തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യമന്ത്രി, മന്ത്രിമാർ, എംഎൽഎമാർ എന്നിവരടക്കമുള്ള ഭരണഘടനാ പദവികൾ വഹിക്കുന്നവരുടെ ശമ്പള വിതരണം ഇനി മുതൽ ‘സ്പാർക്ക്’ (SPARK) സംവിധാനത്തിലൂടെയാക്കാൻ ധനവകുപ്പ് ഉത്തരവിറക്കി. ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, എംഎൽഎമാർ എന്നിവരുടെ ശമ്പളവും അലവൻസുകളും സ്പാർക്ക് വഴിയായിരിക്കും വിതരണം.
സർക്കാർ ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഓൺലൈനായി പ്രോസസ്സ് ചെയ്യുന്ന ഏകീകൃത സോഫ്റ്റ്വെയറാണ് സ്പാർക്ക്. 2027 ജനുവരി ഒന്നു മുതലാണ് ഈ പുതിയ പരിഷ്കാരം പ്രാബല്യത്തിൽ വരുന്നത്. സർക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് വ്യത്യസ്തമായി ‘കോൺസ്റ്റിറ്റ്യൂഷണൽ അതോറിറ്റീസ്’ (Constitutional Authorities) എന്ന പുതിയ വിഭാഗം സ്പാർക്ക് സോഫ്റ്റ്വെയറിൽ സൃഷ്ടിച്ചാണ് ഇത് നടപ്പിലാക്കുന്നത്.
നിലവിൽ ഇവരുടെ ശമ്പള ബില്ലുകൾ സ്പാർക്കിന് പുറത്തുള്ള പ്രത്യേക സംവിധാനം വഴിയാണ് തയ്യാറാക്കിയിരുന്നത്. പുതിയ ഉത്തരവ് പ്രകാരം, പ്രൈവറ്റ് സെക്രട്ടറിമാർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്പാർക്കിൽ ശമ്പള ബില്ലുകൾ തയ്യാറാക്കുകയും തുക നേരിട്ട് ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറുകയും ചെയ്യും.
ശമ്പള ബിൽ തയ്യാറാക്കുന്നത് മുതൽ വിതരണം ചെയ്യുന്നത് വരെയുള്ള നടപടികളിൽ കൂടുതൽ വേഗതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ജനപ്രതിനിധികളെയും ഈ പൊതു സംവിധാനത്തിന് കീഴിലേക്ക് കൊണ്ടുവരുന്നത്.
SUMMARY: Salary to Chief Minister and Ministers now through Spark; New system from January 2027
















