‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’
ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍
![]()
ഈ പുസ്‌തകംകൊണ്ടു ഞാൻ ലക്ഷ്യമാക്കുന്നത് എന്താണെന്ന് ഇവിടെ തുടങ്ങുകയാണ്. ഇനി അങ്ങോട്ടുള്ള അധ്യായങ്ങൾ വളരെ ഹൃദയവേദനയോടെയാണു സംഗ്രഹിച്ചത്.
പാനൂരിന്റെ പേര് ആദ്യമായി പാർലമെൻ്റിൽ പരാമർശിക്കപ്പെട്ടത് ആക്‌ഷൻ കാലത്തെ അക്രമങ്ങളുടെ പേരിലാണ്. ചെറുപ്പം മുതലേ ഇതേക്കുറിച്ചു പറഞ്ഞു കേട്ടിരുന്നു. ആക്ഷൻ കാലത്തെക്കുറിച്ചു പറയുമ്പോൾ അച്ഛച്ഛനും മാമനും നാട്ടുകാർക്കുമൊക്കെ നൂറു നാവായിരുന്നു. എന്തെങ്കിലും പ്രശ്നം നടന്നാൽ അതേക്കുറിച്ചുള്ള സംസാരം ആക്‌ഷൻ കാലത്തെ വീരശൂര പരാക്രമങ്ങളിലാണ് അവസാനിക്കുക.
1962 മുതലായിരുന്നു ആക്‌ഷൻ കാലം. പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലായിരുന്ന പിആർ കുറുപ്പ് ഒരു ഭാഗത്തും മറ്റു കക്ഷികളെല്ലാം മറുഭാഗത്തുമായി അണിനിരന്നു കൊണ്ടു പാനൂർ മേഖലയിൽ നടന്ന ഏറ്റുമുട്ടലാണ് ആക്ഷൻ കാലം എന്ന് അറിയപ്പെടുന്നത്. അശോകൻ മാസ്റ്ററാണു പിആർ കുറുപ്പിനെതിരെ പട നയിച്ചത്. ഇരു വിഭാഗവും നടത്തിയ അക്രമങ്ങളിൽ ഏക്കർ കണക്കിനു കൃഷി നശിപ്പിക്കപ്പെട്ടു.
ഈ സംഘർഷത്തിനിടയിലാണ് 1962 ജനുവരി 5ന് അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായ തൃപ്പങ്ങട്ടൂരിലെ വള്ളിൽ വി എം കൃഷ്ണൻ കൊല്ലപ്പെട്ടത്.
1963 ജൂലായ് 13നു ചെറുപ്പറമ്പിൽ വെച്ചു പ്രജാ സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകനായ വടക്കെ പൊയിലൂരിലെ വി പി കുമാരൻ എന്ന 25കാരൻ കൊലചെയ്യപ്പെട്ടു.
ആക്‌ഷൻ കാലത്തു പിആറിനെതിരെ പാനൂർ ഭാഗത്തു പ്രവർത്തിച്ചവരിൽ പ്രധാനിയായിരുന്നു കെ തായാട്ട്. മികച്ച അധ്യാപകനുള്ള ദേശീയ-സംസ്ഥാന അവാർഡുകൾ നേടിയ കെ തായാട്ട്, എന്ന കുഞ്ഞനന്തൻ തായാട്ട് റേഡിയോ നാടകകൃത്തും ബാല സാഹിത്യകാരനുമായിരുന്നു. ‘നാം ചങ്ങല പൊട്ടിച്ച കഥ’ എന്ന അദ്ദേഹത്തിൻ്റെ കുട്ടികൾക്കുള്ള കൃതി ഏറെ പ്രസിദ്ധമാണ്. 2011 ഡിസംബർ 4നാണ് അദ്ദേഹം അന്തരിച്ചത്.
