ബെംഗളൂരു: മൗവ്വഞ്ചേരി മഹൽ ബെംഗളൂരു ശാഖാ കമ്മിറ്റി ഏര്പ്പെടുത്തിയ പാറമ്മൽ അബ്ദുൽ ഖാദർ ഹാജി സ്മാരക പ്രഥമ സാമൂഹിക നീതി പുരസ്കാരം ബെംഗളൂരുവിലെ പ്രമുഖ അഭിഭാഷകനും പൊതുപ്രവർത്തകനും എഴുത്തുകാരനുമായ അഡ്വ. പി ഉസ്മാന്. സാമൂഹിക പ്രശ്‌നങ്ങളിൽ പ്രതിബദ്ധതയോടെ ഇടപെട്ട് നീതിക്കായ് നടത്തിയ പോരാട്ടങ്ങൾ മുൻനിർത്തിയാണ് ഈ അവാർഡിന് അദ്ദേഹത്തെ തിരെഞ്ഞെടുത്തത്.
ഒക്ടോബർ മൂന്നിന് മൈസൂർ റോഡിലെ എം എം എ കർണാടക മലബാർ സെൻ്റർ ഓഡിറ്റോറിയത്തിൽ നടക്കുന്ന മൗവ്വഞ്ചേരി മഹൽ സംഗമത്തിൽ വെച്ച് അദ്ദേഹത്തിന് പുരസ്‌കാരം നൽകും.
ബെംഗളൂരുവില്‍ ജോലി, കച്ചവടം, ഉപരിപഠനം എന്നിവക്കായി എത്തിയ മുഴുവൻ മൗവ്വഞ്ചേരി മഹൽനിവാസികളേയും കുടുംബസമേതം ഏകോപിപ്പിച്ച് നടത്തുന്ന സംഗമമാണ് മൗവ്വഞ്ചേരി മഹൽ സംഗമം. ഏകദേശം ഇരുന്നൂറ്റി അമ്പതോളം പേർ ഇതിന്നകം റജിസ്റ്റ്രർ ചെയ്ത് കഴിഞ്ഞതായി ശാഖാ പ്രസിഡന്റ് വി സി അബ്ദുൽ കരീം ഹാജി അറിയിച്ചു.
സംഗമത്തിൽ ഇസ്ലാമിക കലാമത്സരങ്ങളും വിജയികൾക്ക് സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട് . ചടങ്ങിൽ മഹല്ല് നിവാസികളായ പൂർവ്വകാലങ്ങളിൽ ബെംഗളൂരുവിലെവിവിധ മേഖലകളിൽ പ്രവർത്തിച്ച എഴുപത് വയസ്സിൻ മുകളിലുള്ള അഞ്ച് വ്യക്തികളെയും പ്രഫഷണൽ ഡിഗ്രി കരസ്ഥമാക്കി സേവന രംഗത്തിറങ്ങിയ യുവതലമുറക്കാരെയും ആദരിക്കുന്ന ചടങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്. സംഗമത്തിന്റെ ഏകോപനത്തിനായി പി എം മുഹമ്മദ് ബാവലി, സുബൈർ കായക്കോടി, മുഹമ്മദ് സിറാജ് ഹുദവി എന്നിവരെ യോഗം തിരഞ്ഞെടുത്തു. യോഗത്തിൽ
ടി സി സിറാജ്, കെ കെ സലീം, വി സി മുനീർ, ടി സി സാലി, കെ കെ ഷമീം, ടി സി ശബീർ, ഫസലുറഹ്‌മാൻ, ടി സി മുനീർ, നസീർ പി, കെ സി അശ്റഫ് എന്നിവർ സംസാരിച്ചു.
SUMMARY: Adv. P. Usman receives the inaugural Haji Parammal Abdul Khader Memorial Social Justice Award.
















