അധ്യായം 3 📖 പുത്തൂരാൻ ചരിതം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’
ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍

 

ചെറുവാഞ്ചേരിയിലെ പാറായി രാമോട്ടി-ചിരുത എന്നിവരുടെ മൂത്തമകൻ നാണുവിൻ്റെയും പുത്തൂർ ആനപ്പാലം തുപ്പനാർത്ത് ചെറുവണ്ടി കേളു-മന്ദി എന്നിവരുടെ ഇളയ മകൾ നാണിയുടെയും മകനായി 1965 മെയ് 30നാണു ഞാൻ ജനിച്ചത്. ദേവുട്ടി, ചാത്തു എന്നിവരാണ് അമ്മയുടെ സഹോദരങ്ങൾ. മരുന്നൻപൊയിൽ തുപ്പനാറത്ത് തറവാട്ടംഗമായ അച്ഛച്ഛൻ ആനപ്പാലത്തിനടുത്ത് കുയിമ്പിൽ എന്നു പേരുള്ള സ്ഥലം വാങ്ങി വീടുവെച്ചു താമസം മാറിയതാണ്.

കൈവേലിക്കലെ ധനാഢ്യനും പൗരപ്രമുഖനുമായിരുന്ന തെക്കയിൽ മത്തിക്കുട്ടിയുടെ സഹോദരി ചീരുവിന്റെ ഏക മകളാണ് മന്ദി എന്ന അമ്മമ്മ. തെക്കയിൽ കോരൻ്റെ മക്കളാണു മത്തിക്കുട്ടി, കണ്ണൻ, ചാത്തുക്കുട്ടി, മന്ദിയമ്മ, ചിരുത, ചീരു എന്നിവർ. പ്രദേശത്തെ ആദ്യത്തെ മിലിട്ടറിക്കാരനാണു കണ്ണൻ. മിലിട്ടറിയിലിരിക്കേ അദ്ദേഹം വീരമൃത്യു വരിച്ചു. കക്കൻ ചാത്തുട്ടി എന്ന ചാത്തുക്കുട്ടി കൂറ്റേരിയിലാണു താമസം. എകരത്ത് കൃഷ്ണൻ, ദേവൂട്ടി, ജാനു എന്നിവരാണ് ചിരുതയുടെ മക്കൾ. വാതുക്കൽപറമ്പത്ത് മാതു, ബാലൻ, കല്ലു എന്നിവർ മന്ദിയമ്മയുടെ മക്കളാണ്.

തെക്കയിൽ മത്തിക്കുട്ടിയുടെയും ആദ്യഭാര്യ തെക്കയിൽ മന്ദിയുടെയും മക്കളാണു തക്കയിൽ ഉണ്ണി, വടക്കയിൽ കൃഷ്ണൻ. തെക്കയിൽ നാണു. നാണി എന്നിവർ. മത്തിക്കുട്ടിയുടെയും രണ്ടാം ഭാര്യ മാണിക്യത്തിന്റെയും ഏക മകൾ ശാരദയെയാണു മാമൻ കല്യാണം കഴിച്ചത്. അമ്മമ്മ കഴിഞ്ഞാൽ ഏറെ അടുത്ത് ഇടപഴകിയിരുന്ന അമ്മായിയെ ഞാൻ ചാര എന്നാണു വിളിക്കുന്നത്. ഹരി, പുഷ്പ, പ്രഭ, മോഹൻ, പ്രമിള എന്നിവരാണ് അവരുടെ മക്കൾ.

