അധ്യായം 15 📖 പൊലോളി

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’
ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍

 

ഭാര്യയുടെ അമ്മാമൻ, മകൻ്റെ ഭാര്യാപിതാവ് എന്നതിനൊപ്പം പൗരപ്രമുഖർ എന്ന നിലയിലും തെക്കേയിൽ മത്തിക്കുട്ടിയുമായി അച്ഛച്ഛനു നല്ല ബന്ധമായിരുന്നു. മകളെയും പേരക്കുട്ടികളെയും കാണാൻ അദ്ദേഹം എല്ലാ ആഴ്‌ചയും കുയിമ്പിൽ വന്നിരുന്നു. രണ്ടു ഭാഗത്തും പോക്കറ്റുള്ള ജുബ്ബ പോലത്തെ വലിയ കുപ്പായവും അരപ്പട്ടയുമാണു വേഷം. അദ്ദേഹത്തിന്റെ കറുത്ത വലിയ പേഴ്സിൽനിന്നു ചാരയുടെ മക്കൾ പുഷ്‌പയും പ്രഭയും പൈസ എടുത്തു കളിച്ചിരുന്നു.

ഞാൻ ആറിൽ പഠിക്കുമ്പോഴാണു തെക്കയിൽ മത്തിക്കുട്ടി മരണപ്പെട്ടത്. മൂത്ര സംബന്ധമായ അസുഖത്താൽ ആഴ്ചകളോളം അദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാസന്ന നിലയിലായിരുന്നു. ഒരു ദിവസം പുലർച്ചെ മാമനും അമ്മമ്മയും കോഴിക്കോട് ആശുപത്രിയിലേക്കു പോകാൻ വീട്ടിൽ നിന്നു പോയിരുന്നു. അന്നു രാവിലെ കല്ലൻ്റവിട കുഞ്ഞമ്പു കുയിമ്പിൽ വന്നു. പടിഞ്ഞിറ്റയിൽ കിടക്കുകയായിരുന്ന അച്ഛച്ഛനെ വിളിച്ച് അദ്ദേഹം എന്തോ പറഞ്ഞു.

ഇതുകണ്ടു ചാര എൻ്റെ അച്ഛൻ പോയി എന്നു നിലവിളിച്ചുകൊണ്ടു കുയിമ്പിൽ നിന്ന് ഇറങ്ങി ഓടി. കോലായിലെ തെളുമ്പത്തിരുന്ന് ഉമിക്കരികൊണ്ടു പല്ലു തേക്കുകയായിരുന്ന ഞാൻ കാര്യമറിയാതെ ചാരയുടെ പിന്നാലെ പാഞ്ഞു. ട്രൗസർ മാത്രമായിരുന്നു എന്റെ വേഷം. പല്ലു തേച്ചപടി മുഖം കഴുകാതെ മരണ വീട്ടിൽ ഇരിക്കുകയായിരുന്ന എന്നെ അച്ഛച്ഛൻ്റെ മരുമകൻ തുപ്പ നാറത്ത് അനന്തനാണു മുഖം കഴുകിച്ചത്. കൈവേലിക്കൽ പള്ളിയുടെ അടുത്തുള്ള പീടികയിൽനിന്ന് അദ്ദേഹമെനിക്കു ചായ വാങ്ങിത്തന്നു. തെക്കെയിലേക്കു തിരിച്ചു പോകുമ്പോൾ അമ്മമ്മയെ ഏൽപ്പിക്കാൻ അനന്തൻ എൻ്റെ കയ്യിൽ വെറ്റിലക്കെട്ടും പുകയിലയും തന്നിരുന്നു.

മരണവീട്ടിൽ പോകുമ്പോൾ ബന്ധുക്കളും സമ്മന്തക്കാരും വെറ്റിലയും പുകയിലയും കൊണ്ടുപോകണം എന്നതു നാട്ടുനടപ്പാണ്. ഇവ പ്രത്യേക സ്ഥലത്തു മുഖ്യസ്ഥന്മാർ കാൺകെയാണു വെയ്ക്കുക. മൂന്നു കെട്ടു വെറ്റിലയും എട്ടു പുകയിലയും നൽകുന്നത് വലിയകാര്യമാണ്. ഒരു കെട്ടിൽ നാലടുക്കു വെറ്റിലയുണ്ടാകും. രണ്ടടുക്കു വെറ്റിലയും ഒരു പുകയിലയുമെങ്കിലും മരണവീട്ടിൽ കൊടുത്തില്ലെങ്കിൽ അതു സമ്മന്തക്കാർക്കും അടുത്ത ബന്ധുക്കൾക്കും നാണക്കേടായിരുന്നു.