പിആർ കുറുപ്പും മറ്റു കക്ഷികളും തമ്മിൽ പിന്നീടും ഇടവിട്ടു സംഘട്ടനങ്ങൾ പതിവായിരുന്നു. 1976 കാലഘട്ടം വരെ ഏറ്റുമുട്ടലുകൾ തുടർന്നു. ഇത്തരത്തിലുള്ള ഒരു സംഘർഷവുമായി ബന്ധപ്പെട്ടു പിആറിൻ്റെ അനുയായികൾ എതിരാളിയായ കോയ്യോട്ടുമ്മൽ കുഞ്ഞിരാമൻ മാസ്റ്ററുടെ റബ്ബർ തോട്ടത്തിലാണ് ഒളിവിൽ കഴിഞ്ഞത്. ഇവർക്കു ഭക്ഷണം എത്തിക്കേണ്ടത് എന്റെ ചുമതലയായിരുന്നു. വയലിൽ പണിയെടുക്കുന്നവർക്കു കൊണ്ടുപോകുന്ന പോലെയാണു ഞാൻ കുയിമ്പിൽനിന്നു ഭക്ഷണം എത്തിച്ചത്.
1968 ലാണു കേരളത്തിൽ നക്സൽ പ്രസ്ഥാനത്തിനു തുടക്കം കുറിച്ച തലശ്ശേരി, പുൽപ്പള്ളി പോലീസ് സ്‌റ്റേഷൻ ആക്രമണം നടന്നത്. ഒരു കൂട്ടം വിപ്ലവകാരികൾ 1968 നവംബർ 22നു തലശ്ശേരി പോലീസ് സ്‌റ്റേഷൻ ആക്രമിച്ചിരുന്നു. രണ്ടാം ദിവസം നവംബർ 24നു പുൽപ്പള്ളി പോലീസ് സ്‌റ്റേഷൻ ആക്രമിച്ചു രണ്ടു പോലീസുകാരെ കൊലപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അരിക്കാട് വർഗീസ് 1970 ഫെബ്രുവരി 18ന് വയനാട്ടിൽ വെച്ചു കൊല്ലപ്പെട്ടിരുന്നു. ആ കൂട്ടത്തിലെ ഏക വനിത 18 വയസ്സുള്ള കെ അജിത ആയിരുന്നു. 1980 നവംബർ ഒന്നിനാണു കണ്ണൂർ ജില്ല വിഭജിച്ച് വയനാടു ജില്ല നിലവിൽവന്നത്.
1969 ഏപ്രിൽ 28നാണു തലശ്ശേരിയിലെ ജനസംഘപ്രവർത്തകനായ വാടിക്കൽ രാമകൃഷ്‌ണൻ കൊല്ലപ്പെട്ടത്. തയ്യൽ തൊഴിലാളിയായ അദ്ദേഹത്തെ ജോലി ചെയ്യുന്ന കടയുടെ സമീപത്തു വെച്ചാണു രാഷ്ട്രീയ എതിരാളികൾ വെട്ടിക്കൊന്നത്.
1971 ഡിസംബർ 28നാണു കണ്ണൂരിനെ ഭീതിയുടെ മുൾ മുനയിൽ നിർത്തിയ തലശ്ശേരി കലാപം പൊട്ടിപ്പുറപ്പെട്ടത്. വളരെ പെട്ടെന്നുതന്നെ ലഹള കണ്ണൂർ ജില്ലയിലെ പല ഭാഗങ്ങളിലേക്കും പടർന്നു. ലഹളയിൽ നിരവധി ആരാധനാലയങ്ങളും വ്യാപാര സ്ഥാപനങ്ങളും വീടുകളും കൊള്ളയടിക്കപ്പെട്ടു. അനവധി പേർക്ക് അക്രമങ്ങളിൽ പരിക്കുപറ്റി. 1972 ഫെബ്രുവരി 14ന് സി അച്യുതമേനോൻ സർക്കാർ ജസ്‌റ്റിസ് ജോസഫ് വിതയത്തിലിനെ അന്വേഷണ കമ്മീഷനായി നിയമിച്ചിരുന്നു. പിന്നിടു നടന്ന എല്ലാ കൊലപാതകങ്ങൾക്കും പ്രേരണയായത് ഈ തലശ്ശേരി കലാപമാണ്.
