‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’
ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്
![]()
1978-79 കാലഘട്ടങ്ങൾ തലശ്ശേരി മേഖല രാഷ്ട്രീയ സംഘട്ടനങ്ങളുടെ ചുടലക്കളമായിരുന്നു. 1979 ജൂലൈ 18നാണു തൂവക്കുന്നിൽ സിപിഎം പ്രവർത്തകൻ മൂർക്കോത്ത് ചന്ദ്രൻ എന്ന 18കാരൻ കൊല്ലപ്പെട്ടത്. മൈസൂരിൽ വ്യാപാരിയായ ചന്ദ്രൻ നാട്ടിൽ വന്നതായിരുന്നു. കൊളവല്ലൂർ ഹൈസ്കൂൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വിദ്യാർഥികൾ തമ്മിലുള്ള നേരിയ കശപിശ സിപിഎമ്മും ആർഎസ്എസും ഏറ്റെടുത്തതാണു പ്രദേശത്തു സംഘർഷാവസ്ഥയ്ക്കു കാരണമായത്. ഈ കാലത്തു സിപിഎമ്മിന്റെയും ആർഎസ്എസിൻ്റെയും നിരവധി പ്രവർത്തകർ വിവിധ ഇടങ്ങളിലായി കൊല്ലപ്പെട്ടു.
1979 ഏപ്രിൽ 6നു ചമ്പാട്ട് നടന്ന ബോംബാക്രമണത്തിൽ രണ്ടു സിപിഎം പ്രവർത്തകരാണു കൊല്ലപ്പെട്ടത്. യു പി ദാമു, തടത്തിൽ ബാലൻ എന്നിവരാണ് ഈ ഹതഭാഗ്യർ. സ്വന്തം കടയിലിരുന്നു ബീഡി തെറുക്കുമ്പോഴാണു ദാമുവിനു നേരെ ബോംബാക്രമണം നടന്നത്. ഗുരുതരമായി പരുക്കേറ്റ അദ്ദേഹം ഏപ്രിൽ 24നു കോഴിക്കോട് മെഡിക്കൽ കോളജിലാണു മരിച്ചത്.
തലശ്ശേരിയിൽ വർക്ക്ഷോപ്പ് തൊഴിലാളിയായ തടത്തിൽ ബാലൻ, പുന്നോലിൽ രാഷ്ട്രീയ അക്രമം നടന്നതറിഞ്ഞ് ഉച്ചയ്ക്കു ജോലി മതിയാക്കി വീട്ടിലേക്കു പോകുന്ന വഴിയാണു കൊല്ലപ്പെട്ടത്. ചമ്പാട് ബസിറങ്ങി കടയിൽനിന്നു വീട്ടുസാധനങ്ങൾ വാങ്ങുന്നതിനിടയിലാണു ബാലൻ ആക്രമണത്തിന് ഇരയായത്.
ഇതേ ദിവസം തന്നെ 1979 ഏപ്രിൽ 6നു കൊട്ടിയോടിയിലെ ബീഡിക്കമ്പനിക്കു നേരെയും ആക്രമണം നടന്നിരുന്നു. ഇതി നിടയിലാണു കൊട്ടിയോടിയിൽ ആർഎസ്എസ് പ്രവർത്തകൻ കോഴിക്കോട് ബാലുശ്ശേരി സ്വദേശി ഹരിദാസൻ കൊല്ലപ്പെട്ടത്.
1980 ഏപ്രിൽ ഒന്നിനാണു തലശ്ശേരി റെയിൽവേ സ്റ്റേഷ നിൽ നടന്ന സ്ഫോടനത്തിൽ സിപിഎം നേതാവും തലശ്ശേരി എംഎൽഎയുമായ എം വി രാജഗോപാലൻ മാസ്റ്റർക്കു പരുക്കേറ്റത്. (1986 മാർച്ച് 17നാണ് അദ്ദേഹം നിര്യാതനായത്).
1980 ഏപ്രിൽ 3നു സന്ധ്യക്കാണു കെ സി മുക്കിലെ ഒ ഗോപി മാസ്റ്റരെ ആക്രമിച്ചത്. പാനൂർ ഹൈസ്കൂളിലെ കായികാധ്യാപകനായ അദ്ദേഹത്തെ വീടിനു മുന്നിലെ ചേനക്കലായി പീടികയിൽ വെച്ചാണു ബോംബ് എറിഞ്ഞു വെട്ടിപ്പരുക്കേൽപ്പിച്ചത്. (2017 ഫെബ്രുവരി 27നു ഗോപി മാസ്റ്റർ നിര്യാതനായി).
1980 മെയ് 5ന് താഴെ കുന്നോത്തുപറമ്പിൽ നടന്ന ബോംബേറിലാണ് കെ പി നാണു മാസ്റ്റർ കൊല്ലപ്പെട്ടത്. കക്കാട്ടുമ്മൽ ഗുരുദേവ സ്മാരക എൽപി സ്കൂൾ അധ്യാപകനായ നാണു മാസ്റ്ററെ എനിക്കു നല്ല പരിചയമുണ്ടായിരുന്നു. ഗോപാലൻ പറമ്പത്തിന്റെ നേതൃത്വത്തിൽ താഴെ കുന്നോത്തുപറമ്പിൽ പ്രതി മാസക്കുറി നടന്നിരുന്നു. പതിവുപോലെ കുറി ചേർക്കാനിരുന്ന ഗോപാലൻ പറമ്പത്ത് പുറത്തു പോയപ്പോൾ പകരം ഇരുന്നതായിരുന്നു നാണു മാസ്റ്റർ. കുറി നടന്നുകൊണ്ടിരിക്കെയാണു ബോംബേറുണ്ടായത്.
