‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’
ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍
![]()
ഒരു ബോംബ് സ്ഫോടനമാണ് എൻ്റെ വീടുപണി അവതാളത്തിലാക്കിയത്. 1982ൽ കിഴക്കെ ചെണ്ടയാട്ടെ ആർഎസ്എസ് പ്രവർത്തകൻ കിഴക്കമ്പത്ത് ബാലൻ്റെ വീട്ടിൽ ബോംബ് പൊട്ടിയ സംഭവമാണ് അച്ഛച്ഛൻ എനിക്കായി തുടങ്ങിയ വീടുപണി നിന്നുപോകാൻ കാരണം. ഈ സ്ഫോടനത്തിൽ പിണറായി വെണ്ടുട്ടായിലെ ചന്ദ്രൻ എന്നയാൾ കൊല്ലപ്പെട്ടു. ഈ അവസരത്തിൽ പിആർ കുറുപ്പ് കുയിമ്പിൽ വന്നു ഞാൻ ആർഎസ്എസാണെന്നും ബോംബ് ഉണ്ടാക്കുന്നവരുമായാണു കൂട്ടുകെട്ടെന്നും അച്ഛച്ഛനോട് ഏഷണി പറഞ്ഞു. ഞാൻ എട്ടിൽ പഠിക്കുമ്പോഴാണു കട്ടച്ചി മൊട്ടയ്ക്കടുത്തുള്ള കട്ടവെച്ചപറമ്പത്ത് അച്ഛച്ഛൻ എനിക്കായി വീടിനു തറകെട്ടിയത്. മര ഉരുപ്പടികളും കല്ലും മറ്റും ഒരുക്കുന്നതിനിടയിലായിരുന്നു പിആറിൻ്റെ ഇടപെടൽ. എനിക്കായി കെട്ടിയ തറ വർഷങ്ങളോളം അനാഥമായി കിടന്നു.
പിആറിന്റെ പ്രചാരണത്തെ പ്രതിരോധിക്കാൻ പിന്നീട് ആർഎസ്എസ് മുന്നോട്ടുവന്നു. പിആർ കയറിയ വീടുകളിൽ ആർഎസ്എസ് പ്രചാരക് രാമൻ മുതലായവർ എത്തിയിരുന്നു. അന്നാണു കോഴിക്കോട്ടുകാരനായ രാമനെ പരിചയപ്പെട്ടത്.
1985ൽ പാനൂർ ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടന്ന വോളിബോൾ കോച്ചിങ്ങ് ക്യാമ്പിൽ വെച്ചാണു കിഴക്കമ്പത്ത് ബാലനെ ഞാൻ പരിചയപ്പെട്ടത്. അദ്ദേഹമായിരുന്നു ഒരു മാസത്തെ ക്യാമ്പിന്റെ സൂത്രധാരൻ. ഇരുപതിൽപ്പരം കളിക്കാർ പങ്കെടുത്ത ഈ ക്യാമ്പിനു ശേഷമാണു ചമ്പാട് സ്വദേശിയായ രാമൻ ജില്ലാ ടീമിലേക്കു തിഞ്ഞടുക്കപ്പെട്ടത്. കണ്ണൂർ സ്പോർട്സ് സ്കൂളിലെ വോളീബോൾ കോച്ച് ബാലഗോപാലനായിരുന്നു ക്യാമ്പിലെ മുഖ്യ പരിശീലകൻ. ഇദ്ദേഹത്തിന്റെ ഭാര്യവീട് പുത്തൂർ മഠപ്പുരയ്ക്കടു ത്താണ്. ക്യാമ്പിനുശേഷം ഞാൻ കിഴക്കമ്പത്ത് ബാലനുമായി നല്ല ബന്ധത്തിലായി. നല്ലൊരു പാചകക്കാരനായ കിഴക്കമ്പത്ത് ബാലൻ ചെങ്കല്ല് വ്യാപാരിയായിരുന്നു.
