഡർ, മാർക്കറ്റിങ് ഡിസിപ്ലിൻ ഗൈഡ്ലൈൻസ് എന്നിവ അനുസരിച്ചുള്ള നടപടിക്രമങ്ങൾ ഈ പരിശോധനയിൽ പാലിച്ചിട്ടില്ലെന്ന് കമ്പനികൾ ആരോപിച്ചു.
കമ്പനി പ്രതിനിധികളുടെ പങ്കാളിത്തമില്ലാതെയാണ് സാമ്പിളുകൾ എടുത്തതെന്നും ഔദ്യോഗികമായി നിർദേശിച്ച ലാബുകൾക്ക് പകരം മൂന്നാം കക്ഷി ലാബിന്റെ സർട്ടിഫിക്കറ്റുകളെയാണ് ഇതിനായി ആശ്രയിച്ചതെന്നും ശാസ്ത്രീയമായ രീതിയിലല്ല സാംപിളുകൾ ശേഖരിച്ചതെന്നും പരിശോധനാ നടപടിക്രമങ്ങളിൽ സുതാര്യതമല്ലെന്നും ഇവർ ആരോപിച്ചു. എന്നാൽ ലബോറട്ടറി പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തിൽ എണ്ണക്കമ്പനികൾക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് കർണാടക സർക്കാരിന്റെ തീരുമാനം.
SUMMARY: 31% Ethanol in Petrol: Oil Companies Reject Karnataka Government’s Allegation, Cite Failure to Follow Testing Procedures