ഗോപാലൻ പറമ്പത്തിനോടൊപ്പം നടന്നു പോകുമ്പോഴാണു സ്ഫോടന ശബ്ദം കേട്ടത്. ഞങ്ങൾ അപ്പോൾ സെൻട്രൽ കുന്നോത്തുപറമ്പിലെ നാണുവിൻ്റെ കടയുടെ മുന്നിലെത്തിയിരുന്നു. കുന്നോത്തുപറമ്പിലെ മില്ലിൽ നിന്നു നെല്ലു കുത്തിച്ചു വീട്ടിലേക്കു പോകുകയായിരുന്നു ഞാൻ. അദ്ദേഹം അവിടെനിന്ന് ആരോടോ സംസാരിക്കുമ്പോൾ ഞാൻ വീട്ടിലേക്കു പോയി. രാത്രിയാണു നാണു മാസ്റ്റർ കൊല്ലപ്പെട്ട വിവരം അറിഞ്ഞത്.
ജനതാ പാർട്ടിയുടെ കുന്നോത്തുപറമ്പ് പഞ്ചായത്ത് സെക്രട്ടറിയായിരുന്നു നാണു മാസ്റ്റർ. സിപിഎം അനുകൂല അധ്യാപക സംഘടനയായ കെപിടിയു അംഗം കൂടിയായിരുന്നു അദ്ദേഹം. ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ വർഷങ്ങളോളം നാണു മാസ്റ്ററുടെ രക്തസാക്ഷിദിനം ആചരിച്ചിരുന്നു. ജനതാപാർട്ടി പിളർന്നു ബിജെപി രൂപീകൃതമായ ശേഷം അദ്ദേഹത്തിന്റെ പഴയ സഹപ്രവർത്തകരായ ബിജെപിക്കാർ നാണു മാസ്റ്റരുടെ രക്തസാക്ഷി ദിനം നടത്തി.
1980 നവംബർ 26നു കാര്യാട്ട് പുറത്തു നടന്ന അക്രമങ്ങളിൽ രണ്ടു പേരാണു കൊല്ലപ്പെട്ടത്. ആർഎസ്എസ് പ്രവർത്തകനായ പുരയിൽ രാജുവിനു നേരെയാണ് ആദ്യ ആക്രമണം നടന്നത്. ഗുരുതരമായി പരുക്കേറ്റ രാജുവിനെ ആശുപത്രിയിലേക്കു കൊണ്ടു പോകുന്ന ജീപ്പിനുനേരെ നടന്ന ആക്രമണത്തിലാണു വ്യാപാരിയും ആർഎസ്എസ് അനുഭാവിയുമായ പാറായി നാണുവിനു പരുക്കേറ്റത്. ഇതിനിടയിലാണു രാജു മരണപ്പെട്ടത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാറായി നാണു 1980 നവംബർ 28നാണു മരണപ്പെട്ടത്. കൊല്ലപ്പെട്ട രാജുവിൻ്റെ സഹോദരൻ വിജയനും മാരകമായി പരുക്കേറ്റിരുന്നു. കാര്യാട്ട് പുറത്തു നടന്ന സംഘർഷം ചെറുവാഞ്ചേരി മേഖലയിലും വ്യാപിച്ചിരുന്നു.
1980 നവംബർ 27നു നടന്ന അക്രമത്തിലാണു കണ്ണാടി ചാലിലെ എസ്എഫ്ഐ പ്രവർത്തകനായ ചീരാറ്റ ചന്ദ്രൻ എന്ന 18കാരൻ കൊല്ലപ്പെട്ടത്. വീടിന് അടുത്തുള്ള ചായക്കടയിൽ വെച്ചാണു ചന്ദ്രനു നേരെ അക്രമം നടന്നത്.
ഈ കാലഘട്ടത്തിൽ പത്രങ്ങളിൽ വന്നിരുന്ന വാർത്തകൾ കൊലപാതകങ്ങൾക്കു പ്രചോദനമാകുന്ന തരത്തിലായിരുന്നു. മത്സരങ്ങളുടെ സ്കോർബോർഡ് മാതിരിയാണു പത്രങ്ങൾ മുൻ പേജിൽത്തന്നെ പാർട്ടി തരം തിരിച്ചു മരണസംഖ്യ പ്രസിദ്ധീകരിച്ചത്. ഇതു രാഷ്ട്രീയകക്ഷികൾക്ക് ഇടവിട്ട് ആവേശവും നിരാശയും നൽകിയിരുന്നു.
