‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’
ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍
![]()
1992ൽ കണ്ഠീരവ സ്റ്റേഡിയത്തിൽ നടത്തിയ കരാട്ടെ പ്രദർശനത്തിൽ മുഖ്യാതിഥി അന്നത്തെ കർണാടക ആഭ്യന്തര മന്ത്രി ധരംസിംഗായിരുന്നു. അദ്ദേഹമാണ് എന്നെ കർണാടക രാഷ്ട്രീയത്തിൻ്റെ ഭാഗമാക്കിയത്. വീരപ്പ മൊയ്‌ലിയായിരുന്നു മുഖ്യമന്ത്രി. ഞാൻ നടത്തിയ നെയിൽ ബോർഡ് പ്രദർശനം ധരംസിംഗ്ജിയെ അത്ഭുതപ്പെടുത്തി. ഇയാളെ കോൺഗ്രസിന് ആവശ്യമുണ്ടെന്നു വേദിയിലുണ്ടായിരുന്ന ബാംഗ്ലൂർ ഡവലപ്പ്മെന്റ് അതോറിറ്റി മെമ്പറായ വി ശങ്കറിനോടു ധരംസിംഗ്‌ജി പറഞ്ഞതാണ് എന്റെ രാഷ്ട്രീയ പ്രവേശനത്തിനു നാന്ദി കുറിച്ചത്. ഇതിനിടെ ബാംഗ്ലൂരിൽ മലയാളികളുടെ ധാരാളം പ്രശ്‌നങ്ങളിൽ എനിക്ക് ഇടപെടേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെ ന്യായം കിട്ടാൻ വേണ്ടി രാഷ്ട്രീയ സ്വാധീനം ആവശ്യമായ പല സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്.
വി ശങ്കർ എന്നെ യൂത്ത് കോൺഗ്രസ് സിറ്റി പ്രസിഡണ്ട് വിജയകുമാറിനു പരിചയപ്പെടുത്തി. ആർ മഞ്ചുവായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട്. ബാംഗ്ലൂർ പാലസിലായിരുന്നു ഓഫീസ്. അവിടെ വെച്ചു വിജയകുമാർ എന്നെ ആർ മഞ്ചുവിനു പരിചയപ്പെടുത്തിയപ്പോൾ സിറ്റി സെക്രട്ടറിയാക്കാനായിരുന്നു അദ്ദേഹം നിർദേശിച്ചത്. 1993ൽ ഞാൻ യൂത്ത് കോൺഗ്രസ് സിറ്റി സെക്രട്ടറിയായി. വിജയകുമാറിൻ്റെ അച്ഛൻ സുന്ദറുമായി ഞാൻ വളരെ വേഗം അടുത്തു. ആയോധനകലയിൽ പ്രാവീണ്യം ഉണ്ടായിരുന്ന അദ്ദേഹം എം ജി ആറിൻ്റെ സിനിമകളിൽ വടിപ്പയറ്റ് അവതരിപ്പിച്ചട്ടുണ്ട്. 1980 മുതൽ 1983 വരെ കർണാടക മുഖ്യമന്ത്രിയായിരുന്ന ആർ ഗുണ്ടുറാവു 1993 ഓഗസ്റ്റ് 22ന് 57-ാം വയസ്സിലാണു നിര്യാതനായത്. എച്ച്എഎൽ എയർപോർട്ടിൽ നിന്നു ദേവനഹള്ളിയിലേക്കു പുറപ്പെട്ട വിലാപയാത്രയിൽ ഞാനും പങ്കെടുത്തിരുന്നു.
ഈ അവസരത്തിലാണു ബാംഗ്ലൂരിൽ യൂത്ത് കോൺഗ്രസ് ഒറ്റ നമ്പർ ലോട്ടറിക്കെതിരെ സമര രംഗത്തിറങ്ങിയത്. എന്റെ കരാട്ടെ ക്ലാസിലെ വിദ്യാർഥിയും നല്ലൊരു കലാകാരനുമായിരുന്ന ജയൻ കടക്കെണിയിലകപ്പെട്ടതിൻ്റെ കാരണം അന്വേഷിച്ചപ്പോഴാണ് ഒറ്റ നമ്പർ ലോട്ടറിയുടെ ഭീകരത എനിക്കു മനസ്സിലായത്. സാധാരണക്കാരെ കടക്കെണിയിലാക്കിയ ഈ വൻവിപത്തു ഞാൻ ജില്ലാ കമ്മിറ്റിയുടെ ശ്രദ്ധയിൽപെടുത്തി. ഒറ്റ നമ്പർ ചൂതാട്ടത്തിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രക്ഷോഭം എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചു. ഈ സമരത്തെ തുടർന്നു സർക്കാർ ചൂതാട്ടം നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയെടുത്തു.