പ്രായമേറിയ ആളുകൾ മരിച്ചാൽ ബലിയും പൊലോളിയും പിണ്ണമൊഴുക്കലും സാധാരണമാണ്. വീട്ടുകാരുടെ സാമ്പത്തികസ്ഥിതി അനുസരിച്ചാണു കൊടഞ്ഞുളിയുടെ ദിവസം നിശ്ചയിക്കുന്നത്. മക്കൾ, മരുമക്കൾ, താൽപ്പര്യമുള്ള മറ്റു ബന്ധുക്കൾ എന്നിവർ രാവിലെ കുളിച്ചീറനായാണു ബലിയിടുക. മരണപ്പെട്ടയാളുടെ മൂത്തമകൻ ഈ കാലയളവിൽ വീടുവിട്ടുപോകാൻ പാടില്ല. ബലി തീരുന്ന ദിവസമാണു കൊടഞ്ഞുളി. ഈ ചടങ്ങിൽ പങ്കെടുക്കാൻ ബന്ധുക്കളെയും നാട്ടുകാരെയും ക്ഷണിക്കും. മത്തിക്കുട്ടിയുടെ കൊടഞ്ഞുളി കർമവുമായി ബന്ധപ്പെട്ട് അമ്മമ്മയും ചാരയും പന്ത്രണ്ടു ദിവസം തെക്കെയിലായിരുന്നു. വൈകിട്ടു തെക്കെയിൽ പോയിരുന്ന ഞാൻ പിറ്റേദിവസം രാവിലെ ബലികഴിഞ്ഞ ശേഷമാണു സ്‌കൂളിൽ പോകുക. പിണ്ഡം ഒഴുക്കുന്നതോടെ പുലയുമായി ബന്ധപ്പെട്ട ചടങ്ങുകൾ അവസാനിക്കും.

കൊടഞ്ഞുളി നാളിൽ രാവിലെ കാതിയൻ വീട്ടുമുറ്റത്തു മാറ്റുതുണി വിരിക്കും. വണ്ണാത്തിസ്ത്രീകൾ കൊണ്ടുവരുന്ന മൽമ്മൽ മുണ്ട് വീതി കുറച്ചു ചീന്തിയാണു മാറ്റു വിരിക്കുക. ഇതിനെ വണ്ണാത്തിമാറ്റ് എന്നും പറഞ്ഞിരുന്നു. മാറ്റുതുണിയിൽ ബന്ധുക്കൾ നിരന്നുനിൽക്കും. എണ്ണ നൽകിയ ശേഷം ഇളനീർ കൊടഞ്ഞാൽ ബലിക്കാരും പുലയുള്ളവരും കുളിക്കാൻ പോകും. കുളി കഴിയുന്നതോടെ ഇവരുടെ പുല കഴിഞ്ഞെന്നാണു വിശ്വാസം. പിന്നെ സദ്യയാണ്. അന്നു രാത്രിയാണു പിണ്ണമൊഴുക്ക്. കാതിയന്റെ ചടങ്ങുകൾ കഴിഞ്ഞാൽ മരണപ്പെട്ടയാളുടെ ബന്ധുക്കളെല്ലാം പിണ്ഡത്തിൽ അരി ചാർത്തും. പരേതൻ്റെ മൂത്തമകനോ, മരുമകനോ തലയിലേറ്റിയാണു പിണ്ഡം പുഴയിൽ ഒഴുക്കാൻ കൊണ്ടു പോവുക. ‘ഗോയിന്നാ….. ഗോയിന്നാ…..’ വിളികളുമായി ബന്ധുക്കളും അയൽക്കാരുമൊക്കെ അകമ്പടിപോകും. പുഴയിൽ മുങ്ങി പിണ്ഡം ഒഴുക്കിയാൽ കാതിയൻ കിണ്ണം പിടിച്ചെടുക്കും. ഇതോടെ കിണ്ണം അയാളുടേതാണ്. പിന്നീടു പ്രതിഫലം കൊടുത്താണു കർമിയിൽ നിന്നു കിണ്ണം തിരിച്ചുവാങ്ങുക. പുലയുമായി ബന്ധപ്പെട്ടതാണു പുലബന്ധം എന്ന വാക്ക്. എത്ര അകലെയുള്ളവരാണെങ്കിലും പുല അനുഷ്‌ഠിക്കേണ്ടവരാണു പുലബന്ധക്കാർ അഥവാ രക്ത ബന്ധത്തിലുള്ളവർ.