1981 ഏപ്രിൽ 6നാണു പത്തായക്കുന്നിലെ ആർഎസ്എസ് പ്രവർത്തകൻ വി എ ഗംഗാധരനും സിപിഎം പ്രവർത്തകനായ കൊട്ടിയോടിയിലെ കെ വി സുകുമാരനും വധിക്കപ്പെട്ടത്. ഇവർ എന്റെ പരിചയക്കാരായിരുന്നു. സജീവ ആർഎസ്എസ് പ്രവർത്തകനും എബിവിപിയുടെ നേതാവുമായിരുന്ന ഗംഗാധരൻ സംഘടനാ പ്രവർത്തനവുമായി ബന്ധപ്പെട്ടു പാനൂർ ഹൈസ്കൂളിൽ ഇടയ്ക്കു വരാറുണ്ട്. ആ സമയത്താണു ഗംഗാധരനുമായി ഞാൻ പരിചയത്തിലായത്. തലശ്ശേരി ബ്രണ്ണൻ കോളേജിൽ പഠിക്കുമ്പോഴാണു ഗംഗാധരനു ജോലി കിട്ടിയത്. കല്യാശ്ശേരി പഞ്ചായത്തിൽ ജോലിയിൽ പ്രവേശിച്ചു ദിവസങ്ങൾക്കുള്ളിലാണ് ഗംഗാധരൻ വധിക്കപ്പെട്ടത്. ഇതേ പഞ്ചായത്ത് ഓഫീസിനു മുന്നിൽ വെച്ചാണു ഗംഗാധരനെ രാഷ്ട്രീയ എതിരാളികൾ വകവരുത്തിയത്.
അതേദിവസം കൈവേലിക്കലെ ബേക്കറിയിലെ ജോലി കഴിഞ്ഞു വീട്ടിലേക്കു പോകുംവഴിയാണു പത്തായക്കുന്നിനടുത്തു വെച്ച് എതിരാളികൾ സിപിഎം പ്രവർത്തകനായ സുകുമാരനെ കൊലപ്പെടുത്തിയത്. കുന്നോത്തുപറമ്പിലെ പീടികകളിലേക്കു സൈക്കിളിൽ സ്ഥിരമായി ബേക്കറി സാധനങ്ങളുമായി പോയിരുന്ന സുകുമാരനുമായി ഞാൻ നല്ല പരിചയത്തിലായിരുന്നു. ബേക്കറി പലഹാരങ്ങൾ വിതരണം കഴിഞ്ഞു തിരിച്ചു പോകുമ്പോൾ പല പ്രാവശ്യം ഞാൻ സുകുമാരൻ്റെ സൈക്കിളിൽ ആനപ്പാലത്തുനിന്നു കൈവേലിക്കൽ പോയിട്ടുണ്ട്.
ഈ കാലഘട്ടത്തിലാണു കൊട്ടിയോടിയിൽ വെച്ച് ഒരു മുസ്ലീം യുവാവു വെട്ടേറ്റു മരിച്ചത്. മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രണ്ടു ദിവസം കഴിഞ്ഞാണു തിരിച്ചറിഞ്ഞത്. ഷർട്ടിന്റെ കോളറിലെ ടൈലർ കടയുടെ അഡ്രസ്സ് പ്രകാരം നടത്തിയ അന്വേഷണത്തിലാണു മഹമ്മൂദിനെ മനസ്സിലായത്. ആന്ധ്രയിൽ ജോലി ചെയ്തിരുന്ന മഹമ്മൂദ് സംഭവത്തിൻ്റെ കുറച്ചു ദിവസം മുൻപാണു നാട്ടിലെത്തിയത്. കൂത്തുപറമ്പിൽ നിന്നു പാനൂരിലേക്കുള്ള ബസിൽ യാത്ര ചെയ്തിരുന്ന ഇരയെ കാത്തുനിന്നവർക്കു പറ്റിയ കൈയ്യബദ്ധമാണു മാക്കൂൽപീടികയ്ക്കടുത്ത അക്കാനിശ്ശേരിയിലെ മഹമ്മൂദ് എന്ന യുവാവിൻ്റെ കൊലപാതകം. എതിരാളികൾ പ്രതീക്ഷിച്ചിരുന്ന ഇരയുടെ ഷർട്ടും മഹമ്മൂദിൻ്റെ ഷർട്ടും ഒരേ നിറത്തിലുള്ളതായിരുന്നു. അതു മാത്രമല്ല കൂത്തുപറമ്പിൽ നിന്നു ബസ് പുറപ്പെടുമ്പോൾ ഇരുന്ന സീറ്റ് ഇടയ്ക്ക് അദ്ദേഹം മാറിയതാണ് ആ ഹതഭാഗ്യൻ കൊല്ലപ്പെടാൻ കാരണം.