1997ൽ വൈഎസ് ആരാധ്യ യൂത്ത് കോൺഗ്രസിൻ്റെ സിറ്റി പ്രസിഡണ്ടായി. ഞാൻ വൈസ് പ്രസിഡണ്ടും. വൈഎസ് ആരാധ്യ എൽഎൽബിക്ക് എൻ്റെ ജൂനിയറായിരുന്നു. പി വി നരസിംഹറാവുവും പിന്നീട് സീതാറാം കേസരിയും എഐസിസി പ്രസിഡണ്ടുമാരായപ്പോൾ ബാംഗ്ലൂരിൽ നൽകിയ സ്വീകരണങ്ങളിൽ ഞാൻ സജീവമായി. ജാലഹള്ളി അയ്യപ്പക്ഷേത്രത്തിലെ ചെണ്ട മേളക്കാരെ ഞാൻ പരിപാടിയിൽ അണിനിരത്തി. ചെണ്ടമേളം നേതാക്കന്മാർക്കും പ്രവർത്തകർക്കും പുത്തൻ അനുഭവമായി. പിന്നീടു കോൺഗ്രസിൻ്റെ പ്രധാന പരിപാടികൾക്കു ചെണ്ടമേളം പതിവായി. ചെണ്ടക്കാരെ ഏർപ്പാടാക്കാനുള്ള ചുമതല എനിക്കും.
ജെഎച്ച് പട്ടേൽ കർണാടക മുഖ്യമന്ത്രിയായിരുന്നപ്പോൾ പ്രതിപക്ഷമായ കോൺഗ്രസ് 1997ൽ കെ ആർ സർക്കിളിൽ നടത്തിയ സമരത്തെ പോലീസ് ജലപീരങ്കി കൊണ്ടാണു നേരിട്ടത്. ഇതിനിടയിൽ അകപ്പെട്ടു നിലത്തു വീണ ധരംസിംഗിനു വെള്ളത്തിന്റെ ശക്തിയാൽ എഴുന്നേൽക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തിനു മറയായി ജലപീരങ്കിയുടെ മുന്നിൽ ശക്തി തടഞ്ഞുകൊണ്ട് ഞാൻ നിന്നു. അതോടെയാണു സഹായികൾക്ക് അദ്ദേഹത്തെ എഴുന്നേൽപ്പിക്കാൻ കഴിഞ്ഞത്. എൻ്റെ തോളിൽ പിടിച്ചാണ് അദ്ദേഹം കാറിൽ കയറിയത്. മാസങ്ങൾക്കു മുൻപ് ആഭ്യന്തര മന്ത്രിയായിരുന്നു ധരംസിംഗ്. അധികാരം ഇല്ലെങ്കിൽ പോലീസിന്റെ പെരുമാറ്റം എങ്ങനെയായിരിക്കും എന്നു തെളിയിക്കുന്നതായിരുന്നു ഈ അനുഭവം.
1998ലാണു ദിനേഷ് ഗുണ്ടുറാവു യൂത്ത് കോൺഗ്രസിൻ്റെ സംസ്ഥാന പ്രസിഡണ്ടായത്. അദ്ദേഹം എന്നെ സംസ്ഥാന സെക്രട്ടറിയായി നിയമിച്ചു. തുടർന്നു സംസ്ഥാന ജനറൽ സെക്രട്ടറിയായ ഞാൻ 2006ൽ യൂത്ത് കോൺഗ്രസിൻ്റെ സംസ്ഥാന വൈസ് പ്രസിഡണ്ടുമായി. എഐസിസി സെക്രട്ടറി രമേശ് ചെന്നിത്തല 1998ൽ കർണാടക കോൺഗ്രസിൻ്റെ ഇൻചാർജ്ജായിരുന്നു.
2000ൽ ബാംഗ്ലൂരിൽ നടന്ന യൂത്ത് കോൺഗ്രസ് സൗത്ത് ഇന്ത്യൻ ക്യാമ്പിൻ്റെ കൺട്രോൾറൂം ചുമതല എനിക്കായിരുന്നു. അഖിലേന്ത്യാ പ്രസിഡണ്ട് രൺദീപ് സിങ് സുർജേ വാലയുമായും ഇന്ത്യയിലെ ഉന്നത നേതാക്കന്മാരുമായും ബന്ധം സ്ഥാപിക്കാൻ ഈ ക്യാമ്പ് അവസരമൊരുക്കി. ഗുലാംനബി ആസാദ്, രമേശ് ചെന്നിത്തല തുടങ്ങി ദേശീയ നേതാക്കളുമായും കേരള യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് കെ സി വേണുഗോപാൽ, നെയ്യാറ്റിൻകര സനൽ എന്നിവരുമായും ബന്ധം സ്ഥാപിച്ചതും ഈ ക്യാമ്പിൽ വെച്ചാണ്. ക്യാമ്പിൽ ഞാൻ കരാട്ടെ പ്രദർശനം നടത്തിയിരുന്നു.
ക്യാമ്പ് സമാപിച്ച രാത്രി 2000 ജൂലൈ 30നാണു കന്നഡിഗരുടെ താരദൈവമായ രാജ്‌കുമാറിനെ വീരപ്പൻ തട്ടിക്കൊണ്ടുപോയത്. ക്യാമ്പ് വൻ വിജയമായതിൻ്റെ സന്തോഷം ഇതോടെ കെട്ടടങ്ങി. 108 ദിവസങ്ങൾക്കു ശേഷമാണു വീരപ്പൻ നവംബർ 15നു ഡോ. രാജ്കുമാറിനെ മോചിപ്പിച്ചത്. ഈ സമയത്ത് എല്ലാ ദിവസവും അദ്ദേഹത്തിന്റെ വീട്ടിൽ ഞാൻ പോകുമായിരുന്നു.
