അധ്യായം 16 📖 വിനോദ യാത്ര

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’
ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍

 

നാടൻ പണിക്കാരിൽ ആശാരിക്കും പെരുതേരിക്കും ഏറെ പരിഗണന ലഭിച്ചിരുന്നു. മരപ്പണി ആശാരിമാരുടെയും, കല്ല് ചെത്തൽ, തറകെട്ടൽ, ചുമർ നിർമാണം, തേപ്പ് തുടങ്ങിയവ പരവന്മാരുടെയും കുത്തകയായിരുന്നു. വീടു നിർമ്മാണത്തിൽ ഏർപ്പെടുന്ന മറ്റു തൊഴിലാളികളേക്കാളും കൂടുതൽ കൂലിയും ഇവർക്കാണ്. പുത്തൂർ ഭാഗത്തെ പരവൻമാരിൽ പെരിതേരിപ്പണിയിൽ വൈദഗ്ധ്യവും കൈപ്പുണ്യവുമുള്ള പണിക്കാരനാണു ചാലിൽ ബാലൻ മേസ്ത്രി. അദ്ദേഹമാണു കുയിമ്പിൽ വീടിൻ്റെ അടുക്കള, കുളിമുറി, അന്താളം എന്നിവ നിർമിച്ചത്. കാലക്രമേണ പെരുതേരിപ്പണിയിൽ പരവൻമാരെ അപേക്ഷിച്ചു മറ്റു വിഭാഗത്തിൽപ്പെട്ടവർക്കായി ആധിപത്യം.

മഴയും വെയിലും ഏൽക്കാതെ ഏതു കാലാവസ്ഥയിലും തൊഴിൽസുഖം കിട്ടുന്നവരാണ് ആശാരിമാർ. ഭക്ഷണ കാര്യത്തിലും ഇവർക്കു പ്രത്യേക പരിഗണനയാണ്. രണ്ടും മൂന്നും കറികളും വറവും പപ്പടവും മോരും ഉൾപ്പെടെ ചെറിയ സദ്യവട്ടംതന്നെ ഇവർക്കായി ഒരുക്കും. സാധാരണ നല്ലോര്യാളിനു മാത്രമേ പപ്പടം വാങ്ങാറുള്ളൂ. മറ്റവസരങ്ങളിൽ പപ്പടം വാങ്ങുമ്പോൾ വീട്ടിലെന്താ ആശാരിപ്പണിയുണ്ടോ എന്നു പീടികക്കാർ ചോദിച്ചിരുന്നു. ഭക്ഷണ സമയമായാൽ ആശാരിമാർക്കു വലിയ തിരക്കായിരിക്കും. പല പ്രാവശ്യം വിളിച്ചാലാണ് അവർ ഭക്ഷണം കഴിക്കാൻ വരിക. പിന്നെയൊരു മയക്കം പതിവാണ്. ഇവർ രണ്ടും മൂന്നും സ്ഥലങ്ങളിൽ പണി തുടങ്ങിവെയ്ക്കും. ഒരു പണിയും നഷ്ടപ്പെടാതിരിക്കാനാണിത്. ചിരട്ടകൊണ്ടു കയ്യില് കുത്തി പണി പഠിക്കുന്ന ആശാരിമാർ പ്രായമേറി പുറത്തുപോകാൻ പറ്റാതായാലും കയ്യില് കുത്തും. ആശാരിച്ചിമാരാണ് വീടുകളിൽ കൊണ്ടുപോയി കയ്യിലുകൾ വിറ്റിരുന്നത്. കറി വിളമ്പാനും ചോറ് ഊറ്റുന്നതിനും വിളമ്പുന്നതിനും പ്രത്യേകം കയ്യിലുകളുണ്ടായിരുന്നു.

