‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’
ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍
![]()
ബാംഗ്ലൂരിലെ സാധാരണക്കാരായ മലയാളികൾ നേരിടുന്ന കാതലായ പ്രശ്‌നങ്ങളിലൊന്നാണു യാത്രാദുരിതം. ഇതിനു പരിഹാരം കാണുന്നതിനുവേണ്ടി ഞാൻ സെക്രട്ടറിയായിരിക്കുമ്പോൾ മലയാളി സംഘടനകളുടെ സംയുക്ത യോഗം വിളിച്ചുചേർക്കാൻ 2006 ജൂലൈയിൽ ചേർന്ന കേരള സമാജം യോഗം തീരുമാനിച്ചിരുന്നു. ഈ വിവരം ചോർന്നുകിട്ടിയ ബാംഗ്ലൂർ നോർത്ത് വെസ്റ്റ് കേരള സമാജം ഭാരവാഹികൾ കർണാടക-കേരള ട്രാവലേഴ്സ് ഫോറം എന്ന സമിതിക്കു രൂപം നൽകി. ബാംഗ്ലൂർ കേരള സമാജം ഭരണസമിതി അംഗമായ ആർ വി ആചാരിയെ കെകെടിഎഫിൻ്റെ ചെയർമാനാക്കി. ആർ മുരളീധരൻ ജ. കൺവീനറുമായി.
സിറ്റി റെയിൽവേ സ്റ്റേഷനു മുന്നിൽ ധർണ നടത്താനുള്ള ട്രാവലേഴ്സ് ഫോറത്തിൻ്റെ തീരുമാനത്തോടു ബാംഗ്ലൂർ കേരള സമാജം യോജിച്ചില്ല. കേരളത്തിലെ സമരമുറകൾ ബാംഗ്ലൂരിൽ നടത്തുന്നതിനെതിരെ ശക്തമായ എതിർപ്പാണു സമാജം വിളിച്ചു ചേർത്ത മലയാളി സംഘടനകളുടെ സംയുക്തയോഗം പ്രകടിപ്പിച്ചത്. സമരം കന്നഡികർക്ക് എതിരാണെന്നു തോന്നിയാൽ ഉണ്ടാകാവുന്ന ഭവിഷ്യത്തു ഗുരുതരമായിരിക്കും എന്നതാണു കേരള സമാജം പ്രത്യക്ഷ സമരത്തെ എതിർക്കാൻ കാരണം.
ശബരിമലയ്ക്ക് എത്തുന്നവരിൽനിന്നു കേരളത്തിലെ ഹോട്ടലുകൾ അമിതചാർജ് ഈടാക്കുന്നതിൻ്റെ ഭവിഷ്യത്ത് മറുനാട്ടിലുള്ള ചെറുകിട വ്യാപാരികളാണ് അനുഭവിക്കുക. ശബരിമല സീസണിൽ മാത്രം ഭക്ഷണങ്ങൾക്കു കൂടുതൽ പണം ഈടാക്കുന്നതിനെ ചൊല്ലി കന്നഡിഗർ പലപ്പോഴും അമർഷം തീർക്കുന്നതു താഴേക്കിടയിലുള്ള കച്ചവടക്കാരോടാണ് എന്നായിരുന്നു യോഗത്തിൽ പങ്കെടുത്ത വ്യാപാരികളുടെ വിശദീകരണം.
കേരള സമാജം സേവന വിഭാഗത്തിൻ്റെ ചെയർമാനായിരിക്കുമ്പോഴാണ് എ ഗോപിനാഥ് മറ്റു മലയാളി സംഘടനകളെ ഉൾപ്പെടുത്തി കാരുണ്യ ബാംഗളൂരു എന്ന സംഘടന രൂപീകരിച്ചത്. അദ്ദേഹമതു പിന്നീട് ഒരു ട്രസ്റ്റാക്കി മാറ്റി. എല്ലാ വർഷവും നൂറിൽക്കൂടുതൽ വിദ്യാർഥികൾക്കു സാമ്പത്തിക സഹായം ചെയ്യുന്ന ഒരു പ്രസ്ഥാനമായി കാരുണ്യ മാറിക്കഴിഞ്ഞു.
1978 കളിൽ തലശ്ശേരിയിൽ നിന്നു ബാംഗ്ലൂരിലേക്കു കെഎസ്ആർടിസി കൂടാതെ കെആർഎംഎസിൻ്റെ ബസുകളേ ഉണ്ടായിരുന്നുള്ളൂ. എൻഎസ്, എസ് എംപി, ജനത, വികെ ട്രാവൽസ്, പികെ ട്രാവൽസ് എന്നിവ പിന്നീടാണു ബാംഗ്ലൂരിലേക്കു സർവീസ് തുടങ്ങിയത്. വർഷങ്ങൾക്കു ശേഷമാണു പാനൂരിൽ നിന്നു രമ്യ, സാഗർ, കൽപ്പക എന്നീ ബസുകൾ സർവീസ് ആരംഭിച്ചത്. കൽപ്പക ട്രാവൽസിൻ്റെ ഉടമ കണ്ണുരിലെ സഹദേവൻ എന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹത്തിൻ്റെ അച്ഛൻ എം ടി മുകുന്ദനാണു കലാശി പാളയത്തെ കൽപ്പക ഹോട്ടൽ തുടങ്ങിയത്.
