ഇടുക്കി: ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാത്രി യാത്ര നിരോധനം ഏർപ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി. ഇന്ന് രത്രി 7 മണി മുതല്‍ നാളെ രാവിലെ 6 മണി വരെ മലയോര മേഖലയില്‍ രാത്രി യാത്ര നിരോധിച്ചത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ ഏറ്റവും പുതിയ മഴ മുന്നറിയിപ്പ് പ്രകാരം 07-06-2026 തീയതിയില്‍ ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതാണ്.
ജില്ലയില്‍ ശക്തമായ മഴ പെയ്യുന്നതിനാലും, മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്നതിനാലും, ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മലയോര പ്രദേശങ്ങളില്‍ കൂടിയുള്ള രാത്രികാല യാത്ര നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്ന് ബോധ്യപ്പെട്ടിട്ടുള്ളതാണെന്ന് ഉത്തരവില്‍ പറയുന്നു.
ഈ സാഹചര്യത്തില്‍, ദുരന്തനിവാരണനിയമം 2005ലെ സെക്ഷൻ 25 (2) (a), സെക്ഷൻ 26 (2) എന്നിവ പ്രകാരം എന്നില്‍ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ച് ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 34 (b), 34 (c) എന്നിവ പ്രകാരം ഇടുക്കി ജില്ലയിലെ മലയോര മേഖലകളിലൂടെയുള്ള രാത്രി യാത്ര ഉടൻ പ്രാബല്യത്തില്‍ നിരോധിച്ച് ഇതിനാല്‍ ഉത്തരവാകുന്നു.
ഈ ഉത്തരവ് കർശനമായി നടപ്പാക്കുന്നതിന് ജില്ലാ പോലീസ് മേധാവി, ഇടുക്കി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമാർ, റീജിയണല്‍ ട്രാൻസ്പോർട്ട് ഓഫീസർ, ഇടുക്കി ഇൻസിഡന്റ് കമാൻഡർ കൂടിയായ തഹസില്‍ദാർമാർ എന്നിവരെ ചുമതലപ്പെടുത്തിയതായി ഉത്തരവില്‍ പറയുന്നു.
SUMMARY: Landslide fears; Restrictions on night travel in Idukki district
















