ബെംഗളൂരു: ബെളഗാവിയിൽ കാറും ലോറിയും നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പൂനെ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ തൽക്ഷണം മരിച്ചു. അപകടത്തിൽ കുടുംബത്തിലെ മറ്റ് മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഗോകക് താലൂക്കിലുള്ള മലദിന്നി ക്രോസിന് സമീപം ഞായറാഴ്ചയായിരുന്നു നാടിനെ നടുക്കിയ അപകടം. ഓംകാർ ചന്ദ്രശേഖർ മന്ദ്രെ (26), രേഷ്മ മന്ദ്രെ (32), നാല് വയസ്സുള്ള ദേവാൻഷ് മന്ദ്രെ എന്നിവരാണ് മരിച്ചത്. പരുക്കേറ്റ ശ്രീകാന്ത് മാൻഡ്രി (36), വന്ദന (53) ഹർഷ (25) എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മഹാരാഷ്ട്രയിലെ പൂനെയിൽ നിന്നും കർണാടകയിലെ സവദത്തി യെല്ലമ്മ ക്ഷേത്രത്തിലേക്ക് തീർത്ഥാടനത്തിന് പോവുകയായിരുന്നു കുടുംബം. ഇവർ സഞ്ചരിച്ചിരുന്ന കാർ യാരഗട്ടിയിൽ നിന്നും ഗോകക്കിലേക്ക് വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു.
അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഗോകക് റൂറൽ പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരുക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ടെന്നും അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം നടന്നു വരികയാണെന്നും അധികൃതർ വ്യക്തമാക്കി.
SUMMARY: Car and lorry collide in Karnataka; Three members of a family from Pune met a tragic end, three others were injured
















