‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’
ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍
![]()
വൈകിട്ടു സന്ധ്യാദീപം കൊളുത്തേണ്ടതും കരിന്തിരി കത്തുംമുൻപു വിളക്ക് അണയ്‌ക്കേണ്ടതും എൻ്റെ ജോലിയാണ്. എൻ്റെ എല്ലാ കുസൃതികളും കുട്ടിക്കളിയായി കണ്ടിരുന്ന അച്ഛച്ഛൻ ഞാൻ രാമരാമ ജപിക്കാതിരുന്നാൽ ദേഷ്യപ്പെട്ടിരുന്നു. സന്ധ്യാദീപത്തിനു മുന്നിൽ ചമ്രം പടിഞ്ഞിരുന്നു ഞാൻ രാമരാമ ജപിച്ചത് അച്ഛച്ഛനെ ബോധിപ്പിക്കാൻവേണ്ടി മാത്രമാണ്. എന്നാൽ, പിന്നീട് രാമരാമ ജപം എൻ്റെ ദിനചര്യയുടെ ഭാഗമായി.
1992ൽ അയോധ്യയിൽ ബാബറി മസ്‌ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നസമയത്തു ഞാൻ നാട്ടിലായിരുന്നു. തലശ്ശേരിയിൽ നിന്നു ബാംഗ്ലൂരിലേക്കു ദിവസങ്ങളോളം വാഹനങ്ങൾ ഓടിയിരുന്നില്ല. ഈ സമയത്തു കനകമലയിൽ പോയിരുന്നു. അപ്പോഴാണ് രവിസ്വാമി രാമരാമ ജപത്തിൻ്റെ പൊരുൾ എനിക്ക് പറഞ്ഞുതന്നത്. രാമരാമ എന്ന മന്ത്രാക്ഷരം തുടർച്ചയായി ഉരുവിടുമ്പോൾ ലഭിക്കുന്ന അവസ്ഥ ധ്യാനത്തിൻ്റെ പ്രത്യേകതലമാണെന്നും അതുവഴി കഴിവുകൾ ഉണർന്നു വികസിക്കുമെന്നും അദ്ദേഹം പറഞ്ഞുതന്നു. എല്ലാ മനുഷ്യരിലും ജന്മസഹജമായി എല്ലാവിധ കഴിവുകളും അന്തർലീനമായി കിടക്കുന്നുണ്ട്. രാമരാമ ജപം കഴിവുകളെ ഉണർത്തി ജീവിത സാഹചര്യങ്ങളെ പുഷ്ടിപ്പെടുത്താൻ സഹായിക്കും.
രാമരാമ എന്നു തുടർച്ചയായി ജപിക്കുമ്പോൾ രായ്ക്കും മായ്ക്കും ഇടയിൽ ഒരു സ്വരശബ്ദവും വീണ്ടും മായ്ക്കും രായ്ക്കും ഇടയിൽ മറ്റൊരു സ്വരശബ്ദവും ഉണ്ടാകും. ഈ രണ്ട് ശബ്ദങ്ങളുടെ ആവർത്തനമാണു ധ്യാനത്തിൻ്റെ പ്രത്യേക തലത്തിൽ എത്തിക്കുന്നത്. ലോകപ്രശസ്‌തമായ സെൻ മെഡിറ്റേഷന്റെ രത്നച്ചുരുക്കവും രാമരാമ ജപത്തിലൂടെ ആർജിക്കുന്ന അവസ്ഥയും ഒന്നാണ്. കരാട്ടെ പരിശീലനവേളയിൽ ശ്വാസോച്ഛ്വാസം ചെയ്യുന്നതും ഇതുമായി ബന്ധമുണ്ട്. പ്രാർത്ഥിക്കുമ്പോഴും ഹിപ്നോട്ടിസം ചെയ്യുമ്പോഴും ഏകാഗ്രതയിൽ എത്തിയാലുള്ള അവസ്ഥയും ഒന്നുതന്നെയാണ്. അമ്പലങ്ങളിലും മറ്റു പൂജാദി കർമങ്ങളിലും പങ്കാളികളാകുന്നവർക്കു കിട്ടുന്ന അവസ്ഥാ വിശേഷം ഇതിൻ്റെ ഒരു ചെറിയ തലം മാത്രമാണ്.