മരണവുമായി ബന്ധപ്പെട്ടു നാൽപ്പത്തി ഒന്നാംനാൾ നടത്തുന്ന ചടങ്ങാണു മണ്ണുനുള്ളൽ. മരിച്ച് 16 ദിവസത്തിനു ശേഷമാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുക. ജ്യോത്സ്യനാണു ചടങ്ങു നടത്തേണ്ട ദിവസവും അനുബന്ധ കർമങ്ങളും നിശ്ചയിക്കുക. മണ്ണുനുള്ളൽ ദിവസം കർമ്മി വീടിനകത്തും കുഴിപ്പുറത്തും പൂജകൾ ചെയ്യും. പിന്നീടു കുഴിപ്പുറത്തുനിന്ന് ഇല ച്ചീന്തിൽ മണ്ണു നുള്ളിയെടുക്കും. മകൻ്റെ തലയിൽ പുത്തൻ വെള്ളത്തുണി കെട്ടി അതിനു മുകളിൽ ഇലയിൽ പൊതിഞ്ഞ മണ്ണുവെയ്ക്കും. മണ്ണും തലയിലേന്തി കോലായിലേക്കു കയറുമ്പോൾ ബന്ധത്തിൽപ്പെട്ട മുതിർന്ന സ്ത്രീ ഇയാളുടെ കാലിൽ വെള്ളമൊഴിക്കും. കൈപിടിച്ചു മരിച്ചയാളുടെ പേര് മൂന്നു പ്രാവശ്യം വിളിച്ചു കേറിക്കോളൂ എന്നു പറയും. ഇതൊക്കെയാണു നാൽപ്പത്തിയൊന്നിന്റെ ചടങ്ങുകൾ.

മത്തിക്കുട്ടി കൈവേലിക്കലിൽ പൊതു ആവശ്യത്തിനായി കിണർ കുഴിപ്പിച്ചിരുന്നു. കൈവേലിക്കലിൽ പുത്തൂർ റോഡിന്റെ പരിസരത്തുള്ള പീടികകളിൽ ഒരെണ്ണമൊഴികെ മറ്റെല്ലാം മത്തി ക്കുട്ടിയുടേതായിരുന്നു. അദ്ദേഹത്തിൻ്റെ മരണശേഷം നടന്ന വീതം വെയ്പ്പിൽ മക്കളായ കൃഷ്‌ണനും നാണിക്കും നാണുവിനുമാണു പീടികകൾ ലഭിച്ചത്. അദ്ദേഹത്തിൻ്റെ സ്‌മരണാർഥം മകൻ കൃഷ്ണൻ കൈവേലിക്കലിൽ മത്തിക്കുട്ടി മെമ്മോറിയൽ എന്ന പേരിൽ ഒരു കെട്ടിടം പണിതിരുന്നു. ഇവിടത്തെ മറ്റൊരു പീടിക കല്ലായി കൃഷ്‌ണൻ്റെയും അനിയൻ നാണുവിൻ്റേതുമാണ്. കൃഷ്ണൻ ഇവിടെ ഷീബ എന്ന പേരിൽ ഹോട്ടൽ നടത്തിയിരുന്നു. ഞായറാഴ്‌ചകളിൽ ഷീബയിൽ ബിരിയാണി പതിവായിരുന്നു.

ഷീബ ഹോട്ടലിനോടു തൊട്ട് ഒരു റൈസ്‌മിൽ പ്രവർത്തിച്ചിരുന്നു. വടക്കയിൽ കൃഷ്‌ണൻ്റെ മകൻ ഉണ്ണിയുടേതായിരുന്നു ഇത്. പിന്നീട് ഇത് ഷൈമ എന്നപേരിൽ ഓയിൽ മില്ലാക്കി മാറ്റി. പാനൂർ വന്ദന കോളേജിലെ ജീവനക്കാരനായിരുന്ന അക്കാനിശ്ശേരിയിലെ രാഘവനാണ് ഈ ഓയിൽമിൽ നടത്തിയത്. പിന്നീട് ഈ കെട്ടിടം 2010ൽ എസ്‌എൻഡിപി യോഗം പാനൂർ യുണിയന്റെ കീഴിലുള്ള കൈവേലിക്കൽ ശാഖ വിലയ്ക്കു വാങ്ങി നവീകരിച്ച് ഓഫീസാക്കി. ഇതിൻ്റെ ഉദ്ഘാടനത്തിനു ഞാനായിരുന്നു മുഖ്യാതിഥി.