പയ്യാവൂർ പഞ്ചായത്ത് ഭരണ പ്രശ്‌നവുമായി ബന്ധപ്പെട്ടു കെ സുധാകരന്റെറെ നേതൃത്വത്തിൽ കണ്ണൂരിൽ നിരാഹാര സമരം നടക്കുമ്പോഴാണ് ഉമ്മൻ ചാണ്ടി, കെ മുരളീധരൻ തുടങ്ങി കേരളത്തിലെ സമുന്നത കോൺഗ്രസ് നേതാക്കളുമായി അടുപ്പത്തിലായത്. ഏകദേശം രണ്ടാഴ്‌ച ഞാൻ അവിടെയുണ്ടായിരുന്നു.
2002ൽ ബാംഗ്ലൂരിൽ നടന്ന എഐസിസി പ്ലീനറിയുടെ കമ്മ്യൂണിക്കേഷൻ ഇൻചാർജ്ജായി പ്രവർത്തിച്ചതും എന്റെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന വഴിത്തിരിവാണ്. വിവിധ ഭാഷക്കാരായ ഉന്നത കോൺഗ്രസ് നേതാക്കന്മാരെ പരിചയപ്പെട്ടത് ഇവിടെ വെച്ചാണ്. 2005ൽ യൂത്ത് കോൺഗ്രസ് സൗത്ത് ഇന്ത്യൻ ക്യാമ്പിന്റെ ചെയർമാനായും ഞാൻ പ്രവർത്തിച്ചിട്ടുണ്ട്.
1999ൽ വി കെ ഹരിപ്രസാദ് ബാംഗ്ലൂർ സൗത്ത് പാർലമെന്റ് മണ്ഡലത്തിൽ മത്സരിച്ച വേളയിലാണ് എനിക്ക് അദ്ദേഹവുമായി കൂടുതൽ അടുത്തു പ്രവർത്തിക്കാൻ കഴിഞ്ഞത്. നിരവധി മലയാളി നേതാക്കന്മാരെ അദ്ദേഹത്തിനു പരിചയപ്പെടുത്തിയിട്ടുണ്ട്. സേവാദൾ അഖിലേന്ത്യാ ചെയർമാനും എഐസിസി സെക്രട്ടറി യുമായിരുന്ന അദ്ദേഹത്തെ കേരള സന്ദർശന വേളകളിൽ നിരവധി തവണ ഞാൻ അനുഗമിച്ചിട്ടുണ്ട്. കേരള പിസിസി പ്രസിഡണ്ട് കെ മുരളീധരൻ 2002 ജൂണിൽ നടത്തിയ നവചേതന കേരള യാത്രയുടെ സമാപന പരിപാടിയിൽ എഐസിസി ജനറൽ സെക്രട്ടറി അംബികാ സോണിക്കും വി കെ ഹരിപ്രസാദിനുമൊപ്പം ഞാനും പങ്കെടുത്തിരുന്നു. എ കെ ആൻ്റണിയായിരുന്നു മുഖ്യമന്ത്രി. ഈ അവസരത്തിലാണു പത്മജ വേണുഗോപാൽ, ശരത് ചന്ദ്രപ്രസാദ്, എം കെ രാഘവൻ തുടങ്ങിയവരുമായി അടുപ്പത്തിലായത്.
രാഷ്ട്രീയത്തിലെ ചാണക്യാചാര്യൻ കെ കരുണാകരന്റെ വീട്ടിലായിരുന്നു പ്രഭാതഭക്ഷണം. അംബികാ സോണിക്കും ഹരി പ്രസാദിനുമൊപ്പം ഞാനും അവിടെ പോയിരുന്നു. മന്ത്രിമാരും എംഎൽഎമാരുമടക്കും നിരവധി പേരുണ്ടായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടയിൽ ലീഡർ മകൾ പത്മജയെ വിളിച്ച് എന്തോ പറഞ്ഞു. ദൂരെമാറി ഇരിക്കുകയായിരുന്ന എന്നെ ഉടനെ പത്മജ വേണുഗോപാൽ ലീഡറുടെ അടുത്തേക്കു കൂട്ടിക്കൊണ്ടു പോയി. അദ്ദേഹം എന്നോടു കൂടെയിരുന്നു ഭക്ഷണം കഴിക്കാൻ ആവശ്യപ്പെട്ടു. ആ തിരക്കുകൾക്കിടയിലും അന്യ സംസ്‌ഥാനത്തുനിന്നു വന്നവരിൽ ഒരാൾ ഭക്ഷണത്തിനു കൂടെ ഇല്ലാത്തതുകണ്ടു വിളിപ്പിച്ചു കൂടെ ഇരുത്തിയതു മികച്ച നേതൃപാടവത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണ്. കണ്ണോത്ത് കരുണാകരൻ എന്ന കെ കരുണാകരൻ നാലു തവണ കേരള മുഖ്യമന്ത്രിയായിരുന്നു. കേരളത്തിലെ രാഷ്ട്രീയസഖ്യമായ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ (യുഡിഎഫ്) സ്ഥാപകനായ അദ്ദേഹം 2010 ഡിസംബർ 23ന് 93-ാം വയസ്സിൽ നിര്യാതനായി.