മോന്റെ രണ്ടാം പിറന്നാളാഘോഷം നാട്ടിൽ വെച്ചായിരുന്നു. അങ്കുവിൻ്റെ പിറന്നാൾ കഴിഞ്ഞു ബാംഗ്ലൂരിലേക്കു പുറപ്പെടാൻ ഒരുങ്ങുമ്പോഴാണു കണ്ണൂരിൽ എത്തണമെന്ന് കെ സുധാകരൻ എംഎൽഎയുടെ ഫോൺ വന്നത്. ഞങ്ങൾ അദ്ദേഹത്തിന്റെ വീട്ടിലെത്തുമ്പോൾ അവിടെ ആൾക്കാരുടെ നീണ്ട നിരയായിരുന്നു. എന്നോടു ഗസ്റ്റ് ഹൗസിൽ എത്താൻ പറഞ്ഞ് അദ്ദേഹം ഉടനെ അവിടെനിന്നു പുറപ്പെട്ടു. ഗസ്റ്റ്ഹൗസിൽ ചെന്നപ്പോൾ അവിടെയും അദ്ദേഹത്തെ കാണാൻ എത്തിയവരുടെ തിരക്കായിരുന്നു.
എം വി രാഘവൻ്റെ നേതൃത്വത്തിൽ ബാംഗ്ലൂരിൽ ആയുർ വേദ ആശുപത്രി തുടങ്ങുന്നതിനെക്കുറിച്ചു ചർച്ച ചെയ്യാനായിരുന്നു എന്നെ വിളിപ്പിച്ചത്. എംവിആർ എന്നെ പറശ്ശിനിക്കടവിലെ ആയുർ വേദ ആശുപത്രിയിൽ കൊണ്ടുപോയി അവിടത്തെ സംവിധാനങ്ങൾ കാണിച്ചുതന്നു. ബാംഗ്ലൂരിൽ തുടങ്ങാൻ ഉദ്ദേശിച്ച ആശുപത്രിയുടെ രൂപരേഖ എന്നെ ഏൽപ്പിച്ചു. ഇതിനു ശേഷം കണ്ണൂരിലെ ജനത ടയേഴ്സ‌് ഉടമസ്ഥൻ ശശിയുടെ കാറിലാണു ഞങ്ങളെ മൈസൂരിലെത്തിച്ചത്. ശശിയുടെ സഹോദരൻ ജയന്റെ മൈസൂരിലെ വീട്ടിൽ കയറിയ ശേഷമാണു ഞങ്ങൾ ബാംഗ്ലൂരിലേക്ക് തിരിച്ചത്.
സിപിഎം കുടുംബാംഗമായ സിന്ധുവിനു കല്യാണശേഷവും കെ സുധാകരൻ്റെ പേര് കേൾക്കുന്നതു ചതുർഥിയായിരുന്നു. സിപിഎം മുഖ്യശത്രുവായി കണ്ടിരുന്ന സുധാകരനു പൊതുവേദികളിലും കുടുംബയോഗങ്ങളിലും നൽകിയിരുന്ന പരിവേഷം കാരണം സാധാരണക്കാരായ അനുഭാവികളിൽ പോലും അദ്ദേഹത്തിന് അക്രമിയുടെ പ്രതിച്ഛായയായിരുന്നു. ഗസ്റ്റ് ഹൗസിനു മുന്നിൽ വന്നിറങ്ങിയ സുധാകരൻ ഞങ്ങളുടെ കാറിനടുത്തു വന്നു മകനുള്ള ബിസ്‌കറ്റും ചോക്ലേറ്റും സിന്ധുവിനെ ഏൽപ്പിച്ചു. ആ തിരക്കിനിടയിൽ കുഞ്ഞിൻ്റെ പിറന്നാൾ ഓർത്തതും യാത്ര വൈകിയതിനാൽ കാർ ഏർപ്പാടാക്കിത്തരികയും ചെയ്ത കെ സുധാകരൻ്റെ ഉത്തരവാദിത്വവും പെരുമാറ്റത്തിലെ ഹൃദ്യതയും നേരിട്ടറിഞ്ഞതോടെയാണു സിന്ധുവിന് അദ്ദേഹത്തെക്കുറിച്ചുളള തെറ്റിദ്ധാരണകൾ മാറിയത്. അതുവരെ കേട്ടറിഞ്ഞ ഭീകര രൂപം സ്നേഹത്തിന്റെ ആൾരൂപമായി മുന്നിൽ കാണുകയായിരുന്നു.
