‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’
ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍
![]()
1989 ജൂണിലാണു ബാംഗ്ലൂർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഫൈറ്റ് മാസ്റ്റേഴ്സ‌് കോഴ്‌സിൻ്റെ തലവനായി എന്നെ നിയമിച്ചത്. ഇവിടെ പ്രവർത്തിക്കുമ്പോഴാണു സിനിമയുടെ അണിയറ പ്രവർത്തനങ്ങളെക്കുറിച്ചു മനസ്സിലാക്കാൻ കഴിഞ്ഞത്. ഇൻസ്റ്റിറ്റ്യൂട്ടിലെ എൻ്റെ വിദ്യാർഥികളിൽ പലരും കന്നഡ സിനിമയിൽ പല മേഖലകളിലും പ്രശസ്‌തരായി. സിനിമ നിർമിക്കാനായി സ്റ്റുഡന്റായ വിവേകും ഞാനും നിരവധി പ്രൊജക്റ്റുകൾ ചർച്ച ചെയ്തെങ്കിലും ഒന്നും നടന്നില്ല.
ഇതിനിടയിലാണ് 1996ൽ ജീവൻ ടോണിൻ്റെ പരസ്യചിത്രത്തിൽ മോഡൽ ആയത്. ഇതിൻ്റെ ഉടമസ്ഥ കോമളാവാസവനുമായി ശ്രീനാരായണ സമിയിതിൽ വെച്ചുള്ള പരിചയമാണ് ഇതിന്റെ മോഡലാകാൻ അവസരം ഒരുക്കിയത്. കോമളയുടെ ഭർത്താവ് വാസവനാണു ബാംഗ്ലൂരിൽ ജീവൻ ടോണിനു തുടക്കം കുറിച്ചത്. ‘ജീവൻ ടോൺ’ യുവാക്കൾക്കൊരു ഹരമായിരുന്നു. അതിന്റെ പരസ്യത്തിലെ ആളെപ്പോലെ ആകാനായിരുന്നു ചെറുപ്പത്തിലെ എൻ്റെ ജീവൻ ടോൺ പ്രേമം. വർഷങ്ങൾക്കു ശേഷം ഇതേ ഉൽപ്പന്നത്തിന്റെ മോഡലായി. സ്വപ്‌നത്തിൽ പോലും കാണാത്ത കാര്യം. വിവിധ ഭാഷകളിലേക്കു മൊഴി മാറ്റിയ ഈ പരസ്യചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. അച്ചടി മാധ്യമങ്ങളിലും ജീവൻടോണിന്റെ പരസ്യത്തിൽ എൻ്റെ ചിത്രമാണു വന്നത്. ഈ പരസ്യത്തോടെ കേരളത്തിലെ വിറ്റുവരവ് പതിന്മടങ്ങായി വർധിച്ചതിൽ കോമളാ വാസവൻ എന്നെ അഭിനന്ദിച്ചിരുന്നു. പ്രശസ്‌ത ടിവി, സിനിമാനടി ബിന്ദു മുരളിയായിരുന്നു നായിക. തിരുവനന്തപുരത്ത് അമ്മ എന്ന സ്കൂൾ നടത്തുന്ന ബിന്ദു മുരളി ഓട്ടിസം ബാധിച്ച സ്വന്തം കുട്ടിയടക്കം 20ഓളം കുട്ടികൾക്ക് അമ്മയാണ്.
തിരുവനന്തപുരത്തു നടന്ന ഇതിൻ്റെ ഷൂട്ടിംഗ് വേളയിലാണ് എനിക്കു രണ്ടു സഹോദരങ്ങളെ കിട്ടിയത്. ഒന്ന് ലോകപ്രശസ്തനായ മജീഷ്യൻ ഗോപിനാഥ് മുതുകാട്. രണ്ടാമത്തേത് ഈ പരസ്യചിത്രം സംവിധാനം ചെയ്‌ത മുഹമ്മദ് ഷാ. അദ്ദേഹം മദ്രാസിലെ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു ഡയറക്‌ഷൻ കോഴ്സ് കഴിഞ്ഞയാളാണ്. പരസ്യചിത്രങ്ങളെ കൂടാതെ നിരവധി ഹ്രസ്വചിത്രങ്ങളും ചലച്ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ചലച്ചിത്ര, ടി വി ആർട്ടിസ്റ്റുകളുടെയും സാങ്കേതിക വിദഗ്ധരുടെയും സംഘടനയായ കോൺടാക്‌ടിൻ്റെ പ്രസിഡൻ്റാണ് മുഹമ്മദ് ഷാ. പ്യാരി ഷായാണ് അദ്ദേഹത്തിൻ്റെ ഭാര്യ. ഡോക്‌ടർ അക്ബർ ഷായും ആയിഷയുമാണു മക്കൾ.
1997ലാണ് ഞാൻ ആദ്യമായി സിനിമയിൽ അഭിനയിച്ചത്. കന്നഡ സൂപ്പർസ്റ്റാർ ടൈഗർ പ്രഭാകരൻ സംവിധാനം ചെയ്ത് അഭിനയിച്ച ‘മൈ ഡിയർ ടൈഗർ’ എന്ന പടത്തിൽ വില്ലൻ്റെ വേഷമായിരുന്നു എനിക്ക്. എൻ്റെ കുറെ കരാട്ടെ വിദ്യാർഥികളും ഈ ചിത്രത്തിൽ അഭിനയിച്ചിരുന്നു. പ്രഭാകരൻ്റെ കരാട്ടെ പരിശീലകനായിരുന്നു ഞാൻ. ഈ അവസരത്തിൽ ഞാൻ അദ്ദേഹത്തിന്റെ വീട്ടിലെ നിത്യ സന്ദർശകനായിരുന്നു. 1967 മുതൽ 250 ഓളം സിനിമകളിൽ അഭിനയിച്ച അദ്ദേഹം 15 ഓളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. സിനിമാനടിയും മലയാളിയുമായ അഞ്ജുവായി രുന്നു അദ്ദേഹത്തിൻ്റെ രണ്ടാം ഭാര്യ. പ്രഭാകരൻ്റെ ആദ്യ ഭാര്യയും പിന്നീടു മന്ത്രിയുമായ ജയമാലയുമായി എനിക്കു വളരെ അടുത്ത ബന്ധമാണ്. 2001 മാർച്ച് 25നു 53-ാം വയസ്സിലായിരുന്നു ടൈഗർ പ്രഭാകരന്റെ അകാല നിര്യാണം.