മുസ്ലീം ലീഗ് പ്രവർത്തകനായ മാവിലാട്ട് മഹമ്മൂദാണു പാനൂരിൽ വെച്ചു കൊലചെയ്യപ്പെട്ട ആദ്യ ഹതഭാഗ്യൻ. 1972 ജനുവരി 11നാണു മഹമ്മൂദ് കൊല്ലപ്പെട്ടത്. പിആർ കുറുപ്പിന്റെ അനുയായികളും ലീഗുകാരും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളാണു പ്രസ്തുത കൊലപാതകത്തിനു കാരണം. മഹമ്മൂദിന്റെ കൊലപാതകമാണ് അഖിലേന്ത്യാ മുസ്ലീം ലീഗിൻ്റെ പിറവിക്കു മുഖ്യകാരണമായത്. കോൺഗ്രസിൽ നിന്നുകൊണ്ടുതന്നെ ഘടകകക്ഷിയായ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് പ്രവർത്തകർക്കെതിരെ പിആർ കുറുപ്പ് എടുത്ത നിലപാടുകളാണു ലീഗിന്റെ പിളർപ്പിന് ആക്കം കൂട്ടിയത്. 1973ൽ കോഴിക്കോട്ടു വെച്ചു രൂപീകൃതമായ അഖിലേന്ത്യാ ലീഗ് കേരളത്തിലെ രാഷ്ട്രീയ സമവാക്യത്തിൽ സമൂല മാറ്റങ്ങൾക്കു കാരണമായി.
ആനപ്പാലത്തിനടുത്ത് ആദ്യമായി കോൺഗ്രസ് പതാക നാട്ടിയതു ഭാസ്കരേട്ടനാണ്. മരുന്നൻപൊയിലിലെ ഗോവിന്ദന്റെ പീടികയോട് തൊട്ടുള്ള പ്ലാവിലാണു ഭാസ്‌കരേട്ടൻ കൊടി കെട്ടിയത്. പി ആറിൻ്റെ ശക്തികേന്ദ്രമായ മരുന്നൻപൊയിലിൽ കോൺഗ്രസ് കൊടി ഉയർന്നത് പിആറിനെ അസ്വസ്ഥനാക്കി. കൂടെ നിൽക്കാത്തവരെ കമ്മ്യൂണിസ്റ്റുകാരെന്നും ജനസംഘക്കാരെന്നും മുദ്രകുത്തി പീഡിപ്പിക്കുന്നതായിരുന്നു പിആറിൻ്റെ ആദ്യകാല ശൈലി. കെഎസ്‌യുവിൻ്റെ സജീവപ്രവർത്തകനായിരുന്ന ഭാസ്കരേട്ടനും കുറുപ്പിൻ്റെ പീഡനം ഏറ്റിട്ടുണ്ട്. കൊളവല്ലൂർ ഹൈസ്‌കൂൾ വിട്ട് കല്ലുവളപ്പിലെ വീട്ടിലേക്കു പോകുന്നവഴി വണ്ണാരപ്പുറം കുഞ്ഞിരാമന്റെ പീടികയുടെ മുന്നിൽവെച്ചാണു ഭാസ്കരേട്ടനെ കുറുപ്പിന്റെ ശിങ്കിടികൾ മർദിച്ചത്. ഇതിൽ പ്രതിഷേധിച്ചു പിറ്റേ ദിവസം മോഹനഗിരി എസ്റ്റേറ്റിൽ ജോലിക്കു പോവുകയായിരുന്ന കുറുപ്പിന്റെ അനുയായികളെ കല്ലുവളപ്പ് സ്വാമികണ്ണന്റെ പീടികയ്ക്കു മുന്നിൽ നാട്ടുകാർ തടഞ്ഞുവെച്ചു. അന്നു വൈകിട്ടു കുന്നോത്തുപറമ്പിൽ വെച്ചു നടന്ന മധ്യസ്ഥതയിലാണ് പ്രശ്നം പരിഹരിച്ചത്. അതോടെ ഞാനും കോൺഗ്രസായി.
