‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’
ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍
![]()
പാനൂർ ഹൈസ്കൂളിലായിരുന്നു ഞങ്ങളുടെ കരാട്ടെ ക്ലാസ്. കെ പി ദിവാകരന്റേതാണ് ഈ സ്‌കൂൾ. ചൊവ്വ, വെള്ളി ദിവസങ്ങളിൽ വൈകിട്ട് 5 മുതൽ 6 വരെയാണു ക്ലാസ്. 1985ൽ പരിശീലനത്തിനിടയിൽ നിലമടിച്ചു വീണ് എൻ്റെ കൈക്കു സാരമായി പരുക്കേറ്റു. ഉടൻ എന്നെ പാനൂർ ആശുപത്രിയിൽ എത്തിച്ചു. തലശ്ശേരി ഹോസ്‌പിറ്റലിലേക്കു പോകാനായിരുന്നു ഡോക്ടർ രാഘവന്റെ നിർദേശം. തലശ്ശേരിയിലേക്കു പോകാതെ പ്രഭാകരൻ മാസ്റ്ററും ഡിലൈറ്റ് ശശിയും ക്ലാസിലുള്ള മറ്റുള്ളവരും ചേർന്ന് ഒടിഞ്ഞുതൂങ്ങിയ കൈയുമായി പാലത്തായിലെ കുഞ്ഞിരാമൻ ഗുരുക്കളുടെ വീട്ടിലേക്കാണു കൊണ്ടുപോയത്.
എന്നെ കാറിലിരുത്തി ശശി പോയി ഗുരുക്കളോടു വിവരം പറഞ്ഞു. രാത്രിയായതിനാൽ പിറ്റേന്നു രാവിലെ പാനൂരിലെ വൈദ്യശാലയിൽവെച്ചു നോക്കാമെന്നു പറഞ്ഞ് അദ്ദേഹം ശശിയെ തിരിച്ചയച്ചു. വേദനകൊണ്ടു പുളയുന്ന എൻ്റെ നിർബന്ധത്തിനു വഴങ്ങി അവർ എന്നെ ഗുരുക്കളുടെ മുന്നിലെത്തിച്ചു. ഞാൻ കുയിമ്പിലാണെന്നു പറഞ്ഞപ്പോൾ അദ്ദേഹം ഉടൻതന്നെ പരുക്കു പരിശോധിച്ചു. എല്ലാവരോടും എന്നെ ബലമായി പിടിക്കാൻ ആവശ്യപ്പെട്ടു. അവരുടെ പിടിയിലമർന്ന എന്നെ, മരണവേദനയ്ക്കിടയിൽ കൈ നിവർത്തി അദ്ദേഹം സ്കെയിൽ വെച്ചു കെട്ടി.
ആദ്യകാലങ്ങളിൽ ചാട്ടുപറമ്പൻ കുഞ്ഞിരാമൻ ഗുരുക്കൾ ആനപ്പാലം ഭാഗത്തു വരുമ്പോൾ കുയിമ്പിൽനിന്നാണു ഭക്ഷണം കഴിച്ചിരുന്നത്. വിവിധ സ്ഥലങ്ങളിൽ ആഴ്‌ചയിൽ ഒരു ദിവസം വീതമാണ് അദ്ദേഹം ചികിത്സ നടത്തിയത്. അച്ഛച്ഛന്റെ ചായക്കടയിൽ വെച്ചും ആളുകളെ പരിശോധിച്ചിരുന്നു. വലിയ സൈക്കിളിലായിരുന്നു അദ്ദേഹത്തിന്റെ യാത്ര. പിന്നിൽ കാരിയറിൽ മരുന്നു പെട്ടിയുണ്ടാവും. വെളിച്ചെണ്ണയിൽ കുളിച്ച മാതിരിയായിരിക്കും അദ്ദേഹത്തിന്റെ തലമുടി.
കുഞ്ഞിരാമൻ ഗുരുക്കളുടെ കുറിപ്പടി പ്രകാരം കാച്ചുന്ന കഞ്ഞണ്യാദി എണ്ണയാണു വീട്ടിൽ എല്ലാവരും തലയിൽ തേച്ചിരുന്നത്. ഇന്നും കുയിമ്പിലുള്ളവർ തേക്കുന്നത് അതേ മരുന്നുകൾ ചേർത്തുണ്ടാക്കുന്ന എണ്ണയാണ്. മഞ്ഞൾ, ചിറ്റാമൃത്, നെല്ലിക്ക, കറിവേപ്പില, ചെമ്പരത്തിയില, തൈര് തുടങ്ങി ഒൻപതോളം പച്ച മരുന്നുകൾ നിശ്ചിത അനുപാതത്തിൽ വെളിച്ചെണ്ണയിൽ ചേർത്ത് ഏഴു ദിവസം ചെറിയ ചൂടിൽ വെറ്റില പാകത്തിൽ കാച്ചിക്കുറുക്കിയാണു കഞ്ഞണ്യാദി എണ്ണ ഉണ്ടാക്കുന്നത്.