വടക്കെയിൽ ഉണ്ണിയുടെ നേതൃത്വത്തിൽ കൈവേലിക്കൽ ഫ്രണ്ട്സ് പ്ലാസ്റ്റിക്ക് പ്രോഡക്‌ട്‌സ് എന്ന പേരിൽ ഒരു പ്ലാസ്റ്റിക്ക് മിൽ പ്രവർത്തിച്ചിരുന്നു. തെക്കേയിൽ നാണു, പി പി ശശി, ഒന്തത്ത് അബ്ദുള്ള എന്നിവരായിരുന്നു ഇതിൻ്റെ മറ്റു പാർട്ട്ണർമാർ. ഈ സ്ഥാപനം പിന്നീടു വിറ്റു. ഇവിടെയിപ്പോൾ ചെമ്പട്ടകേളു സ്മൃതി സേവാ കേന്ദ്രമാണ്. ഇതിനോടു ചേർന്ന് ആർഎസ്‌എസിൻ്റെ നേതൃത്വത്തിൽ ഗുരുചൈതന്യ എന്ന പേരിൽ വിദ്യാലയവും പ്രവർത്തിച്ചു വരുന്നു.

വൈകുന്നേരം വീട്ടുസാധനങ്ങൾ വാങ്ങാൻ പോകേണ്ടത് ഞാനായിരുന്നു. കക്കോട്ടുവയലിലെ കരുവാൻ ബാലനും കിഴക്കേയിൽ ബാലനും നടത്തിയ കൂട്ടുകച്ചവടമായിരുന്നു കുന്നോത്തുപറമ്പിലെ പ്രധാന പീടിക. ഇവിടെ നിന്നാണു പതിവായി ഞങ്ങൾ സാധനങ്ങൾ വാങ്ങിയിരുന്നത്. ഇവർ തെറ്റിപ്പിരിഞ്ഞതിനു ശേഷം പഴയ കടയിൽ കരുവാൻ ബാലനും തൊട്ടടുത്ത കടയിൽ കിഴക്കേയിൽ ബാലനും വെവ്വേറെയാണു കച്ചവടംനടത്തിയത്. പിന്നീടു ഞങ്ങൾ കിഴക്കയിൽ ബാലന്റെ പീടികയിൽനിന്നാണു സാധനങ്ങൾ വാങ്ങിയത്‌. ഇവ കൂടാതെ ബാലൻ തുണിക്കടയും കുഞ്ഞിരാമൻ്റെ ചായക്കടയും മുള്ളമ്പാൻ ബാലൻ്റെ അനാദിക്കടയും പാനൂർക്കാരൻ്റെ ബേക്കറിയുമായിരുന്നു മേലെ കുന്നോത്തുപറമ്പിലെ മറ്റു കടകൾ. പിആറിന്റെ പാർട്ടി ഓഫീസും ശീട്ട് കളിക്കുന്ന ക്ലബ്ബും വായനശാലയും ഹരീന്ദ്രന്റെ കുട്ടികൾക്കായുള്ള ക്ലബ്ബും ഉണ്ടായിരുന്നു. ഹരീന്ദ്രനാണു പ്രദേശത്തെ ആദ്യത്തെ വക്കീൽ. മീത്തലെ കുന്നോത്തുപറമ്പ് വരെ സർവീസ് നടത്തിയിരുന്ന അംബികാ ബസ് 1975ലാണു ചെറുവാഞ്ചേരിയിലേക്കു ട്രിപ്പ് നീട്ടിയത്. 1975ലാണു മേലെ കുന്നോത്തുപറമ്പ് മുതൽ കല്ലുവളപ്പ് പൂവ്വത്തിൻകീഴ് വരെ ടാറിട്ടത്.

