‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’
ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍
![]()
അക്കാലത്തു റേഡിയോ അപൂർവമായിരുന്നു. ചുരുക്കം ചില വീടുകളിലേ റേഡിയോ ഉണ്ടായിരുന്നുള്ളു. എന്റെ ഗ്രാമത്തിലെ ആദ്യ റേഡിയോ ഉടമ കുനിയിൽ ചന്ദ്രൻമാഷാണ്. അദ്ദേഹം റേഡിയോയുമായി എന്നും വൈകിട്ടു കുയിമ്പിൽ വന്നിരുന്നു. ടോർച്ചിൽ നിന്നു ചാർജ് തീരുമ്പോൾ അച്ഛച്ഛൻ മാറ്റി വെയ്ക്കുന്ന ബാറ്ററികൾ ചന്ദ്രൻമാഷ് റേഡിയോയിൽ ഇട്ടിരുന്നു. റേഡിയോവിൽ കാന്തം ഉള്ളതുകൊണ്ടു ബാറ്ററിയിലെ മുഴുവൻ ചാർജും ഉപയോഗിക്കാൻ കഴിയുമത്രേ. വയലും വീടും 6.25ന്റെ പ്രാദേശിക വാർത്തയും കഴിഞ്ഞാണ് അദ്ദേഹം മടങ്ങുക. ടേപ്പ് റെക്കോർഡറും ക്യാമറയും ഞാനാദ്യമായി കണ്ടതും ചന്ദ്രൻ മാഷിന്റെ കൈവശമാണ്.
ഞങ്ങൾ അഞ്ചിലായിരുന്നപ്പോൾ കെ ചന്ദ്രൻ മാസ്റ്റരുടെ നേതൃത്വത്തിൽ മോഡൽ അസംബ്ലി നടത്തിയിരുന്നു. വരപ്രവൻ ചന്ദ്രനായിരുന്നു മുഖ്യമന്ത്രി. പവിത്രി, ഓടക്കായ് രാജൻ, ചേരിക്കലിലെ പന്നല അനന്തൻ എന്നിവരുൾപ്പെട്ട അഞ്ചംഗ മന്ത്രിസഭയിലെ വിദ്യാഭ്യാസവകുപ്പ് എനിക്കായിരുന്നു. മാസത്തിൽ ഒരിക്കൽ ചേർന്നിരുന്ന മോഡൽ അസംബ്ലി സ്‌പീക്കറെന്ന നിലയിൽ ചന്ദ്രൻ മാഷാണു നിയന്ത്രിച്ചിരുന്നത്. ആ വർഷം സ്‌കുളിൽ നിന്നു പിരിയുന്ന ഞങ്ങളെ ഒന്നിച്ചുനിർത്തി ചന്ദ്രൻമാഷ് അദ്ദേഹത്തിന്റെ ക്യാമറ കൊണ്ടു ഗ്രൂപ്പ്ഫോട്ടോ എടുത്തിരുന്നു. ഇതായിരുന്നു എന്റെ ആദ്യഫോട്ടോ.
