‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’
ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍
![]()
ബാംഗ്ലൂർ നീലസാന്ദ്രയിലെ എൻ്റെ കരാട്ടെ ക്ലാസിൽ ഭൂരിപക്ഷവും ബേക്കറിത്തൊഴിലാളികൾ ആയിരുന്നു. ബാംഗ്ലൂരിലെ ബേക്കറിത്തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചു മനസ്സി ലാക്കാനും അവർക്കുവേണ്ടി പ്രവർത്തിക്കാനും വഴിയൊരുക്കിയത് ഇവരുമായുള്ള ബന്ധമാണ്. ബാംഗ്ലൂരിൽ ഞാൻ ഇടപെട്ട ആദ്യ പൊതുപ്രശ്നം ബേക്കറി തൊഴിലാളികളുമായി ബന്ധപ്പെട്ടതാണ്. മേസ്തിരിമാരായ ഗംഗൻ, കതിരൂരിലെ പ്രേമൻ, ഷാജി, ബാബു, സത്യൻ എന്നിവരുടെ നേതൃത്വത്തിൽ വിൽസൻ ഗാർഡനിൽ തൊഴിലാളികൾക്കായി ഒരു ഓഫീസ് പ്രവർത്തിച്ചിരുന്നു. ബേക്കറി ജോലി നഷ്‌ടപ്പെട്ടവർക്കും പുതുതായി ജോലി തേടി എത്തുന്നവർക്കും താമസവും ഭക്ഷണവും ഇവിടെ ലഭ്യമായിരുന്നു.
ബാംഗ്ളൂരിലെ മലയാളികളായ ബേക്കറി വ്യാപാരികളിൽ കൂടുതലും കണ്ണൂർ ജില്ലക്കാരാണ്. മറ്റു മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുമായി താരതമ്യം ചെയ്യുമ്പോൾ വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ കാര്യം പരിതാപകരമാണ്. പ്രതിവാര ലീവോ, ശമ്പളത്തോടുകൂടിയ ലീവോ, ഓവർടൈം ആനുകൂല്യങ്ങളോ ഇല്ലാത്ത തികച്ചും അസംഘടിത മേഖലയാണിത്. ദിവസവും 12 മുതൽ 15 മണിക്കൂർ വരെ ജോലി ചെയ്യാൻ വിധിക്കപ്പെട്ട ഇവർക്കു ശമ്പളത്തിനു പുറമെ കിട്ടിയിരുന്ന ആനുകൂല്യങ്ങൾ സൗജന്യ താമസവും ഭക്ഷണവും മാത്രമാണ്.
ബേക്കറിക്കുള്ളിലും സ്റ്റാളുകളിലും മൂന്നും നാലും വർഷം ജോലി ചെയ്തശേഷം നാട്ടിൽ പോകാൻ നിർബന്ധം പിടിക്കുമ്പോൾ ഭാരിച്ച തുക നൽകേണ്ടി വരുന്നതിനാൽ മുതലാളിമാർ തൊഴിലാളികളെ ആസൂത്രിതമായി കള്ളന്മാരായി ചിത്രീകരിക്കുന്നതു പതിവാണ്. കടകളിലെ സാമ്പത്തിക ഇടപാടു നടത്തിയിരുന്ന തൊഴിലാളികളെ കള്ളന്മാരായി മുദ്രകുത്തി ശമ്പളം നൽകാതെ പറഞ്ഞയക്കുന്നതായിരുന്നു ചില മുതലാളിമാരുടെ കാട്ടുനീതി.
മുതലാളിമാർ നാട്ടിൽ പോകാൻ അനുവദിക്കാതെ വരുമ്പോൾ ബേക്കറി ഉൽപന്നങ്ങൾ വിതരണം ചെയ്യുന്ന ജോലിക്കാർ ഒന്നോ രണ്ടോ ദിവസത്തെ നിസ്സാര കളക്‌ഷനുമായി നാട്ടിലേക്കു രക്ഷപ്പെടുക പതിവായിരുന്നു. ബേക്കറി മുതലാളിമാരുടെ ക്രൂരതയുടെ രക്തസാക്ഷിയായിരുന്നു കതിരൂരിലെ ബാബു എന്ന തൊഴിലാളി. അനുവാദമില്ലാതെ നാട്ടിലേക്കു പുറപ്പെട്ട ബാബുവിനെ ബസ്സ്റ്റാന്റ്റിൽനിന്നു മുതലാളിയും സംഘവും പിടിച്ചുകൊണ്ടുപോയി. പിറ്റേദിവസം പീനിയയിൽ തൂങ്ങിമരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. വിവരം അറിഞ്ഞു കതിരുരിലെ കരാട്ടെ പ്രേമനോടൊപ്പം ഞങ്ങൾ എത്തുമ്പോഴേക്കും മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയിരുന്നു.