സ്വത്തുതർക്കത്തിലും കുടുംബവഴക്കിലും രാഷ്ട്രീയ താൽപ്പര്യത്തോടെയുള്ള ഇടപെടലുകൾ കൊലപാതകത്തിൽ കലാശിച്ച സംഭവങ്ങൾക്കും പാനൂർ മേഖല സാക്ഷ്യം വഹിച്ചിട്ടുണ്ട്. പ്രദേശത്തെ ജനങ്ങളെ ഏറെ ഞെട്ടിച്ച സംഭവമാണു ചെണ്ടയാട്ടെ കെപി ചാത്തുവിൻ്റെ കൊലപാതകം. ചാത്തുവും സഹോദരങ്ങളും തമ്മിലുള്ള കുടുംബ സ്വത്തു തർക്കമാണു സംഭവത്തിന് ആധാരം. തർക്ക സ്ഥലത്തെ ഉഭയങ്ങൾ പാട്ടം കൊടുത്തതും അത് ശേഖരിക്കാൻ വന്നവരെ തടഞ്ഞതുമാണു പ്രശ്നം കയ്യാങ്കളിയിലെത്തിച്ചത്. കെ പി ചാത്തുവിൻ്റെ അനുജൻ കെ പി നാണുമാസ്റ്റർ രാഷ്ട്രീയ ഇടപെടലുകൾ നടത്തിയതോടെയാണത്രേ പ്രശ്നം രൂക്ഷമായത്. വീട്ടിലേക്കുള്ള യാത്രാമധ്യേ ബസിൽ വെച്ചാണു കെ പി ചാത്തു ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ അദ്ദേഹം 1982 ഏപ്രിൽ 13നു കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണു മരിച്ചത്.
1985 മെയ് 17നു വൈകിട്ടാണു പൂക്കോത്തെ എം ടി കെ കരുണൻ കൊല്ലപ്പെട്ടത്. സജീവ ആർഎസ്എസ് പ്രവർത്തകനും തെങ്ങു കയറ്റത്തൊഴിലാളിയുമായ കരുണൻ ജോലി കഴിഞ്ഞു വരുമ്പോൾ പൂക്കോത്തെ കനാലിനടുത്തുവെച്ചാണു വധിക്കപ്പെട്ടത്. ചിക്ക് മഗളൂരിൽ കരാട്ടെ പഠനം കഴിഞ്ഞു തിരിച്ചു വരുമ്പോൾ തലശ്ശേരിയിൽ വെച്ചാണു ഞാൻ വിവരം അറിഞ്ഞത്. പാനൂരിലെ കരാട്ടെ ക്ലാസിന്റെ ആദ്യബാച്ചിൽ ഉണ്ടായിരുന്ന കരുണൻ എന്റെ അടുത്ത സുഹൃത്തായിരുന്നു.
പാനൂർ ഗ്രൗണ്ടിൽ നടന്ന കബഡി ടൂർണമെൻ്റിനിടെ എന്നോടു മോശമായി പെരുമാറിയവരെ അദ്ദേഹം എതിർത്തു. ഞങ്ങളുടെ കരാട്ടെ ടീമും മാഹി കോളേജ് ടീമും തമ്മിലുള്ള കളിക്കിടയിലെ തർക്കമാണ് കരുണനെ പ്രകോപിപ്പിച്ചത്. എന്നെ കളിക്കളത്തിൽനിന്നു മാറ്റാൻ വേണ്ടി എതിർ ടീമിൻ്റെ ക്യാപ്റ്റൻ കരുതിക്കൂട്ടി എന്നെ ഉപദ്രവിക്കുന്നതു കണ്ടപ്പോൾ നിയന്ത്രണംവിട്ട കരുണൻ ഇരുന്ന ബഞ്ചിൻ്റെ കാലഴിച്ചെടുത്താണ് അയാൾക്കെതിരെ തിരിഞ്ഞത്. വളരെ പാടുപെട്ടാണു ഞങ്ങൾ അദ്ദേഹത്തെ ശാന്തനാക്കിയത്.
1992ലാണു ചെറുവാഞ്ചേരി മേഖല വീണ്ടും സംഘർഷഭരി തമായത്. കണ്ണൂർ ജില്ലയിലെ മറ്റു ഭാഗങ്ങളിൽ ആർഎസ്എസും സിപിഎമ്മും തമ്മിലാണു സംഘട്ടനമെങ്കിൽ ചെറുവാഞ്ചേരിയിൽ വർഷങ്ങളോളം ആർഎസ്എസും കോൺഗ്രസുമാണു കൊമ്പു കോർത്തത്. ചെറുവാഞ്ചേരി പൂവ്വത്തൂർ അത്യാറക്കാവ് ഭഗവതി ക്ഷേത്ര കമ്മറ്റിയുമായി ബന്ധപ്പെട്ട ബിജെപി-കോൺഗ്രസ് തർക്കമാണു ചോയൻ രാജീവൻ എന്ന യുവാവിൻ്റെ ജീവനെടുത്തത്. കോൺഗ്രസ് നേതാവ് മുല്ലോളി കൃഷ്ണൻ മാസ്റ്റരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് അത്യാറക്കാവ് ഭഗവതി ക്ഷേത്രത്തിന്റെ കാര്യങ്ങൾ നടത്തിയിരുന്നത്. ക്ഷേത്രഭരണം പിടിച്ചെടുക്കാൻ ബിജെപി നടത്തിയ ശ്രമമാണ് ഇരുപാർട്ടികളും തമ്മിലുള്ള ബലാബലത്തിനു കാരണമായത്. രാജീവൻ്റെ കൊലപാതകത്തോടെ ചെറുവാഞ്ചേരിയിൽ സംഘർഷാവസ്ഥ മൂർച്ഛിച്ചു.