വാർഷിക പരീക്ഷയ്ക്കു മുമ്പേതന്നെ മുതിർന്ന ക്ലാസിലെ കുട്ടികളോടു പാഠപുസ്‌തകം പറഞ്ഞുവെയ്ക്കും. ഈ പുസ്‌തകത്തിനു പാതിവില മതി. ബൗണ്ട് ബുക്കിലെ എഴുതാത്ത പേപ്പറുകൾ പറിച്ചെടുത്തു തുന്നിച്ചേർത്തു റഫ് നോട്ട്ബുക്ക് ഉണ്ടാക്കിയിരുന്നു. സ്കൂൾ പൂട്ടിയാൽ റിസൽറ്റ് അറിയാനുള്ള കാത്തിരിപ്പാണ്. ഏപ്രിലിലെ അവസാനത്തെ ആഴ്‌ച എല്ലാ ദിവസവും സ്കൂളിൽ പോയി നോക്കിയിരുന്നു. റിസൽറ്റു ദിവസം കൂട്ടുകാരോടൊത്തു പല പ്രാവശ്യം പോയി തങ്ങളുടെ പേര് ബോർഡിലുണ്ടെന്ന് ഉറപ്പുവരുത്തും. റിസൽറ്റ് ബോർഡിൽ ഒന്നാം ക്ലാസിലേത് ഓൾപാസ് എന്നായിരിക്കും. കുട്ടികളെ തോൽപ്പിക്കാൻ പാടില്ല എന്നായിരുന്നു പറഞ്ഞുകേട്ടത്. മറ്റു ക്ലാസുകളിൽ മറ്റുള്ളവരെ പ്രൊമോട്ട് ചെയ്തു എന്നാണ് എഴുതി വെയ്ക്കുക. അഞ്ചുവരെ ക്ലാസുകളിൽ ഒന്നോ രണ്ടോ പേർ മാത്രമാണു തോറ്റിരുന്നത്. അവർ അന്നു വൈകുന്നേരത്തോടെ ബോർഡിലെ റിസൽറ്റ് ലിസ്റ്റ് പറിച്ചുകളയും.
തോറ്റവർ മിക്കവാറും ഇതോടെ പഠിപ്പ് അവസാനിപ്പിച്ചിരുന്നു. അഞ്ചിലെ റിസൽറ്റ് അറിഞ്ഞതിനു ശേഷം എൽപിയിൽ നിന്നു ടിസി വാങ്ങിച്ച് അച്ഛച്ഛൻ എന്നെ കൊളവല്ലൂർ യുപിയിൽ ചേർത്തപ്പോൾ എന്തോ കീഴടക്കിയ ഭാവമായിരുന്നു. എൽപിയിൽ പഠിക്കുമ്പോൾ ആനപ്പാലം മാത്രമായിരുന്നു എൻ്റെ ലോകം. യുപി സ്‌കൂളിൽ ആയതോടെയാണ് എന്റെ മേലുള്ള നിയന്ത്രണങ്ങൾ കുറഞ്ഞത്. കുന്നോത്തുപറമ്പിലും കൈവേലിക്കലുമൊക്കെ തനിച്ചു പോകാൻ തുടങ്ങിയതോടെ ഞാൻ ഒരാളായെന്ന തോന്നൽ എനിക്കുണ്ടായി.
യുപിയിൽ പഠനത്തേക്കാൾ മറ്റു കാര്യങ്ങളിലായിരുന്നു കൂടുതൽ കമ്പം. കളികളും വികൃതികളും തുടരുമ്പോഴും കാഴ്ചപ്പാടുകൾ ഏറെ മാറിയിരുന്നു. പെൺകുട്ടികളോടുള്ള ഇടപെടലുകളിലും അവരെക്കുറിച്ചുള്ള ചിന്തകളിലും മാറ്റം വന്നതോടെയാണ് ചുറ്റുമുള്ള സ്ത്രീപുരുഷ ബന്ധങ്ങൾ നിരീക്ഷിക്കാൻ തുടങ്ങിയത്. പുഴക്കരയിലും വെള്ളേരിപ്പാടത്തും യുവതീയുവാക്കൾ പരസ്പരം ചിരിക്കുന്നതും കൊഞ്ചുന്നതും ഞാൻ ശ്രദ്ധിച്ചിരുന്നു. പെണ്ണുങ്ങൾ മുണ്ടു കയറ്റിക്കുത്തി പുഴയിൽ തിരുമ്പുന്നതും മറ്റും നോക്കിയിരുന്നു. ഇതുകണ്ടു പെണ്ണുങ്ങളെ നോക്കിയാൽ മൂത്രക്കെട്ടു വരുമെന്നു പറഞ്ഞ് അമ്മമ്മ എന്നെ പേടിപ്പിച്ചിരുന്നു. സ്ത്രീകളെ നോക്കി ആഭാസനാകാതിരിക്കാൻ വേണ്ടിയാവാം അമ്മമ്മ അങ്ങനെ പറഞ്ഞത്.