ഇതിനു സമാനമായ ഒരനുഭവം വയലാർജിയിൽ നിന്നും സിന്ധുവിന് ഉണ്ടായിട്ടുണ്ട്. അദ്ദേഹം കർണാടക കോൺഗ്രസിന്റെ ഇൻചാർജായ സമയം. വളരെ തിരക്കുള്ള ഒരു ദിവസമാണു സിന്ധു മക്കളുമായി വയലാർജിയെ കാണാൻ വന്നത്. ബാംഗ്ലൂർ ബാൽ ബുരി ഗസ്റ്റ്ഹൗസിൽ നിന്നു പോകാനായി കാറിൽ കയറി ഇരുന്നപ്പോഴാണു സിന്ധുവും മക്കളും എത്തിയത്. വയലാർജിയോടൊപ്പം കാറിലുണ്ടായിരുന്ന ഞാൻ അവരെ പരിചയപ്പെടുത്തിയപ്പോൾ അദ്ദേഹം ഉടനെ കാറിൽ നിന്നിറങ്ങി. സിന്ധുവിനോടും മക്കളോടും കുശലാന്വേഷണം നടത്തിയ അദ്ദേഹം അവിടെ ഉണ്ടായിരുന്ന ഫോട്ടോഗ്രാഫർ പാണ്ഡുവിനെ വിളിച്ചു ഞങ്ങളെ കൂടെനിർത്തി ഫോട്ടോ എടുപ്പിച്ചു.
കാറിൻ്റെ ഡിക്കിയിൽനിന്നു സ്യൂട്ട്കെയ്‌സ് എടുത്ത് അതിലുണ്ടായിരുന്ന ചോക്ലേറ്റ് മക്കൾക്കു നൽകി. ഇതു സിന്ധുവിനെ ആശ്ചര്യപ്പെടുത്തി. പിരിവിനു മാത്രം വീട്ടിലെത്തിയിരുന്ന രാഷ്ട്രീയക്കാരെ കണ്ടുവളർന്ന അവൾക്കു നേതാക്കന്മാരുടെ ആത്മാർഥതയോടെയുള്ള പെരുമാറ്റം അന്യമായിരുന്നു. ഈ രണ്ടു സംഭവങ്ങളും രാഷ്ട്രീയ നേതാക്കന്മാരെക്കുറിച്ചുള്ള സിന്ധുവിന്റെ തെറ്റിദ്ധാരണകൾ മാറ്റിമറിച്ചു. ഇതോടെയാണു തിരക്കുപിടിച്ച രാഷ്ട്രീയ ജീവിതത്തിന്റെ ഗൗരവം അവൾ ഉൾക്കൊണ്ടത്. രാഷ്ട്രീയ പ്രവർത്തനങ്ങൾക്കിടയിൽ അതിഥിയെപ്പോലെ വീട്ടിലെത്തിയിരുന്ന എനിക്കു സിന്ധുവിൻ്റെ പൂർണ പിന്തുണ ഏറെ സഹായകമായി.
ഒരു ദിവസം രാവിലെ കോളിംഗ് ബെൽ ശബ്‌ദം കേട്ടാണു സിന്ധു വാതിൽ തുറന്നത്. ഓടിവന്നു ആശ്ചര്യത്തോടെ എന്നോട് എംവിആർ.., എംവിആർ.., എന്നു പറയുന്നുണ്ടായിരുന്നു. മുൻകൂട്ടി അറിയിക്കാതെ സാക്ഷാൽ എം വി രാഘവൻ വീട്ടിലെത്തിയിരിക്കുന്നു. എൻ എ മുഹമ്മദിൻ്റെ ബ്രോഡ്ബെ ഹോട്ടലിലായിരുന്നു അദ്ദേഹം താമസിച്ചത്. പ്രഭാത ഭക്ഷണത്തിനുശേഷമാണ് ആശുപത്രിക്കു ഞാൻ കണ്ടെത്തിയ സ്ഥലം കാണാൻ പോയത്. എംവി ആറിനു സ്ഥലം ബോധിച്ചെങ്കിലും ചിലരുടെ ഇടപെടൽ കാരണം ആശുപത്രി തുടങ്ങാനുള്ള ശ്രമം ഉപേക്ഷിച്ചു.