ഇതിനു ശേഷമാണു സംഭവങ്ങളുടെ ചുരുൾ അഴിഞ്ഞത്. പീനിയയിലെ റൂമിൽവെച്ചാണു മുതലാളിയും സുഹൃത്തുക്കളും ബാബുവിനെ മർദിച്ച് അവശനാക്കിയത്. മുളകുപൊടി കലക്കിയ വെള്ളം കുടിപ്പിച്ചു ക്രൂരമായി പീഡിപ്പിച്ചപ്പോൾ കക്കൂസിൽ പോകണമെന്നാവശ്യപ്പെട്ട ബാബുവിനെ ക്ലോസറ്റിലെ അഴുക്ക് വെള്ളത്തിൽ മുഖം അമർത്തിപ്പിടിച്ചു. ശ്വാസംമുട്ടിയാണു ബാബു കൊല്ലപ്പെട്ടത്. കക്കുസിൽ തൂങ്ങിയ നിലയിൽ കണ്ട ബാബുവിന്റെ മൃതദേഹത്തിന്റെ കാലുകൾ ക്ലോസെറ്റിൽ മുട്ടിയിരുന്നു. ചിലർ ബാബുവിന്റെ ബന്ധുക്കളായി ചമഞ്ഞു മരണത്തിൽ സംശയമില്ലെന്ന് എഴുതിക്കൊടുത്തു മൃതദേഹം ഏറ്റുവാങ്ങിയാണു മുതലാളിമാരെ രക്ഷിച്ചത്. പോലീസിൽ പരാതിയില്ലെന്ന് എഴുതിക്കൊടുത്ത കാര്യം മനസ്സിലാക്കിയതോടെ ഒന്നും ചെയ്യാനാകാതെ ഞങ്ങൾക്കു പിൻമാറേണ്ടിവന്നു.
ഇതേപോലെ ക്രൂരമായി പീഡിപ്പിക്കപ്പെട്ട മറ്റൊരു തൊഴിലാളി കുന്നോത്തുപറമ്പിലെ തങ്കശപുരയിൽ കണാരന്റെ മകൻ ബാബു അത്ഭുതകരമായാണു രക്ഷപ്പെട്ടത്. വർഷങ്ങളായി നാട്ടിൽ വിടാതായപ്പോൾ മുതലാളി അറിയാതെ നാട്ടിലേക്കു പുറപ്പെട്ട ബാബുവിനെ കലാശിപാളയം ബസ്സ്റ്റാൻ്റിൽനിന്നാണു പിടിച്ചു കൊണ്ടുപോയത്. മുടൽപ്പാളയത്ത് രാജാ ബേക്കറിയിൽ വെച്ചു ബാബുവിനെ ക്രൂരമായി മർദിച്ചു. മരണം ഉറപ്പാക്കാൻ ഉപ്പു നഗറിലുള്ള ആൾതാമസമില്ലാത്ത റൂമിൽ പൂട്ടിയിട്ടു. അവിടെ നിന്നു ഒരു നാടോടി പയ്യൻ്റെ സഹായത്തോടെ രക്ഷപ്പെട്ട ബാബു ഹോസ്‌പിറ്റലിൽ എത്തിച്ചേർന്നു. മർദനമേറ്റ് ഇയാളുടെ വൃക്കയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. വിവരമറിഞ്ഞെത്തിയ ബന്ധുക്കൾ ബാംഗ്ലൂരിൽ നിന്നു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റിയതിനാലാണു ബാബുവിനു ജീവൻ തിരിച്ചുകിട്ടിയത്.
മുതലാളിമാർ പോലീസിനെ സ്വാധീനിച്ച് ഇതൊരു പെറ്റി കേസാക്കി. ബാബുവിൻ്റെ ബന്ധുക്കൾ കുന്നോത്തുപറമ്പിലെ അശോകൻ മാസ്റ്റർ മുഖാന്തരമാണ് എന്നെ ബന്ധപ്പെട്ടത്. കരാട്ടെ പ്രേമനും ഞാനും പ്രൊഫസർ എന്ന വിളിപ്പേരുള്ള പാനൂർ പാലത്തായി സ്വദേശിയായ ബേക്കറി മുതലാളി ബാലകൃഷ്ണനെക്കണ്ട് ഇക്കാര്യം സംസാരിച്ചു. തികച്ചും ധിക്കാരപരമായാണു ബാലകൃഷ്ണൻ ഞങ്ങളോടു പ്രതികരിച്ചത്. ഇവർക്കെതിരെ പ്രൈവറ്റ് കേസ് കൊടുക്കാനായിരുന്നു എൻ്റെ തീരുമാനം. അതിനുവേണ്ടിയുള്ള പേപ്പർ നടപടിക്രമങ്ങൾ ചെയ്യുന്നതിനിടയിലാണ് അശോകൻ മാസ്റ്റരുടെ നേതൃത്വത്തിൽ നാട്ടിൽവെച്ചു പ്രശ്നം പറഞ്ഞു തീർത്തത്. ശ്രീരാംപുര കുമാരനാണ് അശോകൻ മാസ്റ്റരുമായി ബന്ധപ്പെട്ടു ബാബുവിനു തുച്ഛമായ നഷ്ടപരിഹാരം നൽകി പ്രശ്നം തീർത്തത്. പാനൂർ കണ്ണംവെള്ളി സ്വദേശിയും സജീവ സിപിഎം പ്രവർത്തകനുമായ കുമാരൻ്റെ ആദ്യ വ്യാപാരസ്ഥാപനം ബാംഗ്ലൂർ ശ്രീരാംപുരയിലാണ്. ഇതാണ് ശ്രീരാംപുരം കുമാരൻ എന്ന വിളിപ്പേരിനു കാരണം. കതിരൂർ പ്രസാദ്, നരേന്ദ്രൻ കടവത്തൂർ എന്നിവരും ബേക്കറിയിൽ വെച്ചു ആക്രമണത്തിന് ഇരയായിട്ടുണ്ട്. കൂടാതെ അണിയരം ചിത്രൻ, കാമക്ഷി പാളയം ചിത്രാ ബേക്കറിയിൽ സംശയകരമായ രീതിയിൽ മരണപ്പെട്ടിരുന്നു.