കുട്ടികൾക്കു ലൈംഗികമായ അറിവുകൾ നൽകാൻ മുതിർന്നവർക്കിടയിൽ ചില പൊടിക്കൈകൾ ഉണ്ടായിരുന്നു. കുളിപ്പിക്കുമ്പോഴും-കുളിക്കുമ്പോഴും ലൈംഗികാവയവം പിടിച്ചു കളിക്കുന്നത് ആൺകുട്ടികളുടെ ശീലമാണ്. ഇതു കാണുമ്പോൾ അതു പിടിച്ചു കളിക്കരുതെന്നു രക്ഷിതാക്കൾ പറയുമായിരുന്നു. വിലക്കുന്ന കാര്യങ്ങൾക്ക് എതിരായി കുട്ടികൾ പ്രവർത്തിക്കുമെന്നു മനസ്സിലാക്കി പ്രായത്തിന് അനുസരിച്ച് ലൈംഗികാവയവം വളർച്ച പ്രാപിക്കട്ടെ എന്ന ഉദ്ദേശ്യത്തോടെ ആയിരിക്കാം ഇങ്ങനെ പറഞ്ഞിരുന്നത്.
വീട്ടുപറമ്പിലെ കൃഷി പെണ്ണുങ്ങളുടെ വകയാണ്. ഇഞ്ചി, മഞ്ഞൾ, കുവ്വ, ചേന, ചേമ്പ്, കേങ്ങ്, കപ്പ, കാത്ത് എന്നിവയാണു വീട്ടുവളപ്പിലെ പ്രധാന വിള. ഇഞ്ചി ഉണക്കിയും മഞ്ഞൾ വേവിച്ച് ഉണക്കിയുമാണ് സൂക്ഷിക്കുക. വാനോക്കി വാളി വിളവെടുക്കുന്നതും സ്ത്രീകളാണ്. ഒഴിഞ്ഞ പറമ്പത്താണ് ഈ നെൽക്കൃഷി. സാധാരണ ഈ നെല്ല് മലരാക്കാനും അരി പുത്തരിപ്പായസം വെയ്ക്കാനുമാണ് ഉപയോഗിക്കുക. കുയിമ്പിൽ ആലയുടെ അടുത്തു മഞ്ഞളും ഇഞ്ചിയും ചേനയും ചേമ്പും കപ്പയും നട്ടിരുന്നു. വർഷങ്ങളോളം ഞാനാണ് ഇതിനുവേണ്ടി കുഴിയെടുത്തത്.
കൈക്കോട്ടുകൊണ്ടു കൊത്തി പിന്നെ പടന്നകൊണ്ടു മണ്ണു കൂനയാക്കിയാണ് തടം കൂട്ടുക. കൈക്കോട്ടുകൊണ്ടു കുഴിക്കുമ്പോൾ കയ്യിൽ പൊക്കിള പൊന്തിയിരുന്നു. ഇതു പൊട്ടിയാൽ ഭയങ്കര നീറ്റലായിരിക്കും. ഈ ദിവസങ്ങളിൽ കരണ്ടികൊണ്ടു ചോറു കഴിച്ചിരുന്ന എനിക്ക് അമ്മമ്മ വാരിത്തരുമായിരുന്നു. പെണ്ണുങ്ങളുടെ മറ്റൊരു വരുമാനമായിരുന്നു കോഴിവളർത്തൽ. രാത്രികാലങ്ങളിൽ കുറുക്കന്മാർ കുട്ടിൽനിന്നു കോഴിയെ പിടിക്കാറുണ്ട്. കുറുക്കനെ പഴിചാരി നാട്ടുകാരിൽ ചിലരും കോഴിയെ കക്കാറുണ്ട്. കുറുക്കന്മാരുടെ ആവാസ കേന്ദ്രമായ പല സ്ഥലങ്ങളിലും ചീഞ്ഞ നാറ്റമുണ്ടാകും. കുറുക്കൻ കോഴിയെ ഉടനെ തിന്നുകയില്ല. കുറെ ദിവസം കഴിഞ്ഞു ചീഞ്ഞതിനു ശേഷമേ തിന്നുകയുള്ളൂ.