1998ൽ ഡോ. എസ് പി ബാലസുബ്രഹ്മണ്യവും കുശ്ബുവും താരജോടികളായ ‘നാനുഗടപടി’ എന്ന കന്നട സിനിമയിലും ഞാൻ അഭിനയിച്ചിട്ടുണ്ട്. കെ ആർ ശ്രിനിവാസ് നിർമിച്ച ഈ പടം കെ എസ് എൽ സ്വാമിയാണു സംവിധാനം ചെയ്തത്. കെ ജെ യേശുദാസായിരുന്നു ഇതിലെ പാട്ടുകൾ പാടിയത്. കേരള സമാജത്തിന്റെ മുൻ പ്രസിഡണ്ടായിരുന്ന എ ആർ കെ മേനോന്റെ വീട്ടിലാണ് അദ്ദേഹം താമസിച്ചത്. പിന്നീടു നടി കുശ്ബുവുമായി നല്ല ബന്ധത്തിലായി. ബാംഗ്ലൂരിൽ പല പരിപാടികളിലും അവരെ പങ്കെടുപ്പിച്ചിട്ടുണ്ട്. 2020 സെപ്തംബർ 25നു 74-ാം വയസ്സിലാണ് ഡോ. എസ് പി ബാലസുബ്രഹ്മണ്യം ഈ ലോകത്തോടു വിട പറഞ്ഞത്.
2000ൽ സൂര്യയുടെ സംവിധാനത്തിൽ പ്രമുഖ കന്നഡ താരം ദേവരാജ് അച്ഛനും മകനുമായി ഇരട്ട വേഷത്തിൽ അഭിന യിച്ച ‘ഏയ് നാൻ ഭീഷ്‌മക്കണോ’ എന്ന സിനിമയിൽ ഞാൻ സഹ വില്ലനായിരുന്നു. സോമനും സുരേഷ് ഗോപിയും ചേർന്നഭിനയിച്ച മലയാളത്തിലെ ലേലം എന്ന സിനിമയുടെ എകദേശ കന്നഡ പതി പ്പായിരുന്നു ഇത്. 250ഓളം സിനിമകളിൽ അഭിനയിച്ച ദേവരാജിന്റെ 150-ാമത്തെ പടമായിരുന്നു ഇത്. പ്രേമയായിരുന്നു നായിക. ശോഭരാജായിരുന്നു പ്രധാന വില്ലൻ. ഇതിലെ പല നടീനടന്മാരും എൻ്റെ വളരെ നല്ല സുഹൃത്തുക്കളാണ്.
2001ൽ സൂര്യ സംവിധാനം ചെയ്‌ത ‘ഫിഫ്റ്റി ഫിഫ്റ്റി’ എന്ന സിനിമയിൽ ഞാൻ പോലീസ് ഇൻസ്പെക്‌ടറായിരുന്നു. ഈ സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണു ഞാനാദ്യമായി മൂന്നാറിലെ ത്തിയത്. കേരളത്തിലെ ഏറ്റവും സുന്ദരമായ ഈ സ്ഥലം ഇടുക്കിയിലാണ്. ഇവിടത്തെ കണ്ണൻ ദേവൻ തേയിലക്കുന്നിൽ ഒരു മാസത്തോളം ഞങ്ങളുണ്ടായിരുന്നു. സമുദ്രനിരപ്പിൽ നിന്ന് 1532 മീറ്റർ ഉയരമുള്ള ഈ സ്ഥലം എനിക്ക് ഏറെ ഇഷ്‌ടമാണ്.
2005ൽ ‘ശ്രീ’ എന്ന സിനിമയുടെ ട്രെയിനിംഗും ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടു ഞങ്ങൾ മൂന്നു മാസത്തോളം ഹോങ്കോങ്ങിൽ ഉണ്ടായിരുന്നു. ഡോ. രാജ്‌കുമാറിൻ്റെ ബന്ധുവായ വിജയരാഘവേന്ദ്ര അഭിനയിച്ച ഫൈറ്റിംഗിനു പ്രാമുഖ്യമുള്ള ഈ സിനിമയ്ക്കു വേണ്ടി അദ്ദേഹത്തെ പരിശീലിപ്പിച്ചത് ഞാനാണ്. നിർമാതാവായ കെ എസ് ദുഷ്യന്തുമായുള്ള പരിചയമാണ് ഇതിന് അവസരം ഒരുക്കിയത്. പ്രകാശ് സംവിധാനം ചെയ്‌ത ശ്രീയിൽ പ്രസിദ്ധ നടി ജനിഫ്വർ കോട്ടുവാൾ, അനന്തനാഗ്, ദൊഡ്ഡണ്ണ തുടങ്ങിയ നിരവധി താരങ്ങൾക്കൊപ്പം ഷക്കീലയും അഭിനയിച്ചിരുന്നു. ഈ സമയത്തു വാട്ട്പോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു റിഫ്ളക്സോളജി പഠിച്ചിരുന്നു. തായ് ബോക്സിംഗ് പഠിക്കാനും ശ്രമിച്ചിരുന്നു.
