തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടുന്നതില്‍ തീരുമാനം നീളും. സിബിഐ അന്വേഷണത്തിന് വിടാൻ തടസങ്ങളെന്നാണ് ഡിജിപിയും എജിയും സർക്കാരിന് നിയമോപദേശം നല്‍കിയത്. സിബിഐ അന്വേഷണ ആവശ്യം സുപ്രീംകോടതി തള്ളിയത് ചൂണ്ടിക്കാട്ടിയാണ് നിയമോപദേശം.
ഉചിതം പുതിയ എസ്ഐടി ആണെന്നും നിയമോപദേശത്തില്‍ വ്യക്തമാകുന്നു. ഇതോടെ നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടാൻ വിജ്ഞാപനം ഇറക്കുന്നതില്‍ അന്തിമ തീരുമാനം ഉടൻ ഉണ്ടാകില്ല. ജൂണ്‍ നാലിനാണ് അന്വേഷണം സിബിഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചത്. കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തില്‍ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് സിബിഐ അന്വേഷണത്തിന് സർക്കാർ തീരുമാനിച്ചത്.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലും സുപ്രീംകോടതിയിലും എത്തിയിരുന്നു. യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം ആദ്യം സിബിഐക്ക് വിടാൻ തീരുമാനിച്ച കേസായിരുന്നു ഇത്. സിപിഎം നേതാവ് പിപി ദിവ്യ പ്രതിയായ കേസില്‍ രാഷ്ട്രീയ തീരുമാനം കൂടിയായിരുന്നു യുഡിഎഫിന്റേത്. എന്നാല്‍ ഡിജിപിയും എജിയും നല്കിയ നിയമോപദേശമാണ് സർക്കാർ നീക്കം അനിശ്ചിതത്വത്തിലാക്കിയത്.
SUMMARY: Death of Naveen Babu: Legal advice recommends SIT investigation















