‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’
ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍
![]()
1980-82 കാലഘട്ടത്തിലെ രാഷ്ട്രീയ കൊലപാതക പരമ്പരയ്ക്കു ശേഷം കണ്ണൂർ ജില്ല ഒരു പരിധിവരെ ശാന്തമായിരുന്നു. ഇതിനിടയിലാണ് 1995 ജൂൺ 27നു കെഎസ് നേതാവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറുമായ സജിത്ലാൽ എന്ന 22കാരൻ കൊല്ലപ്പെട്ടത്. പയ്യന്നൂരിൽ വെച്ചു ബോംബ് എറിഞ്ഞാണ് അക്രമികൾ അദ്ദേഹത്തെ വകവരുത്തിയത്.
സിഐടിയു ഭാരവാഹിയായ മാമൻ വാസുവിൻ്റെ കൊലപാതകമാണു പാനൂരിനെ വീണ്ടും ചോരക്കളമാക്കിയത്. 1995 ഡിസംബർ 12നു രാവിലെയാണ് ഈ ദാരുണ സംഭവം. അവിവാഹിതനായ വാസു ആദ്യകാലത്ത് ആർഎസ്എസ് അനുഭാവിയായിരുന്നു. സിപിഎം ശക്തികേന്ദ്രമായ ചൊക്ലിയിൽ വെച്ചാണു മാമൻ വാസുവിനെ മൃഗീയമായി കൊലപ്പെടുത്തിയത്. റോഡരികിൽ ജീപ്പ് റിപ്പയർ ചെയ്യുന്ന മാതിരിയാണ് അക്രമികൾ വാസുവിനെ കാത്തിരുന്നത്. മാമൻ വാസു വധത്തിനു പകരം ശക്തമായി തിരിച്ചടിക്കുമെന്നു പ്രതിഷേധ യോഗങ്ങളിൽ സിപിഎം പ്രഖ്യാപിച്ചിരുന്നു.
1996 മെയ് 25നാണു ബിജെപി ജില്ലാ സെക്രട്ടറി പന്ന്യന്നൂർ ചന്ദ്രൻ കൊല്ലപ്പെട്ടത്. 1996ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പെരിങ്ങളം മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായിരുന്നു അദ്ദേഹം. നായനാർ മന്ത്രിസഭ അധികാരമേറ്റ് അഞ്ചാം നാളായിരുന്നു ഈ കൊലപാതകം. കേന്ദ്രത്തിൽ പതിമൂന്നു ദിവസം നീണ്ടു നിന്ന വാജ്‌പേയ് മന്ത്രിസഭ അധികാരത്തിൽ ഉള്ളപ്പോഴായിരുന്നു ഇത്. ഭാര്യയുമൊത്തു ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണു ചന്ദ്രൻ ആക്രമിക്കപ്പെട്ടത്. പന്ന്യന്നൂരുള്ള സ്വന്തം വീടിനടുത്തുവെച്ചു ഭാര്യയുടെ മുന്നിലിട്ടാണ് അദ്ദേഹത്തെ അരിഞ്ഞു വീഴ്ത്തിയത്.
മണിക്കൂറുകൾക്കുള്ളിൽ മാക്കൂൽപീടികയിൽ വെച്ചു സിപിഐ മണ്ഡലം നേതാവ് പാട്യത്തെ എ പ്രദീപൻ ആക്രമിക്കപ്പെട്ടു. ഭാഗ്യംകൊണ്ടാണ് അദ്ദേഹം മരണത്തിൽ നിന്നു രക്ഷപ്പെട്ടത്.