1992 ജൂലൈയിലാണ് 22കാരനായ രാജീവൻ കൊല്ലപ്പെട്ടത്. കൂത്തുപറമ്പിൽ നിന്നു കണ്ണവംവഴി ചെറുവാഞ്ചേരിയി ലേക്കു വരികയായിരുന്ന ബസ് അത്യാറക്കാവിനടുത്തു തടഞ്ഞു നിർത്തി നടത്തിയ ആക്രമണത്തിലാണു രാജീവനു പരുക്കേറ്റത്. ബസിൽ കൂടെ യാത്ര ചെയ്തിരുന്ന കോൺഗ്രസ് പ്രവർത്തകനായ അമ്മാവൻ ബാലകൃഷ്ണനെ അക്രമികൾ വെട്ടുന്നതുകണ്ടു രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണു രാജീവൻ്റെ വൃഷണത്തിന് ചവിട്ടേറ്റത്. തനിക്കു ചവിട്ടേറ്റ കാര്യം കാര്യമാക്കാതെ അമ്മാവനെ കൂത്തുപറമ്പ് ആശുപത്രിയിലെത്തിച്ചു ശുശ്രൂഷ നൽകുന്നതിനിടയിലാണു രാജീവൻ കുഴഞ്ഞുവീണു മരിച്ചത്.
കൊലപാതകം നടന്ന് ആഴ്ചകൾക്കു ശേഷം രാജീവന്റെ വീടു സന്ദർശിക്കാനെത്തിയ സ്ഥലം എംഎൽഎയായ കെ എം സൂപ്പിയെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. സ്വന്തം മുന്നണിയിലെ സജീവപ്രവർത്തകൻ കൊല്ലപ്പെട്ടപ്പോൾ പ്രതിഷേധിക്കാത്തതും അന്ത്യാഞ്ജലി അർപ്പിക്കാൻ വരാത്തതുമാണു കോൺഗ്രസ് പ്രവർത്തകരെ ക്ഷോഭിപ്പിച്ചത്. രാജീവൻ കൊലക്കേസിലെ പ്രതികളെ ജീവപര്യന്തം ശിക്ഷിച്ചിരുന്നു. പിന്നീടു ഹൈക്കോടതി ഇവരെ വെറുതെ വിട്ടു. അത്യാറക്കാവ് ഭഗവതി ക്ഷേത്രവുമായി ബന്ധപ്പെട്ട തർക്കവും കോടതിയിൽ എത്തിയിരുന്നു. ബിജെപി പിന്തുണയുള്ള കമ്മിറ്റിക്ക് അനുകൂലമായാണു കോടതിവിധി വന്നത്.
1993 ഫെബ്രുവരി 10നാണു പാറാലിൽ ആർഎസ്എസ് പ്രവർത്തകനായ അനിൽകുമാർ എന്ന 19കാരൻ കൊല്ലപ്പെട്ടത്. എം വി രാഘവൻ പാർട്ടി വിട്ടശേഷം നടന്ന കണ്ണൂർ എകെജി ആശുപത്രി തിരഞ്ഞെടുപ്പിൽ വിജയിച്ചതിൽ സിപിഎം പ്രവർത്തകർ പാറാലിൽ നടത്തിയ ആഹ്ളാദ പ്രകടനത്തിന് ഇടയിലാണ് അനിൽകുമാർ കൊല്ലപ്പെട്ടത്.
1994 ജനുവരി 25ന് ആർഎസ്എസ് നേതാവ് സി സദാനന്ദൻ മാസ്റ്റർക്കു വെട്ടേറ്റതോടെയാണു കൂത്തുപറമ്പ് മേഖല വീണ്ടും സംഘർഷഭൂമിയായത്. വൈകിട്ടു സ്കൂൾ വിട്ട് വരുന്നവഴിയാണ് അക്രമികൾ അദ്ദേഹത്തിൻ്റെ രണ്ടു കാൽപ്പാദങ്ങളും വെട്ടി മാറ്റിയത്.
പിറ്റേന്നു ജനുവരി 26നു റിപ്പബ്ലിക്ക് ദിന പുലർച്ചെയാണ് എസ്എഫ്ഐ സംസ്ഥാന ജോ. സെക്രട്ടറിയായ തൊക്കിലങ്ങാടിയിലെ കെ വി സുധീഷ് കൊല്ലപ്പെട്ടത്. വീട്ടിൽ കയറിയ അക്രമികൾ മാതാപിതാക്കളുടെ മുന്നിൽവെച്ചാണ് ഏകമകനായ അദ്ദേഹത്തെ വകവരുത്തിയത്.
1994 മാർച്ച് 24നാണു ദീർഘദൂര ഓട്ടത്തിൽ കായിക കേരളത്തിന്റെ പ്രതീക്ഷയായിരുന്ന കാഞ്ഞിലേരിയിലെ സത്യനെ അക്രമികൾ അരിഞ്ഞു വീഴ്ത്തിയത്. സഹോദരനോടോപ്പം ബസിറങ്ങുമ്പോൾ ആയിത്തറയിൽ വെച്ചാണു കോൺഗ്രസ് പ്രവർത്തകനായ ആദ്ദേഹത്തെ ആക്രമിച്ചത്. ബിഎസ്എഫിൽ സെലക്ഷൻ കിട്ടി ദിവസങ്ങൾക്കുള്ളിലാണു സത്യൻ വധിക്കപ്പെട്ടത്.