വിൽസൺ ഗാർഡനിലെ കൂട്ടായ്‌മയുടെ പ്രവർത്തനഫലമായി തൊഴിലാളികൾ ശമ്പളം മുൻകൂട്ടിയുറപ്പിച്ചു ജോലിക്കു കയറാനും പ്രാഥമിക സൗകര്യങ്ങൾ ആവശ്യപ്പെടാനും അവകാശങ്ങൾ ചോദിച്ചു വാങ്ങാനും തുടങ്ങിയതോടെയാണു മുതലാളിമാരുടെ മുഷ്ക്കിനു ശമനമുണ്ടായത്. ഇതോടെ തൊഴിലാളി കൂട്ടായ്മ മുതലാളിമാരുടെ കണ്ണിലെ കരടായി; ഒപ്പം ഞാനും. ഇതു തകർക്കാൻ മലയാളികളായ മുതലാളിമാർ രംഗത്തിറങ്ങി. പ്രത്യേകിച്ചും കണ്ണൂർ ജില്ലയിലെ ബേക്കറി മുതലാളിമാർ.
ഇതിനായി അവർ തൊഴിലാളി-മുതലാളി സംയുക്ത സംഘടന രൂപീകരിച്ചു. ശ്രീരാംപുരം കുമാരൻ, ദേറോത്ത് അനന്തൻ, ആര്യപ്പള്ളി നാണു, പി കെ നാണു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഈ സംഘടന. തൊഴിലാളികളെ രണ്ടു തട്ടിലാക്കുകയായിരുന്നു ഈ സംഘടനയുടെ മുഖ്യ ലക്ഷ്യം. സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടുകളെ തുടർന്നു മാസങ്ങൾക്കു ള്ളിൽ ഈ സംഘടന നാമാവശേഷമായി. മുതലാളിമാർ ആഗ്രഹിച്ചതുപോലെ കാലക്രമേണ വിൽസൺ ഗാർഡനിലെ തൊഴിലാളി കൂട്ടായ്മയും നിർജീവമായി.
തൊഴിലാളി-മുതലാളി സംഘടന തകർന്നശേഷം ജി കെ കുട്ടിയുടെ നേതൃത്വത്തിൽ മുതലാളിമാർ മാത്രമായി ഒരു സംഘടന രൂപീകരിച്ചു. ജോലിക്കാർക്ക് അപകടം പറ്റിയാലും മരണം സംഭവിച്ചാലും മുതലാളിമാരെ സഹായിക്കാനെന്ന പേരിലാണ് ഈ സംഘടന രൂപംകൊണ്ടത്. ഇതിനായി ഒരു നിശ്ചിത തുക മുതലാളിമാരിൽനിന്നു പ്രതിമാസം സമാഹരിച്ചിരുന്നു. ആദ്യ കാല സാരഥികളായ ഭാനു, സുദർശൻ എന്നിവരുടെ ആത്മാർഥ പ്രവർത്തന ഫലമായി ഈ സംഘടന ഏറെ മുന്നോട്ടു പോയിരുന്നു. ചിലരുടെ വഴിവിട്ട ഇടപെടലോടെയാണു വൻ സാമ്പത്തിക ബാധ്യതയിലകപ്പെട്ട ഈ സംഘടനയുടെ പ്രവർത്തനം നിലച്ചത്. കോൺഗ്രസ് നേതാവും കർണാടക മന്ത്രിയുമായ എസ് രമേശിന്റെ അടുത്ത അനുയായിയായിരുന്നു ജികെ കുട്ടി എന്ന ജി ഗോവിന്ദൻകുട്ടി. ശ്രീ നാരായണ സംഘടനകളുമായി അകലം പാലിച്ചിരുന്ന അദ്ദേഹം മകളുടെ വിവാഹവുമായി ബന്ധപ്പെട്ടു ജാതി ബന്ധം ആവശ്യമായി വന്നപ്പോഴാണു ബാംഗ്ലൂർ ശ്രീ നാരായണ സമിതിയിൽ അംഗത്വമെടുത്തത്. അദ്ദേഹത്തിനു ഞാനാണ് അംഗത്വം എടുത്തു കൊടുത്തത്.
അപകടമരണങ്ങൾ ഉണ്ടാക്കുന്ന മാനസികാഘാതം വളരെ വലുതാണ്. എൻ്റെ ഓർമയിലെ ആദ്യ അപകടമരണം ദാറു ചെട്ടിയാരുടെ മകൻ രാഘവൻ്റെ മകളുടേതാണ്. ആനപ്പാലത്തു നിന്നു കൂറ്റേരി അരീക്കലെ അമ്മവീട്ടിൽ പോകുമ്പോഴാണു രതിപ എന്ന കൊച്ചുകുട്ടി ബസിനടിയിൽപെട്ടു മരിച്ചത്. അമ്മ പത്മയോടൊപ്പം കൂറ്റേരി റേഷൻ പീടികയ്ക്കുമുന്നിൽ ബസ് ഇറങ്ങിയ കുട്ടി ബസിൻ്റെ മുന്നിൽകൂടി റോഡ് മുറിച്ചു കടക്കുമ്പോൾ അതേ ബസിടിച്ചാണു മരണപ്പെട്ടത്.
