‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’
ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍
![]()
പാനൂരും പരിസരങ്ങളിലുമുള്ള മിക്ക കലാസമിതികളുമായി ഞാൻ ബന്ധപ്പെട്ടിട്ടുണ്ട്. കലാമത്സരങ്ങളിൽ സജീവമായി പങ്കെടുത്തിരുന്ന എനിക്കു പ്രച്ഛന്നവേഷത്തിലായിരുന്നു കൂടുതൽ താൽപര്യം. കോളേജ് വിദ്യാർഥിനി, വീട്ടമ്മ, മുത്തശ്ശി, മോഡേൺ ഗേൾ തുടങ്ങിയ സ്ത്രീവേഷങ്ങൾ നിരവധി സമ്മാനങ്ങൾ നേടിത്തന്നിട്ടുണ്ട്. ഏഷ്യാഡ് കാണാൻ പോകുന്ന കേരളസ്ത്രീയെ അനവധി വേദികളിൽ അവതരിപ്പിച്ചതോടെ കലാകാരന്മാരുടെ ഇടയിൽ ‘ഏഷ്യാഡ് സത്യൻ’ എന്നായി കുറേക്കാലം എൻ്റെ വിളിപ്പേര്.
1982ൽ ഇറങ്ങിയ മിഥുൻ ചക്രവർത്തിയുടെ ഡിസ്കോ ഡാൻസർ സിനിമ കണ്ടതിനു ശേഷമാണു ഡിസ്കോ ഡാൻസർ ആകണമെന്ന കമ്പം കേറിയത്. തലശ്ശേരിയിൽ അലൂമിനിയം പാത്രങ്ങൾ വിൽപ്പന നടത്തിയിരുന്ന കരാട്ടെ സലീമുമായുള്ള പരിചയ മാണു ഡിസ്കോ ഡാൻസറാകാൻ വഴിയൊരുക്കിയത്. ഡിലൈറ്റ് ശശിയുടെ കൂടെ സലീമിൻ്റെ കോട്ടയത്തെ വീട്ടിൽ പോയപ്പോൾ അവിചാരിതമായി കിട്ടിയ മൈക്കിൾ ജാക്‌സൻ്റെ വീഡിയോ കാസറ്റാണു ഡിസ്കോ പഠിക്കാൻ തുണയായത്.
ടിവിയും വിസിപിയും അപൂർവമായിരുന്ന അന്നു സഹപാഠികളായ കൂത്തുപറമ്പിലെ സുധിയും വിനോദുമാണു കാസറ്റ് കാണാൻ സൗകര്യം ഒരുക്കിയത്. അവരുടെ സുഹൃത്തായ അൻസാറിന്റെ വീട്ടിൽവെച്ചാണു ഞങ്ങൾ മൈക്കിൾ ജാക്സന്റെ കാസറ്റ് കണ്ടത്. ഇതിനുശേഷം വിനോദിൻ്റെ കൂത്തുപറമ്പിലുള്ള കടയുടെ മുകളിൽ വെച്ച് മാസങ്ങളോളം ഡിസ്കോ ഡാൻസ് പരിശീലിച്ചു. ബാംഗ്ലൂരിൽനിന്നു ബിഎഡ് കഴിഞ്ഞ വിനോദ് മാസ്റ്റർ നല്ലൊരു നാടക നടനാണ്.
കൂത്തുപറമ്പിലെ പ്രിയദർശിനി കലാവേദിയുടെ വാർഷികത്തിനാണ് ആദ്യമായി ഡിസ്കോ ഡാൻസ് അവതരിപ്പിച്ചത്. ആദ്യ വേദിയിൽത്തന്നെ ഡിസ്കോ ഡാൻസ് കാണികളെ ആവേശം കൊള്ളിച്ചു. ഈ പരിപാടിയുടെ മുഖ്യസംഘാടകനും കോൺഗ്രസ് നേതാവുമായ ബാലനാണു ഞങ്ങൾക്ക് എല്ലാവിധ സഹായങ്ങളും നൽകിയത്. ഇതിനുശേഷം ഞങ്ങൾ കൂത്തുപറമ്പിൽ ‘ഡിസ്കോ മേറ്റ്സ്’ എന്ന ട്രൂപ്പ് രൂപീകരിച്ചു. ഇതായിരുന്നു കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ ഡിസ്കോ ഡാൻസ് ട്രൂപ്പ്. ഇതിനിടയിലാണു സുധിയുടെ അനുജൻ സനൽ ബ്രേക്ക് ഡാൻസുമായി രംഗത്തെത്തിയത്. ഇതു ഞങ്ങളുടെ ട്രൂപ്പിനു മുതൽക്കൂട്ടായി. അതോടെ എല്ലാ ആഴ്‌ചകളിലും പരിപാടികളായി.
യുവാക്കളുടെ ഹരമായിരുന്ന ഡിസ്കോ ഡാൻസ് കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ നൂറോളം സ്റ്റേജുകളിൽ ഞങ്ങൾ അവതരിപ്പിച്ചു. പുതുമയുള്ള കലാരൂപം എന്ന നിലയിൽ നല്ല പ്രതിഫലം ലഭിച്ചിരുന്നു. കൂത്തുപറമ്പിലെ ആരോഗ്യ ഫാർമസി ഉടമയുടെ മകനാണു ഡിസ്കോ ശശി. രോമാവൃതനായ ശശി ഡാൻസുളള ദിവസങ്ങളിൽ ശരീരം മുഴുവൻ ഷേവ് ചെയ്യും. ശശിയുടെ റജിസ്റ്റർ വിവാഹവും അനുബന്ധ പ്രശ്‌നങ്ങളും ഉണ്ടായതോടെ ഞങ്ങൾ അകന്നുപോയി.