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുന്നതിനെതിരെ 1994ൽ ഡിവൈഎഫ്ഐ നടത്തിയ സമരം കണ്ണൂരിനെ വീണ്ടും സംഘർഷഭരിതമാക്കി. സഹകരണവകുപ്പ് മന്ത്രി എംവി രാഘവനെ കൂത്തുപറമ്പിലെ സഹകരണ ബാങ്ക് ഉദ്ഘാടനം ചെയ്യാൻ എത്തുമ്പോൾ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നു രഹസ്യാന്വേഷണ വിഭാഗം ഗവൺമെൻ്റിനു മുന്നറിയിപ്പ് നൽകിയിരുന്നു. ഇതു വകവെയ്ക്കാതെ കനത്ത പോലീസ് ബന്തവസിൽ എത്തിയ എം വി രാഘവനെ കൂത്തുപറമ്പ് ഷൈല ടാക്കീസിനു മുന്നിൽ വെച്ചാണു ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞത്. ലാത്തിചാർജ് നടത്തി സമരക്കാരെ ഓടിച്ചാണു പോലീസുകാർ മന്ത്രിയെ ഉദ്ഘാടന സ്ഥലത്തേക്കു കൊണ്ടുപോയത്. ഇതിനിടയിലാണു തലശ്ശേരി റോഡിൽ സമരക്കാർക്കുനേരെ പോലീസ് വെടിയുതിർത്തത്. 1994 നവംബർ 25നായിരുന്നു കേരളത്തെ നടുക്കിയ കൂത്തുപറമ്പ് വെടിവെയ്പ്പ്.
സമരക്കാരെ നിയന്ത്രിക്കുന്നതിനിടയിലാണു കെ കെ രാജീവൻ വെടിയേറ്റു മരിച്ചത്. പാനൂരിലെ അറിയപ്പെടുന്ന പൊതു പ്രവർത്തകനും പത്രപ്രവർത്തകനുമായിരുന്നു കെ കെ രാജീവൻ. ചമ്പാട്ടെ ഷിബുലാൽ, കൂത്തുപറമ്പ് നരവൂരിലെ റോഷൻ, കോടിയേരിയിലെ മധു, കിഴക്കെ കതിരൂരിലെ ബാബു എന്നിവരാണു വെടിവെയപിൽ കൊല്ലപ്പെട്ട മറ്റു ഡിവൈഎഫ്ഐ സമരഭടന്മാർ.
ആഴ്ചകളോളം എങ്ങും യുദ്ധ പ്രതീതിയായിരുന്നു. സർക്കാർ ഓഫീസുകളും വാഹനങ്ങളും അടക്കമുള്ള പൊതുമുതലുകളും പാർട്ടി ഓഫീസുകളും അഗ്നിക്കിരയായി. പോലീസ് ഉൾവലിഞ്ഞതിനാൽ ക്രമസമാധാനനില താറുമാറായി. സർക്കാർ മെഷിനറി അപ്പാടെ സ്തംഭിച്ച അവസ്ഥ. കുന്നോത്തുപറമ്പ് പഞ്ചായത്ത് ഓഫീസിലെ രേഖകൾ നശിപ്പിക്കപ്പെട്ടതു ജനങ്ങളെ ഏറെ വലച്ചിരുന്നു. വിദ്യാർഥികൾ, തൊഴിലന്വേഷകർ, ബാങ്ക് വായ്പ എടു ക്കേണ്ടവർ തുടങ്ങി പഞ്ചായത്തു സാക്ഷ്യപത്രങ്ങൾക്കും സർട്ടിഫിക്കറ്റുകൾക്കും വേണ്ടി ഹാജരാക്കിയ പലരുടെയും വിലപ്പെട്ട രേഖകളും അഗ്നിക്കിരയായിരുന്നു.
സുഷുമ്നാ നാഡിക്കു വെടിയേറ്റു ശരീരം തളർന്ന ചൊക്ലിയിലെ പുതുക്കുടി പുഷ്പൻ കുത്തുപറമ്പ് സംഭവത്തിലെ ജീവിക്കുന്ന രക്തസാക്ഷിയാണ്. ബാംഗ്ലൂരിൽ ബേക്കറിത്തൊഴിലാളിയായ പുഷ്പൻ ആയിടെയാണു നാട്ടിലെത്തിയത്. തലശ്ശേരിയിൽ സിനിമയ്ക്കു പോകുന്നവഴി കൂത്തുപറമ്പിൽ സമരം നടക്കുന്നതറിഞ്ഞു പങ്കെടുക്കാൻ പോയതായിരുന്നു പുഷ്പൻ.