ആനപ്പാലം വയലിൽ കളിക്കാർ കുറയുന്ന ദിവസം പകരക്കാരനായിരുന്ന ഞാൻ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുമ്പോഴേക്കും നല്ല രീതിയിൽ വോളിബോൾ വശത്താക്കിയിരുന്നു. താഴെ കുന്നോത്തുപറമ്പ് സഹകരണ ആശുപത്രിയുടെ പിന്നിലായിരുന്നു ഞങ്ങളുടെ സ്ഥിരം കോർട്ട്. ടി പി ചന്ദ്രന്റെ വീട്ടിലാണ് ബോൾ സൂക്ഷിക്കുക. ടി ചന്ദ്രൻ, സി പവിത്രൻ, പ്രകാശ് ബാബു, ബാലൻ, ടി പവിത്രൻ അനിൽകുമാർ, ടൈലർ ശശി എന്നിവരാണു സ്ഥിരം കളിക്കാർ. ശശി പിന്നീടു കരാട്ടെ ഇൻസ്ട്രക്ടറായി. അനിൽകുമാർ ഹെൽത്ത് ഇൻസ്പെക്‌ടറായി. ചെറുപ്രായത്തിൽ കല്യാണം കഴിച്ച പവിത്രൻ ബാംഗ്ലൂരിൽ ബേക്കറി വ്യാപാരിയാണ്. ചെറുപ്പറമ്പ്, കടവത്തൂർ, പുത്തൂർ, പാനൂർ ഹൈസ്‌കൂൾ ഗ്രൗണ്ട്, കൈവേലിക്കൽ എന്നിവിടങ്ങളിൽ ഞങ്ങൾ ഇടവിട്ടു വോളിബോൾ കളിച്ചിരുന്നു. വോളിബോൾ രംഗത്തു സജീവമായിരുന്ന കൈവേലിക്കലെ ശ്രീ നാരായണ സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ അന്നു ജില്ലാതല വോളിബോൾ മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. ചാരയുടെ ജ്യേഷ്‌ഠത്തി നാണിയുടെ മകൻ പവിത്രനായിരുന്നു കൈവേലിക്കൽ ടീമിൻ്റെ ക്യാപ്റ്റൻ.
മുടി തോളറ്റം വരെ നീട്ടിവളർത്തുന്ന ഹിപ്പിയാണ് അന്നത്തെ ഫാഷൻ. ചന്ദ്രികാ സോപ്പുകൊണ്ടാണ് ഇവർ മൂടി കഴുകിയിരുന്നത്. കോളേജിൽ പഠിക്കുമ്പോൾ ഞാനും മോശമല്ലാത്ത ഹിപ്പിക്കാരനായിരുന്നു. പ്രച്ഛന്നവേഷ മത്സരങ്ങളിൽ സ്ത്രീവേഷം കെട്ടാൻ എനിക്കിത് അനുഗ്രഹമായി. ഹിപ്പിക്കുശേഷം ഫാഷൻ പ്രേമികൾ മുടിയുടെ സ്റ്റൈൽ കുരുവിക്കൂടിലേക്കു മാറ്റി. നെറ്റിക്കു മുകളിൽ മുടി വളച്ചൊതുക്കി കുരുവിക്കൂടാക്കാൻ ഒരു പാട് പണിപ്പെടണം. പിന്നീട് ഹിന്ദി സൂപ്പർസ്റ്റാർ അമിതാഭ് ബച്ചന്റെ ഹെയർ സ്റ്റൈൽ യുവാക്കളുടെ ഹരമായി. ഇരു ഭാഗത്തും ചെവി മറച്ച് മുടിയൊതുക്കി യുവാക്കളും കുട്ടികളും ബച്ചൻ ഫാനായി.
