അധ്യായം 25 📖 കുറുപ്പാൾ

 

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’
ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍

 

അധ്യാപക പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തുകയും വിവാദങ്ങളിലൂടെ ശ്രദ്ധാകേന്ദ്രമായി കേരള രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിൽ ചിരസ്‌മരണീയനാവുകയും ചെയ്ത പിആർ കുറുപ്പിന്റെ ജീവിതം ഒരുകാലത്തെ പെരിങ്ങളത്തിന്റെ ചരിത്രം കൂടിയാണ്. എതിരാളികൾ എത്ര വിമർശിച്ചാലും ജനമനസ്സുകൾ കീഴടക്കിയ കരുത്തുറ്റ നേതാവായിരുന്നു പിആർ കുറുപ്പ് എന്ന പുത്തൻ പുരയിൽ രാമുണ്ണി കുറുപ്പ്. ആളുകൾ പരസ്പരം സംസാരിക്കുമ്പോൾ പോലും കുറുപ്പാൾ എന്നാണ് അദ്ദേഹത്തെ പരാമർശിച്ചിരുന്നത്. അംശാധികാരിയായിരുന്ന ഗോവിന്ദൻ നമ്പ്യാരുടെയും കുഞ്ഞൂഞ്ഞമ്മയുടെയും മകനായി 1915 സെപ്റ്റബർ 30ന് പുത്തൂരിലാണ് പിആർ ജനിച്ചത്. സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ അധ്യാപക വൃത്തിയിൽനിന്നു പിരിച്ചുവിട്ടതോടെയാണ് അദ്ദേഹം മുഴുവൻ സമയ രാഷ്ട്രീയക്കാരനായത്.

സമ്പത്തും ആൾബലവും ഉപയോഗിച്ചു ഭൂരിപക്ഷം വരുന്ന സാധാരണക്കാരെ ചൊൽപ്പടിക്കു നിറുത്തിയ ഫ്യൂഡലിസ്‌റ്റ് വ്യവസ്ഥിതിക്കെതിരെ പ്രതികരിക്കാൻ കഴിയാതെ ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോഴാണു പിആർ അവരുടെ രക്ഷകനായി രംഗപ്രവേശം ചെയ്‌തത്‌. ജന്മിത്തത്തിനും പാനൂരിലെ മുസ്ലീം പ്രമാണിമാർക്കുമെതിരെ നടത്തിയ പോരാട്ടമാണു സാധാരണക്കാർ ഒറ്റക്കെട്ടായി അദ്ദേഹത്തിനു പിന്നിൽ അണിനിരക്കാൻ കാരണം.

പാനോളി തറവാട്ടുകാരായിരുന്നു പാനൂർ മേഖലയിലെ ജന്മിമാർ. കൂറ്റേരിയിലെ പാനോളി കൊട്ടാരപരിസരം മുതൽ പാനൂർ അങ്ങാടി വരെ സ്ത്രീകൾക്കു മേൽമുണ്ട് ധരിക്കാനും പുരുഷന്മാർക്കു തലയിൽ കെട്ടാനും വിലക്കായിരുന്നു. പൂർണ ഗർഭിണികൾപോലും മാറു മറയ്ക്കാൻ കഴിയാതെ ഒറ്റമുണ്ടു മാത്രമുടുത്ത് അർധനഗ്നരായിട്ടാണു സഞ്ചരിച്ചിരുന്നത്. ജനങ്ങൾ പ്രതികരിക്കാൻ പോലും അറിയാതെ കഴിയുന്നതിനിടയിലാണ് സാധാരണക്കാരുടെ ശബ്ദമായി പിആർ കുറുപ്പ് സജീവമായത്. അസ്തിത്വം ക്ഷയിച്ചിരുന്ന പാനോളിക്കാരോടും അങ്ങാടിയിലെ മുസ്ലീം പ്രമാണിമാരോടും കാലങ്ങളായി നിലനിന്നിരുന്ന വ്യവസ്ഥിതിയോടുമാണ് പിആറിന് പോരാടേണ്ടിവന്നത്.