കോഴിമുട്ടയുടെ വെള്ളയിൽ ചെമന്ന പൊടി ചാലിച്ചാണു ചാട്ടുപറമ്പൻ ഒടിവുള്ള സ്ഥലത്തു വെച്ചുകെട്ടുക. ബാക്കിവരുന്ന മുട്ടയുടെ മഞ്ഞക്കരു കൊണ്ട് അമ്മമ്മ എനിക്കായി ഓംലറ്റ് ഉണ്ടാക്കും. അസ്ഥി ചികിത്സയിൽ പ്രഗത്ഭനായിരുന്ന ചാട്ടുപറമ്പൻ ഒടിവ്, ചതവ്, ഉളുക്ക്, എന്നിവ നിശ്ശേഷം ഭേദപ്പെടുത്തിയിരുന്നു. അസ്ഥികൾ പൊട്ടിയാൽ നിർബന്ധമായും ഓപ്പറേഷൻ വേണമെന്നു ഡോക്ടർമാർ വിധിയെഴുതുന്ന പരുക്കുകൾ പോലും അദ്ദേഹം പൂർണമായി സുഖപ്പെടുത്തിയിരുന്നു. വലിയ പരുക്കു പറ്റിയാൽ കിടത്തി ചികിത്സ അത്യാവശ്യമായി വരുമ്പോൾ കോഴിക്കോട്ടേക്കാണു പറഞ്ഞു വിട്ടിരുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിനടുത്തു കാരന്തൂരും വടകരയ്ക്കടുത്തു മുക്കാളിയിലും പ്രശസ്തമായ നാടൻ ചികിത്സാ കേന്ദ്രങ്ങളുണ്ട്
ഒരാഴ്ച്‌ച കഴിഞ്ഞു കയ്യിലെ കെട്ടു മാറ്റിക്കെട്ടുന്ന ദിവസം അച്ഛച്ഛനും എന്നോടൊപ്പം ഗുരുക്കളെ കാണാൻ വന്നിരുന്നു. അച്ഛച്ഛന്റെ ബേജാറു കണ്ടു കൈക്ക് ഒരു പോറലുമില്ലാതെ ശരിയാക്കുമെന്ന് അദ്ദേഹം ഉറപ്പ് കൊടുത്തു. ആഴ്‌ചകൾ തോറും കയ്യിലെ കെട്ടു മാറ്റിക്കൊണ്ടിരുന്നു. കെട്ടാനുള്ള വെള്ളത്തുണിയും കോഴിമുട്ടയും എല്ലാവരും കൊണ്ടുപോകണമായിരുന്നു. ആഴ്ച്‌ചകൾക്കുശേഷം കെട്ട് ഒഴിവാക്കിയപ്പോൾ കൈ ശോഷിച്ച നിലയിലായിരുന്നു. ഇതു നിസ്സാരമായി കണ്ട ഗുരുക്കൾ പിന്നീടു ദിവസേന കൈ കുഴമ്പിട്ടു തടവാൻ തുടങ്ങി.
ഏകദേശം രണ്ടു മാസത്തോളം ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലായിരുന്നു ഞാൻ. ഈ അവസരത്തിൽ വൈകുന്നേരങ്ങളിൽ അദ്ദേഹത്തിൻ്റെ ചികിത്സാലയത്തിൽ പോകും. ഗുരുക്കൾ ഒടിവും ചതവുമെല്ലാം പരിശോധിക്കുന്നതും കെട്ടുന്നതും ഉഴിയുന്നതുമെല്ലാം ശ്രദ്ധയോടെ നോക്കി നിൽക്കും. ചികിത്സയെക്കുറിച്ച് ഓരോ കാര്യങ്ങൾ ഞാൻ അദ്ദേഹത്തോടു ചോദിച്ചിരുന്നു. എന്റെ സംശയങ്ങളും താൽപ്പര്യവും കണ്ടു കുഞ്ഞിരാമൻ ഗുരുക്കൾ ചികിത്സാരീതി എനിക്കു വിശദീകരിച്ചു തന്നു. എല്ലു പൊട്ടിയാൽ കെട്ടേണ്ട രീതികളും ചതവു പറ്റിയാൽ ചെയ്യേണ്ട കാര്യങ്ങളും അദ്ദേഹം എനിക്കു മനസ്സിലാക്കിത്തന്നു. ചുരുട്ടിയ തുണിക്കഷ്ണം നിവർത്തി പ്രത്യേക രീതിയിലാണു പരുക്കേറ്റിടത്തു കെട്ടുക. പൊട്ടിയ അസ്ഥി ചേർത്തുകെട്ടുമെങ്കിലും അമർത്തിക്കെട്ടാൻ പാടില്ല. ഇതെല്ലാം എനിക്കു പുതിയ അറിവായിരുന്നു.
