ബെംഗളൂരു: കേരള എഞ്ചിനിയേഴ്സ് അസോസിയേഷൻ (കെഇഎ) ബെംഗളൂരുവിന്റെ വാർഷികാഘോഷം നവംബർ 15ന് രാവിലെ 9 മുതൽ ഇന്ദിരാനഗറിലെ ഇ.സി.എ ഹാളിൽ നടക്കും. ഐക്യരാഷ്ട്രസഭയുടെ മരുഭൂവൽക്കരണത്തിനെതിരായ കൺവെൻഷന് (യുഎൻസിസിഡി) കീഴിലുള്ള ജി20 ആഗോള ഭൂമി സംരക്ഷണ സംരംഭത്തിന്റെ മുൻ ഡയറക്ടറും പ്രശസ്ത അന്താരാഷ്ട്ര ദുരന്തനിവാരണ വിദഗ്ധനും എഴുത്തുകാരനുമായ ഡോ. മുരളി തുമ്മാരുകുടി മുഖ്യാതിഥിയാകും.
യുവജനങ്ങൾക്കും വിദ്യാർഥികൾക്കും പ്രൊഫഷണലുകൾക്കും ഏറെ പ്രയോജനകരമായ കരിയർ കണക്ട് പരിപാടി രാവിലെ 9.30ന് നടക്കും. ‘AI Revolution: Transforming Careers, Businesses & Opportunities’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ചർച്ചയിൽ പ്രമുഖ ഐ.ടി. വിദഗ്ധർ, മുതിർന്ന സംരംഭകർ, വിവിധ മേഖലകളിലെ പ്രമുഖ നേതാക്കൾ എന്നിവർ പാനലിസ്റ്റുകളായി പങ്കെടുക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തൊഴിൽമേഖലയിലും ബിസിനസിലും പുതിയ അവസരങ്ങളിലും സൃഷ്ടിക്കുന്ന മാറ്റങ്ങളെക്കുറിച്ച് സംവദിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ എല്ലാവർക്കും സൗജന്യ അവസരമുണ്ടായിരിക്കും.
അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ, ഫാഷൻ ഷോ, പൊതുസമ്മേളനം, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയും ആഘോഷത്തിന്റെ ഭാഗമായി നടക്കും.
ഫ്ലവേഴ്സ് ടി.വി.യിലൂടെ ശ്രദ്ധേയരായ കലാകാരന്മാർ അവതരിപ്പിക്കുന്ന മെഗാ ടാലന്റ് ഷോയാണ് മറ്റൊരു പ്രധാന ആകർഷണം. വൺമാൻ ഷോ, മാജിക് ഷോ, വെറൈറ്റി ഡാൻസ്, ജഗ്ലിങ്, ഫിഗർ ഷോ, മെന്റലിസം, സംഗീത പരിപാടികൾ എന്നിവ ഉൾപ്പെടുന്ന കലാവിരുന്ന് കാണികൾക്ക് വേറിട്ട അനുഭവമാകും. കൂടുതൽ വിവരങ്ങൾക്കും പാസ് സംബന്ധിച്ച അന്വേഷണങ്ങൾക്കും ബന്ധപ്പെടുക: 9590719394, 9620223980.
SUMMARY: Kerala Engineers Association Annual Celebration on the 15th; Dr. Murali Thummarukudy to be the Chief Guest
