പ്രായഭേദമില്ലാതെ ആളുകളെ ഏച്ചി, ഏട്ടാ എന്നു വിളിച്ചിരുന്ന യാചകനായിരുന്നു പത്തുപൈസ ചന്ദ്രൻ. വലിയ കീശയുള്ള മുട്ടറ്റമെത്തുന്ന കാക്കി ട്രൗസറും ഹാഫ് കൈ ഷർട്ടും ഇട്ടു വൃത്തിയിൽ നടന്നിരുന്ന ഇയാൾ ആരോടും പത്തുപൈസയിൽ കൂടുതൽ ചോദിക്കുകയോ വാങ്ങുകയോ ഇല്ല. പൗഡർ, ചീർപ്പ്, കണ്ണാടി, ചന്ദ്രിക സോപ്പ് എന്നിവ പോക്കറ്റിൽ കരുതിയാണ് ചന്ദ്രന്റെ യാത്ര. ആരെങ്കിലും ദേഷ്യപ്പെടുകയോ കയർത്തു സംസാരിക്കുകയോ ചെയ്താൽ യാചന നിർത്തി അന്നുമുഴുവൻ സങ്കടത്തോടെ മറ്റു ള്ളവരോട് ഇക്കാര്യം പറഞ്ഞു കരയുന്നതു ചന്ദ്രന്റെ ശീലമാണ്. ചന്ദ്രന്റെ അതിസാമർഥ്യം ദിവസങ്ങളോളം ഒരു പ്രദേശത്തുകാരുടെ കുടിവെള്ളം മുട്ടിച്ചിരുന്നു.
മാക്കൂൽപീടികയിലെ പൊതുകിണറ്റിലെ വെള്ളമാണു സോപ്പ് മണത്ത് ഉപയോഗിക്കാൻ പറ്റാതായത്. ആളുകൾ കിണർ വൃത്തിയാക്കുമ്പോൾ ചന്ദ്രനും താൽപര്യത്തോടെ അടുത്തുണ്ടായിരുന്നു. വെള്ളം വറ്റിച്ചശേഷം കിണറ്റിലെ ചെളി കയറ്റിയിടുമ്പോൾ ഇയാൾ എന്തോ പരതിയിരുന്നു. തപ്പിയെടുത്ത കത്തിയുമായി ചന്ദ്രൻ ഓടിയപ്പോൾ നാട്ടുകാർക്കു സംശയമായി. ചന്ദ്രനെ പിടിച്ചു ചോദ്യം ചെയ്‌തപ്പോഴാണു സോപ്പ് കിണറ്റിലിട്ട കാര്യം ഇയാൾ സമ്മതിച്ചത്. കിണറ്റിൽ വീണുപോയ തൻ്റെ കത്തി കിണർ വൃത്തിയാക്കുമ്പോൾ കിട്ടാൻ വേണ്ടിയാണു മന്ദബുദ്ധി എന്ന് ആളുകൾ വിളിക്കുന്ന ചന്ദ്രൻ അതിബുദ്ധി കാണിച്ചത്. ബുദ്ധി മാന്ദ്യമുള്ളവരെന്നു കരുതുന്ന പലരും അവരുടെ എല്ലാ കാര്യങ്ങളും വിജയിപ്പിക്കാനുള്ള ബുദ്ധിയുള്ളവരാണ്. അപസ്‌മാര രോഗിയായിരുന്ന പത്തുപൈസ ചന്ദ്രൻ പാറക്കടവ് പുഴയിൽ കുളിക്കുമ്പോഴാണു രോഗം മൂർഛിച്ച് മുങ്ങിമരിച്ചത്.