ഈ സമയത്താണു പുതുക്കിപ്പണിയുന്നതിനായി കുയിമ്പിലെ വീടു പൊളിച്ചത്. ചെറ്റ കുത്തിക്കെട്ടിയാണു കുറച്ചുകാലം ഞങ്ങൾ താമസിച്ചത. പരിപാടികൾ കഴിഞ്ഞു വൈകിവരാൻ ഇത് അനുകൂലമായി. ഇതിനിടയിൽ ഞാൻ ഗിത്താർ പഠിക്കാനും ശ്രമിച്ചു. സംഗീതലോകത്തു പ്രശസ്‌തനായ രമേശ് നാരായണൻ്റെ കൂത്തുപറമ്പിലെ വീട്ടിലായിരുന്നു പഠനം. ഞാൻ സംവിധാനം ചെയ്ത ചില നാടകങ്ങൾക്ക് അദ്ദേഹം സംഗീതം നിർവഹിച്ചിട്ടുണ്ട്. രമേശ് നാരായണൻ തിരുവനന്തപുരത്തേക്കു താമസം മാറിയ തോടെ എന്റെ ഗിത്താർ പഠനവും നിലച്ചു. അദ്ദേഹം ലോകം അറിയപ്പെടുന്ന ഹിന്ദുസ്ഥാനി സംഗീതജ്ഞനായിത്തീരുകയും ചെയ്തു.
കൂത്തുപറമ്പ് ഭാഗങ്ങളിൽ പരിപാടി നടക്കുമ്പോൾ സുധിയുടെ വീട്ടിലാണു താമസം. കുത്തുപറമ്പ് ട്രഷറിക്കു സമീപമുള്ള സുധിയുടെ വീട്ടിലെ ഓഫീസ് മുറി ഞങ്ങളുടെ വിഹാരകേന്ദ്രമായിരുന്നു. സുധിയുടെ അമ്മ കൗസല്യ ടീച്ചറും അച്ഛൻ പി യു നാരായണൻ മാസ്റ്ററും ഞങ്ങൾക്ക് അകമഴിഞ്ഞ പ്രോത്സാഹനം നൽകി. തികഞ്ഞ ഗാന്ധിയനായിരുന്ന നാരായണൻ മാസ്റ്റർക്കു മാതൃകാ അധ്യാപകനുള്ള അവാർഡ് ലഭിച്ചു. ഞാൻ ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയശേഷം കണ്ണൂരിലും കൂത്തുപറമ്പിലുമൊക്കെ കോൺഗ്രസ് പരിപാടികളിൽ പങ്കെടുക്കുന്ന അവസരങ്ങളിൽ അദ്ദേഹത്തെ കാണാറുണ്ട്. സ്റ്റേജിൻ്റെ അടുത്തുവന്ന് അദ്ദേഹം വാത്സല്യപൂർവം കുടുംബത്തെക്കുറിച്ചും മറ്റും അന്വേഷിക്കും. കൗസല്യ ടീച്ചർ 1994 ഏപ്രിൽ 14നും നാരായണൻ മാസ്റ്റർ 2008 ജനുവരി 9നും മരിച്ചു.
പ്രീഡിഗ്രി മുതലാണു ഞാൻ സ്ഥിരമായി പാൻ്റ് ഉടുക്കാൻ തുടങ്ങിയത്. ബെൽബോട്ടം പാൻ്റും പിന്നിടു നേറോ പാന്റുമായി രുന്നു ഫാഷൻ. ഡിസ്കോ ഡാൻസർ ആയതോടെയാണു സ്ഥിരമായി ജീൻസിലേക്കു മാറിയത്. പുത്തൂർ പ്രദേശത്തു ജീൻസ് ഇട്ടിരുന്ന ആദ്യത്തെയാൾ ഞാനായിരുന്നു. എൻ്റെ ബന്ധുവായ എടച്ചോളി രാജൻ ഗൾഫിൽനിന്നു വന്നപ്പോൾ എനിക്ക് ഒരു നീല ജീൻസ് തന്നിരുന്നു. പുതിയ ഫാഷനിലുള്ള ആ ജീൻസ് വർഷങ്ങളോളം എൻ്റെ കൈവശമുണ്ടായിരുന്നു. ആർഎസ്എസിന്റെ പാനൂർ മേഖലയിലെ പ്രധാന പ്രവർത്തകനാണ് എടച്ചോളി രാജൻ. അനാഥാലയത്തിൽനിന്നാണ് അദ്ദേഹം വിവാഹം കഴിച്ചത്.