സംക്രാന്തിക്കും ചില പ്രത്യേക ദിവസങ്ങളിലും പയംകുറ്റി കലശംവെയ്പ്പ് എന്നിവ പതിവാണ്. ശ്രീ മുത്തപ്പനു വഴിപാടായി വീട്ടുമുറ്റത്തും പറമ്പിലുമാണു പയംകുറ്റി വെച്ചിരുന്നത്. നിറദീപം, ഇളനീർ, തേങ്ങ, കള്ള്, അവിൽ, ഉണക്കമീൻ, വെറ്റില, അടക്ക, കിണ്ടിയിൽ വെള്ളം, ചന്ദനത്തിരി എന്നിവയാണു പയംകുറ്റിക്കു വേണ്ടുന്ന നിവേദ്യങ്ങൾ. ഇലച്ചീന്തു കൊണ്ടു നിലത്തു ത്രികോണം മാതിരി നറുക്കിട്ട് അതിനു മുകളിൽ നാക്കിലയിലാണു നിവേദ്യങ്ങൾ സമർപ്പിക്കുക. പയംകുറ്റി വെച്ചാൽ എല്ലാവരും പ്രാർഥിച്ച് അരിചാർത്തി മാറി നിൽക്കും. കുറച്ചുകഴിഞ്ഞ് അരിയിട്ട് പയംകുറ്റി മടക്കും. നിവേദ്യത്തിൽനിന്ന് ആദ്യം കുറച്ചെടുത്തു ശ്രീ മുത്തപ്പന്റെ സന്തതസഹചാരിയായ നായക്കെന്നു സങ്കൽപിച്ചു സമർപ്പിക്കും. പിന്നിട് അടുക്കളയ്ക്കുള്ളതു മാറ്റിവെയ്ക്കും. ഇതു പെണ്ണുങ്ങൾക്കാണ്. അതിനു ശേഷമേ അവിടെ കൂടിയവർക്കു നിവേദ്യം വിതരണം ചെയ്യാവൂ എന്നാണു വിശ്വാസം. പ്രസാദമായ മധുരക്കള്ള് കുട്ടികൾക്കും നൽകിയിരുന്നു.
ശ്രീ ഭഗവതിയുടെ പ്രീതിക്കായി നടത്തിയിരുന്ന വഴിപാടു സമർപ്പണമാണു കലശംവെയ്‌പ്. എറാക്ക്, കോഴി, അവിൽ, മലർ, പുഴുങ്ങിയ ചെറുപയർ എന്നിവയാണു കലശംവെപ്പിന് ആവശ്യമായ നിവേദ്യങ്ങൾ. ആൾത്താമസമില്ലാത്ത പറമ്പുകളിലും കുന്നിൻ മുകളിലുമാണു കലശം വെച്ചിരുന്നത്. സ്ഥലം ചെത്തിവെടിപ്പാക്കി കളംവരച്ചു കോത്തിരി കത്തിച്ച് അതിനു മുന്നിലാണു നിവേദ്യം സമർപ്പിക്കുക. കോഴിയുടെ ചോര മാത്രമേ ചടങ്ങിന് ആവശ്യമുള്ളൂ. ദേവിക്കു സമർപ്പിച്ച നിവേദ്യങ്ങൾക്കൊപ്പം ചുട്ടകോഴി മാംസവും ചടങ്ങിൽ പങ്കെടുക്കാനെത്തിയവർ കഴിക്കും. ഈ ചടങ്ങിൽ സ്ത്രീകൾ പങ്കെടുക്കാനും നിവേദ്യങ്ങൾ കഴിക്കാനും പാടില്ലായിരുന്നു. അച്ഛച്ഛൻ്റെ കിഴക്കുള്ള പറമ്പിലും തൊട്ടടുത്തുള്ള കേക്കേയ്യി പൊക്കിണൻ്റെ പറമ്പിലും എല്ലാ വർഷവും കലശം വെപ്പ് നടത്തിയിരുന്നു.