ഈ കാലഘട്ടത്തിലാണു കോൺഗ്രസ് നേതാവ് അശോകൻ മാസ്റ്ററുടെ പിഞ്ചുകുഞ്ഞിനെ (ഷാജിയെ) പോലീസ് രവി ചുരിക കൊണ്ടു കുത്തി പരിക്കേൽപ്പിച്ചത്. കൈവേലിക്കലിലെ ആർഎസ്എസ് ശാഖയിൽ പങ്കെടുത്തു സന്ധ്യയോടെ തിരിച്ചു വരുമ്പോൾ രവിക്ക് കുന്നോത്തുപറമ്പിൽ വെച്ചു മർദനമേറ്റിരുന്നു. ഉടനെ രവി അശോകൻ മാസ്റ്റരുടെ വീട്ടിൽ ഓടിക്കയറി. കോലായിൽ കിടത്തിയിരുന്ന പിഞ്ചുകുഞ്ഞിനെ ആക്രമിക്കുകയായിരുന്നു. അപ്പോൾ മാസ്റ്റർ വീട്ടിലില്ലായിരുന്നു. രവിയുടെ അച്ഛൻ പോലീസുകാരനായിരുന്നു. അതാണു പോലീസ് രവി എന്ന വിളിപ്പേരിനു കാരണം.
1977 മാർച്ച് 28നാണ് പാറാട്‌വെച്ചു സിപിഎം പ്രവർത്തകനായ മൊട്ടേമ്മൽ ബാലൻ കൊല്ലപ്പെട്ടത്. കിഴക്കൻ മേഖലയെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്. 1977ലെ തിരഞ്ഞെടുപ്പ് കഴിഞ്ഞു ദിവസങ്ങൾക്കുള്ളിലായിരുന്നു ഈ ദാരുണസംഭവം. കൊലപാതകത്തിൽ പ്രതിഷേധിച്ചു പിആറിൻ്റെ പാറാട്ടുള്ള ഓഫീസ് നശിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പിആറിൻ്റെ അനുയായിയായ മാമൻ അദ്ദേഹവുമായി തെറ്റിയത്.
ഓഫീസ് ആക്രമിക്കുന്നതു കണ്ട സാക്ഷിയായി മാമന്റെ പേരാണു പിആർ പോലീസിനു നൽകിയത്. ഇതറിഞ്ഞ മാമൻ പോലീസ് സ്റ്റേഷനിൽപോയി സംഭവം കണ്ടിട്ടില്ലെന്ന് ഇൻസ്പെക്ടറോടു പറഞ്ഞതാണു പിആറിനെ ചൊടിപ്പിച്ചത്. മാമൻ ഗൾഫിലേക്കു പോകാനുള്ള തയ്യാറെടുപ്പിന് ഇടയിലായിരുന്നു ഇത്.
കേസിൽ സാക്ഷി പറയുന്നവരെ എതിരാളികൾ മറ്റൊരു കേസിൽ പ്രതിയാക്കുക പതിവാണ്. കള്ളസാക്ഷി പറഞ്ഞാൽ വേറെ കേസിലകപ്പെടുമെന്നും ഗൾഫ് യാത്ര മുടങ്ങുമെന്നും മനസ്സിലാക്കിയാണു പിആർ പറയുന്നതിലപ്പുറം പ്രവർത്തിക്കാതിരുന്ന മാമൻ പോലീസിനെ സത്യം ബോധിപ്പിച്ചത്. മാമൻ ഗൾഫിൽ നിന്നു പിആറിന് മൂന്നു കത്തുകൾ അയച്ചെങ്കിലും ഒന്നിനും അദ്ദേഹം മറുപടി നൽകിയില്ല. ഇതോടെയാണു വർഷങ്ങളായുള്ള അവരുടെ ബന്ധം മുറിഞ്ഞത്.
ഗൾഫിലേക്കു പോകാൻ ബോംബെയിൽ എത്തിയ മാമനെ കടയങ്കോട്ടെ പൂവ്വത്താൻ്റവിട കുഞ്ഞാണ്ണന്റെ മകൾ ജാനുവും ഭർത്താവ് കുട്ടിയുമാണു സഹായിച്ചത്. വിസ ശരിയാകും വരെ മാസങ്ങളോളം മാമൻ ബോംബെയിൽ അവരുടെ വീട്ടിലാണു താമസിച്ചത്. പൂവ്വത്താൻ കുഞ്ഞാണ്ണൻ കൽക്കട്ടയിൽ ഹോട്ടൽ വ്യാപാരിയായിരുന്നു. ഇദ്ദേഹത്തിൻ്റെ മൂത്ത മകൻ നാണു തളിപ്പറമ്പിൽ സ്കൂൾ അധ്യാപകനാണ്. ഇളയ മകൻ ബാബു യൂപിയിൽ എൻ്റെ സീനിയറായിരുന്നു.