തിറയുത്സവകാലം ഉറക്കമില്ലാത്ത രാത്രികളാണ്. തെയ്യപ്പറമ്പിൽ ചട്ടികളി പതിവാണ്. ഡിലൈറ്റ് ശശിയുടെ പാനൂരിലുള്ള ബന്ധുക്കളും വളയം നാദാപുരം ഭാഗത്തുനിന്നു വരുന്നവരുമാണു ചട്ടികളി നടത്തിയിരുന്നത്. പാനൂർ ധനലക്ഷ്‌മി ഹോട്ടലിലെ ബാല കൃഷ്ണനായിരുന്നു ചട്ടിക്കാരുടെ അംഗരക്ഷകൻ. ഞങ്ങൾക്കു ചട്ടികളിച്ചു നഷ്ട്‌ടപ്പെടുന്ന പണം ബാലകൃഷ്ണൻ ചട്ടിക്കാരിൽ നിന്നു വാങ്ങിത്തന്നിരുന്നു. വർഷങ്ങളോളം ഗൾഫിലായിരുന്നു. അദ്ദേഹത്തിന്റേതാണു പാനൂരിലെ അറിയപ്പെട്ട ആദ്യത്തെ എയ്‌ഡ്സ് മരണം. ഇവിടെ നിരവധി എയ്‌ഡ്‌സ് മരണങ്ങൾ നടന്നിട്ടുണ്ട്. മിക്കതും അവസാന ഘട്ടത്തിലുള്ള ആത്മഹത്യകളാണ്.
വീരൻ, പൂതം എന്നിവയെക്കുറിച്ചുള്ള കിംവദന്തികളും രാത്രിയിൽ പ്രത്യക്ഷപ്പെട്ടിരുന്ന ചില പ്രതിഭാസങ്ങളെക്കുറിച്ചുള്ള അബദ്ധധാരണകളും ആളുകളെ ഭയപ്പെടുത്തി. ഗ്രാമീണരെ ഏറെ പേടിപ്പിച്ച ഒന്നാണു കൂളിച്ചൂട്ട. പാതിരാത്രിയിൽ ഇടയ്ക്കു പ്രത്യ ക്ഷപ്പെടുന്ന വെളിച്ചം വീരൻ്റെ വരവെന്നാണു വിശ്വസിച്ചിരുന്നത്. ഇരുട്ടിൽ ഇടയ്ക്കു നല്ല പ്രകാശം കാണുകയും പിന്നീടു പെട്ടെന്ന് ഇല്ലാതാവുന്നതുമാണ് ആളുകളെ ഭയപ്പെടുത്തിയത്. രാത്രിസഞ്ചാരികളായ അവിഹിതക്കാരുടെ തന്ത്രമായിരുന്നു കുളിച്ചൂട്ട. കത്തിച്ച ഓലച്ചൂട്ട് മൺപാത്രത്തിൽ വെയ്ക്കും. ഇതു പുറത്തെടുത്തു വീശുമ്പോൾ വെളിച്ചം പരക്കും. ഉടനെ ചൂട്ടു മൺപാത്രത്തിൽ താഴ്ത്തും. അപ്പോൾ വെളിച്ചം ഇല്ലാതാകും. പാത്രത്തിൽനിന്നു ചൂട്ട് എടുത്തു വീണ്ടും വീശും. ഇടവിട്ട് ഇത് ആവർത്തിക്കും. കൂളിച്ചൂട്ടു കണ്ട കാര്യം സംസാരവിഷയമായാൽ രാത്രിയിൽ ആളുകൾ ഭയന്നു പുറത്തിറങ്ങില്ല. അതിനുവേണ്ടിയാണ് അവിഹിതത്തിനു പോകുന്നവർ ഇങ്ങനെ ചെയ്തിരുന്നത്.
1983ൽ കൂത്തുപറമ്പ് ഭാഗത്തു രാത്രി പ്രത്യക്ഷപ്പെട്ടിരുന്ന പോത്തിൻകാലുള്ള പ്രേതത്തെപ്പറ്റിയുള്ള വാർത്ത പത്രങ്ങൾ പ്രാധാന്യത്തോടെയാണു പ്രസിദ്ധീകരിച്ചത്. രാത്രി വൈകി ഇട വഴികളിലൂടെയും മറ്റും തനിച്ചു പോകുന്നവരോടു ബീഡി കത്തി ക്കാൻ തീപ്പെട്ടി ആവശ്യപ്പെട്ടാണു പോത്തിൻകാലൻ പ്രത്യക്ഷപ്പെടുക. ബീഡി കത്തിച്ചശേഷം തീപ്പെട്ടി നിലത്തിടും. അതു എടുക്കാൻ കുനിയുന്നയാൾ അപരൻ്റെ പോത്തിൻകാൽ കണ്ടു പേടിച്ചു നിലവിളിച്ച് ഓടും. ഇക്കാര്യം പൊടിപ്പും തൊങ്ങലും വെച്ചു ഞങ്ങളും അറിഞ്ഞു. പോത്തിൻകാൽ പ്രേതത്തെ നേരിട്ടു കാണാൻ വിനോദ്, സുധി, പ്രഭാകരൻ, പ്രദീപ്‌കുമാർ പിന്നെ ഞാനും തീർച്ചപ്പെടുത്തി. അതിനായി ഞങ്ങൾ ഇറങ്ങി.