കൊടുങ്ങല്ലൂർ ഭരണി ഉത്സവത്തിനു പോകുന്നതുമായി ബന്ധപ്പെട്ടു കൈവേലിക്കലെ മൂപ്പൻ്റവിട കുരുസിപൂജ നടത്താറുണ്ട്. കുരുസി കാണാൻ ഒരിക്കൽ അമ്മമ്മയോടൊപ്പം ഞാനും പോയിരുന്നു. ചെണ്ടയുടെ താളത്തിനൊത്ത് ഉറഞ്ഞു തുള്ളിയ കോമരം വാളുകൊണ്ടു സ്വന്തം നെറ്റിയിൽ കൊത്തി മഞ്ഞൾ വാരി തേച്ചിരുന്നു. കോമരത്തിൻ്റെ നെറ്റിയിൽനിന്നു ചോര ഒലിക്കുന്നതും, കോഴികളെ കഴുത്തറുത്തു വലിച്ചെറിയുന്നതും കണ്ടു പേടിച്ച ഞാൻ അമ്മമ്മയുടെ പിന്നിൽ മുഖം പൊത്തിയാണു നിന്നത്. ഉടനെ വീട്ടിൽ പോകണമെന്ന് വാശിപിടിച്ചു തിരിച്ചു വരികയായിരുന്നു. പിന്നീടൊരിക്കലും ഞാനവിടെ പോയിട്ടില്ല. കരുവാൻ, പൊട്ടി എന്നീ സൂക്കേടുകൾ വന്നാൽ വേഗം ഭേദമാകാൻ കൊടുങ്ങല്ലൂർ ദേവിക്കു നേർച്ച നേർന്നിരുന്നു. കൊടുങ്ങല്ലൂരിൽ പോകാൻ കഴിയാത്ത ദേവീഭക്തർ മൂപ്പൻ വശമാണു നേർച്ചകൾ കൊടുത്തയക്കുക. തെറിപ്പാട്ടു പാടിക്കൊണ്ടാണ് ആൾക്കാർ മീനഭരണിക്കു കൊടുങ്ങല്ലൂർ അമ്പലത്തിൽ പോകുക. അതുകൊണ്ടാണു തെറിപ്പാട്ടുകളെ കൊടുങ്ങല്ലൂർ പാട്ടെന്നും ഭരണിപ്പാട്ടെന്നും വിളിക്കുന്നത്.
കുടുംബദേവതാ സങ്കൽപ്പവുമായി ബന്ധപ്പെട്ടു ചില വീടുകളിൽ ശാക്തേയം എന്ന ചടങ്ങ് നടത്തിയിരുന്നു. ശാക്തേയത്തിൽ കൂടിയവർ മാത്രമേ ഈ ചടങ്ങിൽ പങ്കെടുക്കാൻ പാടുള്ളൂ. ബന്ധുക്കളും മറ്റു വിശ്വാസികളും പണം, വെളിച്ചെണ്ണ എന്നിവ ശാക്തേയ വീടുകളിൽ നേർച്ചയായി എത്തിക്കും. മറ്റു പൂജാദ്രവ്യങ്ങൾക്കു പുറമെ കോഴി, മദ്യം എന്നിവയാണു ശാക്തേയത്തിന്റെ പ്രധാന നിവേദ്യങ്ങൾ. പൂജ കഴിഞ്ഞാൽ വാതിലടച്ചാണു ശാക്തേയത്തിൽ ചേർന്നവർ നിവേദ്യം കഴിക്കുക. ശാക്തേയത്തിൽ ചേർന്നവർ പ്രായമേറിയാലും അസുഖം വന്നാലും നാലാളറിയാതെ മരണപ്പെടില്ലെ ന്നാണ് ആളുകളുടെ വിശ്വസം. അത്യാസന്ന നിലയിൽ കിടപ്പിലായവർ പോലും ആചാരപ്രകാരം ശാക്തേയത്തിൽ നിന്ന് ഒഴിപ്പിച്ച ശേഷമേ മരണപ്പെടുകയുള്ളു എന്നാണു കരുതുന്നത്.