എനിക്കേറേ പരിചയമുള്ള ഒരാൾ രാഷ്ട്രീയ കൊലക്കത്തിക്ക് ഇരയായ ആദ്യസംഭവം മരുന്നൻപൊയിലിലെ പടിഞ്ഞാറയിൽ ഗോവിന്ദൻ വധമാണ്. 1977 ഒക്ടോബർ 17നാണു കൈവേലിക്കൽ പള്ളിക്കു സമീപം വെച്ചു കോൺഗ്രസുകാരനായ ഗോവിന്ദൻ കൊല്ലപ്പെട്ടത്. പിആർ കുറുപ്പ് കോൺഗ്രസിലായിരുന്നപ്പോഴായിരുന്നു ഇത്. പിആറും അനുയായികളും കൈവേലിക്കലിലെ വായനശാല പിടിച്ചെടുക്കാൻ ശ്രമിച്ചതാണ് ഈ കൊലപാതകത്തിൽ കലാശിച്ചത്. ജനതാപാർട്ടി പ്രവർത്തകർ സംഭാവന പിരിച്ചു കല്ലുള്ളപറമ്പത്ത് കേളുവിൻ്റെ സ്ഥലത്തു നിർമിച്ചതായിരുന്നു ഈ വായനശാല.
നിർമാണ കമ്മിറ്റിയെ മറികടന്നു വായനശാലയുടെ ഉദ്ഘാടനം നടത്താനായിരുന്നു പിആറിൻ്റെ ശ്രമം. ഇതിനിടയിലാണു ജനതാ പാർട്ടി പ്രവർത്തകർ ഉദ്ഘാടനം നടത്തിയത്. ഇതുമായി ബന്ധപ്പെട്ടു പിആർ കൈവേലിക്കൽ പള്ളിക്കടുത്തുള്ള ഉമ്മർകുട്ടി മൗലവിയുടെ വീട്ടിൽ കോൺഗ്രസിൻ്റെ യോഗം വിളിച്ചിരുന്നു. ഇതറിഞ്ഞ എതിരാളികൾ മൗലവിയുടെ വീട്ടിൽ അതിക്രമിച്ചു കയറി. എന്നാൽ പിആറിനെ കിട്ടാതെ തിരിച്ചു പോകുന്നതിനിടയിലാണ് ഇവർ പള്ളിക്കടുത്തുവെച്ചു പടിഞ്ഞാറയിൽ ഗോവിന്ദനെ ആക്രമിച്ചത്. കാലിനു വെട്ടേറ്റു വാഴക്കള്ളിയിൽ വീണ് അബോ ധാവസ്ഥയിലായ ഗോവിന്ദൻ രക്തം വാർന്നാണു മരണപ്പെട്ടത്. ഗോവിന്ദൻ്റെ അനുജൻ നാണുവും ബാലനും എൻ്റെ കൂട്ടുകാരായിരുന്നു. എന്റെ കൂടെ പഠിച്ച തലുമ സരോജിനിയാണു നാണുവിന്റെ ഭാര്യ.
പിആർ കുറുപ്പ് ഈ വിവാദ വായനശാലയിൽ ഗോവിന്ദൻ സ്മാരക സ്തൂപം സ്ഥാപിച്ചു രക്തസാക്ഷി ദിനാചരണം കൊണ്ടാടിയിരുന്നു. 1980ൽ പിആർ ജനതാ പാർട്ടിയിൽ ചേർന്ന ശേഷവും ഗോവിന്ദൻ അനുസ്‌മരണ പരിപാടി നടത്തിയത് ഏറെ വിവാദമായി. ഘാതകരുടെ പാർട്ടിക്കൊടിയേന്തി ഗോവിന്ദൻ സ്മാരകത്തിൽ പി ആർ വെച്ച പുഷ്പചക്രം കോൺഗ്രസുകാർ എടുത്തു മാറ്റിയിരുന്നു. കൊല്ലപ്പെട്ടവർ പാർട്ടി മാറുന്ന അവസ്ഥയായിരുന്നു ഇത്.