മാമന്റെ മൂത്ത മകനും എൻ്റെ കളിക്കൂട്ടുകാരനുമായ ഹരിയുടെ മരണമാണ് എനിക്കേറ്റ ഏറ്റവും വലിയ സങ്കടം. കഴലവീക്കം എന്ന അസുഖം പിടിപെട്ട ഹരി വർഷങ്ങളോളം ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ ഡോക്‌ടറുടെ നിർദേശാനുസരണം അവനെ പിന്നീടു വെല്ലൂരിലാണു കാണിച്ചത്. ഇതോടൊപ്പം വിശ്വാസത്തിലധിഷ്ഠിതമായ ക്രിയകളും ചെയ്‌തിരുന്നു. ഹരിക്കു നൽകുന്ന ഭക്ഷണത്തിൽനിന്നു കുറച്ചെടുത്ത് ഉരുളയാക്കി അവനെ ഉഴിഞ്ഞ ശേഷം കോഴിക്കു നൽകിയിരുന്നു. ഇതിനായി മാത്രം ഒരു പൂവൻ കോഴിയെ കുയിമ്പിലെ കുപ്പയിൽ വാഴയോടു കെട്ടി വളർത്തിയിരുന്നു. ഇതിനെ അഴിച്ചു വിടുകയോ മറ്റു ഭക്ഷണം നൽകുകയോ ചെയ്തിരുന്നില്ല. ഒരു ദിവസം ഉച്ചയ്ക്ക് ഈ കോഴിയെ അഴിച്ചുവിടാൻ ഹരി രണ്ടു മൂന്നു തവണ എന്നോടു പറഞ്ഞു. മുതിർന്നവരുടെ വഴക്കു പേടിച്ച് ഞാനതു ചെയ്‌തില്ല. കുറച്ചുകഴിഞ്ഞ് അവൻ തന്നെ കോഴിയെ അഴിച്ചുവിട്ടു. പിന്നെ അവൻറെ അരഞ്ഞാണം അഴിച്ച് എനിക്കു തന്നു. ഉടനെ കോലായിലെ കിടക്കയിൽ കയറിക്കിടന്ന ഹരിയെ പൊത്തിപ്പിടിച്ചു പതിവുപോലെ ഞാനും കിടന്നു.

വൈരംവിളി കേട്ടാണു ഞാൻ ഞെട്ടിയുണർന്നത്. എന്റെ മോൻ പോയി എന്നു ചാര നിലവിളിക്കുന്നുണ്ടായിരുന്നു. ഓടിയെത്തിയ അയൽക്കാരാണു ഹരിയെ കെട്ടിപ്പിടിച്ചു കരയുന്നവരെ പിടിച്ചുമാറ്റി അവനെയെടുത്തു പായയിൽ കിടത്തിയത്. തെക്കു ഭാഗത്തുള്ള ഈന്തപ്പനയുടെ അടുത്തു കുഴിവെട്ടിയതും കുറെ ആളുകൾ ചേർന്നു കിണറ്റിൻകരയിൽ വെച്ചു ഹരിയെ കുളിപ്പിച്ചതും പുതിയ വെള്ളക്കുപ്പായം ഇടുവിച്ചതും ആളുകൾ എടുത്തു കൊണ്ടു പോയതും ഭയത്തോടെയാണു ഞാൻ നോക്കിനിന്നത്.

വെള്ളക്കുപ്പായം തീരെ ഇഷ്‌ടമില്ലായിരുന്ന ഹരിയെ അത് ഇടിച്ചതു കണ്ട് എനിക്ക് എന്തോപോലെയായി. ഇതു പറയാനായി തെക്കെയകത്തു പായയിൽ കിടക്കുന്ന മാമൻ്റടുത്തു ചെന്നപ്പോൾ അദ്ദേഹം എന്നെ പൊത്തിപ്പിടിച്ചു കരഞ്ഞു. അപ്പോഴും ഹരിയുടെ അരഞ്ഞാണം എൻ്റെ കയ്യിലുണ്ടായിരുന്നു. അതു ചാരയ്ക്കു കൊടുത്തപ്പോൾ അവിടെ കൂട്ടക്കരച്ചിലായിരുന്നു. ഉടനെ അമ്മമ്മ അരഞ്ഞാണം എനിക്കു കെട്ടിത്തന്നു. ഹരിക്ക് ഒരുപാട് കളിപ്പാട്ടങ്ങളും പല തരത്തിലുള്ള ബോളുകളും ഉണ്ടായിരുന്നു. ഞാനവ വർഷങ്ങളോളം സൂക്ഷിച്ചു. എന്നും എൻ്റെ ഓർമകളിൽ അമരനാണു ഹരി.

അകാലത്തിൽ പൊലിഞ്ഞ ഹരിയുടെ ഓർമയ്ക്കായി സ്‌കൂൾ കുട്ടികൾക്കു കുയിമ്പിൽവെച്ചു ധർമക്കഞ്ഞി നൽകിയിരുന്നു. വിദ്യാർഥികൾക്കു വീടുകളിൽ നേർച്ചയായി നൽകുന്ന അന്നദാനമാണു ധർമക്കഞ്ഞി. മരിച്ചവരുടെ ഓർമയ്ക്കായും അസുഖങ്ങൾ മാറാനും ആഗ്രഹ പൂർത്തീകരണത്തിനും വേണ്ടി ക്ഷേത്രങ്ങളിലേക്കു വഴിപാടു നേരുന്നതു പോലെ വിദ്യാർഥികൾക്കു ഭക്ഷണം നൽകുമെന്നു പ്രാർഥിക്കുന്നതും സർവസാധാരണമാണ്. പായസമോ, കഞ്ഞിയും പുഴുക്കോ ആണ് അന്നദാനമായി നൽകുക. വാഴപ്പോള ഈർക്കിൽ കൊണ്ടു വട്ടത്തിൽ കുത്തി അതിൽ വാട്ടിയ വാഴയില താഴ്ത്തി കുമ്പിളാക്കിയാണു കഞ്ഞി വിളമ്പുക. പിന്നീടു ബസിയിലായി കഞ്ഞിവിഴ്ച്‌ച.