2003ലാണ് എഐസിസി ജനറൽ സെക്രട്ടറി വയലാർജി കർണാടക കോൺഗ്രസിൻ്റെ ഇൻചാർജായി നിയമിതനായത്. സ്വാതന്ത്ര്യ സമര സേനാനി എം കെ കൃഷ്‌ണന്റെയും മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടായിരുന്ന ദേവകി കൃഷ്ണ ന്റെയും മകനായി 1937 ജൂൺ 4നു ചേർത്തലയിലാണു വയലാർ രവി ജനിച്ചത്. മേഴ്സി രവിയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. അജയൻ, രാമു, സിറിൽ, ഗൺമാൻ രാജേഷ് എന്നിവരായിരുന്നു വയലാർജിയോടൊപ്പം ഉണ്ടായിരുന്നത്. രാമു പിന്നീടു ശശി തരൂരിന്റെ കൂടെച്ചേർന്നു. ഒരു ലോറി അപകടത്തിലാണു രാമു മരണപ്പെട്ടത്. അജയൻ അഡ്വക്കേറ്റായി.
വയലാർജിയുടെ കൂടെ കർണാടകത്തിലെ വിവിധ ജില്ലകളിൽ ഞാൻ യാത്ര ചെയ്‌തിരുന്നു. ഈ സമയത്താണു കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി മെമ്പറായും, കർണാടക സ്റ്റേറ്റ് ലെതർ ഡവലപ്മെൻ്റ് കോർപ്പറേഷൻ (ലിഡ്‌കർ) ഡയറക്ടറായും എന്നെ നിയമിച്ചത്. മുഖ്യമന്ത്രി എസ് എം കൃഷ്‌ണയാണ് എന്നെ ലിഡ്കറിന്റെ ഡയറക്‌ടറായി നോമിനേറ്റ് ചെയ്‌തത്. അല്ലം വീരഭദ്രപ്പയായിരുന്നു കെപിസിസി പ്രസിഡണ്ട്.
ബാംഗ്ലൂരിൽ എത്തിയതു മുതൽ വിധാൻ സൗധയും ഹൈ കോർട്ടും കാണാൻ പോയപ്പോൾ അതിനകത്തു കയറണമെന്നു ഞാൻ ഏറെ ആഗ്രഹിച്ചിരുന്നു. എന്നാൽ പിന്നീടു വിധാൻ സൗധയിൽ പോയപ്പോൾ സെക്യൂരിറ്റിയുടെ കർശന പരിശോധനയ്ക്കു വിധേയനായിരുന്നു. കർണാടക സർക്കാരിൻ്റെ ഭാഗമായ ലിഡ്ക്കറിന്റെ ഡയറക്‌ടറായപ്പോഴാണു വിലക്കുകളില്ലാതെ വിധാൻ സൗധയിൽ പ്രവേശിക്കാനായത്. ജെ അലക്സാണ്ടർ ഐഎഎസ് ലിഡ്‌കറിന്റെ ചെയർമാനായപ്പോഴാണു ഫൂട്ട്പാത്തിൽ ചെരുപ്പു തുന്നി ജീവിക്കുന്നവർക്കു പെട്ടിക്കട അനുവദിച്ചത്. ഇവർക്ക് ഉപകാരപ്രദമായ ഒരുപാടു പ്രൊജക്റ്റുകൾ ഞാൻ സമർപ്പിച്ചിരുന്നു.
ഈ അവസരത്തിലാണു ബാംഗ്ലൂരിൽ എത്തിയ കോൺഗ്രസ് പ്രസിഡണ്ട് സോണിയാജിയെ എനിക്കു പരിചയപ്പെടാനായത്. 2006ൽ ഡൽഹിയിൽ സോണിയാജിയുടെ ജന്മദിനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതു സൗഭാഗ്യങ്ങളിലൊന്നായിരുന്നു. അകലം പാലിച്ചു നിന്നിരുന്ന എൻ്റെ തോളിൽ പിടിച്ചു ചേർത്തു നിർത്തിയാണ് സോണിയാജി ഫോട്ടോ എടുപ്പിച്ചത്. സ്ഥാനത്തിന്റെവലുപ്പച്ചെറുപ്പം നോക്കാതെയുള്ള സോണിയാജിയുടെ പെരുമാറ്റം ഹ്യദയസ്പർശിയായിരുന്നു.
2004ലെ കർണാടക അസംബ്ലി തിരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു കേന്ദ്ര നിരീക്ഷകൻ. കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി ഗോപാലൻ്റെ മകനായി 1944 നവംബർ 7നാണു രാമചന്ദ്രൻ ജനിച്ചത്. അദ്ദേഹത്തെ സഹായിക്കാൻ കെപിസിസി എന്നെയാണു നിയോഗിച്ചത്. രാജീവ്ജിയുടെ കാലഘട്ടത്തിലും അദ്ദേഹം കർണാടകത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. കർണാടക കോൺഗ്രസിലെ പ്രതിസന്ധി പരിഹരിക്കാൻ മുല്ലപ്പള്ളി മുല്ലപ്പള്ളി രാമചന്ദ്രനെയാണു രാജീവ്ജി നിയോഗിച്ചത്. കോൺഗ്രസിൽനിന്നു തെറ്റിപ്പിരിഞ്ഞ മുൻ മുഖ്യമന്ത്രി ആർ ഗുണ്ടുറാവുവിനെ വീണ്ടും കോൺഗ്രസിൽ എത്തിച്ചത് മുല്ലപ്പള്ളിയാണ്. 1980 മുതൽ മുല്ലപ്പള്ളിയെ എനിക്കു നേരിട്ടറിയാം. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതു തിരഞ്ഞെടുപ്പു രാഷ്ട്രീയത്തെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാനുള്ള അവസരമായി.