അസുഖങ്ങളും പ്രതികൂല സാഹചര്യങ്ങളും കാരണം ജീവിതം വഴിമുട്ടുമ്പോഴാണു പലരും യാചകവൃത്തി സ്വീകരിക്കാൻ നിർബദ്ധരാകുന്നത്. ഇതിൽനിന്നു തികച്ചും വ്യത്യസ്തനായ ഒരു യാചകൻ പാനൂരിലുണ്ടായിരുന്നു. മക്കളെല്ലാം ഉന്നത സ്ഥിതിയിലുള്ളപ്പോഴും യാചിച്ചു ജീവിച്ച ഇയാൾ ആദ്യകാലത്തെ അറിയപ്പെടുന്ന സ്വർണപ്പണിക്കാരനായിരുന്നു. പാനൂരിലെ പ്രമുഖ സ്വർണവ്യാപാരിയുടെ അച്ഛൻ കേളപ്പനാണു വർഷങ്ങളോളം മറ്റുള്ളവരുടെ മുന്നിൽ യാചിച്ചു കഴിഞ്ഞത്. കുടുംബവുമായുള്ള അഭിപ്രായഭിന്നതയെ തുടർന്നാണ് ഇയാൾ യാചകനായി അലഞ്ഞത്. പാനൂർ ടൗണിൽ നല്ലൊരു പാട്ടുകാരനുണ്ടായിരുന്നു. ആനന്ദലഹരിയിൽ ലാസ്യചേഷ്‌ടകളോടെ പാട്ടുപാടി നടന്നിരുന്ന ഭാസ്കരൻ സ്വർണപ്പണിക്കാരനായിരുന്നു. ബസിൽ കയറിയാൽ ടിക്കറ്റെടുക്കുന്നതിനു പകരം അദ്ദേഹം പാട്ടു പാടുകയായിരുന്നു പതിവ്. ഒരു ബസ് അപകടത്തിൽപെട്ടായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം.
പ്രീഡിഗ്രി രണ്ടാം വർഷം ഒരാഴ്‌ചയോളം ഞാൻ ബാംഗ്ലൂരിലായിരുന്നു. ആർ ഗുണ്ടുറാവു ആയിരുന്നു അന്നത്തെ കർണാടക മുഖ്യമന്ത്രി. ഏഷ്യയിലെ ഏറ്റവും വലിയ ബസ് സ്റ്റാന്റായ മെജസ്റ്റിക്കിന്റെ മുഖം മാറ്റി മറിച്ച ഫ്ളൈഓവർ പണിതത് ഈ കാലത്താണ്. സിറ്റി സ്റ്റാൻ്റിൽ അർധ വൃത്താകൃതിയിലുള്ള നാലോളം ബസ് ഷെൽട്ടറുകളുണ്ട്. ഇതിൻ്റെ ഇരുഭാഗത്തുമുള്ള ട്രാക്കിലാണ് ബസുകൾ വന്നുപോകുന്നത്. റെയിൽവേ സ്റ്റേഷനും ഇൻ്റർസ്റ്റേറ്റ് ബസ്സ്റ്റാന്റും സിറ്റി ബസ്‌സ്റ്റാൻ്റും ഒരേ സ്ഥലത്താണെന്നതു ബാംഗ്ലൂരിന്റെ സവിശേഷതയാണ്. 2016ഓടെ മെട്രോ സ്റ്റേഷനും.
കുന്നോത്തുപറമ്പിൽ ഞങ്ങൾ ഓൾമെൻസ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് എന്നപേരിൽ ഒരു സമിതി രൂപീകരിച്ചിരുന്നു. കെ സുധി മാസ്റ്റർ പ്രസിഡണ്ടും തണ്ട്യൻ മുകുന്ദൻ മാസ്റ്റർ വൈസ് പ്രസിഡണ്ടുമായിരുന്ന ഓൾ മെൻസിൻ്റെ സെക്രട്ടറിയായിരുന്നു ഞാൻ. വിജയൻ മാസ്റ്റർ, കുമാരൻ മാസ്റ്റർ, സുകു മാസ്റ്റർ എന്നിവരാണു മറ്റു ഭാരവാഹികൾ. സുധിയുടെ വീടിനു മുന്നിലുള്ള വയലിൽ വെച്ചാണ് ഓൾ മെൻസിൻ്റെ നേതൃത്വത്തിൽ ക്രിക്കറ്റ്, വോളിബോൾ, ബാഡ്‌മിൻ്റൻ എന്നിവ പരിശീലിച്ചത്. കോയ്യോട്ടുമ്മൽ സുഗതൻ, വിജയൻ മാസ്റ്റർ, സുധിയുടെ ജ്യേഷ്ഠൻ ബാബു എന്നിവർ പരിശീലനങ്ങളിൽ ഞങ്ങളെ ഏറെ സഹായിച്ചിരുന്നു.