പുത്തൂർ ശ്രീമുത്തപ്പൻ മഠപ്പുരയ്ക്കടുത്തുള്ള കുട്ടിയാശാരി വാസ്തുശാസ്ത്രത്തിലും മരപ്പണിയിലും അഗ്രഗണ്യനായിരുന്നു. വീടിനും ആലയ്ക്കും മറ്റു കെട്ടിടങ്ങൾക്കുമുള്ള സ്ഥാനം കണ്ടെത്തി കുറ്റി അടിക്കുന്നതിലും കട്ടില, ജാലകം, മോന്തായം എന്നിവ ഉണ്ടാക്കുന്നതിലും പ്രഗത്ഭനായിരുന്നു കുട്ടിയാശാരി എന്ന ശങ്കരനാശാരി. ഗൃഹഗണിതം അറിയുന്നവർക്കേ മോന്തായപ്പണി ചെയ്യാൻ പറ്റുകയുള്ളൂ. മോന്തായം വളഞ്ഞാൽ അറുപത്തിനാലും വളയും എന്നൊരു ചൊല്ലുണ്ട്. കുട്ടിയാശാരിയും മകൻ മാധവനുമാണു കുയിമ്പിലെ അടുക്കളയും ഞാലിയും പണിതത്. മരപ്പണിയിലും ക്രമേണ മറ്റു വിഭാഗക്കാർ സജീവമായി. കോൺക്രീറ്റ് ഭവനങ്ങളുടെ ആവിർഭാവത്തോടെ മോന്തായപ്പണി ഒഴിവായത് ഈ മേഖലയിൽ എത്തപ്പെട്ടവർക്ക് ആശ്വാസമാണ്. കുട്ടിയാശാരിക്കു നാലടിയിൽ താഴെയേ പൊക്കമുണ്ടായിരുന്നുള്ളൂ. ഇതിനാലാണു കുട്ടിയാശാരി എന്ന വിളിപ്പേര്. അദ്ദേഹം മുണ്ടുടുത്തതും പ്രത്യേക രീതിയിൽ നടക്കുന്നതും പണിയെടുക്കുന്നതും ഞങ്ങൾ കൗതുകത്തോടെ നോക്കി നിൽക്കാറുണ്ട്. കുട്ടിയാശാരിയെ അനുകരിച്ചു ഞങ്ങളും നെഞ്ചത്തു മുണ്ടുടുത്തു നടക്കുമായിരുന്നു.

സൈക്കിളോട്ടക്കാർ എത്തിയാൽ പ്രദേശത്ത് ഉത്സവപ്രതീതിയായിരുന്നു. വർഷംതോറും എത്തിയിരുന്ന ഇവർ മരുന്നൻ പൊയിലിലെ വയലിലാണു തമ്പടിക്കുക. ദിവസവും സന്ധ്യയ്ക്കു ശേഷമാണു സൈക്കിളഭ്യാസം, റെക്കോർഡ് ഡാൻസ്, ഹാസ്യ പ്രകടനം, ലഘുനാടകം എന്നീ പരിപാടികൾ. ഇവരുടെ ഏറ്റവും പ്രധാന ഇനമാണു മരണക്കുണ്ട്. കുഴിയിൽ ആളെ കിടത്തി മുകളിൽ പലകകൊണ്ടു പാകി മണ്ണിട്ടുമൂടും. മണിക്കൂറുകൾ കഴിഞ്ഞാണു മണ്ണു നീക്കി ഇയാളെ പുറത്തെടുക്കുക. അത്ഭുതത്തോടെയാണ് ആളുകൾ മരണക്കുണ്ടു കണ്ടത്.

ആരംഭദിവസം മുതൽ പരിപാടിയുടെ അവസാന നാൾ വരെ ഒരാൾ സൈക്കിളിൽ നിന്ന് ഇറങ്ങാതെ അതിൽ കഴിയും. ഭക്ഷണവും കിടത്തവും പ്രാഥമിക കർമങ്ങളും സൈക്കിളിൽ ഇരുന്നുതന്നെയാണു ചെയ്യുക. ഇയാൾ സൈക്കിളിൽ നിന്ന് ഇറങ്ങുന്നുണ്ടോ എന്നു നോക്കാൻ ഞങ്ങൾ സ്‌കൂൾ മടിയന്മാരെ ചട്ടംകെട്ടും. സൈക്കിളുമായി പുറത്തു പോയാണ് ഇയാൾ എല്ലാ കാര്യങ്ങളും ചെയ്‌തിരുന്നത്. പരിപാടിയുടെ ഇടവേളകളിൽ കാണി കളെ ഹരംകൊള്ളിക്കുന്ന തരത്തിൽ ലേലം നടത്തിയിരുന്നു. ആളുകൾക്കു വാശിയേറുന്നതനുസരിച്ചു സൈക്കിളോട്ടക്കാർക്കു കോളടിക്കും. അവസാന ദിവസം വളരെ സങ്കടത്തോടെയായിരിക്കും അനൗൺസ്മെൻ്റ്. അന്നാണ് ഇവർക്കു ഏറ്റവും കൂടുതൽ സംഭാവന കിട്ടുക.