ഇതേപോലെ ഉപേക്ഷിക്കപ്പെട്ട മറ്റൊരു പ്രൊജക്‌ടാണ് ഇന്ദുവിഷൻ. മുസ്ലീംലീഗ് നേതാവ് എം കെ മുനീർ മലയാളത്തിലെ ആദ്യത്തെ സമ്പൂർണ വാർത്താ ചാനലായ ഇന്ത്യാവിഷൻ ആരംഭിക്കുമ്പോൾ എന്നെ നിരന്തരം ബന്ധപ്പെട്ടിരുന്നു. കോഴിക്കോട് ഇന്ത്യാവിഷൻ ഓഫീസ് ഉദ്ഘാടനത്തിനും മറ്റുമായി ഞാൻ സജീവമായിരുന്നു. മലയാളത്തോടൊപ്പം കന്നഡത്തിലും തുടങ്ങാൻ ഉദ്ദേശിച്ച ചാനലുമായി ബന്ധപ്പെട്ടു സുരേഷ് ഒബ്ലിക്കർ, കവിതാ ലങ്കേഷ്, ഗിരീഷ് കാസറവള്ളി തുടങ്ങി പ്രമുഖ കന്നഡ സാഹിത്യ സിനിമാ പ്രവർത്തകരുമായി ബാംഗ്ലൂരിൽവെച്ചു പല പ്രാവശ്യം ആലോചന നടത്തിയിരുന്നു. ഇന്ദുവിഷൻ എന്ന പേരിൽ കർണാടകത്തിൽ കമ്പനി റജിസ്‌റ്റർ ചെയ്‌തു കാര്യങ്ങൾ ഏറെ മുന്നോട്ടു പോയി. എം കെ മുനീർ മന്ത്രിയായതോടെ ബാംഗ്ലൂരിലെ ചാനൽ ശ്രമം ഉപേക്ഷിച്ചു. ചിലരുടെ അനാവശ്യ ഇടപെടലുകൾ കാണുമ്പോൾ ഞാൻ ആത്മരോഷം കൊള്ളാറുണ്ട്. ഒരു കാര്യവുമില്ലെങ്കിലും മറ്റുള്ളവരുടെ പ്രവർത്തനങ്ങളിൽ ഇടപെട്ട് അത് ഇല്ലാതാക്കുക എന്നതു ചിലരുടെ ദുഃസ്വഭാവമാണ്; പ്രത്യേകിച്ച് അധികാര സ്ഥാനത്തുള്ളവരുടെ.
1999 ലാണു മിസിസ് ശാരദാ വേണു ഐഎഎസിന്റെ കവിതാസമാഹാരം പ്രകാശനം ചെയ്യാൻ കന്നഡ സാഹിത്യരംഗത്തുള്ളവരെ വേണമെന്നു മന്ത്രി എം കെ മുനീർ എന്നോട് ആവശ്യപ്പെട്ടത്. 1999ലെ നേഷണൽ ഫിലിം അവാർഡ് ജേതാവായ കവിതാ ലങ്കേഷിനെയാണു ഞാൻ ഏർപ്പാടാക്കിയത്. അവരോടൊപ്പം ഞാനും തിരുവനന്തപുരത്തു പോയിരുന്നു. എം കെ മുനീറിന്റെ ഒലീവ് പബ്ലിക്കേഷനാണു പ്രസ്‌തുത പുസ്‌തകം പ്രസിദ്ധീകരിച്ചത്. കവിതാ ലങ്കേഷിനോടൊപ്പമുള്ള ഈ യാത്രയിലാണ് എം ടി വാസുദേവൻനായരെ പരിചയപ്പെടാൻ സാധിച്ചത്. അദ്ദേഹത്തോടൊപ്പമായിരുന്നു ഞങ്ങളുടെ പ്രഭാതഭക്ഷണം. കവിതാ ലങ്കേഷിന്റെ മൂത്ത സഹോദരിയാണു 2017 സെപ്‌തംബർ 5നു ബാംഗ്ലൂരിൽ കൊല്ലപ്പെട്ട ഗൗരി ലങ്കേഷ്.