രാത്രിയിലെ കബഡി പരിശീലനത്തിനു വൈദ്യുതി എടുത്തിരുന്നതു സുധിയുടെ വീട്ടിൽനിന്നാണ്. ഇതിനുശേഷം നാടകപരിശീലനമാണ്. കുന്നോത്ത് പറമ്പിലും പൊയിലൂരുമടക്കം നിരവധി വേദികളിൽ ഞങ്ങൾ പെരുന്തച്ചൻ എന്ന നാടകം അവതരിപ്പിച്ചു. സാമൂഹ്യ സേവനമേഖലയിൽ എൻ്റെ തുടക്കം ഓൾ മെൻസിൽ നിന്നാണ്.
കുനിയിൽ ചാത്തുമാസ്റ്ററുടെയും അശോകൻ മാസ്റ്റരുടെ സഹോദരി രാധയുടെയും മകനാണ് സുധി മാസ്റ്റർ. സുഗത, ബാബു, സുഷമ, സുധർമ്മ എന്നിവരാണു സുധിയുടെ സഹോദരങ്ങൾ. ഞാൻ ചെറുപ്പം മുതലേ ഈ വീട്ടിലെ അംഗത്തെപ്പോലെയാണ്. നാട്ടിൽ പോകുമ്പോഴൊക്കെ ഞാൻ അവിടെ പോകാറുണ്ട്. സുഷമ ബാംഗ്ലൂരിലാണ്. മകൾ ജ്യോത്സ്ന ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗർ താരമായിരുന്നു. 2017 ജനുവരി 1നാണു ചാത്തുമാസ്റ്റർ നിര്യാതനായത്.
കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ സജീവപ്രവർത്തകനായിരുന്നു സുധി മാസ്റ്റർ. അദ്ദേഹം ബാലൻ കെ ചമ്പാടുമായി ചേർന്നു പാനൂരിൽനിന്നു രണഗാഥ എന്ന സായാഹ്നപത്രം പ്രസിദ്ധീകരിച്ചിരുന്നു. യുക്തിവാദി സംഘത്തിൻ്റെ സജീവ പ്രവർത്തകനായ ബാലൻ കെ ചമ്പാടിൻ്റെ ആദ്യകാല പ്രവർത്തന കേന്ദ്രം കുന്നോത്തുപറമ്പാണ്. തണ്ട്യൻ മുകുന്ദൻ കൊളവല്ലൂർ എൽപിയിലെ അധ്യാപകനായിരുന്നു. അദ്ദേഹം ഇപ്പോൾ കോൺഗ്രസ് എസ്സിന്റെ സജീവ പ്രവർത്തകനാണ്. വിജയൻ മാസ്റ്റർ കൈവേലിക്കലെ വാണീവിലാസം എൽപിസ്‌കൂൾ ഹെഡ്‌മാസ്റ്ററായാണു സർവീസിൽനിന്ന് വിരമിച്ചത്.
ഗോവിന്ദൻകുട്ടിയായിരുന്നു ഓൾ മെൻസിലെ കബഡി പരിശീലകൻ. പുത്തൂർ പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാനായ അദ്ദേഹം കണ്ണൂർ ജില്ലാ കബഡി ടീം അംഗമായിരുന്നു. മറുനാട്ടിലുള്ളവരുമായി ബന്ധപ്പെടാനുള്ള ഏക ഉപാധി കത്തു മാത്രമായിരുന്നു. ഗൾഫിൽ പോയരുടെ വിവരങ്ങൾ മാസങ്ങൾക്കു ശേഷമാണ് നാട്ടിലറിയുക. അതുവരെ ബന്ധുക്കൾ ദിവസവും പോസ്റ്റ്മാനെ നോക്കിയിരിക്കും. ഗൾഫിലുള്ള മാമൻ്റെ കത്തു വൈകിയാൽ അമ്മമ്മ ബേജാറായി വീട്ടുകൊള്ളിന്മേൽ പോസ്റ്റുമാനെയും കാത്തിരിക്കാറുണ്ട്. ഗോവിന്ദൻകുട്ടിക്കു മുൻപ് പാനൂരിലെ ബാലനായിരുന്നു പുത്തൂരിലെ പോസ്റ്റ്മാൻ.