കുന്നോത്തുപറമ്പിൽ സൈക്കിളോട്ടത്തിനിടയിൽ മദ്യപാനികൾ തമ്മിലുണ്ടായ വഴക്കു രാഷ്ട്രീയ സംഘട്ടനത്തിലാണു കലാശിച്ചത്. ജനതാദൾ, ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ തർക്കത്തിൽ രണ്ടുപേർക്കു വെട്ടേറ്റിരുന്നു. കൂറ്റേരി അരീക്കലെ ബിജെപി പ്രവർത്തകൻ സുരേന്ദ്രനെ കുന്നോത്തുപറമ്പിൽവെച്ചു വെട്ടി പരിക്കേൽപ്പിച്ചതോടെ പ്രശ്‌നം രൂക്ഷമായി. ഇതിനുശേഷം യുവജനതാദൾ നേതാവ് പുത്തൂരിലെ അനിൽകുമാറിനു പാനുരിൽ വെച്ചു വെട്ടേറ്റു. ഈ സംഭവത്തോടെ സൈക്കിളോട്ടക്കാരുടെ വരവും നിന്നു.

വാഴക്കൃഷിക്കും ആളുകൾ ഏറെ പ്രാമുഖ്യം കൊടുത്തിരുന്നു. നേന്ത്രവാഴയാണു കൂടുതൽ. സ്വന്തമായി കൃഷിഭൂമിയില്ലാത്തവർ മറ്റുള്ളവരുടെ സ്ഥലത്താണു വാഴകൃഷി ചെയ്‌തിരുന്നത്. ചൊക്ലിയാണു വാഴക്കുലയുടെ പ്രധാന വിപണനകേന്ദ്രം. പെണ്ണുങ്ങൾ വട്ടിക്കൂട്ടയിൽ തലയിലേറ്റിയും ആണുങ്ങൾ കാവടിയിൽ ചുമലിലേറ്റിയുമാണു വാഴക്കുല വിൽപ്പന കേന്ദ്രങ്ങളിൽ എത്തി ച്ചിരുന്നത്. കഴുത്താട്ടി കണ്ണനാണു പ്രദേശത്തെ വാഴക്കുലകൾ സ്ഥിരമായി കൊണ്ടുപോയി വിറ്റിരുന്നത്. പലവ്യഞ്ജനങ്ങളും മറ്റു കൃഷി ഉൽപ്പന്നങ്ങളും നേരിട്ടു വിൽക്കാനും വാങ്ങാനും പറ്റുന്ന ഇടമായിരുന്നു ചന്തകൾ. കന്നുകാലികളുടെ മാറ്റക്കച്ചവടമായിരുന്നു ഓർക്കാട്ടേരി ചന്തയുടെ പ്രത്യേകത.

വാഴയുടെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമാണ്. കായ കഴിഞ്ഞാൽ പ്രധാന ഭക്ഷണം വാഴയുടെ കണ്ടയും കാമ്പും, മഗിണിയുമൊക്കെ ചേർത്ത പുഴുക്കാണ്. കിഴങ്ങും കാമ്പും മീൻത ലയും ചേർത്തുണ്ടാക്കുന്ന പുഴുക്ക് ഏറെ രുചികരമാണ്. സദ്യക്കു വാഴയില അത്യാവശ്യമാണ്. വാഴത്തട വെട്ടിച്ചീന്തി ഉണക്കിയ വാഴനാര് കൊണ്ടാണു പെണ്ണുങ്ങൾ തെര്വ മെടഞ്ഞിരുന്നത്. ഉണക്കു വാഴയില വട്ടത്തിൽ ചുരുട്ടി അതിനു മുകളിൽ ഈർന്ന വാഴനാര് ചുറ്റി മെടഞ്ഞാണു തെര്വ ഉണ്ടാക്കുക. തലയിൽ കെട്ട് എടുക്കുന്നവർക്കു തെര്വ അത്യാവശ്യമായിരുന്നു. മാച്ചിൽ കെട്ടാനും വാഴനാര് ആവശ്യമാണ്.