തലശ്ശേരി-മൈസൂർ യാത്രയ്ക്കിടയിലെ ഏക ഇടത്താവളമായിരുന്നു മാക്കൂട്ടത്തെ അമ്പുവിൻ്റെ ചായപ്പീടിക. 1960ൽ മാക്കുട്ടത്തെ എസ്റ്റേറ്റിൽ ജോലിക്കെത്തിയ മട്ടന്നൂർ കരേറ്റ സ്വദേശി അമ്പുവാണ് ഈ കട ആരംഭിച്ചത്. അദ്ദേഹത്തിന്റെ അച്ഛൻ കുഞ്ഞമ്പുവും ജ്യേഷ്ഠനുമാണ് ആദ്യകാലത്തു കട നടത്തിയത്. ഇവരുടെ മരണശേഷം അമ്പുവിൻ്റെ മകൻ വിനീഷാണു കട നടത്തുന്നത്.
മെജസ്റ്റിക് ബസ്സ്റ്റാൻ്റിലുള്ള കെഎസ്ആർടിസിയുടെ ബുക്കിംഗ് ഓഫീസ് പ്രൈവറ്റ് പാർട്ടിയുടേതായിരുന്നു. ടിക്കറ്റ് ചാർജ്ജ് കൂടാതെ നിശ്ചിത തുക കമ്മീഷൻ ഈടാക്കിയാണ് ഇവർ ബുക്കിംഗ് നടത്തിയത്. ഓണം, വിഷു, റംസാൻ, ക്രിസ്മസ്, സ്‌കൂൾ-കോളേജ് അവധികൾ തുടങ്ങിയ വേളകളിൽ മനഃപൂർവം തിരക്കു സൃഷ്ടിച്ച് അമിതചാർജ് ഈടാക്കി ടിക്കറ്റ് ബ്ലാക്കിൽ വിൽപ്പന നടത്തിയിരുന്നു. ഈ വിഷയം കേരള സമാജത്തിൽ ചർച്ചയായി. സമാജത്തിൻ്റെ തീരുമാനപ്രകാരം ഗതാഗത മന്ത്രി പിആർ കുറുപ്പിനെ കാണാൻ ഞാൻ തിരുവനന്തപുരത്തു പോയി.
പിന്നീടും യാത്രാക്ലേശം പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ടു മന്ത്രി ജി കാർത്തികേയനും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനും നിവേദനം നൽകി. ഇതിനു ശേഷമാണു കൂടുതൽ കെഎസ്ആർടിസി ബസുകൾ അനുവദിച്ചത്. യശ്വന്ത്പുരത്തു നിന്നു മംഗലാപുരം വഴി കണ്ണൂരിലേക്കു സർവീസ് നടത്തുന്ന ട്രെയിൻ കാസർഗോഡ് ജില്ലക്കാർക്കും കണ്ണൂർ ജില്ലയുടെ വടക്കുള്ളവർക്കും അനുഗ്രഹമാണ്. സേലം വഴി കണ്ണൂരിലേക്കുള്ള ട്രെയിൻ മലബാറുകാർക്കും ഭാഗികമായി മറ്റു പ്രദേശത്തുകാർക്കും ഏറെ പ്രയോജനപ്രദമാണ്. മൈസൂർ-തലശ്ശേരി റെയിൽവേ പ്രാവർത്തികമായാൽ മാത്രമേ ഈ മേഖലയിലെ യാത്രാക്ലേശങ്ങൾക്കു ശാശ്വത പരിഹാരം ആവുകയുള്ളൂ.
എച്ച്എഎൽ ഭാഗത്തെ മലയാളികളുടെ പ്രധാന കൂട്ടായ്മയാണു കൈരളി കലാസമിതി. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽ ലിമിറ്റഡ് സംഭാവന നൽകിയ സ്ഥലത്താണു സമാജത്തിന്റെ കീഴിലുള്ള കൈരളി മലയാളം മീഡിയം സ്‌കൂൾ പ്രവർത്തിക്കുന്നത്. എച്ച്എഎൽ ജീവനക്കാരനായിരുന്ന സുരേന്ദ്രനായിരുന്നു ദീർഘകാലം ഇതിൻ്റെ സെക്രട്ടറി. പിന്നീടു സെക്രട്ടറിയായ സത്യവാന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ കൂടുതൽ സജീവമായി. ഈ അവസരത്തിലാണു ഞാൻ ഈ അസോസിയേഷനുമായി ബന്ധപ്പെട്ടത്. കൈരളി കലാസമിതി എന്നെ ആദരിച്ച ചടങ്ങിൽ ഞാൻ കരാട്ടെ പ്രദർശനം നടത്തിയിരുന്നു. പിന്നീടു സുധാകരൻ രാമന്തളിയും പി കെ സുധിഷുമാണു സെക്രട്ടറിമാരായത്. വാശിയേറിയ തിരഞ്ഞെടുപ്പിലൂടെയാണ് ഇവിടെ ഭരണസമിതി നിലവിൽ വരുന്നത്.
പയ്യന്നൂരിനടുത്ത രാമന്തളി സ്വദേശിയായ സുധാകരൻ ഇടതുപക്ഷ ചിന്താഗതിക്കാരനും നോവലിസ്റ്റുമാണ്. സാഹിത്യ മേഖലയിലെ സംഭാവനയ്ക്കു രാമന്തളിക്കു നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രശസ്‌ത കന്നഡ കൃതികൾ അദ്ദേഹം മലയാളത്തിലേക്കു വിവർത്തനം ചെയ്‌തിട്ടുണ്ട്. 2021ൽ വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് സുധാകരൻ രാമന്തളിക്കാണു ലഭിച്ചത്.
കൈരളി നിലയം സ്‌കുളിൽ വെച്ചു 1996ൽ ഏഷ്യാനെറ്റ് മറുനാടൻ സംവാദം സംഘടിപ്പിച്ചിരുന്നു. പ്രശസ്‌ത സിനിമാനടൻ നെടുമുടി വേണുവായിരുന്നു അവതാരകൻ. അപ്പോഴാണ് അദ്ദേഹവുമായി പരിചയത്തിലായത്. 2021 ഒക്ടോബർ 11ന് 73-ാം വയസ്സിലായിരുന്നു ആ മഹാനടന്റെ വേർപാട്.