അമ്മമ്മയുടെ തറവാട്ടുവകയിലെ ശാക്തേയപൂജ നടന്നിരുന്ന ചാലിൽ കിട്ടൻ്റെ വീട്ടിൽ നേർച്ച നൽകാൻ ഞാൻ പല പ്രാവശ്യം പോയിട്ടുണ്ട്. തറവാടുവീടുകളിലെ അകത്തളങ്ങളിൽ നടത്തിയിരുന്ന ഈ ചടങ്ങ് ഇപ്പോൾ വീടിനു പുറത്തു ക്ഷേത്രം സ്ഥാപിച്ചും നടത്തിവരുന്നു. മരുന്നൻപൊയിലിലെ കുണ്ടൻചാലിൽ ശാക്തേയ ക്ഷേത്രം, കൈവേലിക്കലിലെ പാലക്കണ്ടി ആരൂഢം ശാക്തേയ ക്ഷേത്രം എന്നിവയാണു പുത്തൂർ പ്രദേശത്തു ശാക്തേയ പൂജ നടത്തുന്ന പ്രധാന കേന്ദ്രങ്ങൾ. നിത്യപൂജയുള്ള ചില ദേവീക്ഷേത്രങ്ങളിലും ശിവക്ഷേത്രങ്ങളിലും അകപൂജ എന്ന പേരിൽ നടക്കുന്ന പൂജയും ശക്തിപൂജയാണ്. വഴിപാടായി ഈ പൂജ ചെയ്താൽ മാംസമാണു പ്രസാദമായി കിട്ടുക.
വസൂരി വരാതിരിക്കാൻ കുട്ടികൾക്കു കുരിപ്പു മുറിച്ചിരുന്നു. സൂചി ചൂടാക്കി കൈമുട്ടിനു മേലെയാണു കുരിപ്പ് മുറിക്കുക. ഇതിന്റെ കല ഒരിക്കലും മായില്ല. വസൂരി വന്നാൽ ആയിരം രൂപ സമ്മാനം എന്ന അറിയിപ്പ് എല്ലാ വീടുകളുടെയും വാതിൽപ്പടിയിൽ പതിച്ചിരുന്നു. വസുരിക്കെതിരെയുള്ള പ്രതിരോധ നടപടികൾ ജനങ്ങളിൽ എത്തിക്കാനും അതിനെക്കുറിച്ചുള്ള പേടി മാറ്റാനുമായിരുന്നു ഈ അറിയിപ്പ്. പഞ്ചായത്തിൻ്റെ പേരും വാർഡ് നമ്പരും വീട്ടുനമ്പരും ചേർന്നുള്ള മറ്റൊരു മഞ്ഞ കാർഡും വാതിൽപ്പടിയിൽ പതിച്ചിരുന്നു. വേനൽക്കാലത്തു പൊട്ടി വ്യാപകമായിരുന്നു. പൊട്ടി, ചെങ്കണ്ണ് എന്നിവ വന്നവർ ആളുകളുടെ മുന്നിലിറങ്ങാതെ അകത്തു കിടക്കുകയാണു പതിവ്. എക്കിൾ വന്നാൽ ഉപ്പു തിന്നാൻ പറയും. ചീത്ത പറഞ്ഞു കളിയാക്കിയാലും എക്കിൾ മാറും. കൈവിരലിൽ കരുവേല പൊന്തിയാൽ എരുക്കും ചപ്പിന്റെ പാൽ തേച്ചാണു പോക്കുക. കാലത്താൻ വീക്കം വന്നാൽ വെത്തില വെളിച്ചെണ്ണയിൽ ചൂടാക്കി തേക്കുമായിരുന്നു.