2009ൽ സാഹസസിംഹ ഡോ. വിഷ്ണു വർധൻ്റെ ‘ആപ്ത രക്ഷക’ എന്ന ചിത്രത്തിലും ഞാൻ അഭിനയിച്ചിരുന്നു. പി വാസു സംവിധാനം ചെയ്‌ത ഈ സിനിമയിൽ പോലിസ് ഇൻസ്പെക്ടറുടെ വേഷമായിരുന്നു എനിക്ക്. മൈസൂരിലെ പോലീസ് സ്റ്റേഷ നിലായിരുന്നു ഷൂട്ടിങ്ങ്. ഡോ. വിഷ്‌ണു വർധൻ്റെയും എന്റെയും കോമ്പിനേഷൻ സീനായിരുന്നു അത്. 2003 മുതൽ എല്ലാ ലൊക്കേഷനിലും അദ്ദേഹത്തോടൊപ്പം ഞാൻ ഉണ്ടായിരുന്നെങ്കിലും അവസാനത്തെ സിനിമയായ ആപ്‌തരക്ഷകയിൽ അദ്ദേഹം നിർബന്ധിപ്പിച്ച് അഭിനയിപ്പിക്കുകയായിരുന്നു.
2005 എനിക്കു നേട്ടങ്ങളുടെയും നഷ്‌ടങ്ങളുടെയും വർഷമാണ്. അഡ്വക്കേറ്റായതും രാജ്യോത്സവ പുരസ്‌കാരം നേടിയതും ശിവരാമകാരന്ത് അവാർഡ് ലഭിച്ചതും സ്വന്തമായി വീട് വാങ്ങിച്ചതും 2005ലെ പ്രധാന നേട്ടങ്ങളാണ്. 2005 ഒക്ടോബറിലാണു പരിസ്ഥിതി സംരക്ഷണ സമിതിയുടെ ശിവരാമകാരന്ത് അവാർഡ് ലഭിച്ചത്. യൂത്ത് കോൺഗ്രസ് ഒരു ലക്ഷം വൃക്ഷത്തൈകൾ വെച്ചു പിടിപ്പിച്ചതിനു നേതൃത്വം നൽകിയതിനായിരുന്നു അവാർഡ്.
അച്ഛന്റെയും അമ്മമ്മയുടെയും വേർപാടാണു 2005ലെ നികത്താൻ പറ്റാത്ത നഷ്‌ടങ്ങൾ. അച്ഛച്ഛനും അമ്മമ്മയും സ്‌കൂളിൽ പോയിട്ടില്ല. കലണ്ടർ, ക്ലോക്ക്, വാച്ച് എന്നിവയില്ലാതെ സമയം നോക്കാൻ അറിയാതെ, എന്നാൽ എല്ലാ കാര്യങ്ങളിലും കൃത്യത വെച്ചു പുലർത്തി ജീവിച്ചവരായിരുന്നു അവർ. എന്നെ കൂടുതൽ പഠിപ്പിക്കണമെന്നായിരുന്നു അവരുടെ ആഗ്രഹം. അഡ്വക്കേറ്റായതിനു ശേഷം നാട്ടിൽ പോയി അച്ഛന്റെയും അമ്മമ്മയുടെയും അനുഗ്രഹം വാങ്ങിയിരുന്നു. വക്കീൽ വേഷത്തിൽ എന്നെ കണ്ടപ്പോൾ ഇതു കാണാൻ അച്ഛച്ഛൻ ഇല്ലല്ലോ എന്നു പറഞ്ഞ് അമ്മമ്മ വിഷമിച്ചിരുന്നു. കുടുംബത്തോടൊപ്പം കുയിമ്പിൽ കുറെ ദിവസങ്ങൾ ചെലവിട്ട ഈ സന്ദർഭത്തിലാണ് അമ്മമ്മയോടൊത്ത് അവസാനമായി ഞാൻ കഴിഞ്ഞത്.
ബാംഗ്ലൂരിൽ അഡ്വക്കേറ്റായി എൻറോൾ ചെയ്തതും ഹൈക്കോടതിയിൽ പ്രാക്‌ടീസ് തുടങ്ങിയതും എൻ്റെ ആദ്യകാല സ്വപ്നസാക്ഷാൽക്കാരമാണ്. കുന്ദലഹള്ളി ശാഖാ സെക്രട്ടറി എൻ കെ സുഗതനാണ് എനിക്കു വക്കീൽ കോട്ട് വാങ്ങിത്തന്നത്. വക്കീൽപ്പണി ഒരു നോബിൾ പ്രൊഫഷനാണ്. ഒരു വ്യക്തിയുടെ വിഷമഘട്ടത്തിൽ അവൻ്റെ കുടുംബമോ അച്ഛനമ്മമാർ പോലുമോ തുണയില്ലാതെ വരുമ്പോൾ അഭിഭാഷകർ മാത്രമേ സഹായിക്കാൻ മുന്നോട്ടു വരികയുള്ളൂ.
അഡ്വക്കേറ്റ് ഗണേഷ് ഷേണായിയുടെ കൂടെയായിരുന്നു കർണാടക ഹൈക്കോർട്ടിലെ പ്രാക്ടീസ്. ധാരാളം കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഏറ്റെടുത്ത എല്ലാ കേസുകളും വിജയിക്കാനും കഴിഞ്ഞു. എൽഎൽബി കൂടാതെ പിന്നീടു ബാംഗ്ലൂർ സർവകലാശാലയിൽനിന്ന് എംഎ-ഹിസ്റ്ററി, എംഎ-പൊളിറ്റിക്കൽ സയൻസ് എന്നീ രണ്ടു ബിരുദാനന്തര ബിരുദങ്ങൾ കരസ്ഥമാക്കി.