ഇന്ദിരാ നഗറിലെ പ്രമുഖ മലയാളി സംഘടനയാണ് ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ. ക്രീം ഓഫ് കേരള സമാജത്തിന്റെ പ്രവർത്തകരാണ് ഇസിഎയുടെ പിറവിക്ക് പിന്നിൽ. കോടികളുടെ ആസ്തിയുളള ഇസിഎ ധനാഢ്യന്മാരുടെ കൂട്ടായ്‌മയാണ്. ലക്ഷങ്ങൾ മുടക്കി വാശിയേറിയ തിരഞ്ഞെടുപ്പിലൂടെയാണ് ഇവിടെ ഭരണ സമിതി കൈമാറ്റം നടന്നുവരുന്നത്.
പീനിയയിലെ പ്രമുഖ മലയാളി കൂട്ടായ്മയാണ് 1994ൽ
പ്രവർത്തനമാരംഭിച്ച ദീപ്‌തി വെൽഫെയർ അസോസിയേഷൻ. വിഷ്ണുമംഗലം കുമാറുമായുള്ള സൗഹൃദമാണു പ്രാരംഭ ഘട്ടത്തിൽത്തന്നെ എന്നെ ദീപ്‌തിയിലെത്തിച്ചത്. കുമാർ പ്രസിഡണ്ടായും ഞാൻ വർക്കിങ് പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്. ജനറൽ സെക്രട്ടറി വി സോമരാജനായിരുന്നു മുഖ്യ സംഘാടകൻ. 1995ൽ ദീപ്തി ആദ്യമായി വിപുലമായ രീതിയിൽ വാർഷികാഘോഷം നടത്തിയപ്പോൾ എൻ്റെ പ്രസ്‌റ്റീജ് ഐറ്റമായ നെയിൽ ബോർഡ് ഷോ അവതരിപ്പിച്ചിരുന്നു. പ്രതാപൻ, ശിവപ്രസാദ്, ബേബി ജോൺ, ആൻ്റണി, ജോസഫ് ജോളി, വി എസ് കാസിം, ബിനുബേബി, കോശി, സദാനന്ദൻ, അമീർ, ഗോപാലകൃഷ്ണൻ, കുഞ്ഞുമോൻ, അച്യുതൻ തുടങ്ങിയ 100ൽ കൂടുതൽ പ്രധാന പ്രവർത്തകരായിരുന്നു ദീപ്‌തിയുടെ കരുത്ത്. നാട്ടിലേക്കു താമസം മാറ്റിയ ശിവപ്രസാദ് കിഡ്‌നി രോഗം ബാധിച്ച് 2021ൽ അന്തരിച്ചു. ജീവകാരുണ്യ പ്രവർത്തനത്തിലെന്ന പോലെ കലാ സാംസ്കാരിക രംഗത്തും മികച്ച സേവനം ദീപ്‌തി കാഴ്‌ചവെയ്ക്കുന്നു. ബംഗളൂരുവിലെന്നപോലെ കേരളത്തിലും ദീപ്തിയുടെ വടംവലി മത്സരം ചർച്ചയാകാറുണ്ട്. മിക്ക തവണയും മത്സരം നിയന്ത്രിച്ചതു ഞാനാണ്. വമ്പൻ ടീമുകൾ വാശിയോടെ ഏറ്റുമുട്ടിയിരുന്ന ദീപ്തി വടംവലി മത്സരത്തിൽ ഇപ്പോൾ അടിപൊട്ടുമെന്ന പ്രതീതി ഉണ്ടാകാറുണ്ട്. ദീപ്‌തി ടീമിൻ്റെ സഹായത്തോടെ എല്ലാ മത്സരങ്ങളും ഭംഗിയായി നടത്താൻ എനിക്കു സാധിച്ചിരുന്നു എന്ന് അഭിമാനത്തോടെ ഓർക്കുന്നു. സന്തോഷ് കുമാർ, കൃഷ്ണദാസ്, സനിൽ കുമാർ, സലീഷ്, ബേബി ജോൺ, കൃഷ്ണകുമാർ, സന്തോഷ് ടി ജോൺ, കോശി ജോസഫ് തുടങ്ങിയവർ ഭാരവാഹികളായ സമിതിയാണ് 28-ാം വർഷത്തിൽ ദീപ്‌തിയെ നയിക്കുന്നത്.
വിഷ്ണുമംഗലം കുമാറിൻ്റെ നേതൃത്വത്തിൽ പ്രസിദ്ധീകച്ച ‘ബാംഗ്ലൂർ നാദം’ മാസികയിൽ ഞാനും ഭാഗഭാക്കായിരുന്നു. പരസ്യത്തിന്റെയും സർക്കുലേഷൻ്റെയും ചുമതലയായിരുന്നു എനിക്ക്. ഇയാസ് കുഴിവിളയായിരുന്നു എഡിറ്റർ. പിന്നീടു സുധാകരൻ രാമന്തളി ചീഫ് എഡിറ്ററായി. ബാംഗ്ലൂർ കേരള സമാജവും കെഎൻഇ ട്രസ്‌റ്റും തമ്മിലുള്ള പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഈ മാസികയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളും ലേഖനങ്ങളും ഏറെ ചർച്ചാവിഷയമായിരുന്നു. മൂന്നു വർഷത്തിലേറെ ബാംഗ്ലൂർ നാദം പ്രസിദ്ധീകരിച്ചിരുന്നു. നടത്തിപ്പിലെ പ്രശ്‌നങ്ങൾ കാരണം കുറെക്കാലം പ്രസിദ്ധീകരണം മുടങ്ങി. പിന്നീടു. 2017ൽ എസ്എൻഡിപി യൂണിയൻ ബാംഗ്ലൂർ നാദം വീണ്ടും പ്രസിദ്ധീകരിച്ചു. മനോജ് കെ വിശ്വനാഥ്, ഡോ. ജിജോ ഇടപ്പാട്ട്, ബിജു ദാമോദരൻ, ശ്രീജ രാജീവ് എന്നിവരായിരുന്നു എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾ. ഞാനായിരുന്നു മാനേജിംഗ് എഡിറ്റർ.