കൈവേലിക്കൽ, കുന്നോത്തുപറമ്പ്, ആലംപറ്റ, പാറാട്, ചെറുപറമ്പ്, പുത്തൂർ, പാനൂർ എന്നിവിടങ്ങളിൽ പിആർ കുറുപ്പിന്റെ പാർട്ടിയോഗങ്ങളും പരിപാടികളും നടക്കുമ്പോൾ അച്ഛച്ഛൻ എന്നെയും കൂട്ടിയിരുന്നു. പ്രസംഗം കേട്ട് ആളുകൾ ആവേശത്തോടെ കയ്യടിക്കുമ്പോൾ എനിക്കും പ്രസംഗിക്കണമെന്നു തോന്നിയിരുന്നു. സ്വാതന്ത്യദിനത്തിൽ കൊളവല്ലൂർ യുപിയിൽ വെച്ചാണു മൈക്കിനു മുന്നിലെ എൻ്റെ അരങ്ങേറ്റം. കെ ചന്ദ്രൻ മാസ്റ്റർ എഴുതിത്തന്നതു മനഃപാഠമാക്കിയാണു ഞാൻ പ്രസംഗിച്ചത്. വടക്കുംപാട്ടെ ശശി അന്നു പാടിയ ദേശഭക്തിഗാനം എല്ലാവരെയും ആവേശം കൊള്ളിച്ചിരുന്നു.

കൊളവല്ലൂർ യുപിയിൽ ആദ്യമായി സാഹിത്യവേദി ഉണ്ടാക്കിയത് ഞങ്ങൾ 7-ാം ക്ലാസിലുള്ളപ്പോഴാണ്. ഇതിൻ്റെ പ്രസിഡണ്ട് ഞാനായിരുന്നു. എല്ലാ ക്ലാസുകളിലും പ്രസംഗം, പ്രബന്ധം, പാട്ട് മത്സരങ്ങൾ എന്നിവ നടത്തുകയായിരുന്നു സാഹിത്യവേദിയുടെ ചുമതല. ആഴ്‌ചയിൽ രണ്ടു ദിവസമാണ് പി ടി (ഫിസിക്കൽ ട്രെയിനിങ്ങ്) പിരിയഡ്. ചെണ്ടയാട്ടെ മൂലയ്ക്കൽ കുമാരൻ മാസ്റ്ററായിരുന്നു കൊളവല്ലൂർ യുപിയിലെ സ്പോർട്‌സ് മാസ്റ്റർ. മിക്ക കായിക അധ്യാപകരും രണ്ടു സ്‌കൂളുകളിലാണു ജോലി. ആറാം ക്ലാസു മുതൽ സ്കൗട്ട്സ് ആൻ്റ് ഗൈഡ്‌സ് ഉണ്ടായിരുന്നു. കാക്കി ട്രൗസറും ഷർട്ടുമായിരുന്നു യൂണിഫോം.

താഴെ കുന്നോത്തുപറമ്പിൽ നിന്ന് ആനപ്പാലത്തേക്കുള്ള വഴി കുളിച്ചാലിലെ പുളിക്കൂൽ വീടിൻ്റെ മുന്നിലൂടെയാണ്. ഇതിലെ തനിച്ചു പോകാൻ ഞങ്ങൾക്കു പേടിയായിരുന്നു. ഈ പറമ്പിലെ പുളിമരത്തിലും കാഞ്ഞിരത്തിലും നിറയെ കടവാതിലുകളാണ്. വേഷപ്രച്ഛന്നരായ കുട്ടിച്ചാത്തന്മാരാണു കടവാതിലുകൾ എന്ന വിശ്വാസമാണു ഭയപ്പെടുത്തിയത്. വല്ലപ്പോഴും തനിച്ചായാൽ പുളി ക്കൂൽ എത്തുമ്പോൾ തിരിഞ്ഞു നോക്കിക്കൊണ്ടു കുറെദൂരം മരണപ്പാച്ചിലായിരിക്കും.

ഒരു ദിവസം പുളിക്കൂൽനിന്നു തിരിഞ്ഞു നോക്കുമ്പോൾ തൊട്ടുപിന്നിൽ പാത്തുത്ത. നടത്തത്തിനു വേഗം കൂട്ടിയ ഞാൻ പിന്നെ വീട്ടിലേക്ക് ഒരൊറ്റ ഓട്ടമായിരുന്നു. തുണിമാറി പുറത്തു വന്നപ്പോൾ കണ്ടതു പാത്തൂത്ത കുഞ്ഞിക്കോലായിലിരുന്നു ചായ കുടിക്കുന്നതാണ്. സന്ധ്യക്കു ഞാൻ തനിച്ചു വരുന്നതു കണ്ട് പിന്നാലെ വന്നതായിരിക്കാം. പിന്നീടു കാണുമ്പോഴൊക്കെ പാത്തൂത്ത കോന്തലയിൽനിന്നു നെല്ലിക്കയും ഉണ്ണിമാങ്ങയും എടുത്തു തരുമായിരുന്നു. കല്യാണം കഴിഞ്ഞു മാസങ്ങൾക്കു ള്ളിൽ ഭർത്താവ് മരിച്ചതോടെയാണു പാത്തൂത്ത എന്ന ഫാത്തിമ മാനസികമായി തകർന്നത്. വർഷങ്ങളോളം കുളിച്ചാലിലെ ഒറ്റമുറി വീട്ടിൽ ഇവർ തനിച്ചായിരുന്നു. പിന്നീടാണ് ഇവർ കൈവേലിക്ക ലിലെ സ്വന്തം വീട്ടിലേക്കു മാറിയത്. വെള്ള വസ്ത്രങ്ങൾ മാത്രം ധരിച്ചിരുന്ന പാത്തുത്ത വളരെ നല്ല വൃത്തിയിലും വെടിപ്പിലുമാണു നടന്നിരുന്നത്.