1969ലെ വിജയദശമിക്കാണ് എന്നെ എഴുത്തിനിരുത്തിയത്. ബന്ധുക്കളെയും അയൽക്കാരെയും വിളിച്ച് അച്ഛച്ഛൻ എഴുത്തിനിരുത്തൽ ചടങ്ങ് കെങ്കേമമാക്കി. വീട്ടിലെത്തിയ അച്ഛനും മുതിർന്നവർക്കുമെല്ലാം ഞാൻ വെറ്റില നൽകി അനുഗ്രഹം വാങ്ങി. കെകെആർ മാസ്റ്ററാണ് എനിക്ക് ആദ്യക്ഷരം കുറിച്ചത്. ഹരിശ്രീ കുറിച്ച ശേഷം ദക്ഷിണ നൽകി എഴുത്തോല വാങ്ങുമ്പോൾ കെകെആർ മാസ്റ്റർ എന്നെ ‘സത്യൻ’ എന്നു മാറ്റി വിളിച്ചു. എഴുത്തോലയിൽ എൻ്റെ പേര് സത്യൻ എന്നായിരുന്നു. അങ്ങനെ വിജയദശമി നാൾ മുതൽ ബാബു എന്ന ഞാൻ സത്യനായി. കുയിമ്പി ലുള്ളവരും പ്രായമുള്ള ബന്ധുക്കളും നാട്ടിലെ പലരും എന്നെ ബാബു എന്നുതന്നെയാണു വിളിക്കുന്നത്.

അമ്മയുടെ ഏടത്തി ദേവൂട്ടിയെ കല്യാണം കഴിച്ചതു മരുന്നംപൊയിലിലെ ചാലിൽ ചാത്തുവാണ്. ഇവർ പിന്നീട് കല്ലുവളപ്പിലേക്കു താമസം മാറി. ഇവരുടെ മൂത്ത മകൻ ഭാസ്കരൻ അധ്യാപകൻ ആകുന്നതുവരെ കുയിമ്പിൽ താമസിച്ചാണു പഠിച്ചത്. അദ്ദേഹത്തെ എല്ലാവരും ഉണ്ണി എന്നും ഞാൻ ഉണ്ണിയേട്ടൻ എന്നാണു വിളിച്ചത്. എൻ്റെ ജീവിതത്തിൽ പ്രധാന പങ്കു വഹിച്ചിട്ടുള്ള ഉണ്ണിയേട്ടൻ എൻ്റെ വഴികാട്ടിയാണ്. രാജൻ, സരോജിനി, കമല, ശശി, പത്മിനി എന്നിവരാണു ഭാസ്‌കരൻ്റെ സഹോദരങ്ങൾ.

അഞ്ചാം ക്ലാസിലായിരുന്ന ഉണ്ണിയേട്ടൻ്റെ കൂടെയാണു ഞാൻ സ്‌കൂളിൽ പോയത്. രാജേട്ടൻ നലാം ക്ലാസിലുണ്ടായിരുന്നു. കമലയും ഞാനും ഒരേ ക്ലാസിലായിരുന്നു. വിദ്യാരംഭം കഴിഞ്ഞു സെൻട്രൽ പുത്തുർ എൽപി സ്‌കൂളിൽ ചേർന്ന ഞാനടക്കമുള്ള വരെ ഒരേ ബഞ്ചിലാണ് ഇരുത്തിയത്. ഹാജർ പട്ടികയിൽ എന്റെ പേര് സത്യൻ കെ എന്നായിരുന്നു. സ്‌കുളിൽപോക്കു നല്ല രസമായിരുന്നു.