ഏഷ്യാനെറ്റ് സ്റ്റുഡിയോയിൽ ഇൻ്റർവ്യൂവിൽ പങ്കെടുക്കാൻ കോഴിക്കോട്ടു പോകാൻ കലാശിപാളയത്ത് എത്തിയപ്പോഴാണു പന്ന്യന്നൂർ ചന്ദ്രൻ കൊല്ലപ്പെട്ട വിവരം ഞാൻ അറിഞ്ഞത്. കേരളത്തിൽ പിറ്റേന്നു ബന്ദായതിനാൽ ഞങ്ങൾ യാത്ര റദ്ദാക്കി. കോഴിക്കോട്ടേക്കു പോകാൻ തയ്യാറായി വന്ന കുട്ടികൾ അന്നു രാത്രി എന്റെ കൂടെ ചന്ദ്രാ ലേഔട്ടിലാണു താമസിച്ചത്. പിറ്റേ ദിവസം അതിരാവിലെ ഇവരെ ബസ് കയറ്റി വിടാനായി വിജയനഗർ അത്തിക്കുപ്പ പെട്രോൾ പമ്പിനടുത്ത് എത്തിയപ്പോൾ കണ്ണൂർ റജിസ്ട്രേഷനുള്ള ജീപ്പുകൾ കണ്ടിരുന്നു. ഈ സമയം ചെണ്ടയാട്ടെ മോഹനൻ്റെ ബേക്കറിയിൽനിന്നു പാനൂരിലെ ചിലർ ചായ കുടിക്കുന്നുണ്ടായിരുന്നു. തലേ ദിവസത്തെ സംഭവത്തിനു ശേഷം സുരക്ഷിത സ്ഥലം തേടിയെത്തിയതായിരുന്നു അവർ.
പന്ന്യന്നൂർ ചന്ദ്രൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചു പാനൂർ മേഖലയിൽ സിപിഎം ഓഫീസുകളും സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിൻ്റെ മൃതദേഹം വഹിച്ചുള്ള വിലാപ യാത്രയ്ക്കുനേരെ വിവിധ കേന്ദ്രങ്ങളിൽനിന്നു കല്ലേറുണ്ടായി. അക്രമ രാഷ്ട്രീയത്തിൽ കൊല്ലപ്പെട്ട ആളുടെ മൃതദേഹത്തിനു നേരെ നടന്ന ആദ്യ ആക്രമണ സംഭവമായിരുന്നു ഇത്.
1997 സെപ്റ്റംബർ 7നു രാത്രിയാണു കിഴക്കെ കതിരൂരിൽ ഡിവൈഎഫ്ഐ നേതാവായ സുരേന്ദ്രൻ ആക്രമിക്കപ്പെട്ടത്. നിരവധി വെട്ടുകളേറ്റ സുരേന്ദ്രനെ ആശുപത്രിയിലേക്കു കൊണ്ടു പോകുംവഴിയാണു മരണപ്പെട്ടത്. കോഴിക്കോടു മെഡിക്കൽ കോളേജിൽനിന്നു വിലാപയാത്രയായി കൊണ്ടു വരികയായിരുന്ന സുരേന്ദ്രന്റെ മൃതദേഹത്തിനുനേരെ മാക്കൂൽ പീടികയിൽ വെച്ചു ബോംബേറു നടന്നു. മൃതദേഹത്തോടു പോലും നീതി കാണിക്കാത്ത രാഷ്ട്രീയ കാടത്തം ഇവിടെയും ആവർത്തിക്കപ്പെട്ടു.
1997 ഒക്ടോബർ 8നാണു കതിരൂരിലെ സ്വന്തം വീടിനടുത്ത് വെച്ച് ആർഎസ്എസ് പ്രവർത്തകൻ പ്രദീപൻ കൊല്ലപ്പെട്ടത്. പ്രദേശത്തെ സംഘർഷാവസ്ഥ കാരണം വീട്ടിൽനിന്നു മാറിത്താമസിച്ച പ്രദീപൻ അമ്മയെ കാണാൻ വന്നപ്പോഴാണു, കാത്തിരുന്ന എതിരാളികൾ അദ്ദേഹത്തെ വകവരുത്തിയത്. പ്രദീപനൊഴികെ ഈ കുടുംബത്തിലെ മറ്റുള്ളവരെല്ലാം സജീവ സിപിഎം പ്രവർത്തകരാണ്.
1997 നവംബർ 2നാണു പൊയിലൂരിലെ സിപിഎം പ്രവർത്തകൻ കേളോത്ത് പവിത്രൻ കൊല്ലപ്പെട്ടത്. കടയിൽ നിന്നു ചായ കുടിക്കുമ്പോഴാണ് അദ്ദേഹം ആക്രമിക്കപ്പെട്ടത്. കേളോത്ത് പവിത്രന്റെ കൊലപാതകത്തെ തുടർന്നു നടന്ന അക്രമ സംഭവങ്ങളിൽ പാനൂർ മേഖലയിൽ 4 പേർക്കാണു ജീവൻ നഷ്ടമായത്.