മലബാറിൻ്റെ മാത്രം പ്രത്യേകതയായ കുറിപ്പയറ്റ് എൻ്റെ ഗ്രാമത്തിലും സജീവമായിരുന്നു. നിരവധിയാളുകൾ തമ്മിലുള്ള സാമ്പത്തിക ഇടപാടാണു പയറ്റ്. ഇതിന് ഏകീകൃതമായ ചിട്ടവട്ടങ്ങളുണ്ട്. പയറ്റു നിശ്ചയിക്കുന്നതും കണക്കെഴുതി പണം വാങ്ങുന്നതും മുഖ്യസ്ഥരാണ്. പയറ്റു ബുക്കിൽ ആദ്യപേരുകൾ മുഖ്യസ്ഥരുടേതായിരിക്കും. മേശമേൽ കിണ്ണത്തിൽ അരിയിട്ടു വെള്ളത്തുണികൊണ്ടു മൂടിയാണു പണം വെയ്ക്കുക. പയറ്റ് തുടങ്ങുമ്പോഴും പിരിഞ്ഞ പണം നൽകുമ്പോഴും മുഖ്യസ്ഥന്മാർ അവിടെയുള്ളവരോട് അനുവാദം ചോദിക്കും. ആദ്യകാലത്തു വീടുകളിൽ വെച്ചു മാത്രമാണു പയറ്റ് നടത്തിയിരുന്നത്. വിഷു കഴിഞ്ഞാൽ പയറ്റ് നടത്താറില്ല. പിന്നീടു പയറ്റിൻ്റെ രീതികൾ മാറി. കത്തു വിതരണം ചെയ്തു‌ പീടികയിൽ വെച്ചോ മറ്റു സ്ഥാപനങ്ങളിൽ വെച്ചോ ഏതുമാസവും പയറ്റു നടത്താമെന്നായി.

കുറികളും സജീവമായിരുന്നു. ശ്രീ നാരായണസ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണു കുറികൾ ഏറെയും നടന്നിരുന്നത്. സമ്പാദ്യക്കുറി കൂടാതെ ക്ഷേത്രങ്ങളിൽ പോകാൻ പണം സ്വരൂപിക്കുന്ന തീർഥാടനക്കുറികളും ഉണ്ട്. ദൂരെയുള്ള ക്ഷേത്രങ്ങളിൽ പോകാൻ ആഗ്രഹിക്കുന്നവർ മാസാമാസം നിശ്ചിത തുക ഒരാളെ ഏൽപ്പിക്കും. ഈ പണം പലിശയ്ക്കു കൊടുത്തു കിട്ടുന്ന ലാഭം യാത്രാ ചെലവിനായി ഉപയോഗിക്കും. ആനപ്പാലത്തെ വടക്കേയിൽ ദാമു 40 വർഷത്തോളം സ്വന്തമായി കുറി നടത്തിയ ആളാണ്. ഇക്കാലമത്രയും നടന്നാണ് അദ്ദേഹം കുറിപ്പിരിവിനു പോയത്.