സ്‌കൂളിൽ ഇടയ്ക്കു പാമ്പാട്ടിമാരും മായാജാലക്കാരും പാട്ടുകാരും വന്നിരുന്നു. അവർക്കു കൊടുക്കാൻ പൈസ കൊണ്ടു വരണമെന്ന് അധ്യാപകർ മുൻകൂട്ടി അറിയിക്കും. സ്‌കൂൾ മുറ്റത്തു വെച്ചാണു പരിപാടികൾ. പാട്ടുകാർ ചപ്ലാംകട്ട കൊണ്ടാണു താളം പിടിച്ചിരുന്നത്. പരിപാടി തുടങ്ങുംമുമ്പ് പാമ്പാട്ടി സ്കൂൾ മുറ്റത്തു വട്ടത്തിൽ കുഴി കുഴിക്കും. മകുടി ഊതിക്കൊണ്ടു പാമ്പാട്ടി ചെറിയ കൂട്ടയിൽനിന്നു പാമ്പിനെ ഇറക്കുമ്പോൾ എല്ലാരും പിന്നോട്ടു പിന്നോട്ടു മാറി നിൽക്കും. കുഴിയിൽ തല കുത്തിയുള്ള അഭ്യാസമാണ് അവസാനത്തേത്. കുഴിയിൽ മുഖം താഴ്ത്തി വെച്ച് മണ്ണിട്ടു മൂടും. പിന്നീട് അവിടെ നിന്നു കാലുയർത്തിയുള്ള കളികളാണ്. എല്ലാവരും പൈസ ഇട്ടുകഴിഞ്ഞാൽ അയാളുടെ തല പുറത്തെടുക്കും. അധ്യാപകർ കയ്യടിക്കുമ്പോൾ ഞങ്ങൾ കൂട്ടക്കയ്യടിയായിരിക്കും.
മാജിക്കുകാരൻ കുപ്പിക്കഷ്‌ണം വായിലിട്ട് മുട്ടായി മാതിരി ചവയ്ക്കുന്നതും കടലാസുകഷണങ്ങൾ ചവച്ചരച്ചു വായിൽനിന്നു മാല മാതിരി പുറത്തെടുക്കുന്നതും തല മാത്രം കടക്കുന്ന ചെറിയ വട്ടത്തിലൂടെ ശരീരം മുഴുവൻ കടത്തുന്നതും തീപ്പന്തംകൊണ്ടു ശരീരത്തിൽ ഉരസുന്നതും പേടിയോടെയാണു ഞങ്ങൾ നോക്കി യിരുന്നത്. അദ്ദേഹത്തിന്റെ ശരീരം മുഴുവൻ കത്തിയ പാടുണ്ടായിരുന്നു. താഴെ കുന്നോത്തുപറമ്പിലെ മലക്കക്കാരൻ മൊയ്തീൻ ഗുരുക്കളാണ് ഈ പരിപാടികൾ കാണിച്ചിരുന്നത്.