പാനൂരിന്റെ വിവിധ മേഖലകളിൽ ഉടലെടുത്ത സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ സ്ഥലം എംഎൽഎയായ പിആർ കുറുപ്പിന്റെ നേതൃത്വത്തിൽ സമാധാന യോഗം വിളിച്ചിരുന്നു. പാനൂരിൽ സർവകക്ഷി സമാധാന യോഗം നടക്കുമ്പോഴാണു പൊയിലൂരിൽ അക്രമം നടന്നത്. അപ്പോൾത്തന്നെ പൊയിലൂരിലെ സജീവ സിപിഎം പ്രവർത്തകനായ ജീപ്പ് ഡ്രൈവർ പവിത്രനു നേരെയും ബോംബേറു നടന്നു. ഭാഗ്യം കൊണ്ടാണ് അദ്ദേഹം മരണത്തിൽ നിന്നു രക്ഷപ്പെട്ടത്.
അന്ന് ഉച്ചയ്ക്കാണു പൊയിലൂരിൽനിന്നു 5 കിലോമീറ്റർ അകലെ എരഞ്ഞാട്ടുള്ള കുഞ്ഞിപ്പറമ്പത്തു കുഞ്ഞിരാമൻ എന്ന ബിജെപി അനുഭാവി കൊല്ലപ്പെട്ടത്. വീട്ടുപറമ്പിൽ ചായക്കട നടത്തിയിരുന്ന 58 കാരനായ കുഞ്ഞിരാമൻ അസുഖം കാരണം വിശ്രമിക്കുമ്പോഴാണു രാഷ്ട്രീയ എതിരാളികൾ വീടു വളഞ്ഞത്. ഭാര്യയുടെയും ബന്ധുക്കളുടെയും മുന്നിലിട്ടാണ് അദ്ദേഹത്തെ വകവരുത്തിയത്.
ഇതേദിവസം രാത്രിയാണു ചൊക്ലിയിലെ ആർഎസ്എസ് പ്രവർത്തകനും ബസ് കണ്ടക്‌ടറുമായ തെക്കെയിൽ പുരുഷോത്തമൻ കൊല്ലപ്പെട്ടത്. സന്ധ്യയോടെ തൊട്ടടുത്ത വീട്ടിൽ ഫോൺ വന്ന വിവരമറിഞ്ഞു പോകുമ്പോഴാണ് ഇടവഴിയിൽ വെച്ച് അദ്ദേഹം ആക്രമിക്കപ്പെട്ടത്. പാറാട്ടെ ഭാര്യവീട്ടിൽ നിന്നു വിളിക്കുന്നുവെന്ന വ്യാജേന അക്രമികൾ തന്നെയാണു ഫോണിൽ വിളിപ്പിച്ചത്. പുരുഷോത്തമൻ്റെ ഭാര്യ പാറാട് മേഖലയിലെ സജീവ കമ്യൂണിസ്റ്റ് കുടുംബാംഗമാണ്.
1997 നവംബർ 3നു വൈകിട്ടാണു ചുണ്ടങ്ങാപൊയിൽ ഹയർ സെക്കന്ററി സ്‌കൂൾ അധ്യാപകനായ കുറ്റേരി അരീക്കലെ സുന്ദരൻ മാസ്റ്റർ കൊലചെയ്യപ്പെട്ടത്. പാനൂരിൽനിന്നു വീട്ടിലേക്കു നടന്നു വരുമ്പോൾ കൂറ്റേരി കനാലിനടുത്തുവെച്ചാണു സുന്ദരൻ മാസ്റ്ററെ വകവരുത്തിയത്. സ്‌കൂളിലും വീട്ടിലുമായി ഒതുങ്ങിക്കഴിഞ്ഞിരുന്ന സുന്ദരൻ മാസ്റ്റർ കൊല്ലപ്പെട്ടപ്പോൾ വന്ന പത്രവാർത്തയിലൂടെയാണ് അദ്ദേഹം ഇടതുപക്ഷ അധ്യാപക സംഘടനാ നേതാവാണെന്ന കാര്യം അയൽക്കാർപോലും അറിഞ്ഞത്. സുന്ദരൻ മാസ്റ്ററും സഹോദരനുമായുള്ള സ്വത്തു തർക്കത്തിന്റെ പേരിൽ പണം വാങ്ങി ചെയ്‌ത വാടകക്കൊലയാണ് ഇതെന്നായിരുന്നു സിപിഎമ്മിൻ്റെ ആരോപണം.