അച്ഛൻ ഇടയ്ക്കിടെ കുയിമ്പിൽ വരുമായിരുന്നു. ബേക്കറി സാധനങ്ങളുമായാണു വരിക. ഒരിക്കൽ എനിക്കു പുതിയ കറുത്ത കുപ്പായവും ട്രൗസറുമായാണ് അച്ഛൻ കുയിമ്പിൽ വന്നത്. എന്നെ മടിയിലിരുത്തി അച്ഛൻ ഒരുപാടു നേരം വീട്ടിലുണ്ടായിരുന്നു. പിന്നീട് അമ്മയെ കുഴിച്ചിട്ടിടത്തു തലതാഴ്ത്തി നിന്ന അച്ഛൻ റോഡിലേക്ക് ഇറങ്ങിപ്പോയി. ഈ സമയത്താണ് അച്ഛൻ വീണ്ടും കല്യാണം കഴിച്ചത്. കുയിമ്പിനടുത്തുള്ള പൂശാരിൻ്റവിട മാധവിയാണ് അച്ഛന്റെ രണ്ടാം ഭാര്യ. അച്ഛൻ്റെ വിവാഹ ദിവസം ഉച്ചയ്ക്ക് കുയിമ്പിൽ നിന്നു ചോറ് തിന്നുന്ന എന്നെ നോക്കി അമ്മമ്മ വിതുമ്പുന്നുണ്ടായിരുന്നു. അന്നു വൈകിട്ടു കൈവേലിക്കലിലെ മന്നമ്പത്തെ പീടികയിൽ കൊണ്ടുപോയി അമ്മമ്മ എനിക്കു പുതിയ ട്രൗസറും കുപ്പായവും വാങ്ങിത്തന്നു. എനിക്ക് ഒന്നും പിടി കിട്ടിയില്ല. പിന്നീടാണ് അതിൻ്റെ പൊരുൾ മനസ്സിലായത്.

സംസാരഭാഷയിലും ആചാരാനുഷ്‌ഠാനങ്ങളിലും ഏറെ വ്യത്യസ്‌തമായ പ്രദേശമായിരുന്നു പാനൂരിൻ്റെ കിഴക്കൻ മേഖല. ചില സംസാര ഭാഷാപ്രയോഗം മനസ്സിലാക്കാൻ കുറച്ചു സംഭാഷണങ്ങൾ പരിചയപ്പെടുത്താം. ഓലും ഓലും അടി കയിഞ്ഞു, ഓലെ കൊണ്ട് പോലീസ് പോയി. അവർ തമ്മിൽ തല്ലുകൂടി. അവരെ പോലീസ് പിടിച്ചുകൊണ്ടു പോയി എന്നാണ് ഇതുകൊണ്ട് അർഥമാക്കുന്നത്. മാശ് കുട്ടം കുടി. ഓൻ കീഞ്ഞ് പാഞ്ഞുട്ട്. മാസ്റ്റർ വഴക്കു പറഞ്ഞതിന് അവൻ ഇറങ്ങി ഓടിപ്പോയി എന്നാണിത്.

രസകരമായ വേറൊന്നുകൂടി. ബേം…. ബേം, കീ….കീ, കിയ്യാ…കിയ്യാ. ഇത് ഏതെങ്കിലും പക്ഷിയുടെ ശബ്ദമാണെന്നു കരുതരുത്. വേഗം വേഗം ഇറങ്ങ്, മറുപടിയായി ഇറങ്ങാം ഇറങ്ങാം എന്നാണ് ഇതിൻ്റെ അർഥം. മുതിർന്നവരുടെ പേരിൻ്റെ കൂടെ ചേട്ടാ, ഏട്ടാ, ചേച്ചി, ഏച്ചി എന്നും പ്രായമേറിയ സ്ത്രീകളെ മ്മ, മ്മമ്മ എന്നും ആണുങ്ങളെ ചൻ, ചച്ഛൻ എന്നും ചേർത്താണു വിളിക്കുക.

കല്യാണച്ചെക്കൻ പുതിയേക്കനും പെണ്ണ് പുതിയേണ്ണുമാണ്. ഭാര്യയുടെ/ ഭർത്താവിൻ്റെ അച്ഛൻ അപ്പച്ഛനാണ്. തീയ്യനും തീയ്യത്തിയും എന്നത് ഭാര്യയും ഭർത്താവുമാണ്. ഭാര്യ ഓളും, ഭർത്താവ് ഓറുമാണ്. പെൺമക്കളുടെ ഭർത്താക്കന്മാർ ഇണങ്ങന്മാരും മക്കളുടെ ഭാര്യമാർ ഇണങ്ങത്തിമാരുമാണ്. ഈ പുസ്തകത്തിൽ ഇത്തരത്തിലുള്ള നിരവധി വായ്മൊഴികൾ വന്നിട്ടുണ്ട്.