പൂവ്വൻവാഴ, അടുക്കൻവാഴ, അടക്കാപൂവ്വൻ, റോബസ്റ്റ് വാഴ, മൈസൂർവാഴ എന്നിവ തൊടിയിലെ കൃഷിയാണ്. വാഴത്തേനിനോടുള്ള ആർത്തിയിൽ വിടർന്നു തീരുംമുമ്പേ വാഴക്കൂമ്പ് പൊട്ടിച്ചതിന്റെ പേരിൽ പല പ്രാവശ്യം വഴക്കു കേട്ടിട്ടുണ്ട്. വാഴത്തേൻ കുടിക്കാൻ കടവാതിലുകൾ വന്നിരുന്നു. കൂമ്പ് നശിപ്പിക്കുന്ന ഇവയുടെ ശല്യം ഒഴിവാക്കാൻ വാഴയുടെ മുകളിൽ കൊട്ടമുള്ളു വെച്ചു കെട്ടിയിരുന്നു. വാഴക്കുല പുക വെച്ചു പഴുപ്പിക്കുന്നതും പതിവായിരുന്നു. ആവശ്യത്തിനുള്ള കുഴി എടുത്തു അതിൽ കുല അടുക്കി മടലിൽ പുക വെച്ചു പലകയിട്ടു കുഴിമൂടും. മുന്നാം ദിവസം തുറക്കുമ്പോൾ കുല നല്ലവണ്ണം പഴുത്തിട്ടുണ്ടാകും.

വാശിയേറിയ ഒരു മത്സരമായിരുന്നു വാഴക്കുലവെട്ട്. കുല വിൽക്കുന്നയാളും പീടികക്കാരനും തമ്മിലായിരിക്കും മിക്കപ്പോഴും മത്സരം. കായകൾ എണ്ണി തിട്ടപ്പെടുത്തി വാഴക്കുല കയറിൽ കെട്ടിത്തൂക്കും. കൊടുവാൾ കൊണ്ട് ഒറ്റവെട്ടിന് ഇത്ര കായകൾ വീഴ്ത്തണമെന്നായിരിക്കും വ്യവസ്ഥ. നിശ്ചിത കായകൾ വെട്ടിവീഴ്ത്തിയാൽ കുലയുടെ വില പീടികക്കാരൻ നൽകണം. പണവും കുലയും കർഷകനുള്ളതാണ്. ഇതിനു കഴിഞ്ഞില്ലെങ്കിൽ പീടിക ക്കാരനായിരിക്കും വിജയി. വെട്ടിയ കുല പണം നൽകാതെ പീടികക്കാരനു സ്വന്തം. വാശിയും വാക്കുതർക്കവും ബഹളത്തിനും ആളുകൾ തമ്മിലുള്ള ശത്രുതയ്ക്കും ഇടയാക്കിയപ്പോഴാണ് ഈ മത്സരം ഇല്ലാതായത്.

ആറിൽ പഠിക്കുമ്പോൾ തിരുവനന്തപുരത്തേക്കു നടത്തിയ വിനോദയാത്രയായിരുന്നു വീട്ടുകാരൊപ്പമില്ലാത്ത എന്റെ ആദ്യ ദൂര യാത്ര. വലിയപറമ്പത്ത് കുഞ്ഞാണ്ണൻ്റെ ശുപാർശയിലാണ് അച്ഛച്ഛൻ എനിക്കു പോകാൻ സമ്മതം തന്നത്. എൻ്റെ രണ്ടാം ട്രെയിൻ യാത്രയായിരുന്നു ഇത്. കുസൃതിയും ആട്ടവും പാട്ടുമായുള്ള ആ യാത്ര ഓർമയിലെ മധുരാനുഭൂതിയാണ്. തിരുവനന്തപുരം സ്വദേശിയായ കൊളവല്ലൂർ യുപിയിലെ സുകുമാരൻ മാസ്റ്റർ ഏർപ്പാടാക്കിയ ക്രിസ്‌ത്യൻ വിദ്യാലയത്തിലാണു ഞങ്ങൾ താമസിച്ചത്. ബഞ്ചുകൾ അടുപ്പിച്ചിട്ടാണ് ഉറങ്ങിയത്. നിയമസഭാ മന്ദിരം, മൃഗശാല, കോവളം ബീച്ച്, കന്യാകുമാരി, വിവേകാനന്ദ പ്പാറ എന്നിവിടങ്ങൾ സന്ദർശിച്ചിരുന്നു. വിവേകാനന്ദപ്പാറയിലേക്കു നടത്തിയ ബോട്ടുയാത്രയാണ് എൻ്റെ ആദ്യ ജലയാത്ര. സ്വാമി വിവേകാനന്ദൻ ധ്യാനമിരുന്നതും ദേവി പ്രത്യക്ഷപ്പെട്ടതും അധ്യാപകർ വിശദീകരിച്ചിരുന്നു. യോഗപഠനമാണ് ഇവിടെ പ്രധാനം.