1995ലായിരുന്നു മാമൻ്റെ രണ്ടാമത്തെ മകൾ പ്രഭയുടെ വിവാഹം. കോടിയേരിയിലെ അരവിന്ദനാണു ഭർത്താവ്. അമൃതയും അഭിഷേകുമാണ് ഇവരുടെ മക്കൾ. 1998ലാണു പ്രമീള വിവാഹിതയായത്. പാനൂരിലെ സുരേഷ് ബാബുവാണു ഭർത്താവ്. അൽക്കയും അലോകുമാണ് മക്കൾ. 2007ലായിരുന്നു ഹരിയുടെ കല്യാണം. ഭാര്യ ജിംഷി. ദിവ്യ ശ്രീയും നന്ദേവ് ശ്യാമുമാണു മക്കൾ. 1987ൽ കല്യാണം കഴിഞ്ഞ മൂത്തമകൾ പുഷ്‌പയുടെ മക്കളാണു നീതു (മുത്തൂട്ടി), നന്ദന എന്നിവർ. 2013ലാണു നീതു വിവാഹിതയായത്. രാജേഷാണു ഭർത്താവ്. ഇവരുടെ മകൾ ചക്കി എന്ന ആരാധ്യ ടിക്ക് ടോക്ക് താരമാണ്.
1975 മുതൽ 2021 വരെയുള്ള കാലയളവിൽ എൻ്റെ കുടുംബത്തിലെ അഞ്ചു തലമുറയിൽ പെട്ടവരുടെ കയ്യിൽ നിന്നു ഭക്ഷണം കഴിക്കാനുള്ള ഭാഗ്യം എനിക്കു ലഭിച്ചു. തെക്കേയിൽ മാണിക്യം, മകൾ ശാരദ, അവരുടെ മകൾ പുഷ്‌പ, മകൾ മൂത്തുട്ടി, അവളുടെ മകൾ ചക്കി എന്നിവരിൽനിന്നാണു തലമുറകളുടെ കൈപ്പുണ്യം ഞാൻ അനുഭവിച്ചത്.
1999 ഓക്ടോബർ 21നു തലശ്ശേരി സഹകരണ ആശുപത്രിയിൽ വെച്ചായിരുന്നു സിന്ധുവിൻ്റെ രണ്ടാമത്തെ പ്രസവം. ഡോ. കെ വി സീതാലക്ഷ്‌മിയായിരുന്നു ചികിത്സിച്ചത്. കരാട്ടെയോടുള്ള എന്റെ പ്രതിപത്തിയാണു മക്കളുടെ പേരിൽ നിഴലിക്കുന്നത്. ആദ്യ കരാട്ടെ മാസ്റ്ററിൽ ഒരാളായ അങ്കോ ഇട്ടോസയുടെ പേരാണ് അങ്കുലിൽ ഉള്ളത്. ബ്രൂസ്‌ലിയുടെ പേരിൻ്റെ അവസാന അക്ഷരമായ ലീ കൂട്ടിച്ചേർത്താണ് ആൻലീ എന്നു മകൾക്കു പേരിട്ടത്. അങ്കുൽ ദേവ് മെഡിക്കൽ ഇലക്ട്രോണിക്‌സിൽ എഞ്ചിനീയറിങ്ങ് പഠിച്ചെങ്കിലും താൽപ്പര്യം എഴുത്തും ജേർണലിസവുമാണ്. പിന്നീടു ബി എ കഴിഞ്ഞു ജോലി ചെയ്യുന്ന അദ്ദേഹം ഹയർസ്റ്റഡീസിനുള്ള തയ്യാറെടുപ്പിലാണ്. 2022ൽ മകൾ ആൻലീ ദേവ ആർക്കി ടെക്റ്റ് അവസാനവർഷ വിദ്യാർഥിനിയാണ്.