എന്റെ സുഹൃത്ത് ചാലിൽ രാജനും കുറി നടത്തിയിരുന്നു. കുറിപ്പിരിവു കഴിഞ്ഞു തിരിച്ചു വരുമ്പോൾ രാജൻ്റെ സൈക്കിളിൽ പല പ്രാവശ്യം ഞാൻ കൈവേലിക്കലിൽ പോയിട്ടുണ്ട്. ചാലിൽ രാജൻ മരുന്നൻപൊയിലിലാണു താമസം. അദ്ദേഹത്തിന്റെ വീടിന്റെ മുന്നിലെ ഓടക്കായി പറമ്പിൽ കള്ള് ഷാപ്പ് ഉണ്ടായിരുന്നു. ചൊറുക്കയും കള്ളും വാങ്ങാൻ ഞാനിവിടെ പോയിട്ടുണ്ട്. നാട്ടുകാരുടെ എതിർപ്പിനെ തുടർന്നാണു ഷാപ്പ് ഒഴിവായത്. മരുന്നൻപൊയിലിലെ ചെമ്പട്ട രമേശനും കുറി നടത്തിയിരുന്നു. കോൺഗ്രസ് നേതാവ് പാലക്കൂലിലെ കെ സി കുഞ്ഞിരാമൻ മാസ്റ്ററുടെ കുറിപ്പിരിവുകാര നായിരുന്നു രമേശൻ. കുഞ്ഞിരാമൻ മാസ്റ്ററുടെ മരണശേഷം രമേശൻ സ്വന്തമായാണു കുറി നടത്തിയത്. രമേശൻ പിന്നീടു ഗൾഫിൽ പോയി. കെ സി കുഞ്ഞിരാമൻ മാസ്റ്ററുടെ പേരിൽ പാനൂരിൽ കോൺഗ്രസിൻ്റെ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും ആശുപത്രിയും പ്രവർത്തിക്കുന്നു.

ഉണ്ണിയേട്ടന്റെ സഹപാഠി കുളിച്ചാലിലെ തട്ടാന്റവിട ബാലൻ എന്നും വൈകുന്നേരം പുഴയിൽ നീന്താൻ വരാറുണ്ട്. കളരി പരിശീലനം കഴിഞ്ഞ് എണ്ണയിൽ കുളിച്ചാണു ബാലന്റെ വരവ്. വരമ്പിൽനിന്നു കുട്ടിക്കരണം മറിഞ്ഞാണ് അദ്ദേഹം പുഴയിലേക്കു ചാടുക. കൊളവല്ലൂർ യുപിക്കടുത്തു കിഴക്കെ പുരയിലായിരുന്നു കളരി. സ്‌കൂൾ വിട്ടാൽ ചില ദിവസം വൈകുന്നേരം ഞാൻ കളരിയഭ്യാസം കണ്ടശേഷമാണു വീട്ടിലേക്കു മടങ്ങുക. പഠനത്തിനിടയിൽ കൃഷി ചെയ്‌തിരുന്ന ബാലൻ പിന്നീട് അധ്യാപകനായി.

യുക്തിവാദി സംഘത്തിൻ്റെ പ്രവർത്തകനായ ബാലൻ മാസ്റ്ററുടെ വിവാഹം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വീടുകളിലും അമ്പലങ്ങളിലും വെച്ച് ആചാരപ്രകാരം മാത്രം വിവാഹങ്ങൾ നടന്നിരുന്ന കാലത്തു നിലവിളക്കുപോലും കത്തിക്കാതെ കൊള വല്ലൂർ എൽപി സ്കൂളിലെ പൊതുവേദിയിൽ വെച്ചാണു മാസ്റ്റർ വിവാഹിതനായത്. 1983 മെയ് 5നായിരുന്നു ഈ വിപ്ലവ വിവാഹം. അദ്ദേഹം മുളിയാത്തോട് ശ്രീനാരായണ വായനശാലയുടെയും സാംസ്കാരിക നിലയത്തിൻ്റെയും സ്ഥാപക പ്രവർത്തകനാണ്.

🟥

അടുത്ത അധ്യായം ▶  വിനോദയാത്ര

മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം : 

◼️അധ്യായം 1:  
പുഴമാത്രം മാറിയില്ല
◼️അധ്യായം 2:  ഓര്‍മ്മയില്‍ ജീവിക്കുന്ന അമ്മ
◼️അധ്യായം 3: പുത്തൂരാൻ ചരിതം
◼️അധ്യായം 4: കണ്ണാരം പൊത്തിപ്പൊത്തി
◼️അധ്യായം 5: മൃതിയുടെ തിരനോട്ടം
◼️അധ്യായം 6: കൺനിറയെ ദൈവങ്ങൾ
◼️അധ്യായം 7: ഭിക്ഷാം ദേഹി
◼️അധ്യായം 8: നാട്ടുവഴിയിൽ 
◼️അധ്യായം 9: ്രാമീണ വിശുദ്ധി
◼️അധ്യായം 10:
ശാക്തേയം
◼️അധ്യായം 11: കല്യാണക്കോപ്പ്
◼️അധ്യായം 12: ുളിമുറികല്യാണം
◼️അധ്യായം 13: മാമ്പഴക്കാലം 
◼️അധ്യായം 14: ജലവിനോദങ്ങൾ 