അന്ധവിശ്വാസത്തിൻ്റെ കൊട്ടകയാണ് എൻ്റെ നാട്. തൊടിയിൽ കിഴക്കുവടക്കു ഭാഗത്തുനിന്നു കാക്ക കരഞ്ഞാൽ വിരുന്നുകാർ വരുമെന്നാണു വിശ്വാസം. അരി അളക്കുമ്പോൾ നാഴിതട്ടിവീണാൽ ഭക്ഷണത്തിനു പുറത്തുള്ളവർ എത്തുമെന്നുറപ്പിച്ച് കൂടുതൽ ചോറുവെയ്ക്കും. കാക്കകൾ എറേട്ടടിച്ചാലും പല്ല് പുളിച്ചാലും മരണവിവരം കേൾക്കുമെന്നാണു വിശ്വാസം. കണ്ണിന്റെ പിരിയം പിടച്ചാൽ ദുരന്തം കാണേണ്ടിവരുമെന്നും വലതുകൈ ചൊറിഞ്ഞാൽ പൈസ കിട്ടുമെന്നും ഇടതുകൈ ചൊറിഞ്ഞാൽ പൈസ നഷ്ടപ്പെടുമെന്നും നഖത്തിൽ വെള്ളപ്പാടുണ്ടായാൽ പുതു വസ്ത്രം കിട്ടുമെന്നും അറിയാതെ ചാണകം ചവിട്ടിപ്പോയാൽ വീട്ടിൽനിന്നു വെറുതെ അടികിട്ടുമെന്നും വിശ്വസിച്ചിരുന്നു. യാത്രയിൽ കറുത്ത പൂച്ചയെ കണ്ടാൽ ദുഃശകുനമാണ്. പിന്നെ യാത്ര തുടരില്ല. ഒരു ചെമ്പോത്തിനെ കണ്ടാൽ ദോഷവും രണ്ടെണ്ണത്തിനെ ഒന്നിച്ചു കാണുന്നതു നല്ലതാണെന്നും കരുതിയിരുന്നു.
കാലനെ കണ്ടാലാണു നായ്ക്കൾ ഓരിയിടുക എന്നാണ് ആളുകൾ കരുതിയിരുന്നത്. പശു അസമയത്തു പ്രത്യേക ശബ്ദത്തിൽ അമറുമ്പോഴും ഇതേ ധാരണയായിരുന്നു. പശു പ്രസവിച്ചാൽ ആദ്യത്തെ 3 ദിവസം പുലർച്ചയ്ക്കു കുട്ടിച്ചാത്തൻ പാൽ കുടിക്കാൻ വരുമെന്നും തൻ്റെ ചുരൽ ആലയുടെ വാതിക്കൽ വെക്കുമെന്നും അതു കൈക്കലാക്കിയാൽ കുട്ടിച്ചാത്തൻ അവരുടെ വരുതിയിലാവുമെന്നും അവർക്കു വലിയ ജീവിത വിജയമായിരിക്കുമെന്നും വിശ്വസിച്ചിരുന്നു. പരുന്തിൻകൂട്ടിൽ നീലക്കൊടു വേലിയുണ്ടാകും പോലും. പരുന്തിൻ കൂടെടുത്ത് ഒഴുകുന്ന വെള്ളത്തിലിട്ടാൽ നീലക്കൊടുവേലി ഒഴുക്കിനെതിരെ നീങ്ങും. നീലക്കൊടുവേലി കയ്യിലുള്ളവർക്കു തടസ്സങ്ങൾ ഉണ്ടാവില്ലെന്നും സമ്പന്നർ ആകുമെന്നുമാണു വിശ്വാസം. പക്ഷേ ഇത്തരത്തിൽ പണക്കാരനായ ഒരാളും എന്റെ നാട്ടിലില്ല.🟥
അടുത്ത അധ്യായം ▶ കല്യാണക്കോപ്പ്
മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം :
◼️അധ്യായം 1: പുഴമാത്രം മാറിയില്ല
◼️അധ്യായം 2: ഓര്‍മ്മയില്‍ ജീവിക്കുന്ന അമ്മ
◼️അധ്യായം 3: പുത്തൂരാൻ ചരിതം
◼️അധ്യായം 4: കണ്ണാരം പൊത്തിപ്പൊത്തി
◼️അധ്യായം 5: മൃതിയുടെ തിരനോട്ടം
◼️അധ്യായം 6: കൺനിറയെ ദൈവങ്ങൾ
◼️അധ്യായം 7: ഭിക്ഷാം ദേഹി
◼️അധ്യായം 8: നാട്ടുവഴിയിൽ
◼️അധ്യായം 9: ഗ്രാമീണ വിശുദ്ധി
