സിന്ധുവിന്റെ അച്ഛനെയും അമ്മയെയും എൻ്റെ മക്കൾ അച്ഛൻ, അമ്മ എന്നാണു വിളിക്കുന്നത്. ഞങ്ങൾ അവർക്കുപപ്പയും മമ്മിയുമാണ്. സിന്ധുവിൻ്റെ ഏക സഹോദരനാണ് ഷിൻജിത്ത്. പാലത്തായി ചാത്തുവിൻ്റെ മകൻ വെണ്ടേക്കുള്ളതിൽ ശ്രീധരന്റെ മകൾ ശ്രീഷ്‌മയെയാണു ഷിൻജിത്ത് വിവാഹം കഴിച്ചത്. മന്ന രോഹിണി, ആരീ റോൺ എന്നിവരാണു മക്കൾ. ഇവർക്ക് ഷിൻജിത്ത് അച്ചിയും ശ്രീഷ്‌മ അമ്മയും സിന്ധു മമ്മിയും ഞാൻ പപ്പയുമാണ്.
സിന്ധുവിന്റെ മച്ചുനിയൻ പഞ്ചായത്ത് ഉദ്യോഗസ്ഥനായ അശോകൻ വർഷങ്ങൾക്കുമുൻപേ എൻ്റെ പരിചയക്കാരാനായിരുന്നു. അദ്ദേഹത്തിൻ്റെ ഭാര്യ സജിതയെ അങ്കുൽ വിളിക്കുന്നത് മമ്മി സജിത എന്നാണ്. അവരോടാണ് അവന് ഏറ്റവും കൂടുതൽ ഇഷ്ടം. വിനീത്, വിജയ് എന്നിവരാണ് ഇവരുടെ മക്കൾ. ബിനിത യാണു വിനീതിൻ്റെ ഭാര്യ. 2020ൽ കോവിഡ് ലോക്ക് ഡൗൺ കാലത്തായിരുന്നു അവരുടെ വിവാഹം. 2022 ജനുവരി 20നാണ് അവർക്ക് മകൾ സഹ പിറന്നത്.
സിന്ധുവിന്റെ അടുത്ത ബന്ധു കമലയുടെ മകൾ സ്മിതയും ഭർത്താവ് ദിലീപും കുട്ടികളും ബാംഗ്ലൂരിലുണ്ട്. കമലയുടെ അനുജത്തി റജിതയും ഭർത്താവ് ചന്ദ്രനും മകൾ ശ്രുതിയും ചെന്നൈയിലാണ്. ശ്രുതി അങ്കുലിനു ബ്യൂട്ടിച്ചേച്ചിയാണ്. ചെന്നൈയിലെ മോഹനൻ അങ്കുലിനു ടോൾ അങ്കിളാണ്. വയനാട്ടിലെ ശൈല വാഴെക്കണ്ടിയിൽ വർഷങ്ങളോളം ജോലിക്കുനിന്നിരുന്നു. കുറിച്യ വിഭാഗത്തിൽപ്പെട്ട ശൈലയെ കല്യാണം കഴിച്ചതു വയനാട്ടിലെ ബാബുവാണ്. വാഴക്കണ്ടിയിലെ എല്ലാ വിശേഷങ്ങൾക്കും ഇവർ പങ്കെടുക്കാറുണ്ട്. ഞങ്ങൾ പല പ്രാവശ്യം വയനാട്ടിലെ അവരുടെ വീട്ടിൽ പോയിട്ടുണ്ട്. സ്‌കുൾ ജീവനക്കാരിയായ കല്ലികണ്ടിയിലെ ഓമനയും വാഴേക്കണ്ടിയിലുണ്ട്.
2003ൽ അനുജൻ രാജുവിൻ്റെ കല്യാണത്തിനാണു ഞാൻ അച്ഛനോടോത്തു കൂടുതൽ സമയം ചെലവഴിച്ചത്. ദിവസങ്ങളോളം ഞാൻ ചെറുവാഞ്ചേരിയിൽ ഉണ്ടായിരുന്നു. 2003 ഫെബ്രുവരി 9നായിരുന്നു രാജുവിൻ്റെ വിവാഹം. പാറാട്ടെ പൊന്നത്ത് രജിനയാണു ഭാര്യ. ഋതുനന്ദ, ഋഷ് എന്നിവരാണു മക്കൾ. 1997 ജൂലൈ 2നായിരുന്നു പുഷ്പവല്ലിയുടെ വിവാഹം. കടവത്തൂരിലെ കുനിയിൽ ഗിരീഷാണു ഭർത്താവ്. അങ്കിത (ലുലു), അലേഗ് എന്നിവരാണു മക്കൾ. 2020 ജനുവരി 20നായിരുന്നു ഇളയവനായ മനോഹരൻ നിഷയെ കല്യാണം കഴിച്ചത്. അവർക്ക് 2022 ജൂലായ് 12ന് ആണും പെണ്ണുമായി ഇരട്ടകൾ പിറന്നു.