അനങ്ങുക (മിണ്ടുക/ചലിക്കുക), അക്കാം പൊക്കൻ (തുമ്പി), അലേ (അലക്, കവുങ്ങിൻ്റെ ചീന്ത്), അരേലെ (അരഞ്ഞാണം), അലോമിനി (അലൂമിനിയം), അയേ (അതെ), അടു ത്തോൻ (കാതിയൻ, കാവുതീയ്യൻ), ആത്തുവെക്കുക (ആകത്തു വെയ്ക്കുക.), അന്താളം (നടുക്കുള്ള മുറി), ആത്തുച്ച (നട്ടുച്ച), അങ്കലാപ്പ് (വേവലാതി/വിഷമം),

ഇപ്പം (ഇപ്പോൾ), ഇഞ്ഞി (നീ), ഇങ്ങൾ (നിങ്ങൾ), ഇനിക്ക് (നിനക്ക്), ഈങ്ങുക (മുഷിയുക), ഇച്ചിരി (കുറച്ചു),

ഉമ്മിഞ്ഞി(മുല), ഉരിക്കുക (പൊതിക്കുക), ഉമുക്കേരി (ഉമി ക്കരി), ഉപ്പിച്ചി (മീൻ), ഉമ്മിറ്റ്യാറ്/ഉമ്മച്ചി (മുസ്ലീം സ്ത്രീ), ഉറ്റിക്കുക ( ഒഴിക്കുക), ഊവൽ (ചൂളംവിളി), ഊയ്യീ (അയ്യോ),

ഓൻ (അവൻ), ഓല് (അവർ), ഓള് (അവൾ), ഓറ് (അവര് ), ഒരം/ ഓതാറ് (ശക്തി), ഒരോള്ള (ശക്തിയുള്ള), ഒലിക്കുക (ഒഴുകുക), ഒച്ച (ശബ്ദം), ഒപ്പരം (ഒന്നിച്ച്), ഒരൾ (ഉരൾ), ഒലക്ക (ഉലക്ക), ഓക്കാനം (ശർദ്ദി), ഒറകൂട്ടുക (ഉറകൂട്ടുക), ഒറക്കം (ഉറക്കം), ഒണക്ക് (ഉണക്ക്/ ഉണക്കമീൻ),

എല (ഇല), ഏതുക (എഴുതുക), എണക്കം (ഇണക്കം), എറക്കം (ഇറക്കം), എളനീർ (ഇളനീർ), എളാരം (കട്ടിൽ), എലി വാണം (റോക്കറ്റ്), എറാക്ക്, റാക്ക് (ചാരായം), എടങ്ങാറ് (ശല്യം), എക്കിട്ട (എക്കിൾ), ഏറെ (കൂടുതൽ), എര (വിര), ഏട്ടൻ (ജ്യേഷ്ഠൻ), ഏതു (കാരണം), എടേയ്/ എടേല് (ഇടവഴിയിൽ, ഇടയിൽ), എറേല് (ഇറയിൽ), എണിക്കുക (എഴുന്നേൽക്കുക), എരമ്പറ്റ (അവസാനത്തെ), എനിച്ച് (എനിക്ക്),

പല (പലക), പക്കിച്ചി (പക്ഷി), പസാത് (കള്ളത്തരം), പരിക്ക് (പരുക്ക്), പയ്‌പ് (വിശപ്പ്), പണ (ചെങ്കല്ല് കൊത്തുന്ന സ്ഥലം), പായി (പായ), പാഞ്ഞ് (പായുക), പാഞ്ഞുട്ട് (ഓടിക്ക ളഞ്ഞു), പായ്യാരം (തമാശ), പാർക്കുക (താമസിക്കുക), പിത്തന (ഏഷണി), പിരാതി (പരാതി), പിരാന്ത് (ഭ്രാന്ത്), പിരിയം (പുരികം), പിറുപിറുക്കുക (സ്വയം പറയുക), പിണ്ണം (പിണ്ഡം), പിത്ക്കുക (അമർത്തുക), പിട്ട് (പുട്ട്), പിത്തുക (ഒഴിക്കുക), പെറുക്കി (ചീത്തവാക്ക്), പേക്കൻ (മാക്രി/തവള), പേറ് (പ്രസവം), പേട് (നശിച്ചത്), പൊര (പുര), പൊടവ (പുടവ), പൊട്ടി (ഉടഞ്ഞു), പൊതിർക്കുക (കുതിർ ക്കുക), പൊറുക്കാൻ (താമസിക്കാൻ), പൊറം (പുറം), പൊച്ചാരം, (മൈന്താരം), പൈ (പശു), പൈക്കുന്നു (വിശക്കുന്നു), പ്റ്ക്ക്/ പിറുക്ക് (കൊതുക്), പൊക (പുക), പൊലിയാട്ട് (പുലയാട്ട്), പൊലി യാടിച്ചി (വേശ്യ), പൊല്ലുമ്പം (പുലരുമ്പം), പൊട്ട് (മുറിവ്), പെരിയ (വഴി), പോവ്വ (പോകുക), പെണക്കം (പിണക്കം), പൊയ (പുഴ), പീശ്ശാത്തി (കത്തി), പിത്രം (മൂത്രം), പറച്ചിൽ (പറയപ്പെടുന്നത്).