1999 ഫെബ്രുവരി 24നാണു ശിവസേന പ്രവർത്തകനായ വിക്രംചാലിൽ ശശി കൊല്ലപ്പെട്ടത്. സിപിഎം നേതാവ് ഇ പി ജയരാജൻ വധശ്രമക്കേസിൽ പ്രതി ചേർക്കപ്പെട്ട ശശി കുത്തുപറമ്പ്-ചെറുവാഞ്ചേരി റൂട്ടിലോടുന്ന അർജുൻ ബസിൽ വെച്ചാണു കൊല ചെയ്യപ്പെട്ടത്.
1998 മേയ് 13നാണു ബസ് ക്ലീനറായ ചെല്ലട്ട ചന്ദ്രൻ തൂവ്വക്കുന്നിൽവെച്ചു കൊല്ലപ്പെട്ടത്. ആളുമാറി കൊലചെയ്യപ്പെട്ട ഹതഭാഗ്യരിൽ ഒരാളാണ് കോൺഗ്രസ് പ്രവർത്തകനായ ചെല്ലട്ട ചന്ദ്രൻ. ഇതേ ബസിലെ ബിജെപി പ്രവർത്തകനായ ക്ലീനറെ കാത്തിരുന്നവരാണ് ആളുമാറി ചെല്ലട്ട ചന്ദ്രനെ വകവരുത്തിയത്. ചിറ്റാരിപ്പറമ്പ് സ്വദേശിയായ ചന്ദ്രൻ അന്നത്തെ ക്ലീനർക്കു പകരം ജോലിക്കു കയറിയതായിരുന്നു. നിർഭാഗ്യം കൊണ്ടാണ് അദ്ദേഹത്തിന് അന്നു ജോലിക്കു വരാൻ തോന്നിയത്.
1999 ഓഗസ്റ്റ് 25നു തിരുവോണ നാളിലാണു സിപിഎം നേതാവ് പി ജയരാജൻ ആക്രമിക്കപ്പെട്ടത്. ഇടതു പക്ഷത്തിന്റെ വടകര പാർലമെൻ്റ് സ്ഥാനാർഥി എം കെ പ്രേമജത്തിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാൻ വീട്ടിലെത്തിയപ്പോഴാണ് അദ്ദേഹത്തിനു നേരെ ആക്രമണം നടന്നത്. സമാധാനപരമായ ഓണാഘോഷത്തിന് ഇടയിലാണ് അക്രമിസംഘം രക്തപ്പൂക്കളം തീർത്തത്. വൈകിട്ടു വീട്ടുവരാന്തയിൽ ഭാര്യയോടു സംസാരിച്ച് ഇരിക്കുമ്പോഴാണ് അക്രമികൾ ജയരാജനെ നിഷ്‌കരുണം വെട്ടി പരുക്കേൽപ്പിച്ചത്. ഓടിക്കൂടിയ അയൽക്കാരാണു ഗുരുതരാവസ്ഥയിലായ അദ്ദേ ഹത്തെ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചത്. ആയുർദൈർഘ്യം കൊണ്ടുമാത്രമാണ് അദ്ദേഹം രക്ഷപ്പെട്ടത്.
2001ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൂത്തുപറമ്പിൽ നിന്നു ജനവിധി തേടിയ പി ജയരാജൻ വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. തിരഞ്ഞെടുപ്പു കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിൻ്റെ നിയമസഭാംഗത്വം കോടതി അസാധുവാക്കിയിരുന്നു. മേൽക്കോടതി ഈ വിധി തള്ളി. 2006ൽ നടന്ന അസംബ്ലി തിരഞ്ഞെടുപ്പിൽ മത്സരിച്ച അദ്ദേഹം കൂടുതൽ ഭൂരിപക്ഷം നേടിയാണു വിജയിച്ചത്. അദ്ദേഹത്തിൻ്റെ സഹോദരി അഡ്വ. സതീദേവി വടകര പാർലമെന്റ് മണ്ഡലത്തിലെ എംപിയായി.
