ന്യൂഡൽഹി: ഇൻഡിഗോ പ്രതിസന്ധി കണക്കിലെടുത്ത് രാജ്യത്തെ വിവിധ സോണുകളിൽ 84 സ്പെഷ്യല്‍ ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. മൊത്തം 104 ട്രിപ്പുകളാണ് ലക്ഷ്യമിടുന്നത്. സ്ഥിതിഗതികൾ വിലയിരുത്തിയശേഷം ആവശ്യമെങ്കിൽ കൂടുതൽ ട്രെയിനുകൾ ഓടിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിനു യാത്രക്കാർക്കായി ഭൗതികശേഷി പൂർണമായി വിനിയോഗിക്കാൻ മന്ത്രാലയം നിർദേശിച്ചുവെന്ന് റെയിൽവേ വക്താവ് പറഞ്ഞു.
വിമാനത്താവളങ്ങളിൽ ഉൾപ്പെടെ പ്രത്യേക ട്രെയിൻ സർവീസുകളെക്കുറിച്ചുള്ള വിവരം ലഭിക്കും. യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനായി മുംബൈ സെൻട്രൽ-ന്യൂഡൽഹി, മുംബൈ സെൻട്രൽ-ഭിവാനി, മുംബൈ സെൻട്രൽ-ഷകുർ ബസ്തി, ബാന്ദ്ര ടെർമിനസ്-ദുർഗാപുര, വൽസാദ്-ബിലാസ്പുർ, സബർമതി-ഡൽഹി, സബർമതി-ഡൽഹി സരായ് രോഹില്ല റൂട്ടിൽ ഏഴു പ്രത്യേക ട്രെയിനുകൾ ഓടിക്കുമെന്ന് വെസ്റ്റേൺ റെയിൽവേ അറിയിച്ചു.
സൗത്ത് സെൻട്രൽ റെയിൽവേ നാലു പ്രത്യേക സർവീസുകൾ നടത്തും. ഹൈദരാബാദിൽനിന്നു ചെന്നൈ, മുംബൈ, ഷാലിമാർ (കോൽക്കത്ത) എന്നിവിടങ്ങളിലേക്കാണു സർവീസുകൾ. ചെന്നൈ എഗ്മൂർ-ചരളാപള്ളി (തെലുങ്കാന), സെക്കന്ദരാബാദ്-ചെന്നൈ എഗ്മൂർ റൂട്ടിൽ അധിക സർവീസ് നടത്തുമെന്നാണ് ദക്ഷിണ റെയിൽവേയുടെ അറിയിപ്പിലുള്ളത്.
തിരുച്ചിറപ്പള്ളി-ജോധ്പുർ ഹംസഫർ എക്സ്പ്രസ്, ചെന്നൈ സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, മുംബൈ സിഎസ്ടി-ചെന്നൈ ബീച്ച് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് എന്നിവയിൽ ഒരു അധിക എസി കോച്ചുകൂടി അനുവദിച്ചുവെന്നും റെയിൽവേ അറിയിച്ചു. ഈ മാസം പത്തുവരെ അധിക കോച്ചുകൾ ഉണ്ടാകും.
SUMMARY: IndiGo crisis: Railways announces 84 special trains