വക്കീൽ വേഷത്തിൽ എന്നെ കണ്ട അച്ഛന്റെ മുഖത്തു വിരിഞ്ഞ പുഞ്ചിരി ഇപ്പോഴും എൻ്റെ മനസ്സിലുണ്ട്. അന്നായിരുന്നു അച്ഛനെ ഞാൻ അവസാനമായി കണ്ടത്. അന്നത്തെ പുഞ്ചിരിക്കുന്ന മുഖമാണ് അച്ഛൻ്റെ ഓർമയായി മനസ്സിലുള്ളത്. 1991ൽ കഴിഞ്ഞ ഓപ്പറേഷനു ശേഷം ആസ്‌ത്‌മയുടെ അസുഖം അച്ഛനെ അലട്ടിയിരുന്നു. 2004ൽ ബാലാപ്പൻ മരണപ്പെട്ടതോടെ അച്ഛൻ മാനസികമായും ഏറെ തളർന്നു. ആപ്പൻ്റെ അന്ത്യകർമങ്ങളും അനുബന്ധ ചടങ്ങുകളുമായി ബന്ധപ്പെട്ടു ഞാൻ നാട്ടിലുണ്ടായിരുന്നു. അനുജത്തിയുടെയും അനുജന്റെയും മരണം അസുഖക്കാരനായ അച്ഛനെ അലട്ടുന്നതായി എനിക്കു തോന്നി. അദ്ദേഹം ഒരിക്കലും ഒന്നും പുറത്തു പറയില്ലായിരുന്നു.
2005 മെയ് 10ന് 65-ാം വയസ്സിലായിരുന്നു അച്ഛൻ്റെ മരണം. രാത്രി വൈകിയാണു മരണവിവരം ഞാനറിഞ്ഞത്. കുടുംബസമേതം നാട്ടിലെത്തി അച്ഛൻ്റെ അന്ത്യകർമങ്ങളും മരണാനന്ത ക്രിയകളും കഴിഞ്ഞാണു തിരിച്ചുവന്നത്. മണ്ണുനുള്ളൽ കർമത്തിനു വീണ്ടും നാട്ടിൽപോയി.
അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും മുന്നിൽനിന്നു സഹായിച്ചിരുന്ന ഡ്രൈവർ സുന്ദരൻ വർഷങ്ങൾക്കു മുൻപ് 1987-ൽ പത്മിനിയുടെ കല്യാണ ദിവസം നടന്ന സംഭവത്തിന്റെ പേരിൽ എന്നോട് ക്ഷമ പറഞ്ഞിരുന്നു. നല്ല പക്വതയോടെയാണു സുന്ദരൻ എന്നോടു സംസാരിച്ചത്. പാറായി നാണുവിന്റെ മകനാണു ഞാനെന്നതും എന്റെ ചെറുപ്പത്തിലേ അമ്മ മരണപ്പെട്ടതും അവന് അറിയില്ലായിരുന്നത്രേ. പത്മിനിയുടെ സഹോദരങ്ങൾ പോകേണ്ട സ്ഥാനത്തു ഞാൻ എന്തിനാണു പോയത് എന്നായിരുന്നു അവൻ്റെ സംശയം. മരണപ്പെട്ട അമ്മയെപ്പറ്റി പറഞ്ഞാൽ ആരും പ്രതികരിക്കുന്നതുപോലെ മാത്രമേ ഞാൻ പ്രതികരിച്ചിട്ടുള്ളൂ എന്നും തെറ്റ് തൻ്റേതാണെന്നും പറഞ്ഞായി രുന്നു സുന്ദരന്റെ ക്ഷമാപണം. വർഷങ്ങളായി എൻ്റെ മനസ്സിൽ എരിഞ്ഞു കൊണ്ടിരുന്ന ഒരു ചിത അവിടെ അണഞ്ഞു.
ഇതേ പ്രശ്‌നത്തിന്റെ പേരിൽ എനിക്കെതിരെ തെറ്റായ റിപ്പോർട്ട് കൊടുത്ത പോലീസുകാരനും വർഷങ്ങൾക്കു ശേഷം എന്നോടു തെറ്റു സമ്മതിച്ചിരുന്നു. ശശിയെ കേസിൽനിന്നു രക്ഷിക്കാനായി അവർ എന്നെ അന്വേഷിച്ചു വീട്ടിൽ വന്നിട്ടില്ല എന്നു മാമനെ കൊണ്ടു പറയിപ്പിച്ചത് അദ്ദേഹമായിരുന്നു. ഈ പോലീസുകാരൻ മകളുടെ ചികിത്സയ്ക്കായി ബാംഗ്ലൂരിൽ വന്നപ്പോൾ നിംഹാൻസ് ഹോസ്‌പിറ്റലിൽ കൊണ്ടുപോയി വേണ്ടുന്ന എല്ലാ സഹായങ്ങളും ഞാൻ ചെയ്‌തുകൊടുത്തു. പാനൂരിലെ കോൺഗ്രസ് നേതാവ് സുരേന്ദ്രൻ മാസ്റ്റർ പറഞ്ഞിട്ടാണ് അദ്ദേഹം എന്നെ ബന്ധപ്പെട്ടത്. നാട്ടിലേക്കു ബസ് ബസ് കയ കയറ്റി വിടുമ്പോൾ എന്നെ മനസ്സിലായോ എന്നു ഞാൻ ചോദിച്ചു. നിശ്ചലനായിപ്പോയ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. എൻ്റെ കൈകൾ നെഞ്ചോടു ചേർത്തുപിടിച്ചു വിറയലോടെയാണ് അദ്ദേഹം ക്ഷമ ചോദിച്ചത്.