ചിറി (ചുണ്ട്). ചാണോം (ചാണകം), ചിണ്ടുക (ശല്യം ചെയ്യുക), ചിണുങ്ങുക (പിണങ്ങുക), ചീതം (ശീതം), ചേട്ട് (ചെ വിട്), ചൊട്ട (പൊട്ട്), ചെന (കറ/ ഗർഭം), ചെലക്കുക (ചിലയ്ക്കുക), ചിലവ് (ചെലവ്), ചെപ്പുക (ആട്ടുക, ശകാരിക്കുക), ചേപ്ര (നാണം), ചേരട്ട (തേരട്ട), ചേടത്തി (ജ്യേഷ്ഠത്തി), ചേട്ടത്തി (ക്രിസ്ത്യൻ സ്ത്രീ), ചേട്ടൻ (ജ്യേഷ്ഠൻ/ക്രിസ്‌ത്യൻ പുരുഷൻ), ചൊള (ചുള), ചോല് (ചുമൽ/ തണൽ), ചേല് (ഭംഗി), ചൊണങ്ങ് (ചൊറി), ചൊട്ടുക (നോട്ടുക), ചെർമം (ശ്രമം, ഒരുക്കൽ/ തലേന്ന്), ചോപ്പ്/ചുവപ്പ്/ചുവന്ന (ചെമന്ന), ചായ് വ് (ഒരു ഭാഗത്തേക്ക്),

വരത്തം (അസുഖം), വലിഞ്ഞു (വരിഞ്ഞ്), വായ (വാഴ), വായി (വായ), വർത്താനം (വർത്തമാനം), വാറ്റോക്ക് (വയറിളക്കം), വാനോക്കി (നെൽക്കൃഷി), വണ്ണാരം (ഭണ്ടാരം), വെല്യയ (വലിയ), വെത്തില (വെറ്റില), വെളമ്പുക (വിളമ്പുക), വെടക്ക് (മോശപ്പെട്ടത്), വെളക്ക് (വിളക്ക്), വെറക് (വിറക്), വെറച്ചു (വിറച്ചു), വെരട്ടുക (വിരട്ടുക), വാഴക്കൊല (വാഴക്കുല), വൈശ്യാർ (വൈദ്യർ),

ബസി/ബസ്സി (പ്ലെയിറ്റ്), ബായിച്ചോ (വായിച്ചോ). ബെയിച്ചോ (കഴിച്ചോ), ബാച്ചം (ചുംബനം), ബാവ (കുഞ്ഞ്), ബേള (കഴുത്ത്) ബെളെ (സൂത്രം), ബീണ് (വീണു). ബസാത് (കള്ളത്തരം), ബൈല് (വയൽ/ പിന്നിൽ), ബീയുക (വിഴുക). ബേഗം (വേഗം), ബോഡ (കൊട്ടത്തേങ്ങ), ബെളക്ക് (വിളക്ക്), ബെരള് (വിരൽ), ബേജാറ് (വിഷമം), ബെളുത്തത് (വെളുത്തത്),

മങ്ങലം (കല്യാണം), മനാരം (വൃത്തി), മടഞ്ഞ (മെടഞ്ഞ), മാശ് (മാഷ്). മക്കാറാക്കുക (പരിഹസിക്കുക), മണ്ടുക (ഓടുക),