ഇരു ചേരികളിലായിരുന്ന കെ സുധാകരനും മുല്ലപ്പള്ളി രാമചന്ദ്രനും ഒന്നിക്കണമെന്നതു കണ്ണൂരിലെ കോൺഗ്രസുകാരുടെ ആഗ്രഹമായിരുന്നു. ഇവരെ യോജിപ്പിക്കാനുള്ള നിയോഗം എനിക്കായി. കണ്ണൂരിലെ രാജരത്നമാണ് എന്നെ ഇതിനു ചുമതലപ്പെടുത്തിയത്. ഡൽഹി കേരള ഹൗസിൽ വെച്ചാണ് ഇവർ തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ പറഞ്ഞുതീർത്തത്. കെ സുധാകരൻ കേരള വനം വകുപ്പ് മന്ത്രിയായിരുന്നു. ഡൽഹി മലയാളി കോൺഗ്രസ് പ്രസിഡണ്ട് കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി ജയരാജനും കണ്ണുരിലെ വിനോദനും കൂടെയുണ്ടായിരുന്നു. ജയരാജൻ പിന്നീടു ഡൽഹി ഡിസിസി സെക്രട്ടറിയായി. കേരളത്തിലെ എല്ലാ പ്രശസ്തരുമായി ബന്ധമുള്ള അദ്ദേഹം ഡൽഹിയിലെത്തുന്ന മലയാളികൾക്ക് ഒരു സഹായിയാണ്.
പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം ലഭിക്കാത്ത കേരളത്തിലെ അധികാര മോഹികളുടെ നിഴൽയുദ്ധങ്ങൾക്കു ഡൽഹിയിൽവെച്ച് അന്നു ഞാൻ ദൃക്സാക്ഷിയായി. കർണാടക പിസിസി വൈസ് പ്രസിഡണ്ട് ഹനുമന്തപ്പയ്ക്കായിരുന്നു കേരളത്തിൻ്റെ തിരഞ്ഞെടുപ്പു ചുമതല. പ്രസ്തുത പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ മുഴുവൻ സീറ്റുകളിലും കോൺഗ്രസ് സ്ഥാനാർഥികൾ തോറ്റിരുന്നു. ഇടതുപക്ഷം 20ൽ 19 സീറ്റ് നേടിയ ഈ തിരഞ്ഞെടുപ്പിൽ പി സി തോമസ് ബിജെപി മുന്നണിയിൽനിന്നു ജയിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു.
2005ൽ എ കെ ആൻ്റണിയായിരുന്നു കർണാടക കോൺഗ്രസിന്റെ ഇൻചാർജ് ജനറൽ സെക്രട്ടറി. 1940 ഡിസംബർ 28നു ചേർത്തലയിലാണ് അറയ്ക്കപ്പറമ്പിൽ കുര്യൻ ആന്റണി എന്ന എ കെ ആന്റണി ജനിച്ചത്. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതു രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന നേട്ടമാണ്. എ കെ ആന്റണി കേന്ദ്രമന്ത്രിയായതിനെ തുടർന്നു മുൻ ഗവർണർ എം എം ജേക്കബ്ബാണ് എഐസിസിയുടെ ഇൻചാർജ്. മല്ലികാർജ്ജുന ഖാർഗെ എംഎൽഎ ആയിരുന്നു കെപിസിസി പ്രസിഡണ്ട്. മഞ്ജുനാഥ് ഭണ്ഡാരി കെപിസിസി ഇൻചാർജ് ജനറൽ സെക്രട്ടറിയായിരുന്നു. ഈ സമയത്താണു ഞാൻ വീണ്ടും കെപിസിസി മെമ്പറായത്. 2018 ജൂലൈ 8നു 90-ാം വയസ്സിലാണ് എംഎം ജേക്കബ് നിര്യാതനായത്.
2008ൽ യൂത്ത് കോൺഗ്രസിൻ്റെ തലപ്പത്തു രാഹുൽജി നിയമിതനായി. യൂത്ത് കോൺഗ്രസിൽ സംഘടനാ തിരഞ്ഞെടുപ്പു നടക്കുന്ന കാലഘട്ടമായിരുന്നു അത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണു ബൂത്ത്, അസംബ്ലി, പാർലമെൻ്റ്, സംസ്ഥാന സമിതി വരെ യൂത്ത് കോൺഗ്രസിൽ ആദ്യമായി സംഘടനാ തിരഞ്ഞെടുപ്പു നടന്നത്. പ്രകാശ് ജോഷിക്കും സാക്കീർ സന്നദിനുമായിരുന്നു ഇലക്ഷൻ ചാർജ്. പഞ്ചാബിലാണ് ആദ്യം പൂർത്തിയായത്. ഗുജറാത്ത്, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങൾക്കു ശേഷമാണു തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് നടന്നത്. എം എൻ സൂരജും ഉഷ നായിഡുവുമായിരുന്നു തമിഴ്‌നാട് സംസ്ഥാന വരണാധികാരികൾ. ഞാൻ ധർമ്മപുരി ജില്ലയുടെ വരണാധികാരിയായിരുന്നു.