പുത്തൂർ പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്ററായിരുന്ന കൈവേലിക്കലെ വടക്കയിൽ നാണു മാസ്റ്ററുമായി എനിക്കു നല്ല ബന്ധമായിരുന്നു. അദ്ദേഹം ദീർഘകാലം കല്ലുവളപ്പിലെ പുത്തൂർ അമ്പിടാട്ട് ശ്രീ മുത്തപ്പൻ മടപ്പുരയുടെ പ്രസിഡണ്ടായിരുന്നു. പാനൂരിന്റെ കിഴക്കൻ മേഖലയിലെ പ്രശസ്‌ത മടപ്പുരയാണ് അമ്പിടാട്ട് ശ്രീ മുത്തപ്പൻ മടപ്പുര. കല്ലുവളപ്പ്, ചെണ്ടയാട്, കൈവേലിക്കൽ ദേശക്കാർ ചേർന്നാണു മടപ്പുര പരിപാലിക്കുന്നത്. അമ്പിടാട്ട് മടപ്പുരയുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ടു ബാംഗ്ലൂരിൽ പിരിവിനു വന്നപ്പോൾ ഞാൻ നാണു മാസ്റ്റർക്ക് എല്ലാ സഹായവും ചെയ്തുകൊടുത്തു. അദ്ദേഹത്തിൻ്റെ സഹോദരിയാണു കോയ്യോട്ടുമ്മൽ കുഞ്ഞിരാമൻ മാസ്റ്റരുടെ ഭാര്യ നാണി. സർവീസിലിരിക്കെ 1999 നവംബർ 12നാണു നാണു മാസ്റ്റർ മരണപ്പെട്ടത്. ഇതിനു ശേഷം അദ്ദേഹത്തിൻ്റെ മകൾ പ്രവിജയാണ് പുത്തൂർ പോസ്റ്റോ ഫീസിലെ പോസ്റ്റ് വുമൺ.
മിമിക്രി രംഗത്ത് ഏറെ പ്രശസ്‌തനായിരുന്ന കലാകാരനാണ് ശ്രീധരൻ കൈവേലിക്കൽ. ശ്രീധരൻ്റെ നേതൃത്വത്തിൽ 1993ൽ തലശ്ശേരിയിൽ രൂപംകൊണ്ട ‘ജോളി ജോക്കേഴ്‌സ്’ എന്ന ട്രൂപ്പ് കേരളത്തിൽ ഉടനീളം മിമിക്‌സ് പരേഡുകൾ നടത്തിയിട്ടുണ്ട്. മിമിക്രിയും മോണോ ആക്ടും ജനകീയമായി വരുന്ന കാലഘട്ടമായിരുന്നു അത്. നിരവധി വേദികളിൽ അദ്ദേഹത്തോടോപ്പം ഞങ്ങൾ ഡാൻസ് അവതരിപ്പിച്ചിട്ടുണ്ട്. 2018 സെപ്റ്റംബർ 27നാണു ശ്രീധരൻ നിര്യാതനായത്.