ശരീരത്തെ ആരോഗ്യ പൂർണമായി നിലനിർത്തുന്നതിൽ ഓരോ അവയവവും അതിൻ്റേതായ പങ്കുവഹിക്കുന്നുണ്ട്. തടവൽ, തിരുമ്മൽ തുടങ്ങിയ മർമക്രിയകളിൽ വേദനയുള്ള ഭാഗത്തായിരിക്കില്ല ചികിത്സിക്കുക. അദ്ദേഹം എൻ്റെ കയ്യിലെ ചില ഭാഗത്ത് അമർത്തിയപ്പോൾ ശരീരത്തിൻ്റെ മറ്റു ഭാഗങ്ങളിൽ വേദനയും തരിപ്പും അനുഭവപ്പെട്ടു. ഒരിക്കൽ അദ്ദേഹം കൈവിരലിൽ അമർത്തിപ്പിടിച്ചപ്പോൾ എനിക്കു കണ്ണിൽ ഇരുട്ടുകയറി ശരീരം തളർന്നുപോയി. അദ്ദേഹം പിടി വിട്ടപ്പോൾ പഴയ പടിയായി. ഇതെന്നെ അദ്ഭുതപ്പെടുത്തി. എത്ര കഷ്ടപ്പെട്ടാലും ഈ വിദ്യ പഠിക്കണമെന്നു ഞാൻ ഉറപ്പിച്ചു. കരാട്ടെയും കളരിയുമെല്ലാം ഒഴിവാക്കി ഈ വിദ്യ വശത്താക്കണമെന്നു മാത്രമായിരുന്നു അപ്പോഴത്തെ എന്റെ ചിന്ത. ചികിത്സയോടുള്ള എൻ്റെ പ്രതിപത്തി കണ്ടപ്പോൾ അദ്ദേഹം എന്നോടു തലശ്ശേരിയിലെ കണാരി ഗുരുക്കളെ കാണാൻ പറഞ്ഞു.
പാരമ്പര്യ കളരി അഭ്യാസത്തിൽ അഗ്രഗണ്യനായിരുന്നു കണാരി ഗുരുക്കൾ. തലശ്ശേരി പങ്കജ് ടാക്കീസിനടുത്താണ് അദ്ദേഹത്തിന്റെ വീട്. ചമ്പാട്ടെ ജയൻ ഗുരുക്കൾ കൂത്തുപറമ്പിൽ നടത്തിയിരുന്ന കളരിയിൽവച്ച് ഞാൻ അദ്ദേഹത്തെ കണ്ടിരുന്നു. മധ്യവയസ്സ് കഴിഞ്ഞിട്ടും യൗവനയുക്തമായ അദ്ദേഹത്തിന്റെ ആരോഗ്യവും ശരീരവടിവും എന്നെ ചിന്തിപ്പിച്ച കാര്യമാണ്. അദ്ദേഹത്തിന്റെ കയ്യിൽ ആയുധങ്ങൾ ഉള്ളപ്പോൾ എല്ലാവരും പേടിച്ചാണു കളരിയിൽ നിൽക്കുക. കളരിയിൽ വെച്ച് അദ്ദേഹം ആയുധം എടുത്താൽ അവയുടെ സ്ഥാനത്തേക്കു വലിച്ചെറിയുകയാണ് പതിവ്.
ഡിലൈറ്റ് ശശിയോടൊപ്പമാണു ഞാൻ കണാരി ഗുരുക്കളെ കാണാൻ പോയത്. ചികിത്സ പഠിപ്പിച്ചു തരണമെന്ന് അഭ്യർഥിച്ചപ്പോൾ ഇവിടെ വരാൻ ആരാണു പറഞ്ഞതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ചാട്ടുപറമ്പൻ കുഞ്ഞിരാമൻ ഗുരുക്കൾ പറഞ്ഞയച്ചതാണ് എന്നറിയിച്ചപ്പോൾ ഞങ്ങളെ സൂക്ഷിച്ചു നോക്കിയ അദ്ദേഹം ഒന്നും മിണ്ടാതെ കണ്ണടച്ചിരുന്നു. കുറച്ചു കഴിഞ്ഞ് അടുത്താഴ്‌ച വരാൻ അദ്ദേഹം പറഞ്ഞു. പിന്നീടു ശശിയും ഞാനും അദ്ദേഹത്തിൻ്റെ വീട്ടിലെ നിത്യസന്ദർശകരായി. കണാരി ഗുരുക്കളാണ് എന്നെ കളരി ചികിത്സാമുറ പഠിപ്പിച്ചത്. ശശി ഉഴിച്ചിലും ഒറ്റയുമാണ് പഠിച്ചത്.
വെട്ടിയിട്ട വാഴത്തടയിൽ കാലുകൊണ്ടു തടവിയാണ് കണാരി ഗുരുക്കൾ ചികിത്സാരീതി കാണിച്ചു തന്നത്. വാഴത്തടയുടെ ഒരറ്റത്ത് അദ്ദേഹം അമർത്തിയപ്പോൾ മറ്റേ അറ്റത്തു നീര് കിനിഞ്ഞിരുന്നു. കളരി പരിശീലന വേളയിൽ സംഭവിക്കുന്ന അപകടങ്ങൾക്കു മാത്രമേ ഇതു ചെയ്യാറുള്ളുവെന്നും എന്നാൽ മറ്റു ചികിത്സകളിലൂടെ മാറ്റാൻ കഴിയാത്ത മാറാ വേദനകൾക്കും ആരോഗ്യ സംരക്ഷണത്തിനും ഈ രീതി അവലംബിക്കാം എന്നുമാണ് അദ്ദേഹം ഉപദേശിച്ചത്.