വായനശാല കെട്ടിടവും അനുബന്ധ സ്ഥലവും പിന്നീട് കുന്നോത്തുപറമ്പ് പഞ്ചായത്തിനു ദാനം ചെയ്‌തിരുന്നു. ഇതിനു ശേഷം വർഷങ്ങളോളം ഇവിടെ പഞ്ചായത്ത് വായനശാലയും ഗ്രന്ഥാലയവും പ്രവർത്തിച്ചു. കേളുവിൻ്റെ മകൻ നാണുവായിരുന്നു ലൈബ്രേറിയൻ. ഞാൻ ഇവിടെനിന്നു പല പ്രാവശ്യം പുസ്‌തകങ്ങൾ എടുത്തിരുന്നു. അധികൃതരുടെ അനാസ്ഥ മൂലം പുസ്‌തകങ്ങളെല്ലാം നശിക്കുകയും ക്രമേണ കെട്ടിടം തകരുകയും ചെയ്തു. ആരും ശ്രദ്ധിക്കാനില്ലാതെ ഈ സ്ഥാപനം വർഷങ്ങളോളം അനാഥമായിക്കിടന്നു. തലമുറകൾക്കു വഴികാട്ടി ആകേണ്ടിയിരുന്ന അറിവിന്റെ വെളിച്ചമാണ് ഈ സ്ഥാപനം നശിപ്പിച്ചവർ തല്ലിക്കെടുത്തിയത്.
പാനൂരിൽവെച്ചു നടന്ന മറ്റൊരു രാഷ്ട്രീയ കൊലപാതകം സിപിഎം നേതാവ് എട്ടുവീട്ടിൽ രാജു മാസ്റ്ററുടേതാണ്. കണ്ണം വെള്ളി എൽപിയിലെ അധ്യാപകനായ അദ്ദേഹത്തെ സ്കൂൾ വിട്ടു വരുന്ന വഴിയാണു കൊലപ്പെടുത്തിയത്. 1978 ഒക്ടോബർ 26നായി രുന്നു ഈ ദാരുണ സംഭവം. രാജു മാസ്റ്റരുടെ മൃതദേഹം സംസ്കരിച്ച സ്ഥലത്തെക്കുറിച്ചുള്ള തർക്കം ഇന്നും നിലനിൽക്കുന്നുണ്ട്. ശ്രീ നാരായണ മഠം സ്ഥാപിക്കാൻ നാട്ടുകാർ പിരിവെടുത്തു വാങ്ങിയ സ്ഥലത്താണ് അദ്ദേഹത്തെ സംസ്‌കരിച്ചത്. അവകാശത്തർക്കം കാരണം സ്‌മാരകമോ ശ്രീ നാരായണ മഠമോ പണിയാൻ കഴിയാത്ത അവസ്ഥയിലാണ് ഈ സ്ഥലം.
1950 ഫെബ്രുവരി 11നു തമിഴ്‌നാട്ടിലെ സേലം ജയിലിൽ നടന്ന വെടിവെയ്പ്പിൽ പാനൂർ മേഖലയിലും ഒരു രക്തസാക്ഷി ഉണ്ടായിരുന്നു. കൈവേലിക്കലെ മാതാഞ്ചേരി കോരൻ ഗുരുക്കളായിരുന്നു ആ ഹതഭാഗ്യൻ. കൃഷിപ്പണിക്കായി ഇരിട്ടിക്കടുത്ത മാടത്തിൽ എന്ന സ്ഥലത്തെത്തിയ അദ്ദേഹം പിന്നീട് അവിടെനിന്നു വിവാഹം കഴിച്ച് ആ നാട്ടുകാരിൽ ഒരാളായി മാറി. ജന്മിത്തത്തിനെതിരെ നടന്ന സമരത്തിൽ പങ്കെടുത്തു കണ്ണൂർ ജയിലിലായ കോരൻ ഗുരുക്കൾ ഉൾപ്പെടെയുള്ള സംഘത്തെ തമിഴ്‌നാട്ടിലെ സേലം ജയിലിലേക്കു മാറ്റിയിരുന്നു. ആ സമയത്തു സേലം ജയിലിൽ നടന്ന വെടിവെയ്പ്പിൽ കോരൻ ഗുരുക്കൾ ഉൾപ്പെടെ 22 പേരാണു കൊല്ലപ്പെട്ടത്. അദ്ദേഹത്തിൻ്റെ ഓർമയ്ക്കായി കൈവേലിക്കലിൽ ഒരു സ്ഥാപനമുണ്ട്. മാതാഞ്ചേരി കോരൻ ഗുരുക്കൾ സ്മാരക മന്ദിരം എന്ന ഈ കെട്ടിടത്തിലാണു സിപിഎം കൈവേലിക്കൽ ബ്രാഞ്ച് കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്നത്. കോരൻ ഗുരുക്കളുടെ സഹോദരൻ കണ്ണൻ്റെ മകൻ മാതാഞ്ചേരി നാണു പ്രശസ്ത ഗുസ്‌തിക്കാരനായിരുന്നു. 1990 കാലഘട്ടത്തിൽ പാനൂരിൽ ഗുസ്‌തി പ്രദർശനം നടത്തിയിരുന്നു.