 

Hot this week

റീപോളിങ്ങിൽ പശ്ചിമ ബംഗാളിലെ ഫാൾട്ടയിൽ ബിജെപിക്ക് ജയം; ഒരു ലക്ഷത്തിലധികം ഭൂരിപക്ഷം, രണ്ടാം സ്ഥാനത്ത് സിപിഎം സ്ഥാനാർഥി

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ ഫാൾട്ട മണ്ഡലത്തിൽ ബിജെപിക്ക് ജയം. 100921 വോട്ടിൻ്റെ...

കോതമം​ഗലത്ത് കാട്ടാന ആക്രമണം; മധ്യവയസ്കൻ മരിച്ചു

കൊച്ചി: എറണാകുളം, കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. കോതമംഗലം പോങ്ങന്‍ചുവടിലെ...

ഭട്കലില്‍ കക്ക വാരാനിറങ്ങിയ എട്ട് പേര്‍ മുങ്ങി മരിച്ചു; മൂന്നു പേരെ കാണാതായി

ബെംഗളൂരു: കര്‍ണാടകയിലെ ഭട്കലില്‍ കക്ക വാരാനിറങ്ങിയ എട്ട് പേര്‍ മുങ്ങി മരിച്ചു....

ബെംഗളൂരു- മംഗളൂരു വന്ദേഭാരത് അടുത്ത മാസം മുതൽ

ബെംഗളൂരു: മംഗളൂരു-ബെംഗളൂരു വന്ദേഭാരത് ട്രെയിൻ സർവീസ് ജൂണിൽ ആരംഭിക്കുമെന്ന് റെയിൽവേ സഹമന്ത്രി...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തൃശ്ശൂർ വലപ്പാട് അരയംപറമ്പിൽ മീരാ രവീന്ദ്രൻ (71) ബെംഗളൂരുവില്‍ അന്തരിച്ചു....

കോതമം​ഗലത്ത് കാട്ടാന ആക്രമണം; മധ്യവയസ്കൻ മരിച്ചു

കൊച്ചി: എറണാകുളം, കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. കോതമംഗലം പോങ്ങന്‍ചുവടിലെ...

ഭട്കലില്‍ കക്ക വാരാനിറങ്ങിയ എട്ട് പേര്‍ മുങ്ങി മരിച്ചു; മൂന്നു പേരെ കാണാതായി

ബെംഗളൂരു: കര്‍ണാടകയിലെ ഭട്കലില്‍ കക്ക വാരാനിറങ്ങിയ എട്ട് പേര്‍ മുങ്ങി മരിച്ചു....

ബെംഗളൂരു- മംഗളൂരു വന്ദേഭാരത് അടുത്ത മാസം മുതൽ

ബെംഗളൂരു: മംഗളൂരു-ബെംഗളൂരു വന്ദേഭാരത് ട്രെയിൻ സർവീസ് ജൂണിൽ ആരംഭിക്കുമെന്ന് റെയിൽവേ സഹമന്ത്രി...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തൃശ്ശൂർ വലപ്പാട് അരയംപറമ്പിൽ മീരാ രവീന്ദ്രൻ (71) ബെംഗളൂരുവില്‍ അന്തരിച്ചു....

മഴ മുന്നറിയിപ്പിൽ മാറ്റം: എറണാകുളത്ത് ഓറഞ്ച് അലർട്ട്, 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കാലവസ്ഥ മുന്നറിയിപ്പിൽ മാറ്റം. എറണാകുളത്ത് അതിശക്ത മഴക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച്...

ശക്തമായ മഴയില്‍ ചെങ്ങന്നൂരില്‍ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞു താണു

ആലപ്പുഴ: ശക്തമായ മഴയില്‍ ചെങ്ങന്നൂർ പുലിയൂരില്‍ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു....

‘കോണ്‍ഗ്രസിനെ ഇനി ഒരിക്കലും വിശ്വസിക്കരുത്, അടുപ്പിക്കരുത്’; വിമര്‍ശനവുമായി ഉദയനിധി സ്റ്റാലിൻ

ചെന്നൈ: ബിജെപിയുടെ തുടർച്ചയായ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ...

Related Articles

Popular Categories