1977ൽ കുയിമ്പിൽ വീടിൻ്റെ മുന്നിൽവെച്ചു നടന്ന അപകടത്തിലാണു കല്ലുവളപ്പിലെ കുറിച്ചിയിൽ കുഞ്ഞമ്പു ഡ്രൈവർ മരണപ്പെട്ടത്. കുന്നോത്തുപറമ്പിൽനിന്നു വരികയായിരുന്ന ജീപ്പ് നിയന്ത്രണംവിട്ടു മതിലിലിടിച്ചതു കണ്ട് എതിർദിശയിൽ നിന്നു വന്ന ലോറി നിർത്തി താഴെയിറങ്ങിയ ഡ്രൈവർ കുഞ്ഞമ്പു ജീപ്പിന്റെ പിൻവശത്തുകൂടി ഉള്ളിലേക്കു നോക്കുമ്പോഴാണ് അപായപ്പെട്ടത്. ന്യൂട്രലിലായിരുന്ന ലോറി പിറകോട്ടു നിരങ്ങിവന്ന് ഇടിച്ചാണ് ജീപ്പിനും ലോറിക്കും ഇടയിൽപ്പെട്ട് ചതഞ്ഞു മരിച്ചത്.
പിറ്റെന്നു സംഭവസ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റുനു വേണ്ട എഴുത്തുകുത്തുകൾ നടത്തിയത് കുയിമ്പിൽ വെച്ചാണ്. സാക്ഷിയായി മഹസറിൽ ഒപ്പിടാൻ പോലീസ് ആവശ്യപ്പെട്ടപ്പോൾ പല കാരണങ്ങൾ പറഞ്ഞു മാമൻ ഒഴിഞ്ഞുമാറി. ദുബായിൽ പോകാനുള്ള തയ്യാറെടുപ്പിലായതു കൊണ്ടാണ് ഇൻക്വസ്റ്റിൽ ഒപ്പിടാൻ മാമൻ വിസമ്മതിച്ചത്.
1988 ഓഗസ്റ്റ് 26നാണു കൈവേലിക്കലെ ബാബു എന്ന 22കാരൻ ബാംഗ്ലൂരിൽ അപകടത്തിൽ മരിച്ചത്. ബേക്കറി തൊഴിലാളിയായ ബാബു തിരുവോണനാളിൽ കന്നഡക്കാരനായ സുഹൃത്തുമൊത്തു നന്ദിഹിൽ കാണാൻ പോയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ച സ്‌കൂട്ടറിൽ ലോറിയിടിച്ചാണ് ധാരുണമായ മരണം നടന്നത്.
1989 ഫെബ്രുവരി 19നാണു പാറാട് നൂഞ്ഞമ്പ്രത്തെ 13കാരൻ രാജേഷ് പാനൂരിൽ അപകടത്തിൽ മരിച്ചത്. കുടുംബത്തോടൊപ്പം ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽ പോകുമ്പോഴായിരുന്നു അപകടം. ഈ വിദ്യാർഥിയുടെ ഓർമയ്ക്കായി നുഞ്ഞമ്പ്രത്ത് രാജേഷ് സ്മാരക വായനശാല പ്രവർത്തിക്കുന്നു.
1989 ഏപ്രിൽ 5നാണു പുത്തൂർ പോസ്‌റ്റ് ഓഫീസിനടുത്തുള്ള വണ്ണാട്ട് ബാലൻ തൃശൂരിൽ ജീപ്പ് അപകടത്തിൽ മരണപ്പെട്ടത്. അദ്ദേഹത്തിന്റെ സ്‌മരണയ്ക്കായി പുത്തൂർ പോസ്‌റ്റ് ഓഫീസിന് എതിർവശത്തു വണ്ണാട്ട് ബാലൻ മെമ്മോറിയൽ ബസ് ഷെൽട്ടർ ഉണ്ട്.
1990 ഫെബ്രുവരി 14നു ബാംഗ്ലൂരിൽ ഇന്ത്യയെ ഞെട്ടിച്ച വിമാന അപകടം ഉണ്ടായത്. ബോംബെയിൽ നിന്നു ബാംഗ്ലുരിലേക്കുള്ള ഇന്ത്യൻ എയർ ലൈൻസിൻ്റെ യാത്രാവിമാനമാണ് ഡൊംലൂരിൽ തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 146 പേരിൽ 92 പേർ വെന്തുമരിച്ചു. മാറത്തഹള്ളിയിലെ താമസസ്ഥലത്തേക്കു പോകുന്ന വഴിയാണു ഞാൻ അപകടം കണ്ടത്.