കുന്നോത്തുപറമ്പിൽ യുക്തിവാദികളും ദൈവവിശ്വാസികളുടെ നേതൃത്വത്തിലുള്ള ആധ്യാത്മികവേദി എന്ന സംഘടനയും സജീവമായിരുന്നു. ഈശ്വരവിശ്വാസത്തെയും ആചാരാനുഷ്‌ഠാനങ്ങളെയും മാജിക്ക്, ഹിപ്നോട്ടിസം, കൺകെട്ടു വിദ്യ എന്നിവ സംഘടിപ്പിച്ചു യുക്തിവാദികൾ പരിഹസിച്ചിരുന്നു. ആധ്യാത്മിക പ്രഭാഷണങ്ങളും ആചാരാനുഷ്‌ഠാനങ്ങളുടെയും ഈശ്വര വിശ്വാസത്തിന്റെയും പ്രസക്തി വിളിച്ചോതുന്ന നാടകങ്ങൾ നടത്തിയാണ് ആധ്യാത്മികവേദി ഇതിനെ പ്രതിരോധിച്ചത്. യുക്തിവാദി-ആധ്യാത്മികവേദി മത്സരങ്ങൾ പ്രദേശത്തുകാർക്ക് ഇടവിട്ടു കലാപരിപാടികൾ കാണാനുള്ള സുവർണാവസരമായിരുന്നു. ഇവിടെ നടന്ന പരിപാടി കണ്ടാണു ഹിപ്നോട്ടിസം പഠിക്കാൻ എനിക്കു താൽപര്യം തോന്നിയത്. തലശ്ശേരി കറൻ്റ് ബുക്‌സിൽ നിന്നു വാങ്ങിയ പുസ്തകം വായിച്ചാണു ഹിപ്നോട്ടിസം പരിശീലിച്ചത്. അന്ധവിശ്വാസങ്ങളും കപടവിശ്വാസങ്ങളും നിലനിൽക്കുന്ന കാലഘട്ടത്തിൽ യുക്തിവാദി പ്രസ്ഥാനം വളരേണ്ടത് ആവശ്യമാണ്.
കലാപരിപാടികളിൽ മുഖ്യ ഇനം കഥാപ്രസംഗമാണ്. കഥാപ്രസംഗം രംഗത്ത് സാംബശിവൻ പാരഡി കഥാപ്രസംഗം രംഗത്ത് വി ഡി രാജപ്പൻ തുടങ്ങിയവർ തകർത്താടിയ കാലഘട്ടമായിരുന്നു അത്. ചെറുപ്പറമ്പിലെ ഗീതാരത്നം നല്ലൊരു കാഥികയായിരുന്നു. ജ്യോത്സ്യരായിരുന്ന ബാലപ്പണിക്കരുടെ മകളും ഗായികയുമായ ഗീതാരത്നം പഠനശേഷവും നിരവധി വേദികളിൽ കഥാപ്രസംഗം അവതരിപ്പിച്ചിട്ടുണ്ട്. കൈവേലിക്കലെ സുബൈദയും മികച്ച കാഥികയായിരുന്നു. ‘സുഭാഷ് ചന്ദ്രബോസ്’ എന്ന കഥ നിരവധി വേദികളിൽ അവതരിപ്പിച്ച് സുബൈദ പ്രശംസ പിടിച്ചുപറ്റിയിരുന്നു. മുസ്ലിം പെൺകുട്ടികൾ പൊതുവേദികളിൽ സജീവമല്ലാത്ത കാലഘട്ടത്തിലാണു സുബൈദ കഥാപ്രസംഗവുമായി രംഗത്തു വന്നത്. ചാലിൽ ബാലൻ മേസ്‌തിരിയുടെ മകൾ രജിതയും കഥാപ്രസംഗരംഗത്ത് ഏറെ ശോഭിച്ചിരുന്നു. സ്വന്തമായി രചിച്ച കഥാ പ്രസംഗം അവതരിപ്പിച്ചാണു കുന്നോത്തുപറമ്പിലെ സാവിത്രി ശ്രദ്ധേയയായത്. കോൺഗ്രസിൻ്റെ സജീവ പ്രവർത്തകയായ ഇവർ കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്നു.