അച്ഛൻ മരിച്ചു മൂന്നാം മാസം 92-ാം വയസ്സിൽ അമ്മമ്മയും ഞങ്ങളെ വിട്ടു പിരിഞ്ഞു. അടുത്തടുത്തു നടന്ന ഈ മരണങ്ങൾ എന്നെ വല്ലാതെ ഉലച്ചിരുന്നു. അമ്മ മരിക്കുമ്പോൾ കൈക്കുഞ്ഞായിരുന്ന എനിക്ക് അമ്മയുടെ സ്നേഹം തന്നുവളർത്തി വലുതാക്കിയ അമ്മമ്മയുടെ വേർപാട് എന്നെ ഏറെ തളർത്തി. ഹോങ്കോങ്ങിൽ സിനിമാ ഷൂട്ടിങ്ങിനിടെയാണ് അമ്മമ്മയ്ക്ക് അസുഖമാണെന്നറിഞ്ഞത്. ഉടനെ നാട്ടിലേക്കു തിരിച്ചു. ആശുപത്രിയിൽ അമ്മമ്മയോടൊപ്പം ഞാനുമുണ്ടായിരുന്നു. ഡിസ്‌ചാർജ് ചെയ് വീട്ടിലേക്കു വന്ന ശേഷമാണു ഞാൻ ബാംഗ്ലൂരിലേക്കു തിരിച്ചത്. ടീവിയിൽ ജീവൻ ടോണിൻ്റെ പരസ്യചിത്രത്തിൽ എന്നെ കാണുമ്പോൾ സന്തോഷിച്ചിരുന്ന അമ്മമ്മ എനിക്കു കർണാടക സർക്കാറിൻ്റെ പരമോന്നത ബഹുമതിയായ കന്നഡ രാജ്യോത്സവ അവാർഡ് ലഭിച്ചതു കാണാൻ ഇല്ലാതെപോയി.
അച്ഛനും അമ്മമ്മയും ഇല്ലാതായതോടു കൂടിയാണു സ്വന്തമായി വീടു വേണമെന്ന തോന്നലുണ്ടായത്. പ്രശസ്തനായ ചാർട്ടേഡ് അക്കൗണ്ടന്റും അഡ്വക്കേറ്റുമായ സുധാകർ പൈയുടെ സഹായത്താലാണ് എനിക്കു സ്വന്തമായി വീടു വാങ്ങാൻ കഴിഞ്ഞത്. മുൻപു കാർ ആക്‌സിഡൻ്റിൽ പെട്ട് സുധാകർ പൈയുടെ കാലിനു ഗുരുതരമായി പരിക്കേറ്റിരുന്നു. ഓപ്പറേഷനു വിധേയനാകാൻ തയ്യാറാകാത്ത അദ്ദേഹം ധാരാളം ചികിത്സകൾ ചെയ്തിട്ടും കാലിന്റെ ആരോഗ്യം വീണ്ടെടുക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ കാൽ ഞാൻ കളരി ഉഴിച്ചിലിലുടെ സുഖപ്പെടുത്തിയിരുന്നു.
2005ലാണു ശാന്തിനഗറിലെ സദാശിവ അപ്പാർട്ട്മെന്റിലേക്കു താമസം മാറിയത്. പണ്ട് അച്ഛച്ഛൻ എനിക്കു വീടു പണിയാൻ ആഗ്രഹിച്ച കുണ്ടത്തിലെ സ്ഥലം ഈ വീടു വാങ്ങാനായി തറയടക്കം വിറ്റു. രാംദാസ് ബിജുർ, വിദ്യാ ബിജുർ എന്നിവരിൽ നിന്നാണു വീട് വാങ്ങിയത്. ഏഴോളം കുടുംബങ്ങളാണ് ഇവിടെയുള്ളത്. ധനഞ്ജയൻ, പ്രതിഭ ഗുൽവാഡി, ദേവരാജൻ, അബ്ദുൽ ഖുദ്ദൂസ്, ഡോക്ടർ വിജയറാം, നിരഞ്ജൻ റെഡ്ഡി, അഞ്ജന ബെൻ, ഹെഗ്ഡെ എന്നിവരാണ് അയൽക്കാർ. ഇവിടെ താമസിക്കുന്ന മിസിസ് ആൻഡ് മിസ്‌റ്റർ ഭട്ട് എപ്പോഴും വഴക്കു കൂടുമെങ്കിലും ഒരു കൈത്താങ്ങാണ്.
ഡോ. വിഷ്ണു വർധൻ, ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലെ ശ്രീ ജയേന്ദ്ര പുരി സ്വാമികൾ, മേയർ ലക്ഷ്‌മികാന്ത്, ദിനേശ് ഗുണ്ടുറാവു എംഎൽഎ, എ ആർ ഇൻഫൻ്റ് ഐപിഎസ്, ജെ അലക്സാണ്ടർ ഐഎഎസ്, ആർവി വെങ്കിടേഷ് എംഎൽസി, ആദികേശവലു, സലിം അഹമ്മദ് എംഎൽസി, എസിപി രമേഷ് കുമാർ, എസിപി അശോക്‌കുമാർ, എന്നിവരും സുധാകർ പൈയും രാധാകൃഷ്ണൻ, മഞ്ജുനാഥ് ഭണ്ഡാരി, വിജയകുമാർ എന്നിവർ കുടുംബവുമൊത്തും നൂറുകണക്കിനു നേതാക്കന്മാരും സുഹൃത്തുക്കളും നാട്ടിൽ നിന്നെത്തിയ കുടുംബക്കാരും ഗൃഹപ്രവേശത്തിന് ഉണ്ടായിരുന്നു. കേന്ദ്രമന്ത്രി വയലാർജി, അംബരീഷ്, കെ സുധാകരൻ എംപി എന്നിവർ പിന്നീടാണു വീട്ടിൽ വന്നത്.