യുക്തിവാദി സംഘം നേതാവ് ജോസഫ് ഇടമറുകിനെ എനിക്കു പരിചയപ്പെടുത്തിയതു വിഷ്‌ണുമംഗലമാണ്. ഒരാഴ്ചയോളം ബാംഗ്ലൂരിൽ ഉണ്ടായിരുന്ന അദ്ദേഹത്തെ ബാംഗ്ലൂർ നാദത്തിനു വേണ്ടി അഭിമുഖം നടത്തി. യുക്‌തിവാദത്തിന്റെ പ്രസക്തി പ്രതിപാദിക്കുന്ന അദ്ദേഹത്തിന്റെ തുടർ ലേഖനങ്ങൾ ബാംഗ്ലൂർ നാദത്തിൽ പ്രസിദ്ധീകരിച്ചു.
ദീപ്തിയുടെ പരിപാടിയിൽ വെച്ചാണു സിനിമാനടൻ ബാബു ആന്റണി, ഏഷ്യാനെറ്റ് ജയചന്ദ്രൻ, ചിത്രകാരൻ യൂസഫ് അറക്കൽ എന്നിവരെ പരിചയപ്പെട്ടത്. കുമാറിൽ നിന്ന് എന്റെ നെയിൽ ബോർഡ് പ്രദർശനത്തെപ്പറ്റി അറിഞ്ഞ ജയചന്ദ്രൻ എന്നെ ഇന്റർവ്യൂ ചെയ്യാൻ ബാംഗ്ലൂരിൽ വന്നിരുന്നു. ഏഷ്യാനെറ്റിൽ വന്ന ഈ ഇന്റർവ്യൂവാണു വിദേശമലയാളികൾക്ക് എന്നെ പരിചിതനാക്കിയത്. കോഴിക്കോട്ടും പിന്നീടു തിരുവനന്തപുരത്തും ഞങ്ങൾ പലപ്പോഴും കണ്ടിരുന്നു. 1998 നവംബർ 24 നാണു ഏഷ്യാനെറ്റ് ജയചന്ദ്രൻ നിര്യാതനായത്.
വിഷ്ണുമംഗലവുമായുള്ള അടുപ്പമാണു ബാംഗ്ലൂരിലെ മലയാള പത്രപ്രവർത്തകരുമായി ബന്ധം സ്ഥാപിക്കാൻ അവസരം ഒരുക്കിയത്. മാതൃഭൂമി ലേഖകൻ വിനോദ്‌കുമാർ എന്നെക്കുറിച്ചും കരാട്ടെയെപ്പറ്റിയും ലേഖനം എഴുതിയിരുന്നു. ഈ അവസരത്തിലാണു ദീപികയുടെ ബാംഗ്ലൂർ ബ്യൂറോ ആരംഭിച്ചത്. ബാംഗ്ലൂരിലെ സാരഥികൾ എന്ന പംക്തിയിൽ ദീപികയിലും എന്നെപ്പറ്റി ലേഖനം വന്നിരുന്നു. ജയ്ജോയായിരുന്നു ദീപികയുടെ ബാംഗ്ലൂരിലെ കാര്യങ്ങൾ നോക്കിയിരുന്നത്.
മലയാള പത്രങ്ങൾക്കു ബാംഗ്ലൂരിൽ എഡിഷൻ ഇല്ലായിരുന്നു. കോഴിക്കോട്ടുനിന്ന് അച്ചടിച്ചു ബസുകളിൽ അയച്ചിരുന്ന പത്രക്കെട്ടുകൾ ബാംഗ്ലൂർ റെയിൽവേ സ്റ്റേഷനു മുന്നിൽ വെച്ചാണ് ഏജന്റുമാർ ശേഖരിച്ചിരുന്നത്. ഇവിടെനിന്നു വേർതിരിച്ചാണ് വിവിധ ഭാഗങ്ങളിലേക്ക് അയക്കുക. ഏറെ വൈകിയാണ് പത്രങ്ങൾ വായനക്കാർക്കു കിട്ടിയിരുന്നത്. ഈ അവസരത്തിലാണ് കേരള കൗമുദിയുടെ സർക്കുലേഷൻ വർധിപ്പിക്കാനായി ശ്രീ നാരായണ സമിതിയുടെ നേതൃത്വത്തിൽ പ്രവർത്തനം തുടങ്ങിയത്. പല സ്ഥലങ്ങളിലും യോഗങ്ങൾ വിളിച്ചുചേർത്തു പുതുതായി നിരവധി വരിക്കാരെ ചേർത്തു. കോഴിക്കോട്ടുനിന്നു പത്രം എത്താൻ വൈകുന്നതിനാൽ കൃത്യമായി വിതരണം ചെയ്യാൻ കഴിഞ്ഞിരുന്നില്ല.
