കൊല്ലം: ക്ഷേത്രോത്സവത്തിനിടെ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. കുന്നത്തൂർ ഐവർകാല കിഴക്ക് കീച്ചപ്പിള്ളിൽ സോപാനം വീട്ടിൽ ജയസേനന്റെയും രജനിയുടെയും മകൻ ഹരികൃഷ്ണൻ (18) ആണ് മരിച്ചത്. ഗുരുതര പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മസ്തിഷ്ക മരണം സംഭവിച്ചത്. അടൂർ മണക്കാല ഗവ. പോളിടെക്നിക് കോളജ് വിദ്യാർഥിയാണ്. വികലാംഗരും നിർധനരുമായ മാതാപിതാക്കളുടെ ഏക പ്രതീക്ഷയായിരുന്നു ഈ വിദ്യാർഥി.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം മരുത്തടി ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്രയ്ക്കിടെയാണ് അനിഷ്ട സംഭവങ്ങളുടെ തുടക്കം. മരുത്തടിയിലുള്ള സഹോദരിയുടെ വീട്ടിൽ ഉത്സവം കൂടാൻ എത്തിയതായിരുന്നു ഹരികൃഷ്ണനും സഹോദരൻ ജയകൃഷ്ണനും. ഘോഷയാത്രയ്ക്കിടെ മദ്യപിച്ചെത്തിയ ഒരു സംഘം ഹരികൃഷ്ണനെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.
സഹോദരൻ ഇടപെട്ട് പ്രശ്നം പരിഹരിച്ചു മടങ്ങിയെങ്കിലും പിന്നീട് പ്രതികൾ ഇവരെ ഓഡിറ്റോറിയത്തിനു സമീപത്തേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദിക്കുകയായിരുന്നു. മർദനത്തിനിടെ തടിക്കഷണംകൊണ്ട് തലയ്ക്ക് മാരകമായി അടിയേറ്റ ഹരികൃഷ്ണൻ സംഭവസ്ഥലത്ത് തന്നെ ബോധരഹിതനായി വീണു. ആദ്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
അക്രമം നടന്നു നാലു ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. പ്രതികളുടെ രാഷ്ട്രീയ സ്വാധീനമാണ് അറസ്റ്റ് വൈകാൻ കാരണമെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു. ഹരികൃഷ്ണന്റെ മരണം ഉറപ്പായതോടെ പ്രതികൾ ഒളിവിൽ പോയതായാണ് സൂചന. ശക്തികുളങ്ങര പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
SUMMARY: Clashes during temple festival: Student beaten to death