കൂത്തുപറമ്പ് തലശ്ശേരി റൂട്ടിൽ ശങ്കർ ടാക്കീസിൻ്റെ പിന്നിലുള്ള ഇടവഴികളിലാണു പോത്തിൻകാൽ പ്രേതം സഞ്ചരിച്ചിരു ന്നത്. ഈ വഴികളിലൂടെ മൂന്നുനാലു ദിവസം രാത്രി ഞങ്ങൾ പ്രേതത്തെ തേടിയിറങ്ങി. ചോദിക്കുമ്പോൾ നൽകാൻ തീപ്പെട്ടിയും കരുതി വളരെ അകന്നകന്നാണ് ഇടവഴികളിലൂടെ നടന്നത്. നാലാം ദിവസമാണു പോത്തിൻകാലൻ മുന്നിലകപ്പെട്ടത്. ഇയാളെ തിരിച്ചറിഞ്ഞ ഞങ്ങൾ അദ്ഭുതപ്പെട്ടുപോയി. രണ്ടു കാലിലും മുഴുവൻ കരി പുരട്ടിയശേഷം അതിനുമുകളിൽ നൂറുകൊണ്ട് എല്ലുരൂപത്തിൽ വരച്ചാണ് ഇയാൾ പോത്തിൻകാൽ പ്രേതമായത്. ഇതു കണ്ടാണ് ആളുകൾ പേടിച്ചത്. അവൻ സത്യം വെളിപ്പെടുത്തിയതോടെ പ്രേതത്തെ പോലീസിൽ ഏൽപ്പിച്ച് ആളാകണമെന്ന തീരുമാനം ഞങ്ങൾക്കു മാറ്റേണ്ടിവന്നു. ഈ പ്രദേശത്തെ ഒളിഞ്ഞു നോട്ടം രൂക്ഷമായപ്പോൾ ഇവരുടെ രാത്രിസഞ്ചാരം നിർത്തിച്ച് സ്വന്തം അമ്മപെങ്ങന്മാരെ രക്ഷിക്കാൻ വേണ്ടിയാണ് ഇയാൾ പോത്തിൻ കാൽ പ്രേതമായി വേഷം കെട്ടിയത്. പിന്നീടു പോത്തിൻ കാൽ പ്രേതത്തെക്കുറിച്ചുള്ള വാർത്തകൾ ഉണ്ടായിട്ടില്ല.
ചില ദിവസങ്ങളിൽ രാത്രി ആകാശത്ത് അത്യുജ്വല പ്രകാശം തെളിഞ്ഞിരുന്നു. സർപ്പം മാണിക്യക്കല്ലുമായി പറക്കുന്നതാണ് ഇതെന്നായിരുന്നു വിശ്വാസം. ഇത് ഉൽക്കകളാണ് എന്നായിരുന്നു യുക്തിവാദികളുടെ വിശദീകരണം. എന്നാൽ ഇവ രണ്ടാണെന്നാണ് എൻ്റെ അനുഭവം. ഉൽക്കകൾ ആകാശത്തുനിന്ന് താഴേക്കു നേർരേഖയിലാണു പതിക്കുക. ചിലപ്പോൾ അല്പം ചരിഞ്ഞും. എന്നാൽ ഭൂമിക്കു സമാന്തരമായി നേർരേഖയിൽ അത്യുജ്വല പ്രകാശം സഞ്ചരിക്കുന്നതു പല രാത്രിയിലും ഞാൻ കണ്ടിട്ടുണ്ട്. കൂരിരുട്ടിനെ കീറിമുറിച്ചുകൊണ്ടു പെട്ടെന്നു ചുറ്റും പ്രകാശം പരക്കും. കുറച്ചു കഴിയുമ്പോൾ പ്രകാശം നേർരേഖയിൽ അകന്നു പോകും. അന്തരീക്ഷത്തിൽ നടക്കുന്ന മറ്റെന്തോ ആണിത്.
പി എൻ പണിക്കരുടെ നേതൃത്വത്തിൽ കാൻഫെഡ് നടപ്പിലാക്കിയ വയോജന വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ കുന്നോത്ത്പറമ്പിലെ സംഘാടകൻ ഞാനായിരുന്നു. പഠിക്കാൻ താൽപര്യമുള്ള വയോജനങ്ങളെ കണ്ടെത്തുക, സൗജന്യമായി പഠിപ്പിക്കാൻ സന്മനസ്സുള്ളവരെ സംഘടിപ്പിക്കുക എന്നിവയായിരുന്നു പ്രധാന ചുമതലകൾ. സെൻട്രൽ പുത്തൂർ എൽപിയിലായിരുന്നു ക്ലാസുകൾ. സുധി മാസ്റ്റർ, മുകുന്ദൻ മാസ്റ്റർ, വിജയൻ മാസ്റ്റർ, ചന്ദ്രൻ മാസ്റ്റർ, സുകുമാരൻ മാസ്റ്റർ, കുമാരൻ മാസ്റ്റർ എന്നിവരാണു വയോജനങ്ങൾക്ക് അക്ഷരവിദ്യ പകർന്നുനൽകിയത്. കാൻഫെഡിൽനിന്ന് എനിക്ക് അമ്പതുരൂപ മാസ അലവൻസ് ലഭിച്ചിരുന്നു. നാലും അഞ്ചും മാസത്തെ അലവൻസ് ഒന്നിച്ചാണു കിട്ടിയത്. പുതുവായിൽ നാരായണ പണിക്കർ എന്ന പി എൻ പണിക്കരെ പരിചയപ്പെടാനും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനും കഴിഞ്ഞതു ജീവിതത്തിലെ വലിയൊരു സൗഭാഗ്യമാണ്. ശാന്തനും സൗമ്യനുമായിരുന്നു പി എൻ പണിക്കർ. 1995 ജൂൺ 19ന് 86-ാം വയസ്സിൽ അദ്ദേഹം നിര്യാതനായി.