പാനൂർ മേഖലയിൽ സിപിഎമ്മിൻ്റെ വളർച്ചയ്ക്കു തടയിട്ടതു പിആർ ആണ്. ഇഎംഎസ് മന്ത്രിസഭയിൽ അംഗമായിരുന്നപ്പോഴും സിപിഎമ്മുമായുള്ള പ്രാദേശിക പോരാട്ടത്തിൽനിന്ന് അദ്ദേഹം പിൻതിരിഞ്ഞില്ല. സുവർണാ ചിട്ടിഫണ്ടിന്റെ പേരിൽ നടന്ന സാമ്പത്തിക ക്രമക്കേടു പിആർ കുറുപ്പിൻ്റെ വ്യക്തിപ്രഭാവത്തിനു മങ്ങലേൽപിച്ച സംഭവമായിരുന്നു. ഇടയ്ക്ക് കോൺഗ്രസ് വിട്ടു സിപിഎമ്മിൽ ചേക്കേറാൻ പിആർ ശ്രമം നടത്തിയിരുന്നു. ഇഎംഎസിന്റെ ശക്തമായ എതിർപ്പിനെ തുടർന്നാണു പരാജയപ്പെട്ടത്. അപ്പോഴേക്കും കുന്നോത്തുപറമ്പിലെ വിശ്വസ്‌തരായ നിരവധി അനുയായികളെ പിആറിനു നഷ്‌ടപ്പെട്ടു. വലിയപറമ്പത്ത് കുഞ്ഞിക്കണ്ണൻ, കോയ്യോട്ടുമ്മൽ ഗോവിന്ദൻ എന്നിവരാണ് ഇവരിൽ പ്രമുഖർ. 1980ഓടെ പിആർ കോൺഗ്രസ് വിട്ടു ജനതാദളിലേക്കു മാറി.

പിആറിന്റെ സഹായം തേടി എത്തിയിരുന്നവരുടെ കേസുകളും മറ്റ് ഓഫീസ് കാര്യങ്ങളും വർഷങ്ങളോളം കൈകാര്യം ചെയ്തത് പാനൂരിലെ കൂലോത്ത് ബാലനാണ്. പിന്നീട് പിആറുമായി തെറ്റിപ്പിരിഞ്ഞ അദ്ദേഹം ബിജെപിയിൽ സജീവമായി. ബാലൻ്റെ മകൾ പത്മജ മഹാരാജയിൽ എൻ്റെ സഹപാഠിയായിരുന്നു. അദ്ദേഹത്തിന്റെ മകൻ സുരേന്ദ്രൻ മാസ്റ്റർ കോൺഗ്രസിൽ പിസിസി മെമ്പറാണ്. 1991ലെ തിരഞ്ഞെടുപ്പിൽ പെരിങ്ങളത്തെ തോൽവി പിആർ രാഷ്ട്രീയ ജീവിതത്തിൽ നേരിട്ട ഏറ്റവും വലിയ ആഘാതമാണ്. ഒരുകാലത്തു തൻ്റെ ഏറ്റവും പ്രിയപ്പെട്ടവനെന്നു വാഴ്ത്തിയ കെ എം സൂപ്പിയാണ് അദ്ദേഹത്തെ അടിയറവു പറയിച്ചത്. 2016 നവംബർ 8ന് 84-ാം വയസ്സിൽ കെ എം സൂപ്പി നിര്യാതനായി.

1993ലായിരുന്നു താഴെ കുന്നോത്തുപറമ്പിൽ ബാലറ്റ് പെട്ടി തട്ടിക്കൊണ്ടുപോയ സംഭവം. കുന്നോത്തുപറമ്പ് സഹകരണ ആശുപത്രി തിരഞ്ഞെടുപ്പിലാണു പുതിയൊരു കീഴ്വഴക്കത്തിനു തുടക്കം കുറിച്ചത്. തിരഞ്ഞെടുപ്പ് ദിവസം രാവിലെ പതിനൊന്ന് മണിയോടെയാണ് എതിരാളികൾ ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ബൂത്ത്പിടിച്ചത്. അക്രമികളെ പിരിച്ചുവിടാൻ പോലീസ് ആകാശത്തേക്കു നിറയൊഴിച്ചു. ബൂത്തുപിടിത്തം അന്നത്തെ കോൺഗ്രസ് സർക്കാർ വളരെ ഗൗരവമായാണു കൈകാര്യം ചെയ്തത്. പിആർ കുറുപ്പും സിപിഎമ്മും തമ്മിൽ അകൽച്ചയുണ്ടാക്കിയ സംഭവമായിരുന്നു ഇത്.

