ബെംഗളൂരു: പ്രമുഖ ബിൽഡറും കോൺഫിഡൻഡ് ഗ്രൂപ്പ് ഉടമയുമായ സി ജെ റോയ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. ബെംഗളൂരു അശോക് നഗർ പോലീസാണ് കേസെടുത്തത്. ബെംഗളുരു സിറ്റി പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിങ് സ്ഥലത്തെത്തി. കേസിൽ അന്വേഷണം ആരംഭിച്ചതായി സീമന്ത് കുമാർ സിങ് അറിയിച്ചു. ഇൻകം ടാക്സ് റെയ്ഡിനിടയിൽ സി.ജെ. റോയ് സ്വയം വെടിയുതിർക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ നിന്നാണ് ആദായനികുതി സംഘം എത്തിയതെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി സ്ഥലത്ത് റെയ്ഡ് നടന്നിരുന്നു. അറസ്റ്റ് ചെയ്യുമെന്ന സൂചനയുണ്ടായിരുന്നുവെന്നാണ് ജീവനക്കാരുടെ മൊഴി. സിജെ റോയ്‌യെ ഇന്ന് ഒരു മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നുവെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു .കൂടുതൽ കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്. വിദേശത്തുള്ള കുടുംബാംഗങ്ങളുമായി സ്ഥിതിഗതികൾ സംസാരിക്കുന്നുണ്ട്. അവർ ഇന്ന് രാത്രിയോടെ എത്തും. അവർ എത്തിക്കഴിഞ്ഞാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ അറിയാനാകൂ എന്നും സീമന്ത് കുമാർ സിങ് അറിയിച്ചു.
ബെംഗളൂരുവിലെ അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും കേന്ദ്ര ഏജൻസികളുടെ റെയ്ഡ് നടന്നുവരുന്നതിനിടെയായിരുന്നു സിജെ റോയ് സ്വയം നിറയൊഴിച്ച് മരിച്ചത്. ഓഫീസിനകത്ത് വെച്ച് സ്വന്തം തൊക്ക് ഉപയോഗിച്ച് നെഞ്ചിൽ വെടിയുതിർക്കുകയായിരുന്നു. ബെംഗളൂരുവിലെ റിച്ച്മണ്ട് സർക്കിളിനടുത്തുള്ള ഓഫീസിൽ ആണ് സംഭവം. ഉടന്‍ തന്നെ ബെംഗളൂരുവിലെ നാരായണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നെഞ്ചിലാണ് വെടിയേറ്റത്. വെടിയുതിർക്കാൻ ഉപയോഗിച്ച തോക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം സി ജെ റോയിയുടെ മരണത്തില്‍ ആദായ നികുതി വകുപ്പിനെതിരെ കുടുംബം രംഗത്തെത്തി. റെയ്ഡ് നടത്താനെത്തിയ ഉദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് റോയിയുടെ മരണത്തിന് കാരണമെന്ന് സഹോദരന്‍ ബാബു റോയ് ആരോപിച്ചു. ആദായ വകുപ്പ് അഡീഷണല്‍ കമ്മീഷണര്‍ കൃഷ്ണപ്രസാദാണ് റോയിയുടെ മരണത്തിന് ഉത്തരവാദിയെന്നും കുടുംബം ആരോപിക്കുന്നു. മൂന്ന് ദിവസമായി റോയിയെ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തുവരികയായിരുന്നു. ഇത് റോയിയെ മാനസികമായി തളര്‍ത്തി. റോയ് മരിച്ചിട്ടും ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് തുടര്‍ന്നുവെന്നും കുടുംബം കുറ്റപ്പെടുത്തി. ഇക്കഴിഞ്ഞ ഡിസംബറിലും ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസില്‍ റെയ്ഡ് നടത്തിയിരുന്നുവെന്നും അന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട രേഖകള്‍ റോയ് നല്‍കിയിരുന്നുവെന്നും കുടുംബം പറഞ്ഞു.
ഇന്ന് ഉച്ചക്കു ശേഷമാണ് 57കാരനായ സി ജെ റോയ് ജീവനൊടുക്കിയത്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനക്കിടെ സ്വയം വെടിവച്ചു മരിക്കുകയായിരുന്നു. ബെംഗളൂരു അശോക് നഗറിലെ ഓഫീസില്‍ വച്ചായിരുന്നു സംഭവം
SUMMARY: Police register case in the death of Confident Group owner CJ Roy