ചെറുപ്പറമ്പ് ഗുരുദേവ സ്‌മാരക എൽപി സ്‌കൂളിലെ നാണു മാസ്റ്ററും വിനോദയാത്രയിൽ ഉണ്ടായിരുന്നു. പങ്കജാക്ഷി ടീച്ചറുടെ സഹോദരനാണു നാണു മാസ്റ്റർ. അദ്ദേഹം വിദേശികളോട് ഇംഗ്ലീഷിൽ സംസാരിക്കുന്നതു ഞങ്ങൾ അത്ഭുതത്തോടെയാണു നോക്കിനിന്നത്. ഇങ്ങനെ ഇംഗ്ലീഷിൽ സംസാരിക്കണമെന്നും ഇനിയും ഒരുപാടു സ്ഥലങ്ങൾ ചുറ്റിക്കാണണമെന്നും അന്നേ ഞാൻ ആഗ്രഹിച്ചിരുന്നു. ഇംഗ്ലീഷ് പത്രം വരുത്തിയിരുന്ന കുന്നോത്തുപറമ്പിലെ ഏകവ്യക്തിയാണു നാണു മാസ്റ്റർ. തലശ്ശേരിയിൽനിന്നു ബസിൽ വരുത്തിയിരുന്ന പത്രം കൊളവല്ലൂർ എൽപിക്കടുത്തു ഗോവിന്ദൻ്റെ ചായക്കടയിൽ ഇടും. പീടികയിൽ നിന്നു പത്രം എടുത്തു ഞങ്ങൾ നാണുമാസ്റ്ററുടെ അനുജന്മാരായ ഏഴാം ക്ലാസിലെ നളിനനെയോ നന്ദനനെയോ ഏൽപ്പിക്കും.

1975ൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ടു രണ്ടു കാര്യങ്ങളാണ് എൻ്റെ ശ്രദ്ധയിൽപ്പെട്ടത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷമാണു പലചരക്കുകടകളിൽ സാധനങ്ങളുടെ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാൻ തുടങ്ങിയത്. പൈസ സ്വരൂപിക്കാൻ വേണ്ടി വീട്ടുകാരോടു സാധനങ്ങളുടെ വിലകൂട്ടി പറഞ്ഞു ചില്ലറകൾ അടിച്ചുമാറ്റുന്ന കുട്ടികളുടെ കാര്യം ഇതോടെ അവതാളത്തിലായി. അടിയന്തരാവസ്ഥ കഴിഞ്ഞും പീടികകളിൽ വിലവി വരപ്പട്ടിക തൂക്കിയിരുന്നെങ്കിലും കൃത്യമായി എഴുതിച്ചേർക്കുകയോ ബോർഡിലെ വിലയ്ക്കു സാധനങ്ങൾ കിട്ടുകയോ ചെയ്തിരുന്നില്ല.

ഗോപാലൻ പറമ്പത്ത് പിആർ കുറുപ്പിൻ്റെ സഹായം തേടി ജയിൽമോചിതനായത് അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ടു ഞങ്ങളുടെ പ്രദേശത്തു നടന്ന വലിയ സംഭവമാണ്. കുന്നോത്തുപറമ്പിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് കുടുംബമായ പറമ്പത്ത് തറവാട്ടംഗമായ ഗോപാലൻ പറമ്പത്ത് വിദ്യാർഥി-യുവജന പ്രവർത്തനങ്ങളിലൂടെയാണു രാഷ്ട്രീയ രംഗത്തു സജീവമായത്. അടിയന്തരാവസ്ഥയിൽ മിസ്സാ തടവുകാരനായി അദ്ദേഹം ജയിലിലടയ്ക്കപ്പെട്ടു. കെ ആർ ഗൗരിയമ്മയുടെ മാതൃസഹോദരീയുടെ പുത്രിയുമായുള്ള വിവാഹം കഴിഞ്ഞു മാസങ്ങൾക്കുളളിലാണു ഗോപാലൻ പറമ്പത്ത് അറസ്റ്റിലായത്. മാപ്പെഴുതിക്കൊടുത്തു ജയിൽ മോചിതനായ അദ്ദേഹത്തെ പിആറിൻ്റെ അനുയായികൾ പാനൂരിൽനിന്നു കൈവേലിക്കൽ വഴിയാണ് ആനപ്പാലത്തെത്തിച്ചത്. കോൺഗ്രസ് പ്രവർത്തകരോടൊപ്പം അദ്ദേഹം നേരെ കുയിമ്പിലേക്കു വന്നു. ഭക്ഷണം കഴിഞ്ഞു വലിയപറമ്പത്ത് കുഞ്ഞാണ്ണൻ, കെ പി ചന്ദ്രൻ മാസ്റ്റർ, അനുജൻ കെ പി ചാത്തു മാസ്റ്റർ എന്നിവർക്കൊപ്പം അദ്ദേഹം പിആറിൻ്റെ വീട്ടിലേക്കു പോയി.