1967ലും 1996ലും മന്ത്രിയായ പിആർ ഭരണരംഗത്തും തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. 1967ലെ ഇംഎംഎസ് മന്ത്രിസഭയിൽ അദ്ദേഹം അവതരിപ്പിച്ച സഹകരണ ബില്ലാണു കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിൻ്റെ അടിത്തറ. ദേവസ്വം ജീവനക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനും അദ്ദേഹം ഏറെ ശ്രദ്ധ ചെലുത്തി. പാനൂരിലേക്കു വൈദ്യുതി എത്തിച്ചതും പാനൂർ ഐബി പ്രാവർത്തികമാക്കിയതുമാണ് പിആർ പാനൂരിനു ചെയ്‌ത എടുത്തു പറയേണ്ടുന്ന നേട്ടങ്ങൾ. തലശ്ശേരിയിൽനിന്നു പൂക്കോട് വഴി കൂത്തുപറമ്പിലേക്കാണു വൈദ്യുതിലൈൻ ഉണ്ടായിരുന്നത്.

ഫണ്ടില്ലാത്തതിൻ്റെ പേരിൽ പാനൂരിലേക്കു വൈദ്യുതി ലൈൻ വലിക്കുന്നതു നിർത്തുന്ന ഘട്ടം വന്നു. പൂക്കോടു മുതൽ പാനൂർ വരെ ആവശ്യമുള്ള വൈദ്യുതിത്തൂണിനു കുഴിയെടുക്കാൻ രണ്ടു വീതം പ്രജാ സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകരെ എർപ്പാടാക്കിയാണ് പിആർ പാനൂരിലേക്കു വൈദ്യുതി എത്തിച്ചത്. പൊതുമരാമത്ത് മന്ത്രിയായിരുന്ന ഇമ്പിച്ചി ബാവ വിദേശ സന്ദർശനത്തിനു പോകുമ്പോൾ വകുപ്പിൻ്റെ ചുമതല പിആർ കുറുപ്പിനെയാണ് ഏൽപ്പിച്ചത്. ഈ അവസരത്തിലാണു പാനൂരിൽ ഇൻസ്പെക്ഷൻ ബംഗ്ലാവ് അനുവദിക്കപ്പെട്ടത്.

ആദ്യഭാര്യ പത്മയുടെ മരണശേഷം അവരുടെ അനുജത്തി ലീലയെയാണ് 1946ൽ പിആർ കല്യാണം കഴിച്ചത്. ഇവരെ നാട്ടുകാർ അമ്മാമ്പുരാൻ എന്നാണു വിളിച്ചിരുന്നത്. അദ്ദേഹത്തിന് എട്ട് മക്കളാണ്. മകളുടെ മകൻ സജീവൻ എന്റെകൂടെ പാനൂരിൽ കരാട്ടെ ക്ലാസിലുണ്ടായിരുന്നു.

വിവിധ കാലങ്ങളിൽ പല പാർട്ടികളിൽനിന്ന് ഏഴുവട്ടം എംഎൽഎയായ പിആറിന് ഒരിക്കൽപോലും നിയമസഭയിൽ 5 വർഷം പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. 1957, 1960, 1965, 1967, 1977, 1987, 1996 എന്നീ വർഷങ്ങളിലാണു പിആർ കുറുപ്പ് കേരള അസം ബ്ലിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. 1957ൽ വിമോചനസമരത്തെ തുടർന്നു മന്ത്രിസഭ പിരിച്ചുവിട്ടതും 1960ൽ നിയമസഭയിൽ ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ ഗവർണർ ഭരണത്തിലായതും 1967ലെ ഇംഎംഎസ് മന്ത്രിസഭയിൽ അംഗമായിരിക്കെ അഴിമതി ആരോപണത്തിൻ്റെ പേരിൽ രാജിവെ‌ക്കേണ്ടി വന്നതും 1977ൽ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ നിയമസഭ 2 വർഷം കഴിഞ്ഞു പിരിച്ചു വിട്ടതും 1987ലെ ജില്ലാ കൗൺസിലിലെ ഭൂരിപക്ഷം കിട്ടിയപ്പോൾ കാലാവധിയാകാതെ നിയമസഭ പിരിച്ചുവിട്ട് ഇലക്ഷൻ നടത്തിയതുമാണ് പിആറിന് ഒരു പ്രാവശ്യംപോലും എംഎൽഎ സ്ഥാനത്തു 5 വർഷം പൂർത്തിയാക്കാൻ സാധിക്കാത്തതിൻ്റെ കാരണം.