2006 ജനുവരിയിലാണു ‘ബാംഗ്ലൂർ ഫിലിംമേറ്റ്സ്’ എന്ന സംഘടന രൂപീകരിച്ചത്. ജെ അലക്സാണ്ടറായിരുന്നു ചെയർമാൻ. ഞാൻ കൺവീനറും. ഒക്ടോബറിലാണു ബാംഗ്ലൂർ ഫിലിം മേറ്റ്സിൻ്റെ അവാർഡുകൾ പ്രഖ്യാപിച്ചത്. ഭരത് മമ്മൂട്ടിയും പത്മപ്രിയയുമായിരുന്നു മികച്ച നടീനടന്മാർ. സിദ്ധിഖ്, രാധിക എന്നിവരാ യിരുന്നു സഹനടീനടന്മാർ. ജി വേണുഗോപാൽ മികച്ച ഗായകനും മഞ്ജരി ഗായികയുമായി തിരഞ്ഞെടുക്കപ്പെട്ടു. സിനിമാ രംഗത്തെ പ്രതിഭകളോടൊപ്പം മലയാള മാധ്യമ, സാഹിത്യ, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരെയും ഫിലിംമേറ്റ്സ് അവാർഡ് നൽകി ആദരിച്ചിരുന്നു. 2007 നവംബർ 6ന് ആറ്റിങ്ങൽ സ്വയംവരാ സിൽക്സും ഫിലിം മേറ്റ്സും കൂടി തിരുവനന്തപുരം ആറ്റിങ്ങലിൽ സംഘടിപ്പിച്ച ‘ജിഗാ ഷോ’ യിൽ വെച്ചാണ് അവാർഡ് വിതരണം ചെയ്തത്. മലയാളം ദൂരദർശനായിരുന്നു പ്രക്ഷേപണ അവകാശം. 1993ൽ കർണാടക ദൂരദർശനുവേണ്ടി എന്നെ ഇൻറർവ്യൂ ചെയ്ത ശശി കുമാറിന്റെ നേതൃത്വത്തിലാണ് ഇവിടെ ഷൂട്ടിങ്ങ് നടന്നത്.
ആറ്റിങ്ങൽ നഗരസഭയ്ക്കുവേണ്ടി ആദരസൂചകമായി മമ്മൂട്ടി എന്നെ പൊന്നാടയണിയിച്ച് ആദരിച്ചിരുന്നു. വക്കം പുരുഷോത്തമൻ, ജെ അലക്സാണ്ടർ ഐഎഎസ്, ശരത് ചന്ദ്ര പ്രസാദ്, സിംഫണി കൃഷ്‌ണ കുമാർ തുടങ്ങി നിരവധി പ്രമുഖരും പതിനായിരക്കണക്കിനു കലാസ്നേഹികളും പങ്കെടുത്ത അവാർഡ് ദാന ച്ചടങ്ങു മഴകാരണം പൂർത്തീകരിക്കാൻ സാധിച്ചില്ല. നഗരസഭാ ചെയർമാൻ രാജേഷും സുനീഷുമായിരുന്നു ഈ പരിപാടിയുടെ സംഘാടകർ.
2004ൽ ഡോ. വിഷ്‌ണു വർധനുമായി നടത്തിയ ദുബായ് സന്ദർശനമാണ് എൻ്റെ രണ്ടാം വിദേശയാത്ര. എൻ്റെ ഈ ആദ്യ ദുബായി യാത്രയിൽ ഡോ. വിഷ്ണു വർധൻ്റെ ഭാര്യ പ്രശസ്ത സിനിമാ നടി ഭാരതി, പ്രൊഡ്യൂസർ മഞ്ജു, രാധാകൃഷ്ണൻ, മൂർത്തി എന്നിവരും ഒപ്പമുണ്ടായിരുന്നു. ഷാർജയുടെ അതിർത്തിയിലൂടെ നടത്തിയ സഫാരി ഒരിക്കലും മറക്കാനാകത്ത അനുഭവമാണ്. മരുഭൂമിയിലൂടെയുള്ള യാത്ര കൗതുകകരവും ഭയാനകവുമായിരുന്നു. വൈദ്യുതി പ്രഭയിൽ കുളിച്ചു നിൽക്കുന്ന വാണിജ്യ ആസ്ഥാനങ്ങളിലൂടെയും ദുബായ് കടപ്പുറത്തും രാജവീഥികളിലും രാത്രിയിൽ നടത്തിയ യാത്രയും ഏറെ ആനന്ദകരമായിരുന്നു. പിന്നീടു വിഷ്ണു വർധനോടൊപ്പം ബാങ്കോക്കിൽ പോയതും എനിക്കു മറക്കാൻ കഴിയാത്ത ഓർമകളാണ്.