1990 ഏപ്രിൽ 23നു മാനന്തവാടി ചുരത്തിലുണ്ടായ അപകടത്തിലാണു കുന്നോത്തുപറമ്പിലെ ലോറിഡ്രൈവർ കോട്ടായിന്റ വിട കുഞ്ഞിക്കൃഷ്‌ണൻ മരണപ്പെട്ടത്. വൈക്കോലുമായി വരികയായിരുന്ന ലോറി പെരിയ പത്താംവളവിൽ വെച്ചാണ് അപകടത്തിൽപെട്ടത്. വൈക്കോൽ വ്യാപാരി കൈവേലിക്കലിലെ തയങ്ങോട്ട് കണ്ണൻ എന്നയാൾക്കും ഈ അപകടത്തിൽ സാരമായി പരിക്കേറ്റിരുന്നു. ലോറി ക്ലീനറായിരുന്ന കടുംങ്ങാംപൊയിലിലെ പുരുഷുവാണു വാഹനാപകടത്തിൽ മരിച്ച മറ്റൊരു ഹതഭാഗ്യൻ. മൈസൂരിൽ വൈക്കോൽ കയറ്റാൻ എത്തിയപ്പോഴാണ് ഇയാൾ അപകടത്തിൽപെട്ടത്.
1990 ഓഗസ്റ്റിൽ സെൻട്രൽ പുത്തൂർ എൽപി സ്‌കൂളിന്റെ മുന്നിൽ ലോറിതട്ടി വിദ്യാർഥി മരിച്ചതാണു മറ്റൊരപകടം. പതിനൊന്നരയുടെ ഇടവേളയിലാണു മരുന്നൻപൊയിലിലെ പാറായി കുഞ്ഞിരാമൻ്റെ ഇളയ മകൻ രണ്ടാം ക്ലാസുകാരനായ പ്രദീപൻ ലോറിയിടിച്ചു മരിച്ചത്.
1993 ഓഗസ്റ്റ് 23നു കുളിച്ചാലിലെ കൊട്ടാരത്തിൽ ശ്രീധരൻ ഗൾഫിൽ മരിച്ചു. ആഴ്‌ചകൾക്കു ശേഷമാണു മൃതദേഹം നാട്ടിൽ എത്തിക്കാൻ കഴിഞ്ഞത്. കൊളവല്ലൂർ യുപിയിൽ എന്റെ സഹപാഠിയായിരുന്നു ശ്രീധരൻ.
1998 ജനുവരി 20നായിരുന്നു ചെറുപ്പറമ്പിലെ പാറായി ചന്ദ്രന്റെ ദാരുണാന്ത്യം. യൂത്ത് കോൺഗ്രസിൻ്റെ സജീവ പ്രവർത്തകനായ അദ്ദേഹം സുഹൃത്തിനെ സഹായിക്കാൻ പോയപ്പോഴാണ് അപടകത്തിൽപ്പെട്ടത്. വ്യാപാരിയായ ചന്ദ്രൻ ചെറുപ്പറമ്പിലെ തന്റെ സ്ഥാപനത്തിൽ ഇരിക്കുമ്പോഴാണു മരം കയറ്റാൻ സുഹൃത്തു വിളിച്ചത്. മരം കയറ്റി വരുമ്പോൾ കൂറ്റേരി കെ സി മുക്കിൽ വെച്ച് ടെമ്പോയിൽനിന്നു തെറിച്ചുവീണാണ് ചന്ദ്രൻ അപകടത്തിൽപെട്ടത്. അദ്ദേഹത്തിൻ്റെ ഓർമയ്ക്കായി ചെറുപ്പറമ്പിൽ പാറായി ചന്ദ്രൻ സ്മാരക റോഡ് ഉണ്ട്.
1999 ജനുവരി 3നാണു പുല്ലാഞ്ഞിയോട്ട് കാവിനടുത്ത ഷാജി, സുരേന്ദ്രൻ എന്നീ യുവാക്കൾ കണ്ണൂരിൽ ഓട്ടോ അപകടത്തിൽ മരിച്ചത്. പിയർലെസ്സ് ഏജൻ്റായിരുന്ന സുരേന്ദ്രന്റെ സുഹൃത്തുക്കളെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ യാത്രയയക്കാൻ പോയപ്പോഴാണ് ഓട്ടോ അപകടത്തിൽ പെട്ടത്.
1999ലെ ഓണപ്പിറ്റേന്ന് ഓഗസ്റ്റ് 26നു പാനൂരിൽ നിന്നു ബാംഗ്ലൂരിലേക്കു സർവീസ് നടത്തുന്ന രമ്യാ ബസ് ബിടദിക്കടുത്ത് അപകടത്തിൽപ്പെട്ടു. ആ സംഭവത്തിൽ 5 പേർക്കു ജീവൻ നഷ്ടപ്പെട്ടു. വിവരമറിഞ്ഞ് എം കെ സോമനും രമ്യാ രാഘവനും ഞാനും അപകടസ്ഥലത്ത് എത്തുമ്പോൾ മൃതദേഹങ്ങൾ ബിടദി ആശുപത്രിയിലേക്കു മാറ്റിയിരുന്നു.