ബാലു, മുരളി ഷെട്ടി, ശരവണൻ, ബി വി ശ്രീനിവാസ്, ബി ആർ നായിഡു, രവി, ബി എം സന്ദീപ്, കൈസർ, രഘുരാജ്, ഗുണശേഖരൻ, വെങ്കിടേഷ്, കെ ടി ബെന്നി, എം എൻ ഗോപി, സൈമൺ, ജോഷി തുടങ്ങി നിരവധിപേർ തമിഴ്‌നാട്ടിലെ യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ സജീവമായിരുന്നു. ഇതിൽ പങ്കാളികളായവർ പലരും പിന്നീട് എംപി, എംഎൽഎ തുടങ്ങിയ ഉന്നത സ്ഥാനങ്ങളിൽ എത്തിപ്പെട്ടിട്ടുണ്ട്. എം എൻ സൂരജ് 2015ലും ബി എം സന്ദീപ് 2017ലും എഐസിസി സെക്രട്ടറിമാരായി. ബാലു, രവി എന്നിവർ കർണാടക സ്റ്റേറ്റ് സെക്രട്ടറിമാരായും നിയമിതരായി. ബി വി ശ്രീനിവാസ് 2020ൽ യൂത്ത് കോൺഗ്രസിന്റെ ദേശീയ പ്രസിഡണ്ടായി.
2009 സെപ്റ്റംബർ 2നായിരുന്നു ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡി നല്ലമല കുന്നിൽ ഹെലി കോപ്റ്റർ അപകടത്തിൽ മരണപ്പെട്ടത്. 4-ാം തീയതിയായിരുന്നു അദ്ദേഹത്തിന്റെ ശവസംസ്‌കാരം. അന്നു വൈകിട്ടു ചെന്നൈയിൽ വെച്ച് വയലാർജിയുടെ ഭാര്യ മേഴ്‌സി രവി നിര്യാതയായി. സെപ്റ്റം ബർ 5നു ചേർത്തലയിലായിരുന്നു ശവസംസ്‌കാരം. ഡി കെ ശിവകുമാർ, മഞ്ജുനാഥ് ഭണ്ഡാരി എന്നിവരോടൊത്താണു ഞാൻ വയലാർജിയുടെ ചേർത്തലയിലെ വീട്ടിൽ പോയത്.
2009 സെപ്റ്റംബർ 9നു കൃഷ്‌ണഗിരിയിലെ പരിപാടിയിൽ വെച്ചാണ് എനിക്ക് രാഹുൽജിയുമായി വളരെ അടുത്ത് ഇടപഴകാനായത്. കൃഷ്ണഗിരി ജില്ലാ സ്റ്റേഡിയത്തിലെ സ്‌റ്റേജിൽ അടുത്ത് ഇരിക്കുമ്പോഴാണു ഞാൻ കെട്ടിയ വാച്ച് അദ്ദേഹം ശ്രദ്ധിച്ചത്. എന്റെ ഭാര്യയുടെ അച്ഛൻ സമ്മാനിച്ച റാഡോ വാച്ചായിരുന്നു അത്. എന്റെ കയ്യിൽനിന്ന് ഊരിയ വാച്ച് അദ്ദേഹം പിന്നിലുള്ള എസ്‌പിജിയുടെ കൈയിൽ കൊടുത്തു. നിങ്ങളൊരു നേതാവാണ്, ഇത്തരം വസ്തുക്കൾ ഉപയോഗിക്കരുത് എന്നായിരുന്നു രാഹുൽജിയുടെ ഉപദേശം. അന്നുമുതൽ ഞാൻ വാച്ച് ഉപയോഗിച്ചിട്ടില്ല. ഒപ്പം കല്യാണ മോതിരവും ഭാര്യ കൈയിൽ കെട്ടിത്തന്ന സ്വർണച്ചെയിനും ഉപേക്ഷിച്ചു. ഈ സംഭവത്തോടെ യൂത്ത് കോൺഗ്രസിൻ്റെ തിരഞ്ഞെടുപ്പുമായി പ്രവർത്തിച്ച പലരും വാച്ച് ഒഴിവാക്കി. ആദ്യം വാച്ച് ഉപേക്ഷിച്ചതു കേരളത്തിലെ ഗീതാ കൃഷ്ണനാണ്.
പിന്നീട് ഇന്ത്യൻ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിന് വേണ്ടി ഹരിയാനയിലെ ഫരീദാബാദിലും കേരളത്തിലെ ഇടുക്കിയിലും ഞാൻ പ്രത്യേക വരണാധികാരിയായി. വീണ്ടും മഹാരാഷ്ട്രയിലെ ഔറംഗാബാദിലും ആന്ധ്രയിലെ മൽക്കാജ് ഗിരിയിലും ലോകസഭാ വരണാധികാരിയായതിനു ശേഷം തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും സോണൽ വരണാധികാരിയായി പ്രവർത്തിച്ചിരുന്നു. ഔറംഗാബാദിലെ അജന്ത, എല്ലോറ ഗുഹകൾ കാണാൻ പോയിരുന്നു. ബിസി 200നും എഡി 650നും ഇടയിൽ ബുദ്ധ സന്യാസിമാർ ഉണ്ടാക്കിയതാണ് ഇത്. എല്ലാവരും നിർബന്ധമായും സന്ദർശിക്കേണ്ട സ്ഥലമാണിത്. ഇവിടത്തെ ഓരോ ചിത്രവും നിർമിതിയും കണ്ടാൽ നമ്മുടെ അലസതയെ പഴിച്ചുപോകും.