പാനൂരിലെ സിപിഎം നേതാക്കളിൽ ഞാൻ ബഹുമാനിച്ചിരുന്ന വ്യക്തിയാണ് ഐ വി ദാസൻ മാസ്റ്റർ. 1986ൽ തലശ്ശേരിയിൽ നടന്ന കാൻഫെഡിൻ്റെ ക്യാമ്പിൽ വെച്ചാണ് അദ്ദേഹത്തെ ഞാൻ പരിചയപ്പെട്ടത്. കേരള ഗ്രന്ഥശാലാ സംഘം, കേരള സാഹിത്യ അക്കാദമി, സംസ്ഥാന ലൈബ്രറി കൗൺസിൽ, കേരള സംഗീതനാടക അക്കാദമി എന്നിവയുടെ നേതൃസ്ഥാനത്തും ഐ വി ദാസൻ മാസ്റ്റർ പ്രവർത്തിച്ചിട്ടുണ്ട്. 2010 ഒക്ടോബർ 30ന് അദ്ദേഹം നിര്യാതനായി.
പാനൂരിൻ്റെ കിഴക്കൻ മേഖലയിൽ നാടൻവാറ്റും വിൽപ്പനയും രൂക്ഷമായിരുന്നു. ഇതിനെതിരെ നാട്ടുകാർ ആദ്യമായി സംഘടിച്ചതു ചെണ്ടയാടാണ്. പ്രൊഫ. മന്മഥൻസാർ, ഫാ. വള്ളോ പ്പിള്ളി, കാൻഫെഡിൻ്റെ പ്രവർത്തകരായ കൂത്തുപറമ്പിലെ ദിവാകരൻ, തലശ്ശേരിയിലെ പ്രഭാകരൻ എന്നിവരായിരുന്നു ചെണ്ടയാട് മദ്യനിരോധന സമിതി രൂപീകരിക്കാൻ എത്തിയ പ്രമുഖർ.
പരിപാടിക്കു ശേഷം മന്മഥൻ സാറോടൊത്തു മാഹി വിമോചന സമരനേതാവും മദ്യവിരുദ്ധ പ്രവർത്തകനുമായ ഐ കെ കുമാരൻ മാസ്റ്ററുടെ വീട്ടിലേക്കാണു പോയത്. മയ്യഴിയിൽ പൊതുകിണറിനടുത്തു പ്രവർത്തിച്ചിരുന്ന ലൈസൻസില്ലാത്ത കള്ളുഷാപ്പിനെതിരെ ഐ കെ കുമാരൻ മാസ്റ്ററുടെ നേതൃത്വത്തിൽ സമരം നടക്കുന്ന സമയമായിരുന്നു അത്. സമരം വിജയിപ്പിക്കാൻ ചെണ്ടയാട്ടെ മദ്യവർജന സമിതി പ്രവർത്തകരും സജീവമായിരുന്നു.
ഐ കെ കുമാരൻ മാസ്റ്ററെ പരിചയപ്പെടാൻ കഴിഞ്ഞതു ജീവിതത്തിലെ അനശ്വര മുഹൂർത്തങ്ങളിൽ ഒന്നാണ്. സ്വാതന്ത്ര്യ സമര സേനാനിയും ഉത്തമ ഗാന്ധിയനുമായിരുന്നു കുമാരൻ മാസ്റ്റർ. സ്വാതന്ത്ര്യത്തിനു ശേഷം ഫ്രഞ്ച് അധീനതയിൽ നിന്നു മയ്യഴിയെ വീണ്ടെടുക്കാൻ നടത്തിയ മാഹി വിമോചന സമരത്തിൻ്റെ നായകനായിരുന്നു മയ്യഴിഗാന്ധി ഐ കെ കുമാരൻ മാസ്റ്റർ. 1999 ജൂലൈ 27നു 95-ാം വയസ്സിലാണ് അദ്ദേഹം നിര്യാതനായത്.
കുനിയിൽ ചാത്തു മാസ്റ്റർ മുഖ്യസംഘാടകനായി പുത്തൂരിലും മദ്യവർജന സമിതി രൂപീകരിച്ചു. കഴുത്താട്ടി ബാലൻ മാസ്റ്റരായിരുന്നു പ്രസിഡണ്ട്. കമ്മിറ്റി അംഗങ്ങളിൽ പലരുടെയും ബന്ധുക്കൾ സ്ഥിരം മദ്യപാനികളായിരുന്നു. ഇവരെ ബോധവൽക്കരിക്കാനോ മദ്യപാനത്തിൽനിന്നു പിൻതിരിപ്പിക്കാനോ സമിതിയി ലുള്ളവർക്കു സാധിച്ചില്ല. ഇതാണു പുത്തൂരിലെ മദ്യവർജന സമിതിയുടെ പ്രവർത്തനം മന്ദീഭവിക്കാൻ ഇടയാക്കിയത്. സമിതിയുടെ ഓഫീസിലാണു പിന്നീടു രാജീവ് ഗാന്ധി ആർട്സ് ആന്റ്സ്പോർട്‌സ് ക്ലബ്ബും ലൈബ്രറിയും പ്രവർത്തിച്ചത്. 2005ൽ ആരംഭിച്ച ഈ ലൈബ്രറിക്ക് ആവശ്യമായ പുസ്‌തകങ്ങൾ ഞാൻ നൽകിയിരുന്നു. ഇതിനുമുൻപ് എൻ്റെ കൈവശമുണ്ടായിരുന്ന നൂറിൽപ്പരം പുസ്തകങ്ങൾ 1987ൽ കുന്നോത്ത്പറമ്പിലെ ബ്ലോക്ക് കോൺഗ്രസിന്റെ ലൈബ്രറിക്കാണു നൽകിയത്.