പത്രപ്രവർത്തനരംഗത്തും സാഹിത്യത്തിലും പിആർ മികവു തെളിയിച്ചിട്ടുണ്ട്. 1968ൽ കുറച്ചുകാലം ഇറങ്ങിയ ‘മലയാള ജനത’ ദിനപ്പത്രം, 1974 മുതൽ തലശ്ശേരിയിൽനിന്നു പ്രസിദ്ധീകരിച്ചുവരുന്ന ‘പടയണി’ സായാഹ്നപത്രത്തിനും തുടക്കം കുറിച്ചത് അദ്ദേഹമാണ്. 1980ൽ കുറച്ചുകാലം ‘പടയണി’ എന്ന പേരിൽ ഒരു വാരികയും ‘പുതുയുഗം’ എന്ന മാസികയും, പ്രസിദ്ധീകരിച്ചിരുന്നു. അദ്ദേഹം ‘വജ്രസൂചി’ എന്ന തൂലികാനാമത്തിലാണു ലേഖനങ്ങൾ എഴുതിയിരുന്നത്. ഗുരുവായൂരമ്പലത്തിൽ അദ്ദേഹം നിരവധി തവണ ആദ്ധ്യാത്മിക പ്രഭാഷണം നടത്തി. ‘പുരുഷാർഥം’ എന്ന നാടകവും ‘ആഞ്ജനേയ സന്ദേശം’, ‘എൻ്റെ നാടിന്റെ കഥ എന്റെയും’ എന്നീ പുസ്‌തകങ്ങളും പ്രസിദ്ധീകരിച്ചു.

1985ൽ തകഴി ശിവശങ്കരപ്പിള്ളയാണ് പിആറിൻ്റെ ‘എന്റെ നാടിൻ്റെ കഥ എൻ്റെയും’ എന്ന ആത്മകഥ പ്രകാശനം ചെയ്തത്. തകഴി ജ്ഞാനപീഠം നേടി ആഴ്‌ചകൾക്കുള്ളിലായിരുന്നു ഇത്. ജ്ഞാനപീഠ ജേതാവായ തകഴിക്കു ഗംഭീര സ്വീകരണമാണു പാനുരിലെ പൗരാവലി നൽകിയത്. ഗജവീരൻ്റെ അകമ്പടിയോടെ അദ്ദേഹത്തെ വേദിയിലേക്ക് ആനയിച്ചു. പുസ്‌തക പ്രകാശനത്തോട് അനുബന്ധിച്ച് അവതരിപ്പിച്ച നാടകത്തിൽ ഡിലൈറ്റ് ശശി അഭിനയിച്ചിരുന്നു. ഡിസ്കോ ഡാൻസറായ കഥാപാത്രത്തെയാണു ശശി അവതരിപ്പിച്ചത്. നാടകത്തിനുവേണ്ടി ശശിയെ ഡിസ്കോ ഡാൻസ് പരിശീലിപ്പിച്ചതു ഞാനാണ്.

2001 ജനുവരി 17 നാണു പിആർ നിര്യാതനായത്. പിന്നീടു പിആറിന്റെ ഇള യമകനും മുൻമന്ത്രിയുമായ കെ പി മോഹനനാണു പടയണിയുടെ സാരഥി. ജനതാദൾ നേതാവായ മോഹനൻ രണ്ടു പ്രാവശ്യം ഇടതുപക്ഷ എംഎൽഎ ആയിരുന്നു. 2011ലെ തിരഞ്ഞെടുപ്പിൽ ജനതാദൾ യുഡിഎഫ് പക്ഷത്തേക്കു മാറിയപ്പോൾ അദ്ദേഹം തന്നെയാണു കൂത്തുപറമ്പിനെ പ്രതിനിധാനം ചെയ്തത്. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ കൃഷി-മൃഗസംരക്ഷണ വകുപ്പ് മന്ത്രിയായിരുന്നു കെ പി മോഹനൻ. ജനകീയ മന്ത്രിയെന്നു പേരെടുത്ത കെ പി മോഹനന് 2016ലെ തിരഞ്ഞെടുപ്പിൽ ദയനീയ പരാജയം ഏറ്റു വാങ്ങേണ്ടിവന്നു. 2021ൽ വീണ്ടും ഇടതുപക്ഷ എംഎൽഎയായി. പിആറിൻ്റെ മൂത്തമകൻ കെ പി ദിവാകരന്റെ മൂത്ത മകൻ കെ പി പ്രവീൺ രാഷ്ട്രീയത്തിൽ സജീവമാണ്. യുവ ജനതാദളിൻ്റെ സംസ്ഥാന പ്രസിഡണ്ടായ അദ്ദേഹം പാനൂർ മുൻസിപ്പൽ കൗൺസിലറാണ്.