ഔറംഗബാദിലെ ഗസ്റ്റ്ഹൗസിൽ വെച്ചു രാത്രി രാഹുൽജിയുമായി വളരെ നേരം സംസാരിക്കാൻ ഞങ്ങൾക്ക് അവസരം ലഭിച്ചു. മുഴുവൻ സമയം പ്രവർത്തിക്കുന്ന ഞങ്ങളെപ്പോലെ ഉള്ള വരെ പാർട്ടി പരിഗണിക്കുമോ എന്നായിരുന്നു മറ്റുള്ളവർക്കു വേണ്ടി ഞാൻ ചോദിച്ചത്. തീർച്ചയായും പരിഗണിക്കുമെന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള അദ്ദേഹത്തിൻ്റെ മറുപടി.
യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന്റെ രീതി പല സീനിയർ നേതാക്കൾക്കും ഇഷ്ടമായിരുന്നില്ല. രാഹുൽജിയുടെ ഉറച്ച പിന്തുണയുള്ളതുകൊണ്ട് അവർ എതിർപ്പുകൾ പുറത്തു കാട്ടിയില്ല. അംഗത്വത്തിനും നോമിനേഷനും വൻ ധന സമാഹരണമാണെന്നും തിരഞ്ഞെടുപ്പ് കൃത്രിമമാണെന്നും ആയിരുന്നു പ്രധാന ആരോപണം. ചില സ്ഥലങ്ങളിൽ തിരഞ്ഞെടുപ്പിന് എത്തിയവരെ നേതാക്കൾ കൈകാര്യം ചെയ്‌തിട്ടുമുണ്ട്. മാത്രമല്ല തിരഞ്ഞെടുപ്പിനെതിരെ തമിഴ്‌നാട്ടിലും കേരളത്തിലും കർണാടകത്തിലും മഹാരാഷ്ട്രയിലും നിരവധി കേസുകൾ കൊടുത്തിരുന്നു.
ഹൈക്കമാന്റിന്റെ നിർദേശപ്രകാരം ഞാനാണു കേസുകൾ കൈകാര്യം ചെയ്തതത്. എല്ലാ കേസുകളിലും യൂത്ത് കോൺഗസിന് അനുകൂലമായ വിധി നേടാൻ എനിക്കു കഴിഞ്ഞു. എന്നാൽ ഈ വിജയങ്ങൾ ധാരാളം ശത്രുക്കളെ ഉണ്ടാക്കിയതാണു മിച്ചം.
യൂത്ത് കോൺഗ്രസിൻ്റെ പരിശീലനത്തിൻ്റെ ഭാഗമായി വാർധയിലുള്ള മഹാത്മജിയുടെ സേവാശ്രമത്തിൽ താമസിക്കാൻ കഴിഞ്ഞത് എന്റെ ജീവിതസുകൃതമാണ്. ഇന്ത്യയിൽ ഉടനീളമുള്ള നേതാക്കന്മാരെ പരിചയപ്പെടാനും അവരോടൊപ്പം പ്രവർത്തി ക്കാനും കഴിഞ്ഞതു ജീവിതത്തിലെ വലിയ നേട്ടമാണ്. സച്ചിൻ റാവു, ആനന്ദ് അടുക്കോളി, അലങ്കാർ സവായി, സമർഥ് എന്നിവരായിരുന്നു പരിശീലനം നൽകിയത്. പിന്നീട് അലങ്കാർ സവായി രാഹുൽജിയുടെ പിഎ ആയി, സച്ചിൻ റാവു എഐസിസി സെക്രട്ടറിയായി.
യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന്റെ കേരളത്തിലെ വരണാധികാരിയായ ഗുണശേഖരൻ്റെ മരണം തികച്ചും അവിചാരിതമായിരുന്നു. 2010 ജൂലൈ 6നു ബാംഗ്ലൂരിലെ വസന്ത് നഗർ കൊടവ സമാജത്തിൻ്റെ മുന്നിൽ വെച്ചു വാഹനാപകടത്തിലാണ് അദ്ദേഹം മരണപ്പെട്ടത്. കേരളത്തിലേക്കു പോകാൻ കന്റോൺമെന്റ് റയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രയിലാണ് അപകടം സംഭവിച്ചത്. ദിനേഷ് ഗുണ്ടുറാവുവിന്റെ ഓഫീസിൽ കാണുന്ന ഗുണശേഖരനുമായി വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. ഞാൻ താമസിച്ചിരുന്ന ചന്ദ്രാ ലേഔട്ടിലെ സ്കൈ ലൈൻ അപ്പാർട്ട്മെന്റിന്റെ തൊട്ടടുത്തായിരുന്നു ഗുണശേഖരന്റെ വീട്.