ബാംഗ്ലൂരിൽ പ്രിൻ്റ് ചെയ്‌താൽ മാത്രമേ വിജയിക്കാൻ സാധിക്കുകയുള്ളു എന്നു കേരള കൗമുദി പ്രതിനിധികളോട് ഞാൻ പല തവണ സൂചിപ്പിച്ചിരുന്നു. സമിതി പ്രസിഡണ്ടായിരുന്ന കെ രാജേന്ദ്രൻ ഓഫീസിൽ വെച്ചു കേരള കൗമുദി മാനേജുമെന്റുമായി ഇതേക്കുറിച്ച് ആലോചിക്കാൻ നടത്തിയ ചർച്ചയിലാണ് ബാംഗ്ലൂരിൽ പ്രിൻ്റിംഗ് തുടങ്ങാൻ തീരുമാനമായത്. മറുനാട്ടിൽ ആദ്യമായി 1998ൽ ബാംഗ്ലൂരിൽ എഡിഷൻ ആരംഭിച്ചുകൊണ്ട് കേരള കൗമുദി ചരിത്രം കുറിച്ചു. കേരളത്തിനു പുറത്ത് ഒരു മലയാള പത്രത്തിൻ്റെ ആദ്യ എഡിഷനായിരുന്നു ഇത്. ഇതിനു കാരണക്കാരനായതിൽ എനിക്ക് അതിയായ ചാരിതാർഥ്യമുണ്ട്. ശ്യാം കുമാർ, സനൽകുമാർ എന്നിവർ വന്നതോടെയാണു കേരള കൗമുദിയുടെ സർക്കുലേഷൻ വർധിച്ചത്.
പിന്നീടു മാതൃഭൂമിയും, മലയാള മനോരമയും, മാധ്യമവും ബാംഗ്ലൂരിൽ എഡിഷനുകൾ ആരംഭിച്ചു. മലയാള മനോരമയിൽ സി കെ ശിവാനന്ദൻ, എം കെ സന്തോഷ് കുമാർ, വിജയ കുമാർ, മാതൃഭൂമിയിൽ വിനോദ് കുമാർ, സുനിൽ കുമാർ, ദേശാഭിമാനിയിലെ വികാസ്, രാജ് ഗോപാൽ, ദീപികയിൽ ജോസ്, സിറാജിലെ രമേശൻ ബിജു, ഷംസുദ്ദീൻ കൂടാളി, ഷഫീഖ്, സണ്ണി, ഷിനോദ് എന്നിവർ മലയാളികളുമായി അടുത്ത് ഇടപെട്ടിരുന്നു. മാധ്യമം ബാംഗ്ലൂർ എഡിഷൻ ജീവൻ ടിവിയുമായി ചേർന്നു 2004ൽ നടത്തിയ ഓണാഘോഷ പരിപാടിയുടെ കൺവീനർ ഞാനായിരുന്നു. ബാംഗ്ലൂരിലെ പ്രധാന മലയാളി സംഘടനകളെ പങ്കെടുപ്പിച്ചു നടത്തിയ ഈ പരിപാടി വൻ വിജയമായി.
മനോരമയുടെ ബാംഗ്ലൂർ എഡിഷൻ്റെ വാർഷിക പരിപാടിയിൽ ഞാനും ഭാഗമായിരുന്നു. മുഖ്യമന്ത്രി എസ് എം കൃഷ്ണയെ എത്തിക്കേണ്ട ചുമതല എനിക്കായിരുന്നു. ഡൽഹി മനോരമയിലെ സച്ചിദാനന്ദമൂർത്തിയാണ് എന്നെ ഇതു ഏൽപ്പിച്ചത്. മുഖ്യമന്ത്രി എത്താത്തതിനാൽ മന്ത്രി ജെ അലക്സാണ്ടർ പരിപാടി ഉദ്ഘാടനം ചെയ്‌തു. പ്രശസ്ത സിനിമാതാരം ഭരത് മോഹൻലാൽ അവതരിപ്പിച്ച കഥയാട്ടവും ജയരാജ് വാര്യരുടെ കാരിക്കേച്ചറും ശ്രദ്ധേയമായി. പിറ്റേദിവസം കൊച്ചിയിലേക്കുള്ള യാത്രയിൽ ഫ്ളൈറ്റിൽ മോഹൻലാലും ഞാനും ഒരുമിച്ചായിരുന്നു. കന്നഡിഗരുടെ സംസ്കാരത്തെക്കുറിച്ചും ഭക്ഷണ രീതിയെക്കുറിച്ചും മോഹൻലാൽ താൽപ്പര്യപൂർവം തിരക്കി.
ബാംഗ്ലൂർ ദേശാഭിമാനിയിലെ ജയകൃഷ്ണൻ നരിക്കുട്ടി കണ്ണൂരിലേക്കു സ്ഥലംമാറ്റം കിട്ടിയപ്പോൾ നൽകിയ യാത്രയയപ്പ് യോഗത്തിൽ ആശംസ അർപ്പിക്കാൻ എന്നെയും ക്ഷണിച്ചിരുന്നു. സുഹൃദ്ബന്ധം കാത്തുസൂക്ഷിക്കുന്നതു കൊണ്ടാണ് ഈ പരിപാടിയിൽ പങ്കെടുക്കാന്നതെന്ന് ആശംസാ പ്രസംഗത്തിൽ ഞാൻ സൂചിപ്പിച്ചു. ബാംഗ്ലൂരിൽ പത്രപ്രവർത്തനരംഗത്ത് വിജയിക്കാൻ കഴിഞ്ഞത് സത്യനെപ്പോലെയുളളവരുടെ സഹായം കൊണ്ടു മാത്രമാണെന്നു ജയകൃഷ്‌ണൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ഇതോടെയാണു ബാംഗ്ലൂരിലെ മലയാളി സിപിഎംകാർക്ക് എന്നെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറിയത്. രാഷ്ട്രീയം നോക്കാതെയുള്ള എന്റെ സഹകരണവും ബന്ധങ്ങളും സിപിഎം പ്രവർത്തകാർക്കു പുതിയ അറിവായിരുന്നു. ബേക്കറി വ്യാപാരികളായ തൃശൂരിലെ ഭാനു, കവിതാ ബേക്കറിയിലെ സുദർശൻ തുടങ്ങി നിരവധി സിപിഎം പ്രവർത്തകർ എൻ്റെ അടുത്ത സുഹൃത്തുക്കളായി. എന്നാലും കണ്ണൂരിലെ സിപിഎംകാർക്കു ഞാൻ പഴയതുപോലെ തന്നെ.