ചേരിക്കലിലെ തങ്കേശപ്പുരയിൽ നാരായണൻ, സഹോദ രപുത്രൻ ഗോപാലൻ എന്നിവരാണു മരിച്ച കുന്നോത്തുപറമ്പുകാർ. ഹൃദയ ചികിത്സയ്ക്കായി ബാംഗ്ലൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബന്ധുവിൻ്റെ ഓപ്പറേഷന് ആവശ്യമായ പണവുമായി വരികയായിരുന്നു നാരായണനും ഗോപാലനും. ഇവരോടൊപ്പം ഉണ്ടായിരുന്ന സെൻട്രൽ പുത്തൂർ എൽപി സ്‌കൂളിനടുത്ത യേശു കൃഷ്ണനാണ് അപകടശേഷം പണം നഷ്‌ടപ്പെടാതെ സൂക്ഷിച്ചത്. പാനൂരിനടുത്ത മൊകേരിയിലെ ഒരാളും മട്ടന്നൂരിലെ ഒരു മുസ്ലീം യുവാവും ഒരു കന്നഡക്കാരനുമാണു മരിച്ച മറ്റുള്ളവർ. പോസ്റ്റ് മോർട്ടത്തിനു ശേഷം വൈകിട്ടാണു മൃതദേഹങ്ങൾ നാട്ടിലേക്ക് അയച്ചത്. മലബാർ മുസ്ലിം അസോസിയേഷൻ പ്രവർത്തകരുടെ സഹായം കൊണ്ടാണു മൃതദേഹങ്ങൾ അന്നുതന്നെ പോസ്റ്റ് മോർട്ടം ചെയ്യാൻ കഴിഞ്ഞത്.
സെൻട്രൽ പുത്തൂരിലെ ചാത്തൻവെള്ളി ചന്ദ്രനാണു ബാംഗ്ലൂരിൽ അപകടത്തിൽ മരിച്ച മറ്റൊരു ഹതഭാഗ്യൻ. 2000ൽ ബന്നാർഘട്ട റോഡിൽ കോളിഫാം എന്ന സ്ഥലത്താണു ചന്ദ്രൻ ബസിടിച്ചു മരിച്ചത്. ജോലി ചെയ്‌തിരുന്ന ബേക്കറിയിൽ നിന്നു താമസസ്ഥലത്തേക്കു പോകുമ്പോൾ സ്റ്റാൻ്റിൽനിന്നു പിന്നോട്ടെടുത്ത ബസിനടിയിൽ പെട്ടാണു ചന്ദ്രൻ്റെ ജീവൻ നഷ്‌ടമായത്.
ചെറുപ്പറമ്പിലെ നാരായണൻ പ്രഭാത സഞ്ചാരത്തിനിടെയാണു മൈസൂരിൽ വാഹനം തട്ടി മരിച്ചു. നാരായണന്റേതു കൊല പാതകമാണെന്നണു ബന്ധുക്കളുടെ പരാതി. നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു നാരായണൻ്റെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു നിവേദനങ്ങൾ നൽകിയിരുന്നു.
കല്യാണം കഴിഞ്ഞു ദിവസങ്ങൾക്കുള്ളിലാണു താഴെ കുന്നോത്തുപറമ്പിലെ പ്രവീൺ വാഹനാപകടത്തിൽ പെട്ടത്. അമ്മാമന്റെ ചികിത്സാർഥം കോഴിക്കോട്ടേക്കു പോകുമ്പോൾ 2003 നവംബർ 27നാണ് ഇവർ സഞ്ചരിച്ച കാർ ബസുമായി കൂട്ടിയിടിച്ചത്. ബാംഗ്ലൂരിൽ വ്യാപാരിയായ പ്രവീണും അമ്മാമൻ കുമാരൻ മാസ്റ്ററും തൽക്ഷണം മരിച്ചു. വർഷങ്ങൾക്കുമുമ്പു നടന്ന അപകടത്തിൽ ഒരു കാൽ നഷ്‌ടപ്പെട്ട ചാമി എന്ന തമിഴ്‌നാട്ടുകാരനും ഇവരോടൊപ്പം കാറിലുണ്ടായിരുന്നു. ചെറുപ്പറമ്പിലെ പൂക്കച്ചവടക്കാരനായ അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു.
2004 ഏപ്രിൽ 17നു രാവിലെയാണു പ്രശസ്‌ത സിനിമാ താരം സൗന്ദര്യ ബാംഗ്ലൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചത്. ബീജെപിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു പോകുന്നതിനിടയിലാണു തൻ്റെ സഹോദരൻ അമർനാഥിനോടൊപ്പം അപകടത്തിൽ പെട്ടത്. കെ എസ് സൗമ്യ എന്ന സൗന്ദര്യ സിനിമാ രംഗത്തു തിളങ്ങി നിൽക്കുമ്പോൾ 32-ാം വയസ്സിലാണു അകാല മൃത്യുവിന് ഇരയായത്. 2003ൽ പി വാസു സംവിധാനം ചെയ്ത ഡോ. വിഷ്ണുവർധൻ്റെ ആപ്‌തമിത്ര എന്ന സിനിമയുടെ ഷൂട്ടിങ്ങ് സമയത്താണു ഞാൻ സൗന്ദര്യയുമായി പരിചയത്തിലായത്. രമേശ് അരവിന്ദ്, ശിവരാമണ്ണ, സൗന്ദര്യ തുടങ്ങിയവരായിരുന്നു ഈ ചിത്രത്തിലെ പ്രധാന താരങ്ങൾ.