പൊയിലൂർ മഠപ്പുര തിറ മഹോത്സവത്തോട് അനുബന്ധിച്ചുള്ള കലശ ഘോഷയാത്രയ്ക്കു നേരെ നടന്ന കല്ലേറു പ്രദേശത്തു സാമുദായിക സംഘർഷാവസ്ഥ സൃഷ്ടിച്ചു. 1995 മാർച്ച് 10നു ചെറുപ്പറമ്പ് ജാതിക്കൂട്ടം പള്ളി പരിസരത്തു വെച്ചാണു കല്ലേറ് നടന്നത്. ഇതുമായി ബന്ധപ്പെട്ട സംഘർഷം പുകയുന്നതിന് ഇടയിലാണ് അന്നു രാത്രി കൂറ്റേരി കെ സി മുക്കിലെ ബിജെപി പ്രവർത്തകൻ ചെമ്പട്ട കേളു എന്ന 68കാരൻ കൊല്ലപ്പെട്ടത്. സുഹൃ ത്തിന്റെ വീട്ടുകോണിയിൽ ഇരിക്കുമ്പോഴാണ് എതിരാളികൾ അദ്ദേഹത്തെ ബോംബെറിഞ്ഞു കൊന്നത്.
ഇതോടെ സംഭവത്തിൻ്റെ ഗതി മാറിയതാണു വലിയ ഒരു സാമുദായിക സംഘർഷം ഒഴിവാകാൻ കാരണം. രാഷ്ട്രീയ കൊലപാതകം നടന്നത് അറിഞ്ഞതോടെ മതത്തിൻ്റെ പേരിൽ ചെറുപ്പറമ്പിൽ ഒത്തുചേർന്നവർ പിൻവലിഞ്ഞു.
ചെമ്പട്ട കേളുവിൻ്റെ കൊലപാതകം നടന്നതിൻ്റെ പിറ്റേ ദിവസമാണു കൈവേലിക്കലിൽ സിപിഎം പ്രവർത്തകനായ മുനീർ എന്ന യുവാവിനു നേരെ അക്രമം നടന്നത്. വീട്ടിൽ വെച്ച് ആക്രമിക്കപ്പെട്ട അദ്ദേഹത്തെ പോലീസാണു രക്ഷപ്പെടുത്തിയത്.
അക്രമ രാഷ്ട്രീയത്തിൻ്റെ ഫലമായി പ്രവർത്തന രഹിതമായ സ്ഥാപനമാണ് കെ സി മുക്കിനടുത്ത കോമ്പിലെ ശ്രീനാരായണ മഠം. രാഷ്ട്രീയത്തിൻ്റെ പേരിൽ ഇരുവിഭാഗങ്ങൾ തമ്മിലുള്ള അഭിപ്രായ ഭിന്നതയ്ക്കിടയിലാണ് 1995 മാർച്ച് 10നു ചെമ്പട്ട കേളു കൊല ചെയ്യപ്പെട്ടത്. ചേനക്കലായി കുഞ്ഞാപ്പു സംഭാവന ചെയ്ത സ്ഥലത്ത് 1980ൽ നാട്ടുകാർ നിർമിച്ച മഠം ഇതോടെ അടച്ചുപുട്ടി.
1995 മാർച്ച് 24നാണു ചെറുപ്പറമ്പിലെ ആർഎസ്എസ് പ്രവർത്തകൻ കൊമ്പൻ സുരേന്ദ്രൻ്റെ ദുരൂഹമരണം. കല്ലിക്കണ്ടിയിൽ വെൽഡിംഗ് തൊഴിലാളിയായ സുരേന്ദ്രനെ തൂങ്ങിമരിച്ച നിലയിലാണു കാണപ്പെട്ടത്. മൃതദേഹത്തിൻ്റെ കാൽ നിലത്തു കുത്തിയതും ശരീരത്തിലെ ചതവുകളുമാണു കൊലപാതകമാണെന്ന സംശയത്തിന് ഇട നൽകിയത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ എത്തിയാണു സുരേന്ദ്രൻ്റെ മൃതദേഹം അഴിച്ചത്. പ്രദേശത്തു മത വിഭാഗീയത നിലനിൽക്കുമ്പോൾ നടന്ന സംഭവമായതിനാൽ പോലീസ് കരുതലോടെയാണു പ്രവർത്തിച്ചത്.
സുരേന്ദ്രന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു കൊണ്ടു പോയി മണിക്കൂറിനുള്ളിലാണു ചെറുപ്പറമ്പിൽ വെച്ചു കോഴിക്കോട് ജില്ലക്കാരനായ അഹമ്മദ് എന്ന വ്യാപാരി കൊല്ലപ്പെട്ടത്. സുരേന്ദ്രൻ്റെ മരണത്തിൽ അനുശോചിച്ചു വ്യാപാര സ്ഥാപനങ്ങൾ അടച്ചു. ഇതിനിടയിൽ കോഴിക്കോട്ടെ വീട്ടിലേക്കു പോകാൻ സ്വന്തം കട തുറന്നു പണമെടുക്കുമ്പോഴാണു മധ്യവയസ്കനായ അഹമ്മദിനെ അക്രമികൾ വെട്ടിക്കൊന്നത്. പോലീസിൻ്റെ ശക്തമായ ഇടപെടൽ കാരണം ഇതുമായി ബന്ധപ്പെട്ടു പിന്നീട് ഈ പ്രദേശത്തു മറ്റ് അനിഷ്ട സംഭവങ്ങൾ ആവർത്തിച്ചില്ല. പോലീസ് തീരുമാനിച്ചാൽ എന്തും തടയിടാൻ കഴിയുമെന്ന് ഈ സംഭവം സാക്ഷ്യപ്പെടുത്തുന്നു.