മലയാളി സംഘടനാ രംഗത്തു സജീവമായ എ വി ബാലകൃഷ്ണൻ ദീർഘകാലം മറുനാടൻ വാർത്ത എന്ന പേരിൽ മലയാള മാസികയും സ്റ്റാർ ഓഫ് കോറമംഗല എന്ന ഇംഗ്ലീഷ് മാഗസിനും പ്രസിദ്ധീകരിച്ചിരുന്നു. അദ്ദേഹമാണു ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യാ മലയാളി അസോസിയേഷൻ എന്ന സംഘടനയുടെ സ്ഥാപകൻ. കേരള സമാജത്തിൻ്റെ മൈത്രി, കെ രാജേന്ദ്രന്റെ പ്രവാസ വാർത്ത, എം ജെ ഫ്രാൻസിസിൻ്റെ പ്രവാസ ഭൂമി, അനു പണിക്കരുടെ ആഗ്നേയം, ജയചന്ദ്രൻ്റെ ക്ഷേത്രായനം, വിനോദൻ ചുങ്കക്കാരന്റെ നിർമാല്യം, ജഷിത്തിൻ്റെ ബാംഗ്ലൂർ ജാലകം, കെ സി ബിജുവിന്റെ സ്‌പന്ദനം, വെട്ടിപ്പുറം മുരളിയുടെ ക്ലാസിക്ക് ഡിസൈൻ, ഉത്തിഷ്ഠ ടൈംസ് തുടങ്ങിയ ബാംഗ്ലൂരിൽ സജീവമായിരുന്ന പ്രസിദ്ധീകരണങ്ങൾ അപചയത്തിൻ്റെ പാതയിലാണ്.
രണ്ടായിരത്തിനു ശേഷം വിവരസാങ്കേതിക വിദ്യയിലുണ്ടായ വളർച്ച സ്വാഭാവികമായും പത്രവായനയെയും പ്രചാരത്തെയും ബാധിച്ചു. 2015 ഓടെ ബംഗളൂരു കേന്ദ്രീകരിച്ച് മലയാളം ഓൺലൈൻ പോർട്ടലുകളും ആരംഭിച്ചു. വായനക്കാർക്ക് യഥാസമയം വാർത്തകൾ എത്തിക്കുന്നതിൽ അവർ പുലർത്തുന്ന മികവ് ഓൺലൈൻ മാധ്യമങ്ങളുടെ സജീവതക്ക് കാരണമായി. ദീർഘകാലം മാധ്യമത്തിൽ പ്രവർത്തിച്ചിരുന്ന ഉമേഷ് രാമന്റെ നേതൃത്വത്തിലുള്ള ന്യൂസ് ബംഗളൂരു.കോം അടക്കം ബംഗളൂരു കേന്ദ്രമായി ചില ഓൺലൈൻ പോർട്ടലുകൾ പ്രവർത്തിച്ചുവരികയാണ്. വാര്‍ത്തകള്‍ക്ക് പുറമേ ലേഖനങ്ങള്‍ക്കും സാഹിത്യ രചനകള്‍ക്കും ഇടം നല്‍കുന്നതിലൂടെ പുതിയകാല വായന സാങ്കേതങ്ങളിലേക്ക് വായനക്കരെ കൈപിടിച്ചാനയിക്കുകയാണ്.
1997ൽ ഗോപിനാഥ് മുതുകാടിൻ്റെ മാജിക്ക് ഷോ ഞാൻ ബാംഗ്ലൂരിൽ സംഘടിപ്പിച്ചിരുന്നു. ബാംഗ്ലൂരിലെ അദ്ദേഹത്തിന്റെ ആദ്യ പരിപാടിയായിരുന്നു ഇത്. ബാംഗ്ലൂർ സർ പുട്ടണ്ണചെട്ടി ടൗൺ ഹാളിൽ രണ്ടു ദിവസമായി മൂന്നു ഷോകൾ നടത്തിയിരുന്നു. അതിൽ ഒരു ഷോ പീനിയയിലെ ദീപ്‌തിക്കായിരുന്നു. ഗോപിനാഥ് മുതുകാട് തിരുവനന്തപുരത്തു നടത്തിയ ഇൻ്റർനാഷണൽ മാജിക് കൺവെൻഷനിൽ ഞാൻ കരാട്ടെ ഡമോൺസ്ട്രേഷൻ നടത്തിയിരുന്നു. നോൺ മാജിക്കൽ വണ്ടേഴ്സ് എന്ന ഇനത്തിൽ പരിപാടി അവതരിപ്പിക്കാനാണ് എന്നെ ക്ഷണിച്ചത്.