2011 ഒക്ടോബർ 2നു നടന്ന ബാംഗ്ലൂർ കോർപ്പറേഷൻ കൗൺസിലർ നടരാജിൻ്റെ കൊലപാതകവും ഏറെ വേദനിപ്പിച്ച സംഭവമാണ്. സ്വന്തം ഡ്രൈവറുടെ പരദൂഷണമാണ് അദ്ദേഹത്തിനു വിനയായത്. വ്യക്തി വൈരാഗ്യത്തിൻ്റെ പേരിൽ ആദ്യകാല സുഹൃത്തിന്റെ നേതൃത്വത്തിലാണ് അദ്ദേഹത്തെ വകവരുത്തിയത്. മല്ലേശ്വരത്തെ മന്ത്രി മാളിനടുത്തുവച്ചാണു നടരാജ് അക്രമിക്കപ്പെട്ടത്. ദിനേഷ് ഗുണ്ടുറാവുവിൻ്റെ വീട്ടിലെ അംഗത്തെപ്പോലെയായിരുന്നു നടരാജ്. 1993ൽ യൂത്ത് കോൺഗ്രസ് പ്രവർത്തനത്തിനിടയിൽ പരിചയപ്പെട്ട നടരാജ് സഹപ്രവർത്തകൻ എന്നതിലുപരി എന്റെ നല്ല സുഹൃത്തായിരുന്നു▪️
അടുത്ത അധ്യായം ▶രാഷ്ട്ര മീമാംസ
മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം :
◼️അധ്യായം 1: പുഴമാത്രം മാറിയില്ല
◼️അധ്യായം 2: ഓര്‍മ്മയില്‍ ജീവിക്കുന്ന അമ്മ
◼️അധ്യായം 3: പുത്തൂരാൻ ചരിതം
◼️അധ്യായം 4: കണ്ണാരം പൊത്തിപ്പൊത്തി
◼️അധ്യായം 5: മൃതിയുടെ തിരനോട്ടം
◼️അധ്യായം 6: കൺനിറയെ ദൈവങ്ങൾ
◼️അധ്യായം 7: ഭിക്ഷാം ദേഹി
◼️അധ്യായം 8: നാട്ടുവഴിയിൽ
◼️അധ്യായം 9: ഗ്രാമീണ വിശുദ്ധി
◼️അധ്യായം 10: ശാക്തേയം
◼️അധ്യായം 11: കല്യാണക്കോപ്പ്
◼️അധ്യായം 12: പുളിമുറികല്യാണം
◼️അധ്യായം 13: മാമ്പഴക്കാലം
◼️അധ്യായം 14: ജലവിനോദങ്ങൾ
◼️അധ്യായം 15: പൊലോളി
◼️അധ്യായം 16: വിനോദ യാത്ര
◼️അധ്യായം 17: സത്യൻ പുത്തൂർ
◼️അധ്യായം 18: അങ്ങാടിപ്പഴമ
◼️അധ്യായം 19: പോലീസ് ഞങ്ങൾക്ക് പുല്ലാണ്
◼️അധ്യായം 20: പുത്തനമ്പലം
◼️അധ്യായം 21: ഉദ്യാന നഗരിയിലേക്ക്
◼️അധ്യായം 22: ഘെരാവോ
◼️അധ്യായം 23: ഒരു പുരത്തറ
◼️അധ്യായം 24: ജാതീയതയുടെ രക്തസാക്ഷി
◼️അധ്യായം 25: കുറുപ്പാൾ
◼️അധ്യായം 26: ഡിസ്കോ ഡാന്‍സര്‍
◼️അധ്യായം 27: ആയോധനക്കളരിയിൽ
◼️അധ്യായം 28: അപകടം വഴി കാട്ടുന്നു
◼️അധ്യായം 29: ദേശാടനം
◼️അധ്യായം 30: കരാട്ടെ പട്ടു
◼️അധ്യായം 31: ഫിസ്‌റ്റ് ഇന്ത്യ
◼️അധ്യായം 32: പാൽമേഘക്കടലിൽ
◼️അധ്യായം 33: തൊഴിലാളിക്കരുത്ത്
◼️അധ്യായം 34: മദുവേ മാഡി നോഡു
◼️അധ്യായം 35: ധാരണയ്ക്കപ്പുറം
◼️അധ്യായം 36: സംഘടനകൾക്കൊപ്പം
◼️അധ്യായം 37: സമാജങ്ങളിലൂടെ
◼️അധ്യായം 38: മാധ്യമ വിചാരം
◼️അധ്യായം 39: പ്രവാസ വാസം
◼️അധ്യായം 40: ക്ഷേത്രായനം
◼️അധ്യായം 41: മനേഗെ ബന്നി
◼️അധ്യായം 42: ഗുരുവിനു സർക്കാരിന്റെ ആദരവ്
◼️അധ്യായം 43: അൽപം രാഷ്ട്രീയം
◼️അധ്യായം 44: ആക്ഷന്‍ കാലം
◼️അധ്യായം 45: തലഛേദി
◼️അധ്യായം 46: രക്തപ്പൂക്കളം
◼️അധ്യായം 47: നിണമണിഞ്ഞ സരസ്വതീക്ഷേത്രം
◼️അധ്യായം 48: ബലിയാടായ ബാല്യങ്ങള്‍
◼️അധ്യായം 49: കൊലക്കത്തി തേടി സിബിഐ
◼️അധ്യായം 50: രാഷ്ട്രീയ വാടകക്കൊലകൾ
◼️അധ്യായം 51: പ്രണാമം