1995 ഏപ്രിൽ 12ന് ഇ പി ജയരാജൻ എംഎൽഎയ്ക്കു നേരെ ആന്ധ്രയിൽ വെച്ചുണ്ടായ വധശ്രമം കണ്ണൂരിലെ അക്രമ രാഷ്ടീയത്തിന്റെറെ തുടർച്ചയായിരുന്നു. പോളിറ്റ് ബ്യൂറോ കഴിഞ്ഞു പഞ്ചാബിൽ നിന്നു കേരളത്തിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ ആന്ധ്രയിൽ വെച്ചാണ് അദ്ദേഹത്തിനുനേരെ അക്രമി നിറയൊഴിച്ചത്. കോടിയേരിയിലെ വിക്രംചാലിൽ ശശി, കൂത്തുപറമ്പിലെ ദിനേശൻ എന്നിവരാണ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. കണ്ണൂർ ഡിസിസി പ്രസിഡണ്ടും എംഎൽഎയുമായ കെ സുധാകരനും സിഎംപി നേതാവ് എം വി രാഘവനും പിന്നീട് ഈ കേസിൽ പ്രതിയാക്കപ്പെട്ടു. 1995 മാർച്ച് 22നു 16-ാം മുഖ്യമന്ത്രിയായി അധികാരമേറ്റ എ കെ ആൻ്റണി അഭിമുഖീകരിച്ച രാഷ്ട്രീയ പ്രതിസന്ധിയായിരുന്നു ഇത്.
🟥
അടുത്ത അധ്യായം ▶ രക്തപ്പൂക്കളം
മുന് അധ്യായങ്ങള് ഇവിടെ വായിക്കാം :
◼️അധ്യായം 1: പുഴമാത്രം മാറിയില്ല
◼️അധ്യായം 2: ഓര്മ്മയില് ജീവിക്കുന്ന അമ്മ
◼️അധ്യായം 3: പുത്തൂരാൻ ചരിതം
◼️അധ്യായം 4: കണ്ണാരം പൊത്തിപ്പൊത്തി
◼️അധ്യായം 5: മൃതിയുടെ തിരനോട്ടം
◼️അധ്യായം 6: കൺനിറയെ ദൈവങ്ങൾ
◼️അധ്യായം 7: ഭിക്ഷാം ദേഹി
◼️അധ്യായം 8: നാട്ടുവഴിയിൽ
◼️അധ്യായം 9: ഗ്രാമീണ വിശുദ്ധി
◼️അധ്യായം 10: ശാക്തേയം
◼️അധ്യായം 11: കല്യാണക്കോപ്പ്
◼️അധ്യായം 12: പുളിമുറികല്യാണം
◼️അധ്യായം 13: മാമ്പഴക്കാലം
◼️അധ്യായം 14: ജലവിനോദങ്ങൾ
◼️അധ്യായം 15: പൊലോളി
◼️അധ്യായം 16: വിനോദ യാത്ര
◼️അധ്യായം 17: സത്യൻ പുത്തൂർ
◼️അധ്യായം 18: അങ്ങാടിപ്പഴമ
◼️അധ്യായം 19: പോലീസ് ഞങ്ങൾക്ക് പുല്ലാണ്
◼️അധ്യായം 20: പുത്തനമ്പലം
◼️അധ്യായം 21: ഉദ്യാന നഗരിയിലേക്ക്
◼️അധ്യായം 22: ഘെരാവോ
◼️അധ്യായം 23: ഒരു പുരത്തറ
◼️അധ്യായം 24: ജാതീയതയുടെ രക്തസാക്ഷി
◼️അധ്യായം 25: കുറുപ്പാൾ
◼️അധ്യായം 26: ഡിസ്കോ ഡാന്സര്
◼️അധ്യായം 27: ആയോധനക്കളരിയിൽ
◼️അധ്യായം 28: അപകടം വഴി കാട്ടുന്നു
◼️അധ്യായം 29: ദേശാടനം
◼️അധ്യായം 30: കരാട്ടെ പട്ടു
◼️അധ്യായം 31: ഫിസ്റ്റ് ഇന്ത്യ
◼️അധ്യായം 32: പാൽമേഘക്കടലിൽ
◼️അധ്യായം 33: തൊഴിലാളിക്കരുത്ത്
◼️അധ്യായം 34: മദുവേ മാഡി നോഡു
◼️അധ്യായം 35: ധാരണയ്ക്കപ്പുറം
◼️അധ്യായം 36: സംഘടനകൾക്കൊപ്പം
◼️അധ്യായം 37: സമാജങ്ങളിലൂടെ
◼️അധ്യായം 38: മാധ്യമ വിചാരം
◼️അധ്യായം 39: പ്രവാസ വാസം
◼️അധ്യായം 40: ക്ഷേത്രായനം
◼️അധ്യായം 41: മനേഗെ ബന്നി
◼️അധ്യായം 42: ഗുരുവിനു സർക്കാരിന്റെ ആദരവ്
◼️അധ്യായം 43: അൽപം രാഷ്ട്രീയം
◼️അധ്യായം 44: ആക്ഷന് കാലം
