പിആറിന്റെ വിശ്വസ്‌തനായ കെ പി ചന്ദ്രൻ മാസ്റ്ററും ഭാര്യയും കുന്നോത്തുപറമ്പ് പഞ്ചായത്ത് പ്രസിഡണ്ടുമാരായിട്ടുണ്ട്. 2000 ലാണു ചന്ദ്രൻ മാസ്റ്റർ പ്രസിഡണ്ടായത്. 2005ൽ നടന്ന തിരഞ്ഞെടുപ്പിലാണ് അദ്ദേഹത്തിൻ്റെ ഭാര്യ ഇന്ദിര പഞ്ചായത്ത് പ്രസിഡണ്ടായത്. ചന്ദ്രൻ മാസ്റ്ററുടെ അനുജൻ കെ പി ചാത്തുമാസ്റ്റർ പാനൂർ ഹൈസ്‌കൂൾ അധ്യാപകനായിരുന്നു. അദ്ദേഹം മാതൃഭൂമിയുടെ പാനൂർ ലേഖകനാണ്.

ജീവിതകാലം മുഴുവൻ കുപ്പായം ഇടാതെ ജീവിച്ച ഒരു അനുയായിയുണ്ടായിരുന്നു പിആറിന്. കുന്നോത്തുപറമ്പിലെ പത്തലായി കൊറുമ്പൻ എന്ന കർഷകനാണു കുപ്പായം ഇടാതെ ആളുകളിൽനിന്നു വേറിട്ടുനിന്നത്. സ്വന്തം കല്യാണത്തിനു മാത്രമാണു കൊറുമ്പനെ കുപ്പായമിട്ടു കണ്ടതെന്നു നാട്ടുകാർ പറഞ്ഞു കേട്ടിരുന്നു. വസ്തുതുവകകളുടെ വ്യവഹാരവുമായി ബന്ധപ്പെട്ടു കോടതിയിൽ കയറുമ്പോൾ മാത്രമാണു ഷർട്ട് ധരിച്ചിരുന്നത്. കോടതിവരാന്തവരെ അർധനഗ്നനായിട്ടാണു കൊറുമ്പൻ പോയിരുന്നത്. പിആറിൻ്റെ മറ്റൊരു അനുയായിയായിരുന്നു രോമേശ്വരൻ എന്ന കുഞ്ഞിക്കണ്ണൻ. മേലാസകലം രോമാവൃതമായ ശരീരമായിരുന്നു അദ്ദേഹത്തിൻറേത്. ആത്മവിദ്യാ സംഘത്തിൻ്റെ കുന്നോത്തുപറമ്പിലെ സ്ഥാപക പ്രവർത്തകനാണു കുഞ്ഞിക്കണ്ണൻ.

പിആർ കുറുപ്പ് മെമ്മോറിയൽ സഹകരണ ആശുപത്രി എന്നു പേര് മാറ്റിയ താഴെ കുന്നോത്തുപറമ്പ് സഹകരണ ആശുപത്രിയിലെ ആദ്യത്തെ സ്റ്റാഫ് കോയ്യോട്ടുമ്മൽ സാവിത്രിയായിരുന്നു. ഒന്നാം ക്ലാസുമുതൽ കൂടെ പഠിച്ച വാസന്തിയുടെ സഹോദരിയാണ് സാവിത്രി. പിന്നീടാണ് ഇവിടെ പുഷ്‌പ നേഴ്സായും ദിനേശൻ ഫാർമസിസ്‌റ്റുമായി വന്നത്. എൻ്റെ അടുത്ത സുഹൃത്ത് കർണാടക ഇന്റലിജൻസ് ഐജിയുടെ പിഎയായിരുന്ന ഭാസ്കരന്റെ ബന്ധുവാണ് പുഷ്പ.

ഈ ആശുപത്രിയിൽ മൂന്നു പതിറ്റാണ്ടായി സേവനം അനുഷ്ഠിക്കുന്ന ജനകീയ ഡോക്ടറാണ് കെ കെ രവീന്ദ്രൻ. കണ്ണൂർ കൂടാളി സ്വദേശിയായ അദ്ദേഹം 1988-ലാണ് ഈ ആശുപത്രിയിലെത്തിയത്. ദീർഘകാലമായി തൂവ്വക്കുന്നിൽ ചികിത്സ നടത്തിവരുന്ന തലശ്ശേരി സ്വദേശിയായ ഡോക്ടർ എം ബാലകൃഷ്‌ണൻ 2020ലെ കോവിഡ് കാലത്തും ജനങ്ങൾക്ക് ഏറെ ആശ്വാസമായി.