കക്കോട്ടുവയലിനടുത്ത കാമോട്ടളാൻ ചാത്തൂട്ടിയാണ് കുന്നോത്തുപറമ്പ് പ്രദേശത്തെ ആദ്യത്തെ ഡ്രൈവർ. അദ്ദേഹം ജീപ്പ് ഓടിച്ചു പോകുമ്പോൾ ഹോണടിച്ചു ലോഹ്യം പറയുന്നത് ആളുകൾക്കു വലിയ കാര്യമായിരുന്നു. പാറാട്ടെ ജീപ്പ് ഡ്രൈവർ രാഘവൻ പരിസര പ്രദേശത്തുള്ളവർക്ക് ഏറെ വേണ്ടപ്പെട്ടവനായിരുന്നു. രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനും മറ്റു സഹായങ്ങൾ ചെയ്യുന്നതിനും സദാ സന്നദ്ധനായ പരോപകാരിയായിരുന്നു രാഘവൻ. മൃതദേഹം കയറ്റാൻ മറ്റു ഡ്രൈവർമാർ മടിക്കുമ്പോൾ അദ്ദേഹം അതിനും തയ്യാറായിരുന്നു. ശവം കയറ്റുന്നതിനാൽ ചിലർ ഈ ജീപ്പിൽ കയറിയിരുന്നില്ല. കല്യാണം തുടങ്ങിയ ആവശ്യങ്ങൾക്കും രാഘവൻ്റെ ജീപ്പ് വിളിച്ചിരുന്നില്ല.
പുല്ലാഞ്ഞിയോട്ട് കാവിനടുത്ത അരയാക്കൂലെ സൗദാമിനി ഡോക്ടറാണു പുത്തൂരിലെ ആദ്യ ലേഡീ ഡോക്‌ടർ. ഡോക്ടർ ബാലാമണി, ഡോക്ടർ രാഘവൻ എന്നിവർ വളരെക്കാലം പാനൂർ ആശുപത്രിയിലുണ്ടായിരുന്നു. രണ്ടുപേരും പിന്നീടു മഞ്ഞോടിയിലേക്കു താമസം മാറ്റി.
🟥
അടുത്ത അധ്യായം ▶ ജാതീയതയുടെ രക്തസാക്ഷി
മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം :
◼️അധ്യായം 1: പുഴമാത്രം മാറിയില്ല
◼️അധ്യായം 2: ഓര്‍മ്മയില്‍ ജീവിക്കുന്ന അമ്മ
◼️അധ്യായം 3: പുത്തൂരാൻ ചരിതം
◼️അധ്യായം 4: കണ്ണാരം പൊത്തിപ്പൊത്തി
◼️അധ്യായം 5: മൃതിയുടെ തിരനോട്ടം
◼️അധ്യായം 6: കൺനിറയെ ദൈവങ്ങൾ
◼️അധ്യായം 7: ഭിക്ഷാം ദേഹി
◼️അധ്യായം 8: നാട്ടുവഴിയിൽ
◼️അധ്യായം 9: ഗ്രാമീണ വിശുദ്ധി
◼️അധ്യായം 10: ശാക്തേയം
◼️അധ്യായം 11: കല്യാണക്കോപ്പ്
◼️അധ്യായം 12: പുളിമുറികല്യാണം
◼️അധ്യായം 13: മാമ്പഴക്കാലം
◼️അധ്യായം 14: ജലവിനോദങ്ങൾ
◼️അധ്യായം 15: പൊലോളി
◼️അധ്യായം 16: വിനോദ യാത്ര
◼️അധ്യായം 17: സത്യൻ പുത്തൂർ
◼️അധ്യായം 18: അങ്ങാടിപ്പഴമ
◼️അധ്യായം 19:പോലീസ് ഞങ്ങൾക്ക് പുല്ലാണ്
◼️അധ്യായം 20: പുത്തനമ്പലം
◼️അധ്യായം 21: ഉദ്യാന നഗരിയിലേക്ക്
◼️അധ്യായം 22: ഘെരാവോ