ഗോപിനാഥ് മുതുകാട് തിരുവനന്തപുരത്തു സ്ഥാപിച്ച മാജിക് അക്കാദമി ഇന്ത്യയിലെതന്നെ ആദ്യത്തെ അത്ഭുതപ്പെടുത്തുന്ന സംരംഭമാണ്. ഭിന്നശേഷിയുള്ള കുട്ടികൾക്കു വിദ്യാഭ്യാസത്തോടോപ്പം ജീവിതം സുഗമമാക്കാനുള്ള തൊഴിൽ പരിശീലനവും നൽകുന്ന മാതൃകാ പ്രവർത്തനങ്ങളാണു മുതുകാട് നടത്തുന്നത്. പല പ്രാവശ്യം അദ്ദേഹത്തിൻ്റെയും പ്രൊഫസർ സാമ്രാജിന്റെയും മാജിക്ക് ഷോ ബാംഗ്ലൂരിൽ നടത്തിയിട്ടുണ്ട്.
ഈ സമയത്താണു സൂര്യാ കൃഷ്‌ണമൂർത്തി അദ്ദേഹത്തിന്റെ പരിപാടി ബാംഗ്ലൂരിൽ സംഘടിപ്പിക്കാൻ എന്നോട് ആവശ്യപ്പെട്ടത്. മല്ലേശ്വരം ചൗഡയ്യാ ഹാളിൽ നടത്തിയ സുര്യയുടെ പരിപാടി ഗംഭീര വിജയമായി. ലോക പ്രശസ്‌തരായ കലാകാരന്മാരെ ഒരു സ്റ്റേജിൽ അണിനിരത്താൻ കഴിഞ്ഞത് ജീവിതത്തിലെ സന്തോഷകരമായ മുഹൂർത്തമാണ്. സി പി രാധാകൃഷ്‌ണൻ പബ്ലിഷറും എസ് സലിംകുമാർ എഡിറ്ററുമായ മലയാള അക്ഷരം-പഠന പദ്ധതി എന്ന പുസ്‌തകം ഇവിടെ വെച്ചാണു പ്രകാശനം ചെയ്തത്.
ഡോ. വിഷ്ണു വർധനടക്കം ധാരാളം കന്നഡ സിനിമാ പ്രവർത്തകർ പങ്കെടുത്ത ഈ പരിപാടിയുടെ വിജയത്തോടെയാണു ശ്രീദേവി ഉണ്ണിയുടെ ചിരകാല അഭിലാഷമായ പരിപാടി നടത്താൻ എന്നോട് അഭ്യർഥിച്ചത്. അകാലത്തിൽ പൊലിഞ്ഞു പോയ അനുഗൃഹീത നടി മോനിഷ ഉണ്ണിയുടെ ഓർമയ്ക്കായി 2004ൽ പാലസ് ഗ്രൗണ്ടിൽ വെച്ചാണു മെഗാഷോ നടത്തിയത്. ഡോ. വിഷ്ണു വർധൻ, ദിനേഷ് ഗുണ്ടുറാവു എംഎൽഎ, ജെ അലക്സാണ്ടാർ എന്നിവർ മുഖ്യാതിഥികളും സുരേഷ് ഗോപി, ചിത്ര, അഫ്സൽ, വേണുഗോപാൽ, വിനീത് തുടങ്ങി നിരവധി പ്രമുഖ കലാകാരന്മാരും ഈ പരിപാടിയിൽ പങ്കെടുത്തു. ഇവിടെ വെച്ചാണു സുരേഷ് ഗോപിയുടെ ഭാര്യ രാധിക ആദ്യമായി പൊതു വേദിയിൽ പാടിയത്. 5000ത്തിൽ കുടുതൽ കലാസ്നേഹികൾ സംബന്ധിച്ച ഈ പരിപാടിയും ഗംഭീര വിജയമായി.
സിഐടിയു 12-ാമത് അഖിലേന്ത്യാ സമ്മേളനം ബാംഗ്ലൂരിൽ വെച്ചായിരുന്നു. 2007 ജനവരി 17 മുതൽ 21 വരെ നടന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നായി നിരവധി തൊഴിലാളി പ്രതിനിധികൾ പങ്കെടുത്തു. സംഘാടക സമിതി അംഗമായ സിപി രാധാകൃഷ്ണൻ്റെ അഭ്യർഥന പ്രകാരം വിദേശ പ്രതിനിധികളെ സൽക്കരിക്കാനായി ഞാൻ സൗകര്യം ഒരുക്കിയിരുന്നു. ബാംഗ്ലൂരിലെ പ്രശസ്തമായ ബൗറിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു സൽക്കാരം. ജെ അലക്സാണ്ടർ ഐഎഎസാണ് എനിക്കിവിടെ അംഗത്വം എടുത്തുതന്നത്. അദ്ദേഹത്തിന്റെ മകൻ ജോൺസൺ ആയിരുന്നു എന്റെ സ്പോൺസർ. ബാംഗ്ലൂരിലെ പ്രധാനപ്പെട്ട ക്ലബ്ബുകളിൽ ഒന്നാണിത്. ഇവിടെയാണ് എൻ്റെയും മക്കളുടെയും നീന്തലും വ്യായാമവും. ബൗറിങ്ങിൻ്റെ സെക്രട്ടറിയായ ശ്രീകാന്ത്, ബാബു, സന്ദീപ്, ഭാസ്‌കർ, പുരുഷോത്തം, സതീഷ് തുടങ്ങി അനവധി സുഹൃത്തുക്കളുണ്ട്.