കാക്ക (മുസ്ലീം പുരുഷൻ), മുറുക്കുക (തിന്നുക), മുക്ക് (വളവ്), മുമ്പില് (മുന്നിൽ), മിറ്റം (മുറ്റം), മീട് (മുഖം), മിണ്ണാണി (വികൃതി), മിണ്ടി (പറയുക), മേല് (ദേഹം), മോളിൽ (മുകളിൽ), മോന്തി (രാത്രി), മൊളെ (മുളക്), മെഴ്ക്ക് (അഴുക്ക്), മൊറം (മുറം), മോന്തുക (കുടിക്കുക), മൊട്ട (മുട്ട), മൊരടൻ (മുരടൻ), മൊരട (പാത്രം), മാണ്ടാത്ത (വേണ്ടാത്ത), മാണ്ടാ/ ബേണ്ട (വേണ്ടാ),

കയ്യുക (കഴിയുക), കവുത്ത് (കഴുത്ത്), കത്തലടക്കുക (പ്രഭാത ഭക്ഷണം), കലമ്പുക (വഴക്കു പറയുക), കടയുക (തളരുക), കടച്ചി (കന്നുട്ടി/പശു), കമ്പോട്ടർ (കമ്പൗണ്ടർ), കറമോസ് (കറുമുസ്), കടുക്കൻ (കാതിലിടുന്നത്), കണ്ടിക്കുക (കഷ്ണിക്കുക), കാട്ടം (തീട്ടം/ചവറുകൾ), കായ് (കായ), കീറുക (ചീന്തുക), കുളുത്തോറ് (പയം ചോറ്/ പഴയ ചോറ്), കുളുത്താറ്റുക (വ്രത മെടുക്കുക), കുടുക്ക് (ബട്ടൻസ്), കുഞ്ഞൻ (കുഞ്ഞ്), കുരുസി (കുരുതി), കൂറ് (പങ്കാളി/ ഭാഗം), കാറ്റോല (വീതോല), കീ, കീയുക (ഇറങ്ങുക), കീഞ്ഞ് (ഇറങ്ങി), കീശ (പൊക്കറ്റ്), കെരട് (കിണറ്), കേങ്ങ് (കിഴങ്ങ്), കോയി (കോഴി), കൊത്തുക (വെട്ടുക, കിളയ്ക്കുക), കുയ്യെല് (കരണ്ടി), കൂട്ടംകൂടി (വഴക്കു പറഞ്ഞ്/ഒന്നിച്ച്), കുട്ടനാട് (മുട്ടനാട്), കേക്ക് (കിഴക്ക്/കേൽക്കു), കോനായി (കോലായി, വരാന്ത), കൂട്ടേൻ (കറി), കെർപ്പം (ഗർഭം), കൊട (കുട), കൊടം (കുടം), കെള (മതിൽ) കെളക്കുക (ജോലി യെടുക്കുക), കൊളം (കുളം), കെടക്കുക (കിടക്കുക), കോപ്പ് (കല്യാണം/തുടക്കം), കോപ്പ (പിഞ്ഞാണം), കീളിൽ (താഴെ), കൊര (കുര), കെരന്തം (ഗ്രന്ഥം), കൊരങ്ങൻ (കുരങ്ങ്), കോരുക (വലിക്കുക/നനയ്ക്കുക), കോന്തല (മടിക്കുത്ത്), കൊടല്‍ (കുടല്‍),

തപ്പുക (പരതുക), തക്കാരം (സൽക്കാരം), തക്ക (കാതിലെ), തക്കുക (അടിക്കുക), തവുറ്റം (നശിച്ചുപോകുക), തലക്കാണി (തലയണ), താറ് (ടാറ്), തൊവ്വാൻ (തൊഴാൻ), തിണ്ട് (മതിൽ), തിരുമ്പുക (അലക്കുക), തുമ്മാൻ (മുറുക്കാൻ), തൊട (തുട), തോല്/തോൽ (തുകൽ/ചർമം), തെറ്റുക (തിരിയുക/ ഭിന്നിക്കുക), തെര്വ (തെരുവ), തെരുക്കുക (തെറുക്കുക), ദായിക്കുന്നു (ദാഹിക്കുന്നു), ദൂരത്താവുക (ഋതുമതിയാവുക),