ചെണ്ടയാട്ടെ മദ്യനിരോധന സമിതിയുടെ പ്രവർത്തന ഫലമായി ഈ മേഖലയിൽ വാറ്റും വിൽപ്പനയും കുറഞ്ഞു. സമിതി പ്രവർത്തകരുടെ ഉത്സാഹം കെട്ടതോടെ ക്രമേണ വാറ്റുകാർ വീണ്ടും സജീവമായി. ചെണ്ടയാട്, പുത്തൂർ, ആനപ്പാലം, കുന്നോത്ത്പറമ്പ് എന്നീ പ്രദേശങ്ങളിൽ മദ്യനിരോധനം സജീവമായിരുന്നപ്പോഴും കൈവേലിക്കലിൽ വ്യാജവാറ്റും വിൽപ്പനയും നിർബാധം നടന്നിരുന്നു. എക്സൈസും പോലീസും വർഷങ്ങളോളം കഠിന പ്രയത്നം ചെയ്തിട്ടും നിർത്തിക്കാൻ പറ്റാത്ത ഇവിടത്തെ വ്യാജ വാറ്റും വിൽപ്പനയും ജനകീയകൂട്ടായ്‌മ മാസങ്ങൾ കൊണ്ടു അവസാനിപ്പിച്ചു. ജനങ്ങൾ ഒത്തുചേർന്നാൽ എന്തും സാധ്യമാകുമെന്ന് ഇതു തെളിയിച്ചു.
കശുവണ്ടിക്കാലത്തു കശുമാങ്ങ എറാക്ക് സുലഭമായിരുന്നു. കശുമാങ്ങ ചവിട്ടിപ്പിഴിഞ്ഞാൽ കിട്ടുന്ന നീര് ഉറകെട്ടി ദിവസങ്ങൾക്കുശേഷം വാറ്റിയാണ് എറാക്ക് ഉണ്ടാക്കുന്നത്. ഞങ്ങളുടെ കുണ്ടത്തിലെ പറമ്പിൽ കശുമാങ്ങ ചവിട്ടിപ്പിഴിയാനുള്ള പാത്തി ഉണ്ടായിരുന്നു. കശുമാങ്ങയുടെ എറാക്ക് വീടിന്റെ ഉത്തരത്തിലാണു സൂക്ഷിക്കുക. വയറുവേദനയ്ക്കും ദഹനക്കേടിനും ഇത് എല്ലാവർക്കും നൽകിയിരുന്നു.
പാനൂർ ഭാഗത്തെ മിക്ക ഉത്സവങ്ങൾക്കും കലാപരിപാടികൾക്കും കെപി ആർട്‌സ് ലൈറ്റ് ആൻ്റ് സൗണ്ട്സും ടിആർഎസ് ലൈറ്റ് ആന്റ് സൗണ്ട്സുമാണു ശബ്ദവും വെളിച്ചവും ഒരുക്കിയിരുന്നത്. ഇതിൻറെ ഉടമകളായ കെ പി പുരുഷു, ടി രാജൻ എന്നിവരുമായി പാനൂർ ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ തുടങ്ങിയ ബന്ധം ഞാൻ കലാപരിപാടികളിൽ സജീവമായതോടെ കൂടുതൽ ദൃഢമായി. ഡിസ്കോ ഡാൻസിനു ഡിംലൈറ്റ് അത്യാവശ്യമായിരുന്നു. എന്റെ നിർബന്ധത്തിനു വഴങ്ങിയാണ് കെപി ആർട്സ് പുരുഷു ഡിംലൈറ്റ് വാങ്ങിയത്. ചിത്രകാരനായിരുന്ന പുരുഷു ഗ്ലാസ്സിലും ചിത്രം വരയ്ക്കുമായിരുന്നു. കല്യാണത്തിനു പ്രസൻറേഷനായി നൽകിയിരുന്നതു ഗ്ലാസ് സീനറികളാണ്. പുത്തൂർ റോഡിലാണു ടി രാജന്റെ ടിആർഎസ് ലൈറ്റ് ആൻ്റ് സൗണ്ട്. അദ്ദേഹത്തിന്റെ സഹോദരീപുത്രൻ ചന്ദ്രൻ എട്ടാം ക്ലാസുമുതൽ പ്രീഡിഗ്രി വരെ എന്റെ സഹപാഠിയായിരുന്നു. 1996ൽ രാജൻ മരണപ്പെട്ടു. അദ്ദേഹത്തിൻ്റെ മകൻ ഷിബിനാണു പിന്നീട് ടിആർഎസ് എന്ന സ്ഥാപനം നടത്തുന്നത്.