കളരിയിൽ ഏറ്റവും പ്രാധാന്യമുള്ള മർമവിദ്യയെ രണ്ടായി തരംതിരിക്കാം. ഒന്നു ക്ഷതം ഏൽപ്പിക്കൽ. രണ്ടാമത്തേത് ക്ഷതനിവാരണം. ക്ഷതം ഏൽപ്പിക്കുന്ന വിദ്യ അത്യാവശ്യഘട്ടങ്ങളിൽ പ്രതിയോഗിക്കുനേരെ പ്രയോഗിക്കാനാണ്. ശരീരത്തിൽ 4000 മർമ്മങ്ങൾ ഉണ്ടെന്നാണു തമിഴ്‌നാട്ടിലെ ചില പാരമ്പര്യ ചികിത്സകളിൽ പറയുന്നത്. 3000 മർമ്മങ്ങൾ ഉണ്ടെന്നു ചൈനക്കാരും നൂറ്റിയെട്ടാണെന്നു കളരി ചികിത്സാ വിധികളും വിശ്വസിക്കുന്നു. ഈ നൂറ്റിയെട്ടിൽ 64 മർമ്മങ്ങൾ ബാഹ്യവും ബാക്കിയുള്ളവ ആന്തരികവുമാണ്. നാഡികളുടെ സംഗമ സ്ഥാനമാണു മർമ്മമായി വിവക്ഷിക്കപ്പെടുന്നത്. ഇവയുടെ മൊത്തം എണ്ണമാണു കളരിയിലൊഴികെ മറ്റുള്ളവർ മർമ്മമായി കണക്കാക്കുന്നത്. പ്രധാന നൂറ്റിയെട്ടു നാഡീസംഗമ സ്ഥാനങ്ങളാണു കളരിയിൽ മർമ്മമായി കണക്കാക്കുന്നത്.
മർമ്മങ്ങളിൽ ഏൽപ്പിക്കുന്ന പ്രയോഗങ്ങളെ മോഹാലസ്യം, സ്വാധീനമില്ലായ്‌മ, മരണകാരണം എന്നിങ്ങനെ മൂന്നായി തരം തിരിക്കാം. ചില മർമ്മങ്ങളിൽ ഏൽക്കുന്ന ക്ഷതംകൊണ്ടു മരണം സംഭവിക്കാം. ചിലതു മോഹാലസ്യവും മറ്റു ചിലത് അവയവങ്ങൾക്കു സ്വാധീനക്കുറവും ഉണ്ടാക്കും. അപകടങ്ങളിലും മറ്റും മർമ്മങ്ങൾക്ക് ഏൽക്കുന്ന ക്ഷതമാണു പിന്നീട് അസുഖങ്ങളായി മാറുന്നത്. ഇതു വേദനയായിട്ടാണ് അനുഭവപ്പെടുക. വേദന അസുഖമല്ല. ക്ഷതങ്ങളുണ്ട് എന്നുള്ള ഓർമപ്പെടുത്തൽ മാത്രമാണ്. മർമത്തിൽ ഏറ്റ ക്ഷതങ്ങളെ ശരിപ്പെടുത്തി ശരീരത്തെ പൂർവസ്ഥിതിയിൽ എത്തിക്കുന്നതും മർമ്മവിദ്യയുടെ ഭാഗമാണ്. ഇത്തരത്തിൽ ക്ഷതങ്ങളെ നിവാരണം ചെയ്യുന്ന ചികിത്സയാണു നാഡീ മർദന ക്രിയ. മർമ്മപ്രയോഗം ക്ഷതങ്ങളെ ഉണ്ടാക്കലും മർദന ക്രിയ ശരിപ്പെടുത്തലുമാണ്. മർമ്മഭേദമില്ലാത്ത ചികിത്സാരീതിയാണു നാഡീമർദന ക്രിയ.
വർഷങ്ങളോളം കളരി പരിശീലിച്ച് ഒറ്റയും ഉറുമിയും പഠിച്ചു പടിഞ്ഞാറുനിന്നു പയറ്റിത്തെളിഞ്ഞവരാണു സ്വന്തമായി കളരി നടത്തുക. ഇവർക്കു മാത്രമേ ഗുരുക്കന്മാർ ഈ മുറ പഠിപ്പിച്ചു കൊടുക്കാവൂ എന്നായിരുന്നു കീഴ് വഴക്കം. പരിശീലനത്തിനിടെ സംഭവിക്കുന്ന പരിക്കുകൾ അപ്പോൾത്തന്നെ ഭേദമാക്കാൻ വേണ്ടിമാത്രമാണ് ഈ രീതി പ്രയോഗിച്ചിരുന്നത്. ഇത്തരത്തിലുള്ള ചില നിബന്ധനകൾ കാരണം സമൂഹത്തിനു ഗുണപ്രദമാകുമായിരുന്ന പല മുറകളും കൈമാറ്റം ചെയ്യപ്പെടാതെ ചെയ്യപ്പെടാതെ കാലഹരണപ്പെട്ടുപോയിട്ടുണ്ട്. ചാട്ടുപറമ്പൻ കുഞ്ഞിരാമൻ ഗുരുക്കൾ അഭ്യർഥിച്ചതുകൊണ്ടു മാത്രമാണു കളരി ഗുരുക്കൾ അല്ലാത്ത എനിക്കു കണാരി ഗുരുക്കൾ ഈ ചികിത്സാരീതി പഠിപ്പിച്ചു തന്നത്. എന്റെ താൽപ്പര്യം കൊണ്ടു മാത്രമാണ് ഈ മുറ ചോദിച്ചു മനസ്സിലാക്കാനും പലർക്കും ഉപയോഗപ്രദമാക്കാനും എനിക്കു കഴിഞ്ഞത്. അതിനു നിമിത്തമായതു കരാട്ടെ ക്ലാസിനിടയിൽ പറ്റിയ അപകടവും.