ബാലാപ്പൻ്റെ മൂത്ത മകൾ അനിതയെ കല്യാണം കഴിച്ചതു കോയ്യോട്ടുമ്മൽ ബാലൻ മാസ്‌റ്ററുടെ ഭാര്യ നാണിയുടെ സഹോദരൻ അരവിന്ദനാണ്. ആഷ്‌ന, റിജോയ് എന്നിവരാണ് മക്കൾ. ആഷ്‌നയും ഭർത്താവ് സുമേഷും കുട്ടികളും വയനാട് പനമരത്താണു താമസം. റിജോയും ഭാര്യ ശ്രീഷ്‌മയും ദുബായിലാണ്. രണ്ടാമത്തെ മകൻ ബാബുവിന് ഒരു മകൾ ദേവപ്രിയ. മൂന്നാമത്തെ മകൾ അജിതയെ കല്യാണം കഴിച്ചതു പാട്യത്തെ സുരേഷാണ്. ഷിജിൽ, സിൻഷാ എന്നിവരാണു മക്കൾ. സ്‌നാഹയാണു ഷിജിലിൻ്റെ ഭാര്യ. സിൻഷായുടെ ഭർത്താവ് തരുണും. രശ്മിയാണ് നാലാമത്തെ മകൻ അനൂപിൻ്റെ ഭാര്യ. ശിവനാദ, പർവൻ എന്നിവരാണു മക്കൾ. വലിയൊരു ലോട്ടറിയ ടിക്കാൻ ഭാഗ്യം സിദ്ധിച്ചവനാണ് അനൂപ്. 2021 മെയ് 3നാണ് ബാലാപ്പൻ്റെ ഭാര്യ ശാരദ കോവിഡ് മൂലം മരണപ്പെട്ടത്. ചെറുപ്പം മുതൽ കാണുന്ന അവരെ അവസാനമായി കാണാൻ കഴിയാത്തത് എൻ്റെ സ്വകാര്യ ദുഃഖങ്ങളിൽ ഒന്നാണ്.
മൂത്തമ്മയുടെ മൂത്ത മകൻ ഭാസ്കരൻ മാസ്റ്റർക്കു നവ്യ, ഡോ. നകുൽ എന്നിവരാണു മക്കൾ. ഷാലുവാണു ബാംഗ്ലൂരിൽ ഫുഡ് കോർപ്പറേഷനിൽ ജോലിചെയ്യുന്ന നവ്യയുടെ ഭർത്താവ്, മകൻ നദ്വേദ്. ഡോ. നകുൽ ബാംഗ്ലൂരിൽ കെ ആർ പുരത്ത് ഡെന്റൽ ക്ലിനിക്ക് നടത്തുന്നു. 2022 ഏപ്രിൽ 10നായിരുന്നു സ്വാതിയുമായുള്ള നകുലിൻ്റെ വിവാഹം. രണ്ടാമത്തെ മകൻ രാജൻ ഭാര്യ സുധയും ലീജിൻ, ജിഷ്‌ണു എന്നിവർ മക്കളുമാണ്. മൂന്നാമത്തെ മകൾ സരോജിനിക്കു വിനോദൻ, അനീശൻ, വിനീഷ്, നിഖിൽ എന്നിവരാണു മക്കൾ. വിനോദിൻ്റെ ഭാര്യ ജിഷയും വേദിക മകളുമാണ്. അനീഷിൻ്റെ ഭാര്യ ഷിബിന. അവരുടെ മകൻ അലൻ. വിനീഷിൻ്റെ ഭാര്യ ഹർഷയും മകൾ അശ്വികയുമാണ്. നിഖിലിന്റെ ഭാര്യ ശ്രുതി, മകൻ ആദു. നാലാമത്തെ മകൾ കമലയുടെ ഭർത്താവ് അരവിന്ദനാണ്. സരീഷ്, ദൃശ്യ എന്നിവർ മക്കളാണ്. സരീഷിൻ്റ ഭാര്യ അനുവും ദൃശ്യയുടെ ഭർത്താവ് ഗോകുലുമാണ്. അഞ്ചാമത്തെ മകൻ ശശിയുടെ ഭാര്യ സിന്ദുജയും മകൻ വൈഷ്ണവുമാണ്. 