നാരായണ റാവുവിൻ്റെയും കാമാക്ഷമ്മയുടെയും മകനായി 1950 സെപ്റ്റംബർ 18നു മൈസൂരിലാണ് സമ്പത്ത്കുമാർ എന്ന വിഷ്ണു വർധൻ്റെ ജനനം. അദ്ദേഹത്തിന്റെ 54-ാം പിറന്നാൾ തിരുപ്പതിയിലണ് ആഘോഷിച്ചത്. അദ്ദേഹത്തിൻ്റെ കൂടുംബത്തോടൊപ്പം ഞാനും പോയിരുന്നു. ഭാരതിയക്കയ്ക്കു മാതൃസമാനമായ സ്നേഹവും വാത്സല്യവുമാണ്. 1992ൽ കണ്ഠീരവ സ്റ്റേഡിയത്തിൽ ഫിസ്റ്റ് ഇന്ത്യയുടെ കരാട്ടെ ടൂർണമെൻ്റിൽ മുഖ്യാതിഥിയായി എത്തിയപ്പോൾ തുടങ്ങിയ വിഷ്‌ണു വർധനുമായുളള സുഹൃദ് ബന്ധം അദ്ദേഹത്തിൻ്റെ മരണംവരെ ദൃഢമായിരുന്നു.
2009 ഡിസംബർ 30നു 60-ാം വയസ്സിലായിരുന്നു ഡോ. വിഷ്ണു വർധൻ്റെ ആകസ്‌മിക വേർപാട്. ഞാനന്നു കോഴിക്കോട്ടായിരുന്നു. ആ രാത്രി ഒരു കാളരാത്രിയായിരുന്നു. ഭാര്യയും മക്കളും ഒപ്പം ഉണ്ടായിരുന്നിട്ടും ഞാൻ എന്തെന്നില്ലാതെ അസ്വസ്ഥനായി രുന്നു. ഉറക്കം കിട്ടാതെ മുറിയിൽ തലങ്ങും വിലങ്ങും നടന്നു. പുലരാറായപ്പോഴാണ് ഉറങ്ങിയത്. ഉച്ചയോടെയാണ് അദ്ദേഹത്തിന്റെ മരണവിവരം അറിഞ്ഞത്. അപ്പോഴാണു രാത്രിയിലെ വിഷമത്തിന്റെ കാരണം മനസ്സിലായത്. മിഥ്യയാണോ യാഥാർഥ്യമാണോ എന്നു തിരിച്ചറിയാനാകാത്ത അവസ്ഥയിലായിരുന്നു ഞാൻ. ജീവിതം തികച്ചും ശൂന്യമായതുപോലെ തോന്നി.
അച്ഛച്ഛനെയും അമ്മമ്മയെയും പോലെ എന്നെ ചേർത്തു പിടിച്ച ആത്മബന്ധങ്ങളാണു ഡോ. വിഷ്‌ണു വർധനും ഭാരതിയക്കയും. മരണത്തിൻ്റെ മൂന്നാം നാളാണ് എനിക്ക് അദ്ദേഹത്തിന്റെ വീട്ടിലെത്താൻ കഴിഞ്ഞത്. നിലവിളക്കിനു മുന്നിൽ മാല ചാർത്തിയ അദ്ദേഹത്തിന്റെ ഫോട്ടോയ്ക്ക് അടുത്ത് ഇരിക്കുകയായിരുന്നു ഭാരതിയക്ക. ഫോട്ടോയ്ക്കു മുന്നിൽ പുഷ്പാർച്ചന നടത്തുന്നതിനിടയിൽ ഞാൻ വീണുപോയി. പരിസരബോധം വന്നപ്പോൾ ഞാൻ ഭാരതിയക്കയുടെ മടിയിൽ തലവെച്ചു കിടക്കുക യായിരുന്നു. എനിക്കു ചുറ്റും നിരവധിയാളുകൾ. ഇതൊക്കെയാണ് അദ്ദേഹം സമ്പാദിച്ചത് എന്നായിരുന്നു ഭാരതി അക്കയുടെ പ്രതികരണം.
ഇതിനും ഒരാഴ്ച മുൻപു കോഴിക്കോട്ടേക്കുള്ള യാത്രാ മധ്യേ മൈസൂരിൽ വെച്ചു കണ്ടപ്പോൾ തിരുനെല്ലി അമ്പലത്തിലും കൊട്ടിയൂർ ക്ഷേത്രത്തിലും പോകണമെന്നു ഡോ. വിഷ്ണു വർധൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതു നടക്കാതെ പോയത് എന്നെ ഏറെ അസ്വസ്ഥനാക്കി. നിഷ്ക്രിയാവസ്ഥയിലായിരുന്നു ഞാൻ. ചികിത്സ നിർത്തിവെയ്ക്കാൻ ഞാൻ മാനസികമായി തയ്യാറെടുത്തിരുന്നു. തിരുനെല്ലിയിലും കൊട്ടിയൂരിലും പോയി അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാർഥിച്ചതിനു ശേഷമാണ് എനിക്ക് ആശ്വാസമായത്.
ഡോ. വിഷ്ണു വർധൻ്റെ നിര്യാണത്തോടെ അനാഥരായ മൂന്നു മലയാളികൾ എന്ന തലക്കെട്ടിൽ മാതൃഭൂമി പത്രത്തിൽ വാർത്ത വന്നിരുന്നു. അദ്ദേഹത്തിൻ്റെ കൂടെ വളരെക്കാലം ഉണ്ടായിരുന്ന ഡ്രൈവർ രാധാകൃഷ്‌ണനെയും മേക്കപ്പ്മേൻ മാധവനെയും പിന്നെ എന്നെയും കുറിച്ചായിരുന്നു ആ വാർത്ത.