നാഡീമർദന ക്രിയ കളരിയുടെ ഉത്ഭവകാലത്തിനും പ്രാചീനമാണെന്നു കാണാം. ഈ വിഷയത്തിൽ കൂടുതൽ ഗവേഷണങ്ങൾ നടക്കേണ്ടതാണ്. പരശുരാമൻ മഴു എറിഞ്ഞു കടൽ കരയായി മാറിയ പ്രദേശമാണു കേരളം എന്നാണല്ലോ ഐതിഹ്യം. പരശുരാമൻ കേരളത്തിൽ ക്ഷേത്രങ്ങളോടൊപ്പം നൂറ്റിയെട്ടു കളരികൾ സ്ഥാപിച്ചെന്നും ഈ കളരിയിലെ ഗുരുക്കന്മാർക്ക് അദ്ദേഹം പകർന്നു നൽകിയതാണു നാഡീമർദന ക്രിയ എന്നുമാണു വിശ്വസിച്ചുവരുന്നത്. പരമ്പരകളായി ഗുരുക്കന്മാരിലൂടെ കൈമാറിവരണ്ടിയിരുന്ന ഈ വിദ്യ വേണ്ട അർഥത്തിൽ കൈമാറ്റം ചെയ്യപ്പെട്ടില്ല. ഇതു സിദ്ധിച്ചവരാകട്ടെ പരിപോഷിപ്പിക്കാൻ ശ്രമിച്ചിട്ടുമില്ല.
ചേകവന്മാരുടെ കാലഘട്ടത്തിലായിരുന്നു കളരിക്ക് ഏറെ പ്രാമുഖ്യമുണ്ടായിരുന്നത്. മലബാറിലെ ആയോധന സംഘമായിരുന്ന ചേകവരായിരുന്നു കളരിയഭ്യാസത്തിന്റെ കുലപതികൾ. പ്രഭുക്കന്മാർക്കു വേണ്ടി കൊല്ലാനും കൊല്ലപ്പെടാനുമാണു ചേകവർ യുദ്ധത്തിൽ ഏർപ്പെട്ടിരുന്നത്. ചേകവന്മാർ പരസ്പരം അങ്കം വെട്ടി മരണം വരിക്കുന്നതോടെയാണു ഭരണാധിപത്യത്തിനു വേണ്ടിയുള്ള, അധികാരത്തിൻ്റെ ഇളമുറത്തർക്കങ്ങൾ പരിഹരിച്ചിരുന്നത്. മധ്യസ്ഥത്തിലും നാടുവാഴുന്നോരുടെ തീർപ്പിലും കോഴിയങ്കത്തിലും തീർപ്പാകാത്തതാണ് അവസാനം ചേകവന്മാരുടെ തലക്കൊയ്ത്തിൽ എത്തുക. ചേകവന്മാരുടെ വിജയമായിരുന്നു പ്രഭുക്കന്മാരുടെ ഭരണത്തിൻ്റെ അസ്‌തിവാരം. പുത്തുരം വീട്ടിലെ ആരോമൽ ചേകവരും ഉണ്ണിയാർച്ചയും കളരിയഭ്യാസത്തിനു പേരുകേട്ട ഒരു പ്രധാന തീയ്യ കുടുംബാംഗങ്ങളാണ്.
അവിവാഹിതനായ കണാരി ഗുരുക്കൾ ചികിത്സാവിധികൾ പരിശീലിപ്പിക്കുന്നതിനിടെ സ്ത്രീയെക്കുറിച്ചും ജീവിതത്തിൽ സ്ത്രീക്കുള്ള സ്ഥാനത്തെക്കുറിച്ചും വിശദീകരിച്ചിരുന്നു. പ്രണയം നല്ല കാര്യമാണ്. പക്ഷേ, ജീവിതത്തിൻ്റെ വഴിത്തിരിവും വിവിധ രംഗങ്ങളിലേക്കു ചുവടുറപ്പിക്കേണ്ടതുമായ യൗവനം പ്രണയത്തിൽ തളച്ചിട്ടാൽ ഉന്നതങ്ങളിലേക്കുള്ള പ്രയാണത്തിന് അതു തടസ്സമാകും എന്നായിരുന്നു അദ്ദേഹത്തിന്റെ നിഗമനം. ഏതൊരു പെൺകുട്ടിയോട് ഇഷ്‌ടം തോന്നുമ്പോഴും അവളെക്കാൾ മികച്ചവളെ കണ്ടുമുട്ടും എന്നു കരുതാനായിരുന്നു കണാരി ഗുരുക്കളുടെ ഉപദേശം. കല്യാണം കഴിഞ്ഞാൽ മറ്റു സ്ത്രീകളിൽവെച്ച് എല്ലാ അർഥത്തിലും ഏറ്റവും മികച്ചവളാണു ഭാര്യയെന്നു മനസ്സിലുറപ്പിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ നിർദേശം.