പാർട്ടിനയത്തിനു വിരുദ്ധമായി ജയിൽമോചിതനായ ഗോപാലൻ പറമ്പത്തിനെ സിപിഎം പുറത്താക്കി. തൻറെ പ്രദേശത്ത് എതിർപാളയത്തിൽ വളർന്നുവന്ന നേതാവിനെ രാഷ്ട്രീയമായി നിഷ്പ്രഭനാക്കാനുള്ള പിആറിൻ്റെ തന്ത്രത്തിന്റെ വിജയമായിരുന്നു ഇത്. പിന്നീടു ഗോപാലൻ പറമ്പത്ത് ജനതാ പാർട്ടിയിൽ സജീവമായി. ആർഎസ്എസുമായുള്ള ബന്ധത്തിന്റെ പേരിൽ ജനതാ പാർട്ടിയിൽ അന്തച്ഛിദ്രം മൂർച്ഛിച്ച സമയമായിരുന്നു അത്. ദ്വയാംഗ പ്രശ്നത്തിൻ്റെ പേരിൽ ആർഎസ്എസ് അനുകൂല വിഭാഗം അഖിലേന്ത്യാതലത്തിൽ പുതിയ പാർട്ടി രൂപീകരിക്കാനുള്ള ശ്രമം നടത്തുമ്പോൾ അതിൻ്റെ അലയൊലി കുന്നോത്തുപറമ്പിലും സജീവമായിരുന്നു.

ജനതാ പാർട്ടി പിളർന്നശേഷം ഗോപാലൻ പറമ്പത്ത് ബിജെപി പക്ഷത്തായി. രണ്ടു തവണ പെരിങ്ങളം മണ്ഡലത്തിൽ നിന്ന് അദ്ദേഹം നിയമസഭയിലേക്കു മത്സരിച്ചിട്ടുണ്ട്. 1988ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനെതിരെ പെരിങ്ങളം മണ്ഡലത്തിൽ രൂപം കൊണ്ട് കോൺഗ്രസ്, ലീഗ്, ബിജെപി സഖ്യമായ കോലീബി സഖ്യത്തിൻ്റെ സൂത്രധാരനായിരുന്നു അദ്ദേഹം. പെരിങ്ങളത്തെ നിരവധി പഞ്ചായത്തുകളുടെ ഭരണം പിടിച്ചെടുത്ത ഈ സഖ്യത്തിൻ്റെ ചുവടുപിടിച്ചാണ് 1991ൽ നടന്ന അസംബ്ലി തിരഞ്ഞെടുപ്പിൽ പിആർ കുറുപ്പിനെ പെരിങ്ങളത്ത് കെ എം സൂപ്പി തോൽപ്പിച്ചത്. പിആറിൻ്റെ തോൽവിക്കു മുഖ്യകാരണം ഗോപാലൻ പറമ്പത്തായത് വിധിനിയോഗമായിരിക്കാം. തൻ്റെ പതനം ആഗ്രഹിച്ച പിആറിനെ സ്വന്തം തട്ടകത്തിൽത്തന്നെ മലർത്തിയടിച്ചാണു ഗോപാലൻ പറമ്പത്ത് മധുരപ്രതികാരം വീട്ടിയത്.

അടിയന്തരാവസ്ഥക്കാലത്തു പലയിടങ്ങളിലും സിപിഎമ്മും ആർഎസ്എസും ഒന്നിച്ചാണു പ്രവർത്തിച്ചത്. കൈവേലിക്കലെ ആർഎസ്എസുകാരായ എടച്ചോളി രാജൻ, തൈവെച്ചപറമ്പത്ത് രാജൻ എന്നിവർ കടയങ്കോട്ട് വഴിയാണ് സിപിഎം നേതാവ് പറമ്പത്ത് കൃഷ്ണൻ മാസ്റ്റർക്കും മറ്റും സർക്കാരിനെതിരെയുള്ള ലഘുലേഖകൾ എത്തിച്ചത്. അടിയന്തരാവസ്ഥയ്ക്കെതിരെ നടത്തിയ സമരത്തിനിടെ മരുന്നൻപൊയിലിലെ കെ പി രാജൻ അറസ്റ്റിലായിരുന്നു. വിദ്യാർഥിയായ കെ പി രാജൻ കണ്ണൂരിൽ വെച്ചാണു പോലീസിൻ്റെ പിടിയിലായത്. അദ്ദേഹം മാസങ്ങളോളം ജയിലിൽ ആയിരുന്നു. പിന്നീട് കെ പി രാജൻ മുംബൈയിലെ രാജ് എലിവേറ്റർ എന്ന ലിഫ്റ്റ് കമ്പനി ഉടമയായി. അദ്ദേഹത്തിനു ബാംഗ്ലൂരിലും ഓഫീസുണ്ട്.