ആനപ്പാലത്തിൻ്റെ വികസനത്തിന് ഉതകുന്ന കുന്നോത്തു പറമ്പ്-കൈവേലിക്കൽ റോഡ് വീതി കൂട്ടുന്ന പരിപാടി ഉദ്ഘാടനം ചെയ്തതു പിആർ കുറുപ്പാണ്. നൂറുകണക്കിന് ആൾക്കാർ റോഡ് വീതി കൂട്ടാനായി ആവശ്യമായ സ്ഥലം വിട്ടുകൊടുത്തിരുന്നു. വടക്കെയിൽ കൃഷ്ണണൻ്റെ വീടിൻ്റെ മതിലും ആനപ്പാലത്തുള്ള പറമ്പും വയലും അൽപവും നഷ്ടപ്പെടാതിരിക്കാൻ അദ്ദേഹം പിആറിനെ സ്വാധീനിച്ചു റോഡുപണി നിർത്തിവെപ്പിച്ചിരുന്നു. കൃഷ്ണന്റെ വീടിന്റെ മതിലിൽ ബോംബ് എറിഞ്ഞും അദ്ദേഹത്തിന്റെ ആനപ്പാലത്തുള്ള സ്ഥലം കയ്യേറിയുമാണു നാട്ടുകാർ ഇതിനെതിരെ പ്രതിഷേധിച്ചത്.

ഈ സമയത്ത് അമ്മമ്മയുടെ തറവാടായ വാതുക്കൽ പറമ്പത്തെ സ്ഥലത്തു തെങ്ങു കയറാൻ ചെന്നാൽ മേളി ബാലൻ അനാവശ്യമായി വഴക്കുണ്ടാക്കിയിരുന്നു. തെക്കയിൽ മത്തിക്കുട്ടിയുടെ മൂത്ത മകൻ ഉണ്ണിയുടെ മൂത്ത മകനാണ് മേളി ബാലൻ. അമ്മമ്മയ്ക്ക് കുടുംബ വിഹിതമായി കിട്ടിയ ഈ സ്ഥലവും വടക്കയിൽ കൃഷ്ണ‌ണൻ്റെ പ്രശ്‌നബാധിതമായ ആനപ്പാലത്തുള്ള വയലും തമ്മിൽ പിന്നീട് വെച്ചുമാറി. റജിസ്ട്രേഷനു ശേഷം ഞങ്ങൾ ആദ്യം പ്രസ്‌തുത റോഡിൻ്റെ വീതി കൂട്ടുകയാണു ചെയ്തത്. പിന്നീടാണു റോഡ് ടാറിട്ടു ബസ് യാത്രയ്ക്കു യോഗ്യമാക്കിയത്. വാതുക്കൽ പറമ്പത്തെ ഈ സ്ഥലത്താണു കൃഷ്ണ‌ന്റെ മകൻ രാജനും കുടുംബവും താമസിക്കുന്നത്.

മീത്തലെ കുന്നോത്തുപറമ്പിൽ രണ്ടു ബസ്‌സ്റ്റോപ്പുകൾ വേണമെന്ന ചിലരുടെ ശാഠ്യം പ്രദേശത്തു പല പ്രശ്നങ്ങളും ഉണ്ടാക്കിയിരുന്നു. സിപിഎം അനുകൂലികൾ ഒരു ഭാഗത്തും മറ്റുള്ളവർ മറുഭാഗത്തുമായാണു തർക്കം. 50 മീറ്ററിനുള്ളിൽ രണ്ടു സ്ഥലങ്ങളിൽ കെട്ടി ഉയർത്തിയ താൽക്കാലിക ബസ് ഷെൽട്ടറുകൾ ഇരുകൂട്ടരും പരസ്പ‌രം പിഴുതുമാറ്റിയിരുന്നു. കൊപ്ര കുഞ്ഞിരാമൻ അദ്ദേഹത്തിന്റെ അച്ഛൻ്റെ ഓർമയ്ക്കായി ഇവിടെ കോൺക്രീറ്റ് ബസ് ഷെൽട്ടർ പണിതതോടെയാണു മാസങ്ങളോളം നീണ്ടുനിന്ന ഈ പ്രശ്നം പരിഹരിക്കപ്പെട്ടത്.