1985ൽ ഇന്ദിരാഗാന്ധി മെമ്മോറിയൽ അഖിലേന്ത്യാ കരാട്ടെ ടൂർണമെൻ്റിൽ കേരളത്തെ പ്രതിനിധാനം ചെയ്യാൻ ഗുരുവായൂരിലെ ഹനീഫയെയും എന്നെയുമാണു തിരഞ്ഞെടുത്തത്. ഡൽഹിയിൽ നടക്കുന്ന ടൂർണമെൻ്റിനുവേണ്ടി സെൻസായ് പ്രഭാകരൻ നാമത്തിൻ്റെ നിർദേശ പ്രകാരം ഞാൻ ബാംഗ്ലൂരിൽ പ്രത്യേക പരിശീലനം നേടിയിരുന്നു. പ്രേം സി മേനോൻ്റെ കീഴിൽ രാവിലെ കണ്ഠീരവ സ്റ്റേഡിയത്തിലും വൈകിട്ടു വസന്തനഗറിലെ ‘അലയൻസ് ഫ്രാങ്കൈസിൽ’ ആയിരുന്നു ഒരുമാസത്തെ പരിശീലനം. ഈ അവസരത്തിലാണ് പി എസ് നാരായണൻ, ഷീല, സുജു, പ്രശാന്ത്, മനോഹരൻ എന്നിവരെ പരിചയപ്പെട്ടത്. മലയാളം മാത്രം അറിയാവുന്ന എന്നോട് ഇവർ വളരെ സൗഹൃദത്തോടെ പെരുമാറി. ആദ്യദിവസം ഫൈറ്റ് ചെയ്യുമ്പോൾ നാരായണന്റെ കൈ ഉളുക്കിയത് എന്നെ വിഷമിപ്പിച്ചു. എന്നാൽ എല്ലാവരും എന്നെ പ്രോത്സാഹിപ്പിക്കുകയാണു ചെയ്‌തത്.
മംഗലാപുരം പുത്തൂരിലെ അശോകനെ പരിചയപ്പെട്ടതും ഈ അവസരത്തിലാണ്. ഹോട്ടൽ മാനേജരായ അദ്ദേഹത്തെ ഞാൻ ആദ്യമായി കണ്ടതു കോട്ടൺപേട്ടയിലെ ജിമ്മിൽ വെച്ചാണ്. ബാംഗ്ലൂരിൽ തൊഴിൽ തേടി എത്തുന്നവർക്ക് അത്താണിയായിരുന്നു അദ്ദേഹം. ബേക്കറി മേസ്‌തിരി ചെണ്ടയാട്ടെ കരുണനാണ് അശോകനെ എനിക്കു പരിചയപ്പെടുത്തിയത്. ബേക്കറിപ്പണിക്കു ശേഷം കരുണൻ രാത്രിയിൽ ഓട്ടോ ഓടിച്ചിരുന്നു. സെക്കന്റ് ഷോ കാണലായിരുന്നു എൻ്റെ പ്രധാന പരിപാടി. സിനിമ കഴിഞ്ഞാൽ കരുണനോടൊപ്പം ഓട്ടോയിൽ നഗരം ചുറ്റും.
കരാട്ടെ ടൂർണമെന്റ്റ് മാറ്റി വെച്ചതിനാൽ പരിശീലനം മതിയാക്കി ഞാൻ നാട്ടിലേക്കു മടങ്ങി. ബാംഗ്ലൂരിൽനിന്നു തിരിച്ചെത്തി ആഴ്ചകൾക്കുള്ളിലായിരുന്നു തലശ്ശേരി കാർണിവൽ. ജനകീയ ഐഎഎസ് ഓഫീസർ എന്നു പേരെടുത്ത കണ്ണൂർ സബ് കലക്ടർ അമിതാഭ് കാന്തിൻ്റെ ആശയമായിരുന്നു കാർണിവൽ. രാഷ്ട്രീയ അക്രമഭീതിയിൽ നിന്നു തലശ്ശേരിയിലെ ജനങ്ങളെ ആത്മവിശ്വാസത്തിലേക്കു നയിക്കുക എന്ന ഉദ്ദേശ്യത്തോടെ നടത്തിയ കാർണിവൽ വൻവിജയമായി.
നാടൻ കലകളിലും സ്പോർട്‌സിലും സാധാരണക്കാർക്കു കഴിവു തെളിയിക്കാൻ അവസരം നൽകിയ കാർണിവൽ തികച്ചും ജനകീയമായിരുന്നു. രാഷ്ട്രീയ പ്രകടനങ്ങൾ മാത്രം കണ്ട തലശ്ശേരിയിലെ ജനങ്ങൾക്കു പഞ്ചായത്തുകൾ മത്സരബുദ്ധിയോടെ പങ്കെടുത്ത സാംസ്‌കാരിക ഘോഷയാത്ര പുതിയ അനുഭവമായി. ഇതിനോടനുബന്ധിച്ചു ഞങ്ങളുടെ കരാട്ടെ പ്രദർശനവുമുണ്ടായിരുന്നു. ബാംഗ്ലൂരിൽനിന്നു പുതുതായി പഠിച്ച ഐക്കിഡോ മുറകൾ പ്രദർശിപ്പിക്കാൻ എനിക്കു ലഭിച്ച ആദ്യ അവസരമായിരുന്നു ഇത്.