2007ലാണു ബന്നാർഘട്ട റോഡിലെ ഗൊട്ടിക്കരയിൽ നടന്ന വാഹനാപകടത്തിൽ ബേക്കറിത്തൊഴിലാളിയായ കണ്ണൂർ തളിപ്പറമ്പിലെ സുമേഷ് മരണപ്പെട്ടു. ചെറുപ്പറമ്പിലെ ചന്ദ്രന്റെ ബേക്കറിയിലെ തൊഴിലാളിയായ അദ്ദേഹം മാർക്കറ്റിൽനിന്നു സാധനങ്ങളുമായി വരുമ്പോഴാണു അപകടത്തിൽപെട്ടത്. അദ്ദേഹത്തിന്റെ വീട്ടിലെ ദയനീയ അവസ്ഥയാണു മൃതദേഹവുമായി നാട്ടിലെത്തിയവർക്കു കാണാൻ കഴിഞ്ഞത്. വീട്ടിൽ സ്ഥലം ഇല്ലാത്തതിനാൽ റോഡിൻ്റെ ഓരം ചേർന്നാണു മൃതദേഹം സംസ്കരിച്ചത്. ഉടനെ ഞങ്ങൾ ബാംഗ്ലൂരിൽ ധനസമാഹരണം നടത്തി. മന്ത്രി ശ്രീമതി ടീച്ചറാണു പൊതുവേദിയിൽവെച്ച് ഞങ്ങളുടെ സഹായധനം സുമേഷിൻ്റെ കുടുംബത്തിനു കൈമാറിയത്. ഈ പ്രവർത്തനമാണു ബണാർഘട്ടയിലെ സൗത്ത് ബാംഗ്ലൂർ കേരള സമാജത്തിന്റെ പിറവിക്കു കാരണമായത്.
2015 ഫെബ്രുവരി 13നാണു ബംഗളൂരുവിൽ നിന്നു രാവിലെ 6.15നു പുറപ്പെട്ട ബാംഗ്ലൂർ-എറണാകുളം ഇൻ്റർ സിറ്റി എക്സ്പ്രസ് ട്രെയിൻ അപകടത്തിൽപെട്ടത്. ബംഗളൂരുവിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള തമിഴ്‌നാട്ടിലെ ഹൊസൂറിനടുത്തു രാവിലെ 7.35നാണു ട്രെയിൻ പാളം തെറ്റിയത്. ഒമ്പത് യാത്രക്കാർക്കു ജീവൻ നഷ്‌ടപ്പെട്ട ഈ അപകടത്തിൽ നൂറിലധികം പേർക്കു പരുക്കേറ്റിരുന്നു. മരണപ്പെട്ടവരെയും പരുക്കേറ്റവരെയും ട്രെയിൻ വെട്ടിപ്പൊളിച്ചു പുറത്തെടുക്കുന്ന കാഴ്‌ച ഹൃദയഭേദക മായിരുന്നു. ബംഗളൂരുവിൽനിന്നു ധരാളം ആംബുലൻസുകൾ എത്തിച്ചതുകൊണ്ടാണു സാരമായി പരുക്കേറ്റ പലരുടെയും ജീവൻ രക്ഷിക്കാനായത്. നിരവധി മലയാളി സംഘടനകൾ രക്ഷാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
1992വരെ ബാംഗ്ലൂരിൽ അപകട മരണങ്ങളിൽ പോസ്റ്റ് മോർട്ടം കഴിഞ്ഞാൽ ഭൗതികശരീരം നാട്ടിൽ കോണ്ടുപോകാൻ പോലീസ് കമ്മീഷണറുടെ അനുമതിപത്രം വേണമായിരുന്നു. ചില സമയങ്ങളിൽ ഇതു വലിയ ബുദ്ധിമുട്ടായിരുന്നു. ഈ പ്രശ്നം 1992ൽ പോലീസ് കമ്മീഷണറായിരുന്ന രാമലിംഗം ഐപിഎസിന്റെ മുന്നിൽ ഞാൻ അവതരിപ്പിച്ചിരുന്നു. അതിനുശേഷമാണു പോലീസ് അനുമതിപത്രം നിർത്തലാക്കി പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റ് മാത്രം മതിയെന്നാക്കിയത്. പിന്നീടു വിക്ടോറിയ മെഡിക്കൽ കോളേജിൽ 24 മണിക്കൂറും പോസ്റ്റ്മോർട്ടം നടത്താൻ തുടങ്ങിയതോടെ മൃതശരീരം നാട്ടിൽ കോണ്ടുപോകാനുള്ള പ്രയാസങ്ങൾക്ക് അയവുവന്നു.
ബാംഗ്ലൂരിലും നാട്ടിലും വാഹനാപകടങ്ങളിൽ നിരവധി ആളുകൾ മരണപ്പെട്ടിട്ടുണ്ട്. എനിക്കു അറിയാവുന്നതും പലവിധത്തിൽ ബന്ധപ്പെട്ടതുമായ ചില സംഭവങ്ങൾ മാത്രമാണ് ഇവിടെ കുറിച്ചത്. നിരവധി പോലീസ് കേസുകളിലും അപകടങ്ങളിലും സഹായങ്ങൾ ചെയ്യാൻ എനിക്കു കഴിഞ്ഞിട്ടുണ്ട്.