പാനൂർ മേഖലയിലെ മുസ്ലീം വിഭാഗത്തിൽപ്പെട്ട പ്രമുഖ നേതാവായിരുന്നു മൊകേരിയിലെ കെ പി മമ്മു മാസ്‌റ്റർ. കൊളവല്ലൂർ ഹൈസ്‌കൂൾ അധ്യാപകനായിരുന്ന അദ്ദേഹം 3 പ്രാവശ്യം എംഎൽഎ ആയിട്ടുണ്ട്. അധ്യാപക പ്രസ്ഥാനത്തിലൂടെ സിപിഎമ്മിൽ സജീവമായ അദ്ദേഹം 1987ൽ കൂത്തുപറമ്പിൽ നിന്നും 1991ലും 1996ലും തലശ്ശേരിയിൽ നിന്നുമാണു നിയമസഭയിൽ എത്തിയത്. 1996ൽ ഇടതുപക്ഷത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായ വി എസ് അച്യുതാനന്ദൻ മാരാരിക്കുളത്തു പരാജയപ്പെട്ട പ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന ഇ കെ നായനാരാണു മുഖ്യമന്ത്രിയായത്. മുഖ്യമന്ത്രി ഇ കെ നായനാർക്കു മൽസരിക്കാൻവേണ്ടി തലശ്ശേരി സീറ്റ് മമ്മു മാസ്‌റ്റർ ഒഴിഞ്ഞു കൊടുത്തു. തുടർന്ന് അദ്ദേഹം ഖാദി ബോർഡ് ചെയർമാനായി. 2015 ഫെബ്രുവരി 10നാണു കെ പി മമ്മു മാസ്‌റ്റർ നിര്യാതനായത്.

പാനൂരിലെ രാഷ്ട്രീയ നേതാക്കളിൽ വ്യത്യസ്‌തനായ വ്യക്തിയായിരുന്നു കെ ടി കുഞ്ഞഹമ്മദ്. നിശ്ശബ്ദ പ്രവർത്തനമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. 1996ൽ പേരാവൂരിൽ നിന്നു കെ ടി കുഞ്ഞഹമ്മദ് എംഎൽഎയായി. ഇടതുപക്ഷത്തിനു വേണ്ടി കോൺഗ്രസ് എസിൻ്റെ സാരഥിയായി മത്സരിച്ച് അദ്ദേഹം കോൺഗ്രസിന്റെ കെ പി നൂറുദ്ദീനെയാണു തോൽപ്പിച്ചത്.

പാനൂർ മൊകേരിയിലെ 150 കൊല്ലം പഴക്കമുണ്ടായിരുന്ന നൊച്ചോളി പള്ളിയുടെ പുനർനിർമാണം ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. ഹിന്ദുവായ പ്രവാസി വ്യവസായി ചെറിൽ കൃഷ്ണമേനോൻ എന്ന സി കെ മേനോനാണു 2011ൽ ഈ മുസ്ലീം പള്ളിയുടെ നിർമാണത്തിനാവശ്യമായ എല്ലാ ചെലവുകളും വഹിച്ചത്. മാതൃകാപരമായ പ്രവർത്തനമാണു പത്മശ്രീ സി കെ മേനോൻ നൊച്ചോളി പള്ളിയുടെ നിർമാണത്തിലൂടെ കാഴ്‌ചവെച്ചത്.

🟥
അടുത്ത അധ്യായംഡിസ്കോ ഡാന്‍സര്‍ 

മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം : 

◼️അധ്യായം 1:  
പുഴമാത്രം മാറിയില്ല
◼️അധ്യായം 2:  ഓര്‍മ്മയില്‍ ജീവിക്കുന്ന അമ്മ
◼️അധ്യായം 3: പുത്തൂരാൻ ചരിതം
◼️അധ്യായം 4: കണ്ണാരം പൊത്തിപ്പൊത്തി
◼️അധ്യായം 5: മൃതിയുടെ തിരനോട്ടം
◼️അധ്യായം 6: കൺനിറയെ ദൈവങ്ങൾ
◼️അധ്യായം 7: ഭിക്ഷാം ദേഹി
◼️അധ്യായം 8: നാട്ടുവഴിയിൽ 
◼️അധ്യായം 9: ്രാമീണ വിശുദ്ധി
◼️അധ്യായം 10:
ശാക്തേയം
◼️അധ്യായം 11: കല്യാണക്കോപ്പ്
◼️അധ്യായം 12: ുളിമുറികല്യാണം
◼️അധ്യായം 13: മാമ്പഴക്കാലം 
◼️അധ്യായം 14: ജലവിനോദങ്ങൾ
◼️അധ്യായം 15:
പൊലോളി 
◼️അധ്യായം 16: വിനോദ യാത്ര 
◼️അധ്യായം 17: സത്യൻ പുത്തൂർ
◼️അധ്യായം 18: അങ്ങാടിപ്പഴമ
◼️അധ്യായം 19: പോലീസ് ഞങ്ങൾക്ക് പുല്ലാണ്
◼️അധ്യായം 20: പുത്തനമ്പലം 
◼️അധ്യായം 21: ഉദ്യാന നഗരിയിലേക്ക്
◼️അധ്യായം 22: ഘെരാവോ
◼️അധ്യായം 23: ഒരു പുരത്തറ
◼️അധ്യായം 24:
ജാതീയതയുടെ രക്തസാക്ഷി

 

 

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അധ്യായം 26 📖 ഡിസ്കോ ഡാന്‍സര്‍ 

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍   പാനൂരും...