കാർണിവലിനോട് അനുബന്ധിച്ചു നടത്തിയ കരാട്ടെ പ്രദർശനമാണു കോൺഗ്രസിൻ്റെ ഗർജിക്കുന്ന സിംഹം കെ സുധാകരനുമായി ബന്ധപ്പെടാൻ അവസരം നൽകിയത്. കണ്ണൂർ നടാലിൽ കുമ്പകുടി രാമുണ്ണിയുടെയും മാധവിയുടെയും മകനായി 1948 മെയ് 11നാണു കെ സുധാകരൻ ജനിച്ചത്. സ്‌മിത ടീച്ചറാണു ഭാര്യ. സംഘടനാ തിരഞ്ഞെടുപ്പിലൂടെ കെ സുധാകരൻ ഡിസിസി പ്രസിഡണ്ടായി. കരാട്ടെ പ്രദർശനം കണ്ടാണ് അദ്ദേഹം എന്നെ വിളിപ്പിച്ചത്.
ഡിലൈറ്റ് ശശിക്കും തലശ്ശേരിയിലെ കുട്ടനുമൊപ്പമാണു ഞാൻ കെ സുധാകരൻ്റെ വീട്ടിലെത്തിയത്. അഞ്ചരക്കണ്ടിയിൽ കരാട്ടെ ക്ലാസ് എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സിപിഎമ്മിനെ പ്രതിരോധിക്കാൻ കോൺഗ്രസിന് ഏറ്റുമുട്ടലിൻ്റെ വഴി സ്വീകരിക്കേണ്ടിവന്ന സമയമായിരുന്നു അത്. സിപിഎമ്മിൻ്റെ അക്രമണങ്ങളിൽ നിന്നു കെ സുധാകരൻ പലപ്പോഴും അത്ഭുതകരമായാണു രക്ഷപ്പെട്ടത്. സുധാകരനു നേരെ നടന്ന അക്രമണങ്ങളിൽ അദ്ദേഹത്തിന്റെ ജ്യേഷ്ഠനടക്കം നിരവധിപ്പേർക്കു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. അവരിൽ പലരും ജീവിക്കുന്ന രക്തസാക്ഷികളാണ്.
കെ സുധാകരനു ശേഷം പി രാമകൃഷ്‌ണൻ, കെ സുരേന്ദ്രൻ, അഡ്വ. സണ്ണി ജോസഫ് എംഎൽഎ, സതീശൻ പാച്ചേനി, മാർട്ടിൻ ജോർജ് എന്നിവർ കണ്ണൂർ ഡിസിസി പ്രസിഡണ്ടുമാരായി. 2020 ജൂൺ 21 നു കെ സുരേന്ദ്രനും 2022 ഒക്ടോബർ 28നു സതീശൻ പാച്ചേനിയും നിര്യാതരായി.
കരാട്ടെ ക്ലാസുകൾ, പ്രദർശനങ്ങൾ, ഡിസ്കോ ഡാൻസ്, നാടകസംവിധാനം, അഭിനയം, മേക്കപ്പ് തുടങ്ങി തിരക്കുപിടിച്ച ദിനങ്ങളായിരുന്നു ഡിഗ്രി കാലഘട്ടം. രാവിലെ വീട്ടിൽ നിന്ന് ഇറങ്ങും. കളരി പരിശീലനത്തിനു ശേഷമാണു കോളേജിലേക്കു പോവുക. ഉച്ചയ്ക്കു വീട്ടിലെത്തി ഉടൻതന്നെ കരാട്ടെ ക്ലാസിലേക്ക്. സ്റ്റേജ് പരിപാടി ഇല്ലാത്ത ദിവസങ്ങളിൽ സെക്കൻ്റ് ഷോ കണ്ടു പാതിരാവോടെ വീട്ടിലെത്തും. ദൂരസ്ഥലങ്ങളിലാണു കലാപരിപാടിയെങ്കിൽ പാനൂരിൽ തങ്ങുകയാണു പതിവ്. പിറ്റേന്നു അതിരാവിലെയാണു വീട്ടിൽ പോകുക. ഉടനെ വീണ്ടും പാനൂരിലേക്ക്.
വന്ദനയിലെ പ്രതിമാസ സാംസ്‌കാരിക പരിപാടിയുടെ വിജയമാണു പാനൂരിൽ ദൃശ്യ എന്ന സംഘടനയുടെ രൂപീകരണത്തിനു കാരണമായത്. അംഗങ്ങളിൽനിന്നു നിശ്ചിത മാസവരി സംഖ്യ പിരിച്ചു നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന ദൃശ്യയുടെ അമരക്കാരിൽ ഒരാൾ എ യതീന്ദ്രൻ മാസ്റ്ററാണ്. വർഷങ്ങളോളം പ്രതിമാസ പരിപാടികൾ നടത്തി പാനൂരിൻ്റെ കലാസാംസ്കാരിക രംഗത്തു ദൃശ്യ ഏറെ ശോഭിച്ചിരുന്നു.
കലാപ്രവർത്തനമാണു വിവിധ പ്രദേശങ്ങളിലുള്ള ആളുകളുമായി ബന്ധപ്പെടാൻ എനിക്കു കൂടുതൽ അവസരം ഒരുക്കിയത്. കലാമത്സരങ്ങളോടൊപ്പം നാടകസംവിധാനം, മെയ്ക്കപ്പ് എന്നിവയിലും ഞാൻ സജീവമായിരുന്നു. 1987ൽ കുറിച്ചിക്കര ശ്രീനാരായണമഠം വാർഷികത്തിന് അവതരിപ്പിച്ച നാടകം സഹസംവിധാനം നിർവഹിച്ചതു ഞാനാണ്. ഈ പുരാണനാടകത്തിൽ ശ്രീകൃഷ്ണനായി ഞാൻ വേഷമിട്ടിരുന്നു. ആഴ്‌ചകൾ നീണ്ടുനിന്ന പരിശീലന വേളയിൽ നടന്ന ഒരു സംസാരം എൻ്റെ ജീവനുതന്നെ ഭീഷണിയായി.