ബാംഗ്ലൂരിൽ ദേശാഭിമാനി എഡിഷൻ ആരംഭിക്കുന്നതിനെക്കുറിച്ചു 2004ൽ ദേശാഭിമാനി റീഡേർസ് ഫോറം സംഘടിപ്പിച്ച ആലോചനാ യോഗത്തിൽ കേരള സമാജത്തെ പ്രതിനിധാനം ചെയ്ത് സെക്രട്ടറിയായ ഞാനാണ് ആശംസയർപ്പിച്ചത്. കണ്ണൂർ ജില്ലക്കാരായ ബാംഗ്ലൂരിലെ സിപിഎം വ്യാപാരികൾ മാത്രം വാങ്ങിയാൽ ബാംഗ്ലൂർ എഡിഷൻ വിജയ പ്രദമാകുമെന്നാണു ഞാൻ അഭിപ്രായപ്പെട്ടത്. ഇവിടെവെച്ച് സിപിഎം പ്രവർത്തകനായ ഒരു ബേക്കറി വ്യാപാരിയുടെ മോശമായ പെരുമാറ്റം എന്നെ അസ്വസ്ഥനാക്കി. കോൺഗ്രസുകാർക്ക് എന്താണ് ഇവിടെ കാര്യം എന്നു പറഞ്ഞാണ് അദ്ദേഹം എന്നെ പരിഹസിച്ചത്. സി പി രാധാക്യഷ്ണനോടു ഞാൻ ഇതിനെപ്പറ്റി സൂചിപ്പിച്ചു. ഇതാണു പാനൂരിലെ രാഷ്ട്രീയ സംസ്‌കാരം എന്നു പറഞ്ഞാണ് ഞാൻ പിരിഞ്ഞത്. അന്നു വൈകുന്നേരം ടൗൺ ഹാളിൽ മറ്റൊരു പരിപാടിയിൽ പങ്കെടുത്തിരുന്ന എന്നെ തേടി രാധാകൃഷ്ണനും എം പ്രകാശൻ മാസ്റ്ററും വന്നു ആ പ്രവൃത്തിയിൽ ക്ഷമ ചോദിച്ചിരുന്നു. കണ്ണൂർ അഴീക്കോട് മണ്ഡലം എംഎൽഎയായിരുന്ന എം പ്രകാശൻ മാസ്റ്ററെ അന്നാണു ഞാൻ പരിചയപ്പെട്ടത്.
കർണാടക കളരിപ്പയറ്റ് അസോസിയേഷനും നിലവിലുണ്ട്. കൃഷ്ണ പ്രതാപ് കെ കെ ജനറൽ സെക്രട്ടറിയും പ്രവീൺ ജോ. സെക്രട്ടറിയും ഞാൻ പ്രസിഡണ്ടുമാണ്. കളരിപ്പയറ്റിലെ നാഷണൽ വിജയികൾക്കു 10000 രൂപ സ്റ്റൈപ്പൻഡ് കിട്ടുന്നുണ്ട്. ഇതു വലിയൊരു അംഗീകാരമാണ്. സെക്രട്ടറി ജനറൽ അഡ്വ. പൂന്തുറ സോമനും കൃഷ്‌ണദാസുമാണ് ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷന്റെ അമരക്കാർ.
🟥
അടുത്ത അധ്യായം ▶ പ്രവാസ വാസം
മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം :
◼️അധ്യായം 1: പുഴമാത്രം മാറിയില്ല
◼️അധ്യായം 2: ഓര്‍മ്മയില്‍ ജീവിക്കുന്ന അമ്മ
◼️അധ്യായം 3: പുത്തൂരാൻ ചരിതം
◼️അധ്യായം 4: കണ്ണാരം പൊത്തിപ്പൊത്തി
◼️അധ്യായം 5: മൃതിയുടെ തിരനോട്ടം
◼️അധ്യായം 6: കൺനിറയെ ദൈവങ്ങൾ
◼️അധ്യായം 7: ഭിക്ഷാം ദേഹി
◼️അധ്യായം 8: നാട്ടുവഴിയിൽ
◼️അധ്യായം 9: ഗ്രാമീണ വിശുദ്ധി
◼️അധ്യായം 10: ശാക്തേയം
◼️അധ്യായം 11: കല്യാണക്കോപ്പ്
◼️അധ്യായം 12: പുളിമുറികല്യാണം
◼️അധ്യായം 13: മാമ്പഴക്കാലം
◼️അധ്യായം 14: ജലവിനോദങ്ങൾ
◼️അധ്യായം 15: പൊലോളി
◼️അധ്യായം 16: വിനോദ യാത്ര
◼️അധ്യായം 17: സത്യൻ പുത്തൂർ
◼️അധ്യായം 18: അങ്ങാടിപ്പഴമ
◼️അധ്യായം 19: പോലീസ് ഞങ്ങൾക്ക് പുല്ലാണ്
◼️അധ്യായം 20: പുത്തനമ്പലം
◼️അധ്യായം 21: ഉദ്യാന നഗരിയിലേക്ക്
◼️അധ്യായം 22: ഘെരാവോ
◼️അധ്യായം 23: ഒരു പുരത്തറ
◼️അധ്യായം 24: ജാതീയതയുടെ രക്തസാക്ഷി
◼️അധ്യായം 25: കുറുപ്പാൾ
◼️അധ്യായം 26: ഡിസ്കോ ഡാന്‍സര്‍
◼️അധ്യായം 27: ആയോധനക്കളരിയിൽ
◼️അധ്യായം 28: അപകടം വഴി കാട്ടുന്നു
◼️അധ്യായം 29: ദേശാടനം
◼️അധ്യായം 30: കരാട്ടെ പട്ടു
◼️അധ്യായം 31: ഫിസ്‌റ്റ് ഇന്ത്യ
◼️അധ്യായം 32: പാൽമേഘക്കടലിൽ
◼️അധ്യായം 33: തൊഴിലാളിക്കരുത്ത്
◼️അധ്യായം 34: മദുവേ മാഡി നോഡു
◼️അധ്യായം 35: ധാരണയ്ക്കപ്പുറം
◼️അധ്യായം 36: സംഘടനകൾക്കൊപ്പം
◼️അധ്യായം 37: സമാജങ്ങളിലൂടെ
