സെപ്റ്റിക് ടാങ്കിനുള്ളിലെ വിഷവാതകം ശ്വസിച്ച്‌ മൂന്ന് ശുചീകരണ തൊഴിലാളികള്‍ മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സെപ്റ്റിക് ടാങ്കിനുള്ളിലെ വിഷവാതകം ശ്വസിച്ച്‌ മൂന്ന് ശുചീകരണ തൊഴിലാളികള്‍...

കണ്ണൂരിൽ കുഴിമന്തി കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടല്‍ അടപ്പിച്ചു

കണ്ണൂർ: കണ്ണൂർ പാനൂർ പൂക്കോം റോഡിലുള്ള മന്തി ഹോട്ടലില്‍ നിന്നും കുഴിമന്തി...

‘സ്ത്രീത്വത്തെ അപമാനിച്ചു’; ലക്ഷ്മിപ്രിയക്കെതിരെ പരാതി നല്‍കി അൻസിബ

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടി ലക്ഷ്മിപ്രിയക്കെതിരെ പോലീസില്‍ പരാതി നല്‍കി...

മീനച്ചില്‍ ആറ്റില്‍ച്ചാടി യുവതി ജീവനൊടുക്കി

കോട്ടയം: മീനച്ചിലാറ്റില്‍ച്ചാടി യുവതി ആത്മഹത്യ ചെയ്‌തു. വയല സ്വദേശിയും സ്വകാര്യ ആശുപത്രിയിലെ...

അധ്യായം 26 📖 ഡിസ്കോ ഡാന്‍സര്‍ 

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍   പാനൂരും...

സെപ്റ്റിക് ടാങ്കിനുള്ളിലെ വിഷവാതകം ശ്വസിച്ച്‌ മൂന്ന് ശുചീകരണ തൊഴിലാളികള്‍ മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സെപ്റ്റിക് ടാങ്കിനുള്ളിലെ വിഷവാതകം ശ്വസിച്ച്‌ മൂന്ന് ശുചീകരണ തൊഴിലാളികള്‍...

കണ്ണൂരിൽ കുഴിമന്തി കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടല്‍ അടപ്പിച്ചു

കണ്ണൂർ: കണ്ണൂർ പാനൂർ പൂക്കോം റോഡിലുള്ള മന്തി ഹോട്ടലില്‍ നിന്നും കുഴിമന്തി...

‘സ്ത്രീത്വത്തെ അപമാനിച്ചു’; ലക്ഷ്മിപ്രിയക്കെതിരെ പരാതി നല്‍കി അൻസിബ

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടി ലക്ഷ്മിപ്രിയക്കെതിരെ പോലീസില്‍ പരാതി നല്‍കി...

മീനച്ചില്‍ ആറ്റില്‍ച്ചാടി യുവതി ജീവനൊടുക്കി

കോട്ടയം: മീനച്ചിലാറ്റില്‍ച്ചാടി യുവതി ആത്മഹത്യ ചെയ്‌തു. വയല സ്വദേശിയും സ്വകാര്യ ആശുപത്രിയിലെ...

ഓപ്പറേഷൻ സിന്ദൂറില്‍ വീരമൃത്യുവരിച്ചത് ആറ് സൈനികര്‍; പേരുകള്‍ ആദ്യമായി പരസ്യപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറില്‍ വീരമൃത്യുവരിച്ച ആറ് സൈനികരുടെ പേരുകള്‍ ആദ്യമായി പുറത്തുവിട്ട്...

രാജ്യത്ത് വാണിജ്യ സിലിണ്ടര്‍ വില കുറയും; പുതുക്കിയ വില ഉടന്‍ പ്രഖ്യാപിക്കും

ഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടര്‍ വില കുറയുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര പെട്രോളിയം...

തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൈയാങ്കളി; ഇരുവിഭാഗത്തിനുമെതിരേ കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ ഇരു വിഭാഗത്തിനെതിരെയും കേസെടുത്ത് പോലീസ്. എല്‍ഡിഎഫ്...

Related Articles

Popular Categories