വെമ്പായം: തിരുവനന്തപുരം വെമ്പായത്ത് ബാറിൽ സംഘർഷം. ഇരു സംഘങ്ങൾ തമ്മിലുണ്ടായ അടിപിടിക്കിടെയാണ് സംഭവം. ഒരാൾ, എതിർസംഘത്തിലെ രണ്ടുപേരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി. സംഭവത്തിൽ നാലുപേർക്ക് പൊള്ളലേറ്റു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണ് സൂചന.
വെമ്പായം ജംഗ്ഷനിലെ ശ്രീവത്സവം ബാറിലാണ് സംഘർഷമുണ്ടായത്. നന്നാട്ടുകാവ് സ്വദേശി അനീഷ് (32), ഇരിഞ്ചയം സ്വദേശി അരുൺ (36) വെമ്പായം സ്വദേശികളായ നൗഫൽ (30), റിയാസ് എന്നിവർക്കാണ് ആക്രമണത്തിൽ പൊള്ളലേറ്റത്. ബാറിലെ എസി മുറിയിൽ ഇരുന്ന് മദ്യപിച്ചവർ തമ്മിലായിരുന്നു സംഘർഷം. പിന്നാലെ അനീഷ് എന്നയാളാണ് പെട്രോൾ വാങ്ങി വന്ന് മറ്റ് രണ്ടുപേരുടെ ദേഹത്ത് ഒഴിച്ച് കത്തിച്ചത്.അതിനിടെ പെട്രോൾ ഒഴിച്ച അനീഷിൻ്റെ ശരീരത്തിലും തീ പടർന്നു. മുറിയിലെ സോഫയിലും മറ്റുമുണ്ടായ അഗ്‌നിബാധ ഫയർഫോഴ്സ് എത്തി കെടുത്തുകയായിരുന്നു. .
SUMMARY: Clashes at a bar in Vempayam; Petrol poured and set on fire, four people burnt
