നായി (നായ/അളവ്), നാട്ടിപ്പണി (ഞാറു നടുന്നത്), നൊടിയുക (സ്വയം പറയുക), നെളുന്തിര (മണ്ണിര), നങ്കലം (മുഴുവൻ), നൊമ്പലം (പ്രസവവേദന), നൊമ്പലിക്കുക (വേദനിപ്പിക്കുക), സമ്മന്തം (സംബന്ധം/കല്യാണം), രജിസ്ട്രേഷൻ (റജിസ്ട്രേഷൻ), ഞായം (ന്യായം), ഞമുക്കുക/ ഞമുണ്ടുക (കൂട്ടി ഉരസുക), ഡോട്ടർ (ഡോക്‌ടർ), സിസ്റ്റർ (കന്യാസ്ത്രീ/നേഴ്സ്), ഗോയിന്നൻ (ഗോവിന്ദൻ), രായൻ (രാജൻ), കയ്യാണി (കല്യാണി), കോവാലൻ (ഗോപാലൻ),……തുടരും.

 

അടുത്ത ആഴ്ച ▶ കണ്ണാരം പൊത്തിപ്പൊത്തി

മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം :

◼️അധ്യായം ഒന്ന്:
പുഴമാത്രം മാറിയില്ല
◼️അധ്യായം രണ്ട്: ഓര്‍മ്മയില്‍ ജീവിക്കുന്ന അമ്മ

Hot this week

ഇറാൻ നയതന്ത്രജ്ഞര്‍ 24 മണിക്കൂറിനകം രാജ്യം വിടണം; ആക്രമണത്തിന് പിന്നാലെ കടുത്ത നടപടിയുമായി കുവൈറ്റ്

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെ...

അധ്യായം 18 📖 അങ്ങാടിപ്പഴമ

  ‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ കിഴക്കൻ...

എറണാകുളത്ത് എച്ച്1എന്‍1 ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

എറണാകുളം: കൊച്ചിയിൽ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മരണം. പാലാരിവട്ടം...

ഓപറേഷന്‍ തൂഫാന്‍; ആദ്യ ദിനം 137 പേര്‍ അറസ്റ്റില്‍,‘വിതരണ ശൃംഖലകളുടെ നിർണായക വിവരം ലഭിച്ചു

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍ ദ നാര്‍ക്കോ ഹണ്ട് പ്രവര്‍ത്തനം ഊര്‍ജ്ജിതമാകുന്നു. പ്രവര്‍ത്തനം...

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍; മുൻസിഫ് കോടതി ഉത്തരവിനെതിരെ പോലീസ് ഹൈക്കോടതിയില്‍

കൊച്ചി: എറണാകുളം മലയിടംതുരുത്തില്‍ ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കണമെന്ന പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ...

ഇറാൻ നയതന്ത്രജ്ഞര്‍ 24 മണിക്കൂറിനകം രാജ്യം വിടണം; ആക്രമണത്തിന് പിന്നാലെ കടുത്ത നടപടിയുമായി കുവൈറ്റ്

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെ...

അധ്യായം 18 📖 അങ്ങാടിപ്പഴമ

  ‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ കിഴക്കൻ...

എറണാകുളത്ത് എച്ച്1എന്‍1 ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

എറണാകുളം: കൊച്ചിയിൽ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മരണം. പാലാരിവട്ടം...

ഓപറേഷന്‍ തൂഫാന്‍; ആദ്യ ദിനം 137 പേര്‍ അറസ്റ്റില്‍,‘വിതരണ ശൃംഖലകളുടെ നിർണായക വിവരം ലഭിച്ചു

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍ ദ നാര്‍ക്കോ ഹണ്ട് പ്രവര്‍ത്തനം ഊര്‍ജ്ജിതമാകുന്നു. പ്രവര്‍ത്തനം...

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍; മുൻസിഫ് കോടതി ഉത്തരവിനെതിരെ പോലീസ് ഹൈക്കോടതിയില്‍

കൊച്ചി: എറണാകുളം മലയിടംതുരുത്തില്‍ ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കണമെന്ന പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ...

വടകര ‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദം: എസ്ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര വകുപ്പ്

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള സ​ദ​സി​നി​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൺ​മാ​ൻ​മാ​ർ പ്ര​തി​ഷേ​ധ​ക്കാ​രെ ത​ല്ലി​ച്ച​ത​ച്ച സം​ഭ​വ​ത്തി​ൽ പ്ര​ത്യേ​ക...

‘ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് ഗുരുതര കുറ്റകൃത്യം;’ എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തി പുറത്തിറങ്ങിയ...

സേലത്ത് വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു

പത്തനംതിട്ട: സേലത്ത് വാഹനാപകടത്തില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥി മരിച്ചു. അടൂര്‍ സ്വദേശി ജി...

Related Articles

Popular Categories