1999 ഓഗസ്റ്റ് 28നാണു പാറാലിൽ വെച്ച് സിപിഎം പ്രവർത്തകനായ ടി പി ദാസൻ കൊല്ലപ്പെട്ടത്. സൈക്കിളിൽ മത്സ്യ വിൽപ്പന നടത്തുമ്പോഴാണ് അദ്ദേഹം ആക്രമിക്കപ്പെട്ടത്.
🟥
അടുത്ത അധ്യായം ▶ നിണമണിഞ്ഞ സരസ്വതീക്ഷേത്രം
മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം :
◼️അധ്യായം 1: പുഴമാത്രം മാറിയില്ല
◼️അധ്യായം 2: ഓര്‍മ്മയില്‍ ജീവിക്കുന്ന അമ്മ
◼️അധ്യായം 3: പുത്തൂരാൻ ചരിതം
◼️അധ്യായം 4: കണ്ണാരം പൊത്തിപ്പൊത്തി
◼️അധ്യായം 5: മൃതിയുടെ തിരനോട്ടം
◼️അധ്യായം 6: കൺനിറയെ ദൈവങ്ങൾ
◼️അധ്യായം 7: ഭിക്ഷാം ദേഹി
◼️അധ്യായം 8: നാട്ടുവഴിയിൽ
◼️അധ്യായം 9: ഗ്രാമീണ വിശുദ്ധി
◼️അധ്യായം 10: ശാക്തേയം
◼️അധ്യായം 11: കല്യാണക്കോപ്പ്
◼️അധ്യായം 12: പുളിമുറികല്യാണം
◼️അധ്യായം 13: മാമ്പഴക്കാലം
◼️അധ്യായം 14: ജലവിനോദങ്ങൾ
◼️അധ്യായം 15: പൊലോളി
◼️അധ്യായം 16: വിനോദ യാത്ര
◼️അധ്യായം 17: സത്യൻ പുത്തൂർ
◼️അധ്യായം 18: അങ്ങാടിപ്പഴമ
◼️അധ്യായം 19: പോലീസ് ഞങ്ങൾക്ക് പുല്ലാണ്
◼️അധ്യായം 20: പുത്തനമ്പലം
◼️അധ്യായം 21: ഉദ്യാന നഗരിയിലേക്ക്
◼️അധ്യായം 22: ഘെരാവോ
◼️അധ്യായം 23: ഒരു പുരത്തറ
◼️അധ്യായം 24: ജാതീയതയുടെ രക്തസാക്ഷി
◼️അധ്യായം 25: കുറുപ്പാൾ
◼️അധ്യായം 26: ഡിസ്കോ ഡാന്‍സര്‍
◼️അധ്യായം 27: ആയോധനക്കളരിയിൽ
◼️അധ്യായം 28: അപകടം വഴി കാട്ടുന്നു
◼️അധ്യായം 29: ദേശാടനം
◼️അധ്യായം 30: കരാട്ടെ പട്ടു
◼️അധ്യായം 31: ഫിസ്‌റ്റ് ഇന്ത്യ
◼️അധ്യായം 32: പാൽമേഘക്കടലിൽ
◼️അധ്യായം 33: തൊഴിലാളിക്കരുത്ത്
◼️അധ്യായം 34: മദുവേ മാഡി നോഡു
◼️അധ്യായം 35: ധാരണയ്ക്കപ്പുറം
◼️അധ്യായം 36: സംഘടനകൾക്കൊപ്പം
◼️അധ്യായം 37: സമാജങ്ങളിലൂടെ
◼️അധ്യായം 38: മാധ്യമ വിചാരം
◼️അധ്യായം 39: പ്രവാസ വാസം
◼️അധ്യായം 40: ക്ഷേത്രായനം
◼️അധ്യായം 41: മനേഗെ ബന്നി
◼️അധ്യായം 42: ഗുരുവിനു സർക്കാരിന്റെ ആദരവ്
◼️അധ്യായം 43: അൽപം രാഷ്ട്രീയം
◼️അധ്യായം 44: ആക്ഷന്‍ കാലം
◼️അധ്യായം 45: തലഛേദി
