1977ലാണ് ഞാൻ തിരഞ്ഞെടുപ്പു രംഗത്തു സജീവമായത്. പിആർ കുറുപ്പിനുവേണ്ടി ഗംഭീര പ്രചാരണമായിരുന്നു. സൈക്കിളിൽ മൈക്ക് കെട്ടി ജാഥ വിളിച്ചു പോകുന്നവരുടെ കൂടെ ഞങ്ങളും ചേർന്നിരുന്നു. മറ്റു സമയങ്ങളിൽ കൊടിതോരണങ്ങൾ തൂക്കിയും ഉച്ചത്തിൽ ജാഥ വിളിച്ചും ഞങ്ങൾ ഇടവഴികൾതോറും കറങ്ങും. വോട്ട് ഇടാൻ വരുന്നവർക്ക് അവരുടെ പേര് നോക്കി ക്രമനമ്പർ എഴുതി നൽകിയതു ഞങ്ങളായിരുന്നു. പിന്നിട്, ജാഥവിളി ഞങ്ങളുടെ കളിയുടെ ഭാഗമായി. വാഴയില കൊടിയാക്കിയാണു ജാഥ നടത്തിയത്.

1977ൽ അടിയന്തരാവസ്ഥ പിൻവലിച്ച ശേഷം നടന്ന തിരഞ്ഞടുപ്പിൽ കേന്ദ്രത്തിൽ കോൺഗ്രസ് പരാജയപ്പെട്ടു. അതോടൊപ്പം നടന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കെ കരുണാകരന്റെ നേതൃത്വത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നു. അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ടു വിവാദമായ രാജൻ കേസിന്റെ പേരിൽ 32 ദിവസംകൊണ്ട് അധികാരം ഒഴിയേണ്ടിവന്ന കെ കരുണാകരനു പകരം എ കെ ആൻ്റണി മുഖ്യമന്ത്രിയായി. ജനതാ പാർട്ടി നേതാവായ മൊറാർജി ദേശായിയായിരുന്നു പ്രധാനമന്ത്രി. പ്രകൃതി ചികിത്സയിൽ തൽപരനായിരുന്ന അദ്ദേഹത്തിന്റെ മൂത്ര ചികിത്സ പ്രസിദ്ധമായിരുന്നു. ഇതോടുകൂടി പ്രകൃതി ചികിത്സയ്ക്കു വലിയ പ്രചാരമായി.🟥

അടുത്ത അധ്യായം ▶ സത്യൻ പുത്തൂര്‍

മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം : 

◼️അധ്യായം 1:  
പുഴമാത്രം മാറിയില്ല
◼️അധ്യായം 2:  ഓര്‍മ്മയില്‍ ജീവിക്കുന്ന അമ്മ
◼️അധ്യായം 3: പുത്തൂരാൻ ചരിതം
◼️അധ്യായം 4: കണ്ണാരം പൊത്തിപ്പൊത്തി
◼️അധ്യായം 5: മൃതിയുടെ തിരനോട്ടം
◼️അധ്യായം 6: കൺനിറയെ ദൈവങ്ങൾ
◼️അധ്യായം 7: ഭിക്ഷാം ദേഹി
◼️അധ്യായം 8: നാട്ടുവഴിയിൽ 
◼️അധ്യായം 9: ്രാമീണ വിശുദ്ധി
◼️അധ്യായം 10:
ശാക്തേയം
◼️അധ്യായം 11: കല്യാണക്കോപ്പ്
◼️അധ്യായം 12: ുളിമുറികല്യാണം
◼️അധ്യായം 13: മാമ്പഴക്കാലം 
◼️അധ്യായം 14:ജലവിനോദങ്ങൾ
◼️അധ്യായം 15:
പൊലോളി 

Hot this week

നവജാത ശിശുവിനെ ജനലിലൂടെ വലിച്ചെറിഞ്ഞ സംഭവം; അമ്മക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്

ആലപ്പുഴ: നവജാത ശിശുവിനെ പ്രസവിച്ച ഉടൻ തന്നെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞ...