ഒരു യുവാവിൻ്റെ മരണവുമായി ബന്ധപ്പെട്ടു മരുന്നൻപൊയിലിലെ തുപ്പനാർത്ത് ബാബുവിനെ കെങ്കേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചിലർ വിളിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഞാൻ സ്റ്റേഷനിൽ ചെന്നപ്പോഴാണ് അച്ഛച്ഛൻ്റെ അനന്തരവൻ അനന്തന്റെ മകൻ ബാബുവാണു കസ്റ്റഡിയിലുള്ളത് എന്നു മനസ്സിലായത്. രാജാജി നഗറിനടുത്തു കുറുവനഹള്ളിയിൽ അനാദി കച്ചവടം നടത്തിയ ബാബുവിൻ്റെ സുഹൃത്തായിരുന്നു കൊല്ലപ്പെട്ട യുവാവ്. മൃതദേഹം കുമ്പളക്കോട് റെയിൽവേ ട്രാക്കിൽ കാണപ്പെട്ട സംഭവമാണു ബാബുവിനെ അറസ്റ്റു ചെയ്യാൻ കാരണം.
മൃതദേഹം കാണപ്പെട്ടതിന്റെ തലേന്നാൾ ഈ തമിഴ് യുവാവിനെ അവസാനമായി കണ്ടതു ബാബുവിൻ്റെ കൂടെയായിരുന്നു. മാത്രമല്ല ബാബുവിൻ്റെ ടീ ഷർട്ടാണു മരണപ്പെട്ട യുവാവ് ധരിച്ചിരുന്നത്. ഇതും സംശയത്തിനു ബലമേകി. വർഷങ്ങളായി ഉറ്റ സുഹൃത്തുക്കളായിരുന്ന ബാബുവും തമിഴ് യുവാവും വസ്ത്രങ്ങൾ മാറി ധരിക്കുന്നതും, ഒന്നിച്ചു സിനിമയ്ക്കു പോകുന്നതും പതിവായിരുന്നു. തലേ ദിവസം ഒന്നിച്ചു കണ്ടിരുന്നെങ്കിലും ബാബു മുഴുവൻ സമയവും കടയിൽ ഉണ്ടായിരുന്ന യാഥാർഥ്യം യുവാവിന്റെ ബന്ധുക്കളെക്കൊണ്ട് ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തിയാണു കൊലക്കേസിൽനിന്നു ബാബുവിനെ എനിക്കു രക്ഷിക്കാൻ കഴിഞ്ഞത്.
🟥
അടുത്ത അധ്യായം ▶ മദുവേ മാഡി നോഡു
മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം :
◼️അധ്യായം 1: പുഴമാത്രം മാറിയില്ല
◼️അധ്യായം 2: ഓര്‍മ്മയില്‍ ജീവിക്കുന്ന അമ്മ
◼️അധ്യായം 3: പുത്തൂരാൻ ചരിതം
◼️അധ്യായം 4: കണ്ണാരം പൊത്തിപ്പൊത്തി
◼️അധ്യായം 5: മൃതിയുടെ തിരനോട്ടം
◼️അധ്യായം 6: കൺനിറയെ ദൈവങ്ങൾ
◼️അധ്യായം 7: ഭിക്ഷാം ദേഹി
◼️അധ്യായം 8: നാട്ടുവഴിയിൽ
◼️അധ്യായം 9: ഗ്രാമീണ വിശുദ്ധി
◼️അധ്യായം 10: ശാക്തേയം
◼️അധ്യായം 11: കല്യാണക്കോപ്പ്
◼️അധ്യായം 12: പുളിമുറികല്യാണം
◼️അധ്യായം 13: മാമ്പഴക്കാലം
◼️അധ്യായം 14: ജലവിനോദങ്ങൾ
◼️അധ്യായം 15: പൊലോളി
◼️അധ്യായം 16: വിനോദ യാത്ര
◼️അധ്യായം 17: സത്യൻ പുത്തൂർ
◼️അധ്യായം 18: അങ്ങാടിപ്പഴമ
◼️അധ്യായം 19: പോലീസ് ഞങ്ങൾക്ക് പുല്ലാണ്
◼️അധ്യായം 20: പുത്തനമ്പലം
◼️അധ്യായം 21: ഉദ്യാന നഗരിയിലേക്ക്
◼️അധ്യായം 22: ഘെരാവോ
◼️അധ്യായം 23: ഒരു പുരത്തറ
◼️അധ്യായം 24: ജാതീയതയുടെ രക്തസാക്ഷി
◼️അധ്യായം 25: കുറുപ്പാൾ
◼️അധ്യായം 26: ഡിസ്കോ ഡാന്‍സര്‍
◼️അധ്യായം 27: ആയോധനക്കളരിയിൽ
◼️അധ്യായം 28: അപകടം വഴി കാട്ടുന്നു
◼️അധ്യായം 29: ദേശാടനം
◼️അധ്യായം 30: കരാട്ടെ പട്ടു
◼️അധ്യായം 31: ഫിസ്‌റ്റ് ഇന്ത്യ
◼️അധ്യായം 32: പാൽമേഘക്കടലിൽ
