ആർഎസ്എസ് റൂട്ട്‌മാർച്ചിനോടനുബന്ധിച്ചു പാനൂർ ഹൈസ്‌കൂൾ ഗ്രൗണ്ടിൽ ഭീമമുറ എന്ന പേരിൽ കായികാഭ്യാസം പ്രദർശിപ്പിച്ചിരുന്നു. ഇതു കരാട്ടെയിലെ കട്ടാസ് ആണെന്നു സൗഹൃദ സംഭാഷണത്തിൽ സൂചിപ്പിച്ചതാണു പ്രശ്‌നത്തിനു കാരണം. ഇതു പഠിപ്പിച്ച ആർഎസ്എസ് പ്രചാരകനാണ് എനിക്കെതിരെ തിരിഞ്ഞത്. ഭീമമുറയും കരാട്ടയിലെ കട്ടാസും ഒന്നാണ് എന്നു പറഞ്ഞതിൽ കുപിതനായ അദ്ദേഹം പാനൂരിൽ വെച്ച് എന്നെ ഉപദ്രവിക്കാൻ പരിപാടിയിട്ടിരുന്നു. ഇതറിഞ്ഞ ആർഎസ്എസ് ഓഫീസിലെ നമ്പ്യാർ പന്ന്യന്നൂർ ചന്ദ്രനെ വിവരം അറിയിച്ചു. അദ്ദേഹമാണ് എന്നെ ആക്രമിക്കാനുള്ള തീരുമാനത്തിൽ നിന്നു പിൻതിരിപ്പിച്ചത്. ആർഎസ്എസ് നേതാവ് പന്ന്യന്നൂർ ചന്ദ്രനുമായി പ്രീഡിഗ്രി കാലം മുതലെ ഞാൻ നല്ല ബന്ധത്തിലാണ്. അദ്ദേഹം ഇടപെട്ടില്ലായിരുന്നെങ്കിൽ ഈ പ്രശ്‌നം രൂക്ഷമാകുമായിരുന്നു. പാനൂരിലെ പ്രബല ശക്തികളായ ആർഎസ്എസിന്റെയും സിപിഎമ്മിന്റെയും പരോക്ഷ ഭീഷണികൾ ഒരേസമയം എനിക്കു നേരിടേണ്ടിവന്ന കാലഘട്ടമായിരുന്നു അത്. അതു ശരിവെയ്ക്കുന്നതായിരുന്നു പിന്നീടുള്ള സംഭവവികാസങ്ങൾ.
🟥
അടുത്ത അധ്യായം ▶ ദേശാടനം
മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം :
◼️അധ്യായം 1: പുഴമാത്രം മാറിയില്ല
◼️അധ്യായം 2: ഓര്‍മ്മയില്‍ ജീവിക്കുന്ന അമ്മ
◼️അധ്യായം 3: പുത്തൂരാൻ ചരിതം
◼️അധ്യായം 4: കണ്ണാരം പൊത്തിപ്പൊത്തി
◼️അധ്യായം 5: മൃതിയുടെ തിരനോട്ടം
◼️അധ്യായം 6: കൺനിറയെ ദൈവങ്ങൾ
◼️അധ്യായം 7: ഭിക്ഷാം ദേഹി
◼️അധ്യായം 8: നാട്ടുവഴിയിൽ
◼️അധ്യായം 9: ഗ്രാമീണ വിശുദ്ധി
◼️അധ്യായം 10: ശാക്തേയം
◼️അധ്യായം 11: കല്യാണക്കോപ്പ്
◼️അധ്യായം 12: പുളിമുറികല്യാണം
◼️അധ്യായം 13: മാമ്പഴക്കാലം
◼️അധ്യായം 14: ജലവിനോദങ്ങൾ
◼️അധ്യായം 15: പൊലോളി
◼️അധ്യായം 16: വിനോദ യാത്ര
◼️അധ്യായം 17: സത്യൻ പുത്തൂർ
◼️അധ്യായം 18: അങ്ങാടിപ്പഴമ
◼️അധ്യായം 19: പോലീസ് ഞങ്ങൾക്ക് പുല്ലാണ്
◼️അധ്യായം 20: പുത്തനമ്പലം
◼️അധ്യായം 21: ഉദ്യാന നഗരിയിലേക്ക്
◼️അധ്യായം 22: ഘെരാവോ
◼️അധ്യായം 23: ഒരു പുരത്തറ
◼️അധ്യായം 24: ജാതീയതയുടെ രക്തസാക്ഷി
◼️അധ്യായം 25: കുറുപ്പാൾ
◼️അധ്യായം 26: ഡിസ്കോ ഡാന്‍സര്‍
◼️അധ്യായം 27: ആയോധനക്കളരിയിൽ