കേരളസമാജം കർണാടക ഭാരവാഹികള്‍

ബെംഗളൂരു: കേരളസമാജം കർണാടകയുടെ പുതിയ ഭാരവാഹികളായി എസ്.കെ.പിള്ള (സംസ്ഥാന പ്രസിഡണ്ട്), ആർ.കെ.കുറുപ്പ്, ഷിജോ...

ഷൂട്ടിങ് താരമായ വിദ്യാര്‍ഥിയെ വീട്ടില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: ഷൂട്ടിങ് താരമായ വിദ്യാർഥിയെ വീട്ടില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി....

പത്മനാഭസ്വാമി ക്ഷേത്രത്തിലും വൻ സ്വർണമോഷണം; വൈരനാമവും 78 ഗ്രാം സ്വർണവും കാണാനില്ലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണവും വജ്രവുമടക്കമുള്ള അമൂല്യവസ്തുക്കൾ കാണാതായതായി പോലീസ്...

ബക്രീദ് അവധി; മംഗളൂരു- ഷൊർണൂർ സ്പെഷ്യല്‍ അൺറിസർവ്ഡ് എക്സ്പ്രസ് ട്രെയിൻ ഇന്ന് 

മംഗളൂരു: ബക്രീദ് അവധിക്കാലത്തെ യാത്രക്കാരുടെ കനത്ത തിരക്ക് പരിഗണിച്ച് മംഗളൂരു സെൻട്രലിൽനിന്നും ഷൊർണൂർ...

നവജാത ശിശുവിനെ ജനലിലൂടെ വലിച്ചെറിഞ്ഞ സംഭവം; അമ്മക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്

ആലപ്പുഴ: നവജാത ശിശുവിനെ പ്രസവിച്ച ഉടൻ തന്നെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞ...

കേരളസമാജം കർണാടക ഭാരവാഹികള്‍

ബെംഗളൂരു: കേരളസമാജം കർണാടകയുടെ പുതിയ ഭാരവാഹികളായി എസ്.കെ.പിള്ള (സംസ്ഥാന പ്രസിഡണ്ട്), ആർ.കെ.കുറുപ്പ്, ഷിജോ...

ഷൂട്ടിങ് താരമായ വിദ്യാര്‍ഥിയെ വീട്ടില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: ഷൂട്ടിങ് താരമായ വിദ്യാർഥിയെ വീട്ടില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി....

പത്മനാഭസ്വാമി ക്ഷേത്രത്തിലും വൻ സ്വർണമോഷണം; വൈരനാമവും 78 ഗ്രാം സ്വർണവും കാണാനില്ലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണവും വജ്രവുമടക്കമുള്ള അമൂല്യവസ്തുക്കൾ കാണാതായതായി പോലീസ്...

ബക്രീദ് അവധി; മംഗളൂരു- ഷൊർണൂർ സ്പെഷ്യല്‍ അൺറിസർവ്ഡ് എക്സ്പ്രസ് ട്രെയിൻ ഇന്ന് 

മംഗളൂരു: ബക്രീദ് അവധിക്കാലത്തെ യാത്രക്കാരുടെ കനത്ത തിരക്ക് പരിഗണിച്ച് മംഗളൂരു സെൻട്രലിൽനിന്നും ഷൊർണൂർ...

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇഡി റെയ്ഡ്

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ റെ​യ്ഡ്....

ഗുഡ്‌സ് ഓട്ടോ ബൈക്കിലിടിച്ച് അപകടം; പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു

ബെംഗളൂരു: ഗുഡ്സ് ഓട്ടോ ബൈക്കിലിടിച്ച് കുടുംബത്തിലെ മൂന്നുപേർ മരിച്ചു. ബെളഗാവി റായ്ബാഗ്...

ബാൽമുരി വെള്ളച്ചാട്ടത്തിലേക്ക് പ്രവേശനവിലക്ക്

ബെംഗളൂരു: മാണ്ഡ്യ ശ്രീരംഗപട്ടണ താലൂക്കിലെ ബാൽമുരി വെള്ളച്ചാട്ടത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ പ്രവേശനത്തിന്...

Related Articles

Popular Categories