ബാംഗ്ലൂരിലെ പത്ര മാധ്യമരംഗത്തു വളരെയധികം കഴിവുള്ളവർ വന്നു പോയിട്ടുണ്ട്. 2022ഓടെ മലയാള മനോരമയിൽ സന്തോഷ്, ജിൽസൻ, വിഷ്‌ണു മാതൃഭൂമിയിൽ സുനിൽ, എബിൻ, രമിൻ മാധ്യമത്തിൽ ജിനു തുടങ്ങിയവരും പിന്നെ കുറെ ദൃശ്യമാ ധ്യമ പ്രവർത്തകരും ഇവിടെ സജീവമാണ്. എല്ലാവരും മലയാളികളുടെ പ്രശ്‌നങ്ങളിൽ ധാരാളമായി ഇടപെടുന്നുണ്ട്.
ഏറെ കാലത്തിനു ശേഷം ഞാൻ വീണ്ടും സിനിമയുമായി ബന്ധപ്പെട്ടു ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്. ബാബു പെരളശ്ശേരി അദ്ദേഹത്തിന്റെ സിനിമയുമായി ബാംഗ്ലൂരിൽ സംവാദം തുടങ്ങി കഴിഞ്ഞു. കൊച്ചുനാരായണനും വിഷ്ണുമംഗലം കുമാറും വലിയൊരു പ്രോജക്‌ടുമായി എത്തിയിട്ടുണ്ട്.
അടുത്ത അധ്യായം ▶ പുനര്‍ജനി
മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം :
◼️അധ്യായം 1: പുഴമാത്രം മാറിയില്ല
◼️അധ്യായം 2: ഓര്‍മ്മയില്‍ ജീവിക്കുന്ന അമ്മ
◼️അധ്യായം 3: പുത്തൂരാൻ ചരിതം
◼️അധ്യായം 4: കണ്ണാരം പൊത്തിപ്പൊത്തി
◼️അധ്യായം 5: മൃതിയുടെ തിരനോട്ടം
◼️അധ്യായം 6: കൺനിറയെ ദൈവങ്ങൾ
◼️അധ്യായം 7: ഭിക്ഷാം ദേഹി
◼️അധ്യായം 8: നാട്ടുവഴിയിൽ
◼️അധ്യായം 9: ഗ്രാമീണ വിശുദ്ധി
◼️അധ്യായം 10: ശാക്തേയം
◼️അധ്യായം 11: കല്യാണക്കോപ്പ്
◼️അധ്യായം 12: പുളിമുറികല്യാണം
◼️അധ്യായം 13: മാമ്പഴക്കാലം
◼️അധ്യായം 14: ജലവിനോദങ്ങൾ
◼️അധ്യായം 15: പൊലോളി
◼️അധ്യായം 16: വിനോദ യാത്ര
◼️അധ്യായം 17: സത്യൻ പുത്തൂർ
◼️അധ്യായം 18: അങ്ങാടിപ്പഴമ
◼️അധ്യായം 19: പോലീസ് ഞങ്ങൾക്ക് പുല്ലാണ്
◼️അധ്യായം 20: പുത്തനമ്പലം
◼️അധ്യായം 21: ഉദ്യാന നഗരിയിലേക്ക്
◼️അധ്യായം 22: ഘെരാവോ
◼️അധ്യായം 23: ഒരു പുരത്തറ
◼️അധ്യായം 24: ജാതീയതയുടെ രക്തസാക്ഷി
◼️അധ്യായം 25: കുറുപ്പാൾ
◼️അധ്യായം 26: ഡിസ്കോ ഡാന്‍സര്‍
◼️അധ്യായം 27: ആയോധനക്കളരിയിൽ
◼️അധ്യായം 28: അപകടം വഴി കാട്ടുന്നു
◼️അധ്യായം 29: ദേശാടനം
◼️അധ്യായം 30: കരാട്ടെ പട്ടു
◼️അധ്യായം 31: ഫിസ്‌റ്റ് ഇന്ത്യ
◼️അധ്യായം 32: പാൽമേഘക്കടലിൽ
◼️അധ്യായം 33: തൊഴിലാളിക്കരുത്ത്
◼️അധ്യായം 34: മദുവേ മാഡി നോഡു
◼️അധ്യായം 35: ധാരണയ്ക്കപ്പുറം
◼️അധ്യായം 36: സംഘടനകൾക്കൊപ്പം
◼️അധ്യായം 37: സമാജങ്ങളിലൂടെ
◼️അധ്യായം 38: മാധ്യമ വിചാരം
◼️അധ്യായം 39: പ്രവാസ വാസം
◼️അധ്യായം 40: ക്ഷേത്രായനം
◼️അധ്യായം 41: മനേഗെ ബന്നി
◼️അധ്യായം 42: ഗുരുവിനു സർക്കാരിന്റെ ആദരവ്
◼️അധ്യായം 43: അൽപം രാഷ്ട്രീയം
◼️അധ്യായം 44: ആക്ഷന്‍ കാലം
◼️അധ്യായം 45: തലഛേദി
◼️അധ്യായം 46: രക്തപ്പൂക്കളം
◼️അധ്യായം 47: നിണമണിഞ്ഞ സരസ്വതീക്ഷേത്രം
◼️അധ്യായം 48: ബലിയാടായ ബാല്യങ്ങള്‍
◼️അധ്യായം 49: കൊലക്കത്തി തേടി സിബിഐ
◼️അധ്യായം 50: രാഷ്ട്രീയ വാടകക്കൊലകൾ
◼️അധ്യായം 51: പ്രണാമം
◼️അധ്യായം 52: രാജകാരണി
◼️അധ്യായം 53: രാഷ്ട്രമീമാംസ
◼️അധ്യായം 54: നാഡീമർദന ക്രിയ
നാഡീമർദന ക്രിയ
