പാനൂർ മേഖലയിൽ രാഷ്ട്രീയത്തിൻ്റെ പേരിലല്ലാതെയും ചില കൊലപാതകങ്ങൾ നടന്നിട്ടുണ്ട്. അതിലൊന്നു 1970ൽ ചെറുവാഞ്ചേരിയിൽ കൊല്ലപ്പെട്ട സ്വാമിയുടേതാണ്. പണം അപഹരിക്കാനാണു യാചകനായ സ്വാമിയെ വകവരുത്തിയത്. ചെറുവാഞ്ചേരിയിലെ സ്കൂൾ കിണറ്റിലാണു മൃതദേഹം കണ്ടെത്തിയത്. കുടുംബസ്വത്തു വിറ്റ വകയിൽ കിട്ടിയ പണം ലക്ഷ്യം വെച്ചായിരുന്നു ഈ കൊലപാതകം. 1968ലെ നക്സൽ അക്രമത്തിനു ശേഷമുള്ള ഈ കൊലപാതകത്തെ പോലീസ് വളരെ നിഷ്‌ഠൂരമായാണു കൈകാര്യം ചെയ്തത്.
മറ്റൊരു കൊലപാതകം കല്ലുവളപ്പിലെ കുഞ്ഞിക്കുന്നുമ്മൽ ജാനു എന്ന യുവതിയുടേതാണ്. പ്രണയത്തിൻ്റെ പേരിലാണു ജാനു കൊല ചെയ്യപ്പെട്ടത്. ചെറുവാഞ്ചേരി അത്യാറക്കാവ് ഭഗവതി ക്ഷേത്ര തിറയുത്സവത്തിൻ്റെ തലേന്നാൾ 1979 മാർച്ചിലായിരുന്നു നാടിനെ നടുക്കിയ ഈ അരുംകൊല. വീട്ടുകോലായിൽ കഴുത്തറുത്ത നിലയിലായിരുന്നു ജാനുവിൻ്റെ മൃതദേഹം. ജാനുവുമായുള്ള പ്രേമബന്ധത്തിൻ്റെ പേരിൽ അയൽക്കാരനായ കാമുകന്റെ ബന്ധുക്കൾക്കുള്ള എതിർപ്പാണു കൊലപാതകത്തിൽ കലാശിച്ചതത്രേ. ഇതിൽ പ്രതി ചേർക്കപ്പെട്ട കുമാരൻ വന്ദനാ കോളേജിൽ എൻ്റെ സഹപാഠിയായിരുന്നു.
1987 ജനുവരി 26നു പാനൂരിൽ കൊല്ലപ്പെട്ട സോഡ കുഞ്ഞിരാമൻ വധത്തിലും രാഷ്ട്രീയം ഉണ്ടായിരുന്നില്ല. ഹൈസ്കൂൾ ഗ്രൗണ്ടിനു സമീപത്തെ ചായപ്പീടികയിൽ എത്തിയ മനോരോഗിയായ മൂസയെ ചിലർ പരിഹസിച്ചിരുന്നു. മൂസ ഇവരുമായി വഴക്കിട്ടു നിൽക്കുമ്പോഴാണു കുഞ്ഞിരാമൻ്റെ വരവ്. സാധാരണ മട്ടിൽ ചിരിച്ചുകൊണ്ടു കുഞ്ഞിരാമൻ ലോഹ്യം ചെയ്‌തപ്പോഴാണു നിയന്ത്രണം വിട്ട മൂസ ഇരുമ്പുദണ്ഡു കൊണ്ട് ആക്രമിച്ചത്. വൈക്കോൽ കച്ചവടക്കാരനായിരുന്ന അദ്ദേഹം തിറപ്പറമ്പുകളിൽ ചട്ടി കളി സംഘടിപ്പിച്ചിരുന്നു. കുയിമ്പിൽ സ്ഥിരമായി അവിൽ തന്നിരുന്ന കൈവേലിക്കലെ കല്ലായി കല്യാണിയുടെ മകളുടെ ഭർത്താവാണു കുഞ്ഞിരാമൻ.