ഡിഗ്രിക്കു പഠിക്കുമ്പോൾ സർക്കാരിൻ്റെ കീഴിലുള്ള പുത്തൂർ വില്ലേജ് ക്ലബ്ബിൻ്റെ സെക്രട്ടറിയായും ഞാൻ പ്രവർത്തിച്ചു. ഗ്രാമീണ മേഖലയിലെ അഭ്യസ്തവിദ്യരായ യുവാക്കളുടെ കീഴിലാണ് അതത് വില്ലേജുകളിൽ ക്ലബ്ബുകൾ നടന്നിരുന്നത്. നല്ലൊരു ആശയമായിരുന്ന വില്ലേജ് ക്ലബ്ബുകളുടെ രൂപീകരണവും പ്രവർത്തനവും എഇഒ ഓഫീസിൻ്റെ നിയന്ത്രണത്തിലായിരുന്നു. യുവാക്കൾക്കു കലാകായിക പരിശീലനം നൽകാനും അവ പ്രദർശിപ്പി ക്കാനും അവസരങ്ങൾ ഒരുക്കുന്നതിനുവേണ്ടി രൂപീകൃതമായ ക്ലബ്ബുകൾ മാസങ്ങൾക്കകം നിശ്ചലമായി.
ബിഎയ്ക്കു പഠിക്കുന്നതിനിടയിൽ ഞാൻ നൃത്തം അഭ്യസിച്ചിരുന്നു. ചേമഞ്ചേരി കുഞ്ഞിരാമൻ ഗുരുക്കളുടെ ശിഷ്യൻ ബാലൻ മാസ്റ്റർ തിരുവങ്ങാടു ക്ഷേത്രത്തിനു സമീപം നടത്തിയിരുന്ന കലാലയത്തിലാണു ടി പി ചന്ദ്രനും ഞാനും മുന്നു വർഷ ത്തോളം ശാസ്ത്രീയനൃത്തം പഠിച്ചത്. ഇതിനുശേഷം ഞങ്ങൾ സെൻട്രൽ പുത്തൂർ എൽപിയിലും കൊളവല്ലൂർ യുപിയിലും നൃത്ത ക്ലാസുകൾ ആരംഭിച്ചു. ഞങ്ങൾ നൃത്തം പരിശീലിപ്പിച്ച കൊളവല്ലൂർ യുപിയിലെ എസ് ശ്രീജ എന്ന വിദ്യാർഥിനി സബ് ജില്ലാ കലോത്സവത്തിൽ ഒന്നാംസ്ഥാനം നേടിയതു ഞങ്ങളുടെ നൃത്ത വിദ്യാലയത്തിൻ്റെ പ്രശസ്‌തി വർധിപ്പിച്ചു. ഫലപ്രഖ്യാപനം വന്ന ശേഷമാണു നൃത്തവേഷത്തിൽ ശ്രീജയുടെ ഫോട്ടോ എടുക്കാൻ രക്ഷിതാക്കൾ ആവശ്യപ്പെട്ടത്. അവരുടെ നിർബന്ധ പ്രകാരം വീണ്ടും അണിയിച്ചൊരുക്കിയാണു കുട്ടിയുടെ ഫോട്ടോ എടുത്തത്.
വിനായക സ്റ്റുഡിയോ ഉടമ രമേശനാണു ഫോട്ടോ എടുത്തത്. പാനൂർ പ്രഭാത് സ്‌റ്റുഡിയോയിൽ നിന്നാണ് രമേശൻ ഫോട്ടോഗ്രാഫി പരിശീലിച്ചത്. അദ്ദേഹം പിന്നീടു പാറാട് ടൗണിൽ വിനായക സ്റ്റുഡിയോ തുടങ്ങി. ഞങ്ങളുടെ കല്യാണ ഫോട്ടോ അടക്കം എന്റെ ഓർമകളെ താലോലിക്കുന്ന നിരവധി ചിത്രങ്ങൾ അദ്ദേഹം പകർത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അച്ഛൻ ഗോപാലൻ മാസ്‌റ്റർ കൊട്ടാരത്തു സ്‌കൂളിലെ അധ്യാപകനായിരുന്നു. ഗണപതി ഹോമവും മറ്റു പൂജകളും ചെയ്യുന്ന ഗോപാലൻ മാസ്‌റ്ററാണ് എന്റെ കല്യാണത്തിനു കാർമികത്വം വഹിച്ചത്. അദ്ദേഹം കുയിമ്പിൽ പലപ്പോഴും ഗണപതിഹോമം നടത്തിയിട്ടുണ്ട്. 2021 ഒക്ടോബർ 13നാണു രമേശൻ മരിച്ചത്.
കൈവേലിക്കലെ ചങ്ങരച്ചാണ്ടിനാണു നല്ലൊരു എഴുത്തുകാരനായിരുന്നു. സി കെ നിർമൽ കൈവേലിക്കൽ എന്ന തൂലികാ നാമത്തിലാണു നാണു തൻ്റെ കൃതികൾ പ്രസിദ്ധീകരിച്ചത്. നിവേദ്യം, രാവും പകലും തുടങ്ങി നിരവധി പുസ്‌തകങ്ങൾ നിർമലിന്റേതായി ഇറങ്ങിയിട്ടുണ്ട്. നാട്ടുകാരിൽനിന്ന് അകന്ന നാണു വർഷങ്ങളോളം ഏകാന്ത ജീവിതമാണു നയിക്കുന്നത്.