2011 ഫിബ്രവരി 2നായിരുന്നു ശശിയുടെ അകാല മരണം. അറാമത്തെ മകൾ പത്മിനിക്കു മേഘ, മിനുപ്രിയ, അഖിൽ എന്നിവരാണു മക്കൾ. ജോഷിയാണു മിനുപ്രിയയുടെ ഭർത്താവ്. 2013 നവംബർ 23നു മൂത്തമ്മ മരണപ്പെട്ടു. 2021 നവംബർ 16നാണു മുത്തമ്മയുടെ ഭർത്താവ് ചാലിൽ ചാത്തു കോവിഡ് മൂലം മരണപ്പെട്ടത്. ഇതിന് ഒരാഴ്‌ച മുൻപു സിന്ധുവും ഞാനും അദ്ദേഹത്തെ വീട്ടിൽ പോയി കണ്ടിരുന്നു.
🟥
അടുത്ത അധ്യായം ▶ സംഘടനകള്‍ക്കൊപ്പം
മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം :
◼️അധ്യായം 1: പുഴമാത്രം മാറിയില്ല
◼️അധ്യായം 2: ഓര്‍മ്മയില്‍ ജീവിക്കുന്ന അമ്മ
◼️അധ്യായം 3: പുത്തൂരാൻ ചരിതം
◼️അധ്യായം 4: കണ്ണാരം പൊത്തിപ്പൊത്തി
◼️അധ്യായം 5: മൃതിയുടെ തിരനോട്ടം
◼️അധ്യായം 6: കൺനിറയെ ദൈവങ്ങൾ
◼️അധ്യായം 7: ഭിക്ഷാം ദേഹി
◼️അധ്യായം 8: നാട്ടുവഴിയിൽ
◼️അധ്യായം 9: ഗ്രാമീണ വിശുദ്ധി
◼️അധ്യായം 10: ശാക്തേയം
◼️അധ്യായം 11: കല്യാണക്കോപ്പ്
◼️അധ്യായം 12: പുളിമുറികല്യാണം
◼️അധ്യായം 13: മാമ്പഴക്കാലം
◼️അധ്യായം 14: ജലവിനോദങ്ങൾ
◼️അധ്യായം 15: പൊലോളി
◼️അധ്യായം 16: വിനോദ യാത്ര
◼️അധ്യായം 17: സത്യൻ പുത്തൂർ
◼️അധ്യായം 18: അങ്ങാടിപ്പഴമ
◼️അധ്യായം 19: പോലീസ് ഞങ്ങൾക്ക് പുല്ലാണ്
◼️അധ്യായം 20: പുത്തനമ്പലം
◼️അധ്യായം 21: ഉദ്യാന നഗരിയിലേക്ക്
◼️അധ്യായം 22: ഘെരാവോ
◼️അധ്യായം 23: ഒരു പുരത്തറ
◼️അധ്യായം 24: ജാതീയതയുടെ രക്തസാക്ഷി
◼️അധ്യായം 25: കുറുപ്പാൾ
◼️അധ്യായം 26: ഡിസ്കോ ഡാന്‍സര്‍
◼️അധ്യായം 27: ആയോധനക്കളരിയിൽ
◼️അധ്യായം 28: അപകടം വഴി കാട്ടുന്നു
◼️അധ്യായം 29: ദേശാടനം
◼️അധ്യായം 30: കരാട്ടെ പട്ടു
◼️അധ്യായം 31: ഫിസ്‌റ്റ് ഇന്ത്യ
◼️അധ്യായം 32: പാൽമേഘക്കടലിൽ
◼️അധ്യായം 33: തൊഴിലാളിക്കരുത്ത്
◼️അധ്യായം 34: മദുവേ മാഡി നോഡു
