🟥
അടുത്ത അധ്യായം ▶ തലഛേദി
മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം :
◼️അധ്യായം 1: പുഴമാത്രം മാറിയില്ല
◼️അധ്യായം 2: ഓര്‍മ്മയില്‍ ജീവിക്കുന്ന അമ്മ
◼️അധ്യായം 3: പുത്തൂരാൻ ചരിതം
◼️അധ്യായം 4: കണ്ണാരം പൊത്തിപ്പൊത്തി
◼️അധ്യായം 5: മൃതിയുടെ തിരനോട്ടം
◼️അധ്യായം 6: കൺനിറയെ ദൈവങ്ങൾ
◼️അധ്യായം 7: ഭിക്ഷാം ദേഹി
◼️അധ്യായം 8: നാട്ടുവഴിയിൽ
◼️അധ്യായം 9: ഗ്രാമീണ വിശുദ്ധി
◼️അധ്യായം 10: ശാക്തേയം
◼️അധ്യായം 11: കല്യാണക്കോപ്പ്
◼️അധ്യായം 12: പുളിമുറികല്യാണം
◼️അധ്യായം 13: മാമ്പഴക്കാലം
◼️അധ്യായം 14: ജലവിനോദങ്ങൾ
◼️അധ്യായം 15: പൊലോളി
◼️അധ്യായം 16: വിനോദ യാത്ര
◼️അധ്യായം 17: സത്യൻ പുത്തൂർ
◼️അധ്യായം 18: അങ്ങാടിപ്പഴമ
◼️അധ്യായം 19: പോലീസ് ഞങ്ങൾക്ക് പുല്ലാണ്
◼️അധ്യായം 20: പുത്തനമ്പലം
◼️അധ്യായം 21: ഉദ്യാന നഗരിയിലേക്ക്
◼️അധ്യായം 22: ഘെരാവോ
◼️അധ്യായം 23: ഒരു പുരത്തറ
◼️അധ്യായം 24: ജാതീയതയുടെ രക്തസാക്ഷി
◼️അധ്യായം 25: കുറുപ്പാൾ
◼️അധ്യായം 26: ഡിസ്കോ ഡാന്‍സര്‍
◼️അധ്യായം 27: ആയോധനക്കളരിയിൽ
◼️അധ്യായം 28: അപകടം വഴി കാട്ടുന്നു
◼️അധ്യായം 29: ദേശാടനം
◼️അധ്യായം 30: കരാട്ടെ പട്ടു
◼️അധ്യായം 31: ഫിസ്‌റ്റ് ഇന്ത്യ
◼️അധ്യായം 32: പാൽമേഘക്കടലിൽ
◼️അധ്യായം 33: തൊഴിലാളിക്കരുത്ത്
◼️അധ്യായം 34: മദുവേ മാഡി നോഡു
◼️അധ്യായം 35: ധാരണയ്ക്കപ്പുറം
◼️അധ്യായം 36: സംഘടനകൾക്കൊപ്പം
◼️അധ്യായം 37: സമാജങ്ങളിലൂടെ
◼️അധ്യായം 38: മാധ്യമ വിചാരം
◼️അധ്യായം 39: പ്രവാസ വാസം
◼️അധ്യായം 40: ക്ഷേത്രായനം
◼️അധ്യായം 41: മനേഗെ ബന്നി
◼️അധ്യായം 42: ഗുരുവിനു സർക്കാരിന്റെ ആദരവ്
◼️അധ്യായം 43: അൽപം രാഷ്ട്രീയം
