പ്രീഡിഗ്രിക്ക് എൻ്റെ കൂടെ പഠിച്ച ഇന്ദിര പ്രശസ്‌തയായ നൃത്താധ്യാപികയാണ്. വിവിധ ജില്ലകളിലായി നിരവധി വിദ്യാലയങ്ങളിൽ ഇവർ നൃത്തം പരിശീലിപ്പിക്കുന്നുണ്ട്. ഇന്ദിരയുടെ മകൾ വർഷ ബലറാം നല്ലൊരു നർത്തകിയാണ്. ബാംഗ്‌ളൂരിലാണ് ബിഎയ്ക്ക് പഠിച്ചത്. സുബിയാണു വർഷയുടെ ഭർത്താവ്. ബച്ചുവും ആദി ലക്ഷ്മ്‌മിയുമാണു മക്കൾ. ബച്ചുവിനു സിന്ധു അമ്മമ്മയും ഞാൻ മാമനുമാണ്.
എൽപി സ്‌കുളിൽ പന്നല അനന്തനും അനുജൻ കുഞ്ഞാണ്ണനും ഞങ്ങളുടെ ക്ലാസിലായിരുന്നു. വർഷങ്ങളോളം മൈസൂരിൽ വ്യാപാരിയായിരുന്നു അനന്തൻ. പിന്നീടു നാട്ടിലായി കച്ചവടം. അധ്യാപകനായ കുഞ്ഞാണ്ണൻ എന്ന കുഞ്ഞിക്കണ്ണൻ ബിജെപി നേതാവാണ്. ജനതാദൾ പ്രവർത്തകനായ വരപ്രവൻ ചന്ദ്രൻ ലോറി ഡ്രൈവറാണ്. കൂട്ടേൻ്റവിട നാണുവും അനുജൻ ഉണ്ണിയും വർഷങ്ങളായി മീൻകച്ചവടക്കാരാണ്. മൈസൂരിൽ നിന്നു ഫാർമസി കോഴ്സ് കഴിഞ്ഞ വലിയപറമ്പത്ത് സുരേഷ് താഴെ കുന്നോത്തു പറമ്പിൽ ഫാർമസി നടത്തുകയാണു. പറമ്പത്ത് ബാബുവാണു കുന്നോത്തു പറമ്പിൽ ആദ്യമായി എസ്‌ടിഡി ബൂത്ത് തുടങ്ങിയത്.
യുപിയിൽ കൂടെ പഠിച്ചവരിൽ കുഞ്ഞിരാമൻ അധ്യാപകനാണ്. സുകു വക്കീൽ ഗുമസ്‌തനാണ്. ഹരി താഴെ കുന്നോത്തു പറമ്പിൽ വ്യാപാരം നടത്തുന്നു. 1992 ഫിബ്രവരി 27നാണു മീത്തലെ കുന്നോത്തുപറമ്പിലെ ശ്രീ നാരായണ കമ്മ്യൂണിറ്റി ഹാൾ ഉദ്ഘാടനം ചെയ്തത്. ശ്രീ നാരായണ ചാരിറ്റബിൾ ആൻറ് എഡ്യുക്കേഷണൽ സൊസൈറ്റിയാണ് ഇതു നിർമിച്ചത്. കമ്മ്യൂണിറ്റി ഹാളിൽ ഞാൻ കരാട്ടെ പ്രദർശനം നടത്തിയിട്ടുണ്ട്. ഇന്ത്യൻ ഗ്യാസ് എജൻസിയും മീത്തലെ കുന്നോത്തുപറമ്പിൽ പ്രവർത്തിച്ചുവരുന്നു.
🟥
അടുത്ത അധ്യായം ▶ ആയോധനക്കളരിയില്
മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം :
◼️അധ്യായം 1: പുഴമാത്രം മാറിയില്ല
◼️അധ്യായം 2: ഓര്‍മ്മയില്‍ ജീവിക്കുന്ന അമ്മ
◼️അധ്യായം 3: പുത്തൂരാൻ ചരിതം
◼️അധ്യായം 4: കണ്ണാരം പൊത്തിപ്പൊത്തി
◼️അധ്യായം 5: മൃതിയുടെ തിരനോട്ടം
◼️അധ്യായം 6: കൺനിറയെ ദൈവങ്ങൾ
◼️അധ്യായം 7: ഭിക്ഷാം ദേഹി
◼️അധ്യായം 8: നാട്ടുവഴിയിൽ
◼️അധ്യായം 9: ഗ്രാമീണ വിശുദ്ധി
◼️അധ്യായം 10: ശാക്തേയം
◼️അധ്യായം 11: കല്യാണക്കോപ്പ്
◼️അധ്യായം 12: പുളിമുറികല്യാണം
◼️അധ്യായം 13: മാമ്പഴക്കാലം
◼️അധ്യായം 14: ജലവിനോദങ്ങൾ
◼️അധ്യായം 15: പൊലോളി
◼️അധ്യായം 16: വിനോദ യാത്ര
◼️അധ്യായം 17: സത്യൻ പുത്തൂർ
◼️അധ്യായം 18: അങ്ങാടിപ്പഴമ
◼️അധ്യായം 19: പോലീസ് ഞങ്ങൾക്ക് പുല്ലാണ്
◼️അധ്യായം 20: പുത്തനമ്പലം
◼️അധ്യായം 21: ഉദ്യാന നഗരിയിലേക്ക്
◼️അധ്യായം 22: ഘെരാവോ
◼️അധ്യായം 23: ഒരു പുരത്തറ
◼️അധ്യായം 24: ജാതീയതയുടെ രക്തസാക്ഷി
◼️അധ്യായം 25:കുറുപ്പാൾ
















